വാവച്ചനാശാരിയുടെ വിടവാങ്ങൽ (അനിൽ പെണ്ണുക്കര )

sponsored advertisements

sponsored advertisements

sponsored advertisements


4 April 2022

വാവച്ചനാശാരിയുടെ വിടവാങ്ങൽ (അനിൽ പെണ്ണുക്കര )

ൾതിരക്കില്ലാത്ത ബസ്സിൽ ഒരു താറാവിനെയും പിടിച്ചുകൊണ്ടു മലയാളികളുടെ ഹൃദയത്തിലേക്ക് കടന്നു വന്ന മനുഷ്യനാണ് നിശബ്ദമായി ഭൂമിയിൽ നിന്ന് കടന്നു പോയത്. മരണം അതിന്റെ നേർത്ത വിരലുകൾ കൊണ്ട് ആ അഭിനയ പ്രതിഭയെ മാടി വിളിക്കുകയായിരുന്നു. വാവച്ചൻ മേസ്തിരിയെ കണ്ടവരാരും മറക്കില്ല. അത്രത്തോളം ഹൃദയമായിരുന്നു സിനിമയിൽ അദ്ദേഹത്തിന്റെ ജീവിതം. നാടകത്തിനു വേണ്ടി ജീവിതം മാറ്റിവയ്ക്കുകയും, കലയിലൂടെ തന്നെ കടന്നു പോവുകയും ചെയ്ത കൈനകരി തങ്കരാജ് താണ്ടിയ അഭിനയ ദൂരങ്ങൾ വളരെ വലുതാണ്. പഴയകാലത്തിന്റെ പുരാതന ലിപികൾ സൂക്ഷിക്കുന്ന മനുഷ്യർക്ക് കൈനകരി തങ്കരാജ് എന്നേ പ്രിയപ്പെട്ടവനായിരുന്നു, എന്നാൽ പുതു തലമുറ അദ്ദേഹത്തെ അടുത്തറിയുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഇ മ യൗ എന്ന ചിത്രത്തിലൂടെയാണ്. അസാധ്യമായ അച്ഛനായിരുന്നു കൈനകരി തങ്കരാജ്, വാവച്ചനാശാരിയായി അദ്ദേഹം ജീവിക്കുകയായിരുന്നു.

നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെയും ജാനകിയമ്മയുടെയും മകനായി ആലപ്പുഴയിലെ കൈനകരിയിൽ ജനിച്ച തങ്കരാജ് ,എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോള്‍ ആദ്യനാടകത്തിൽ അഭിനയിച്ചു. വൈകാതെ അമേച്വർ നാടകരംഗത്ത് ശ്രദ്ധേയനായി. ഫാസിൽ, നെടുമുടി വേണു, ആലപ്പി അഷറഫ് തുടങ്ങിയവരുമായി മത്സരനാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തനം നടത്തിയ അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ആലപ്പുഴ യംഗ്‌സ്റ്റേഴ്‌സ് നാടക സമിതിയില്‍ അംഗമായിരിക്കെ തിരുവനന്തപുരം ആക്ടിന്റെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘ചങ്ങനാശേരി ഗീഥ’യുടെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടകരംഗത്തെത്തിയ തങ്കരാജ് പിന്നീട് കോട്ടയം നാഷനൽ തിയേറ്റഴ്സ് അടക്കം ഒട്ടേറെ സമിതികളുമായി സഹകരിച്ചു. കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് കടന്ന തങ്കരാജിന്റെ ആദ്യ ചിത്രം പ്രേംനസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു.

സിനിമ അത്ര വലിയ ഒരു പ്രതികരണമല്ല അക്കാലത്ത് അദ്ദേഹത്തിന് നൽകിയത്. അതുകൊണ്ട് തന്നെ അദ്ദേഹം തന്റെ നാടക ജീവിതത്തിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. കെപിഎസിയുടെ പ്രധാന നടനും, കൺവീനറും സെക്രട്ടറിയുമൊക്കെയായി പ്രവർത്തിച്ചു. ചാലക്കുടി സാരഥി എന്ന സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച തങ്കരാജ് 1995 ൽ കൈനകരി തീയേറ്റേഴ്സ് എന്ന നാടക ട്രൂപ്പിന് തുടക്കമിട്ടു. നടൻ തിലകനുമായി ചേർന്ന് ‘അമ്പലപ്പുഴ അക്ഷരജ്വാല’ എന്നൊരു ട്രൂപ്പ് തുടങ്ങിയെങ്കിലും മുന്നോട്ടു പോയില്ല. എന്നാൽ തുടർന്നും സിനിമ അയാളെ മാടി വിളിച്ചു. അൻവർ റഷീദ് സംവിധാനം ചെയ്ത അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെ യായിരുന്നു സിനിമയിലേക്കുള്ള രണ്ടാം വരവ്. ചാലക്കുടി സാരഥി തീയേറ്റേഴ്സിൻ്റെ ഉടമസ്ഥരിലൊരാളായിരുന്ന ജോസ് പെല്ലിശ്ശേരിയുടെ മകൻ ലിജോ ജോസ് സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലിജോയുടെ തന്നെ ഈ. മ. യൗ. വിലെ ‘വാവച്ചൻ മേസ്തിരി’ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിക്കൊടുത്തു. തുടർന്ന് പല സിനിമകളിലും കൈനാഗിരി തങ്കരാജ് അഭിനയിച്ചു. വൈകി ലഭിച്ച ഒരു ഭാഗ്യമായി സിനിമ ആ മനുഷ്യനിൽ പ്രവർത്തിച്ചു.

എന്നാൽ പെട്ടെന്നുള്ള ഈ മരണം ലോക മലയാളികളെ ഒന്നടങ്കം വേദനിപ്പിക്കുന്നതാണ്. സിനിമാ പ്രേക്ഷകരിൽ അത് വല്ലാത്ത ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ഇനിയും എത്രയെത്ര കഥാപാത്രങ്ങൾ എത്ര സിനിമകൾ,, ഒന്നിനും കാത്തു നിൽക്കാതെ കടന്നു പോവുകയാണെന്നറിയാം. എങ്കിലും സന്തോഷമായിരിക്കുക. നിങ്ങൾക്ക് ചുറ്റും ദൈവത്തിന്റെ മാലാഖാമാരുണ്ട്, കലയുടെ കാവലാളുണ്ട്.

അനിൽ പെണ്ണുക്കര