അമ്മമാർക്കുവേണ്ടി (വസന്ത ഡിട്രോയിറ്റ്‌ )

sponsored advertisements

sponsored advertisements

sponsored advertisements

8 May 2022

അമ്മമാർക്കുവേണ്ടി (വസന്ത ഡിട്രോയിറ്റ്‌ )

മുത്തശ്ശിമാർ പണ്ടു പറയാറുണ്ട് മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന്. ഈ കലിയുഗത്തിൽ അത് എത്രമാത്രം ശരിയാണെന്നു നാം കാണുന്നില്ലേ,

പ്രായമായ മാതാപിതാക്കളെ തിരിഞ്ഞു പോലും നോക്കാത്ത വളരെയധികം വിദ്യാഭ്യാസമുള്ള മക്കളെ നാം ഇന്ന് കാണുന്നുണ്ട്. മക്കളെ വളർത്താൻ വേണ്ടി അവരുടെ ജീവിതത്തിലെ മുക്കാൽ ഭാഗവും ചിലവഴിച്ചു അവസാനകാലത്ത് ആരും തിരിഞ്ഞുപോലും നോക്കാനില്ലാത്ത എത്രയോ മാതാപിതാക്കളുണ്ട്!! മക്കൾ അവരെ ഒഴിവാക്കാനായി എന്തെല്ലാം ചെയ്യുന്നു,റെയിൽവേ സ്റ്റേഷനിലും ബസ്സ് സ്റ്റാന്റിലും ഉപേക്ഷിച്ചു കടന്നു കളയുന്നു.

നല്ലവരായ കുറേപേരെങ്കിലും ഉണ്ട് എന്നുള്ള ഒരാശ്വാസമുണ്ട്. വിദ്യാഭ്യാസം കൂടുംതോറും മാതാപിതാക്കളെ വെറുക്കുന്നവരും അവരുടെ നിലയും വിലയും അനുസരിച്ച് ജീവിക്കാത്തതു കാരണം ജോലിക്കാരി എന്നു അമ്മയെ പരിചയപ്പെടുത്തുന്ന മക്കളും സമൂഹത്തിലുണ്ട്. എങ്ങനെ അവർ ഈ കാണുന്ന നിലയും വിലയും ഉള്ള മക്കളായി എന്നു അവർ ചിന്തിക്കാറില്ല..
കളങ്കമില്ലാത്ത ഉറവ വറ്റാത്ത സ്നേഹം മാതാപിതാക്കളുടെ സ്നേഹമാണ് എന്നു തിരിച്ചറിയുമ്പോഴേക്കും അവർ ഈ ലോകം വിട്ടു പോയിട്ടുണ്ടാകാം..പണമോ സമ്മാനങ്ങളോ കൊടുക്കുന്നതല്ല സ്നേഹപ്രകടനം. അതു പലരീതിയിൽ നിങ്ങൾക്കു പ്രകടിപ്പിക്കാം.സ്നേഹത്തോടെ കുറച്ചു സമയം അവർക്കു വേണ്ടി ചിലവഴിക്കുക.അകന്നു താമസിക്കുന്നവർ കുടുംബത്തോടെ അവരെ കഴിയാവുന്ന രീതിയിൽ സന്ദർശിക്കുക.കുഞ്ഞായിരുന്നപ്പോൾ ഉണ്ടായിരുന്ന ചെറിയ ചെറിയ സംഭവങ്ങൾ പറഞ്ഞ് അവരോടൊപ്പം സന്തോഷിക്കുക.. അടുത്തിരുന്നു കുശലങ്ങൾ അന്വേഷിക്കുക.
നിങ്ങൾക്കു കഴിയുന്നപോലെ അവരേയും കൂട്ടി ചെറിയ സ്ഥലങ്ങൾ സന്ദർശിക്കുക. അവർക്കു സന്തോഷം നൽകുന്ന രീതിയിൽ വിവാഹാശംസകൾ, പിറന്നാൾ ആശംസകൾ മുതലായ പ്രധാന ദിവസങ്ങൾ ഓർമ്മിപ്പിക്കുക.. ഓർക്കുക ,വിലപിടിപ്പുള്ള ഒരു സമ്മാനത്തേക്കാൾ അവരെ സന്തോഷിപ്പിക്കുക നിങ്ങളുടെ ഒരു ഫോൺകോളും നിങ്ങളുടെ സ്നേഹസംഭാഷണങ്ങളും ആയിരിക്കും.. ആ സമയത്തുള്ള അവരുടെ കണ്ണിലെ തിളക്കവും സന്തോഷവും മാത്രം മതിയാകും നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ.. പിന്നീടൊരിക്കലും ചെയ്യേണ്ട കടമകൾ ചെയ്തില്ല എന്നാലോചിച്ചു വിഷമിച്ചതുകൊണ്ടോ പശ്ചാത്തപിച്ചതുകൊണ്ടോ കാര്യമില്ല. മാതാപിതാക്കളുടെ കാലശേഷം അല്ല അവരെ ഓർക്കേണ്ടത് ജീവനോടെയുള്ളപ്പോൾ അവർ ആഗ്രഹിക്കുമ്പോൾ അവർക്കു സന്തോഷം നൽകണം. പ്രായത്തിന്റെ ആധിക്യം കൊണ്ടും പിടിവാശികൾ കൊണ്ടും മാതാപിതാക്കൾ ചിലപ്പോൾ മക്കളെ വഴക്കു പറയുമായിരിക്കും കുറ്റപ്പെടുത്തുമായിരിക്കും.ദേഷ്യം കാണിക്കുമായിരിക്കും. പക്ഷേ അതു അവരുടെ സ്നേഹം കൊണ്ടോ പ്രായാധിക്യം കൊണ്ടോ ആണെന്നു കരുതി അവരെ കുറ്റപ്പെടുത്താതിരിക്കുക.. നിങ്ങൾ കുട്ടികളായിരുന്നപ്പോൾ ഇതുപോലെയായിരുന്നു അവരോട് ചെയ്തിരുന്നത് എന്നു മാത്രം ഓർക്കുക. സ്നേഹം ആണ് എല്ലാ പ്രശ്നങ്ങൾകും പരിഹാരം.

കാപട്യം നിറഞ്ഞ ഈ ലോകത്തിൽ സത്യത്തിനും ധർമ്മത്തിനും സ്ഥാനം കുറവാണ്. നിങ്ങൾ ധനികരോ,നിർദ്ധനരോ ആകട്ടെ, വിദ്യാഭ്യാസമുള്ളവരോ, ഇല്ലാത്തവരോ ആകട്ടെ, മാതാപിതാക്കൾക്കു നൽകേണ്ട സമയത്തു സ്നേഹവും സന്തോഷവും നൽകുക.അതുമാത്രം മതി.
എല്ലാവർക്കും നല്ലതു വരട്ടെ,
എല്ലാ നല്ലവരായ അമ്മമാർക്കും വേണ്ടി മദേഴ്സ് ഡേയിൽ സമർപ്പിക്കുന്നു..

വസന്ത ഡിട്രോയിറ്റ്‌