നിയോഗവഴികളില്‍ നിറമനസ്സോടെ സി. സി.ചെറിയാന്‍ (വഴിത്താരകൾ )

sponsored advertisements

sponsored advertisements

sponsored advertisements

17 September 2022

നിയോഗവഴികളില്‍ നിറമനസ്സോടെ സി. സി.ചെറിയാന്‍ (വഴിത്താരകൾ )

അനിൽ പെണ്ണുക്കര

“മൂല്യവത്തായ എന്തും നേടുന്നതിന് മൂന്ന് പ്രധാന ഘടകങ്ങൾ ആവശ്യമാണ്. കഠിനാധ്വാനം, സ്ഥിരോത്സാഹം, സാമാന്യ ബുദ്ധി”
നിങ്ങള്‍ പട്ടം ഉയരുന്നത് കണ്ടിട്ടുണ്ടോ?. നമുക്ക് തോന്നും കാറ്റിനൊപ്പമാണ് പട്ടം ഉയരുന്നതെന്ന്. പക്ഷെ പട്ടം ഉയരുന്നത് കാറ്റിനൊപ്പമല്ല, കാറ്റിനെതിരെയാണ്. കാറ്റിനെതിരെ പറന്നുയരുന്ന ചില പട്ടങ്ങളെ പോലെയാണ് ചില മനുഷ്യര്‍. തന്‍റെ നേരെ വരുന്ന ഏത് കൊടുങ്കാറ്റുകളെയും അതിജീവിച്ച് അവ ആകാശത്തേക്ക് പറന്നുയരും. അങ്ങനെ പറന്നുയര്‍ന്ന ഒരു വ്യക്തിത്വമാണ് സി.സി. ചെറിയാന്‍ മുളക്കുഴ. ഈ വഴിത്താരയില്‍ അദ്ദേഹത്തെ നാം കണ്ടുമുട്ടുമ്പോള്‍ ഒരു വലിയ ജീവിതത്തെയാണ് നാം അടുത്തറിയുന്നത്. കേരളത്തില്‍ നിന്ന് ഷില്ലോംഗിലേക്കും അവിടെ നിന്നും ഗള്‍ഫ് നാടുകളിലേക്കും പറന്നുയര്‍ന്ന ഒരു പട്ടം പോലെ ഒരാള്‍. അദ്ദേഹം പറന്നുയര്‍ന്ന വഴികളെല്ലാം വിജയത്തിന്‍റേതു മാത്രമാക്കിയ ചരിത്രത്തിന് ആത്മീയമായ ഒരു ഉണര്‍വിന്‍റെ കൂടിയുണ്ട്.

ജീവിതത്തിന്‍റെ ഇഴകള്‍
ചെങ്ങന്നൂരിനടുത്ത് മുളക്കുഴ വില്ലേജില്‍ ചാരുനില്‍ക്കുന്നതില്‍ ചെറിയാന്‍ തോമസിന്‍റേയും തങ്കമ്മ തോമസിന്‍റേയും എട്ടുമക്കളില്‍ അഞ്ചാമനായി 1946 മെയ് 29നാണ് സി.സി. ചെറിയാന്‍റെ ജനനം. ചെറുകിട കച്ചവടക്കാരനായിരുന്ന പിതാവ് തികഞ്ഞ ദൈവ വിശ്വാസിയായിരുന്നു. പ്രാര്‍ത്ഥനാ ജീവിതമായിരുന്നു കുടുംബത്തിന്‍റെ കരുത്ത്.
വ്യാപാരം ജീവിത വൃത്തിയായി സ്വീകരിച്ച പിതാവ് ചെറിയാന്‍ തോമസ് നാട്ടിലെ ചെറിയ കമ്പോളങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കശുവണ്ടി പറക്കോട് ചന്തയിലും കുരുമുളക് ആലപ്പുഴയിലെ വന്‍കിട കച്ചവടക്കാര്‍ക്കും വില്‍ക്കുകയായിരുന്നു പതിവ്. വീട്ടിലെത്തിക്കുന്ന കുരുമുളക് വീണ്ടും ഉണക്കി വില്‍പ്പനയ്ക്ക് തയ്യാറാക്കുവാന്‍ പിതാവിനൊപ്പം കൂടുമായിരുന്നു. അദ്ധ്വാനത്തിന്‍റെ ബുദ്ധിമുട്ടും, അതിന്‍റെ മഹത്വവും തിരിച്ചറിഞ്ഞ നാളുകള്‍.
പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ചില ദിവസങ്ങളില്‍ ചെങ്ങന്നൂരില്‍ നിന്നും ആലപ്പുഴയ്ക്ക് വള്ളക്കാര്‍ക്കൊപ്പം കുരുമുളകുമായി കച്ചവടത്തിന് സി. സി. ചെറിയാനും പോകുമായിരുന്നു. വലിയ കെട്ടുവള്ളങ്ങളിലെ ആലപ്പുഴ യാത്രയും അവിടെയെത്തിയതിന് ശേഷമുള്ള ‘സാട്ടാക്കച്ചവടവും’ ഒക്കെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ആ സമയത്തെ ഓരോ യാത്രയും, ഓരോ കച്ചവടവും ജീവിതത്തിന്‍റെ മുതല്‍ക്കൂട്ടാവുന്ന അനുഭവ പാഠങ്ങളാണ് അദ്ദേഹത്തിന് നല്‍കിയത്.

കെന്നഡി ബാലജനസഖ്യത്തില്‍ നിന്ന്
സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകനിലേക്ക്
മുളക്കുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന കെന്നഡി ബാലജനസഖ്യത്തില്‍ അംഗമായതോടെ സി.സി. ചെറിയാന്‍ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ നല്‍കി. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് തുടരുവാന്‍ ഇന്നും സാധിക്കുന്നതിന് വഴിയൊരുക്കിയത് ഈ ബാലജനസഖ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളായിരുന്നു.
മാതൃ ഇടവകയായ പിരളശ്ശേരി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതല്‍ക്കേ സജീവമായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഇടവകയിലെ സണ്‍ഡേസ്കൂളില്‍ നിന്നും പത്താം ക്ലാസ് പാസ്സായി. സണ്‍ഡേസ്കൂള്‍ അദ്ധ്യാപകനുമായി. മലങ്കര സണ്‍ഡേ സ്കൂള്‍ അസ്സോസിയേഷന്‍ ഡയറക്ടറായിരുന്ന കെ. ഡേവിഡ് കോര്‍ എപ്പിസ്കോപ്പ അച്ചന്‍റെ നേതൃത്വത്തില്‍ അദ്ധ്യാപക പ്രതിനിധികള്‍ക്കായി നടത്തിയ ട്രയിനിംഗ് ക്യാമ്പ് സഭയുടെ വിശ്വാസാചാരങ്ങളെക്കുറിച്ചുള്ള വലിയ അറിവാണ് സമ്മാനിച്ചത്. ഈ ക്യാമ്പില്‍ വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് ഇടവകാംഗമായ മത്തായി എന്ന ചെറുപ്പക്കാരനും പങ്കെടുത്തിരുന്നു. അദ്ദേഹമാണ് പിന്നീട് പരി. മാര്‍ത്തോമ്മാ മാത്യൂസ് തൃദീയന്‍ എന്ന പേരില്‍ മെത്രാപ്പോലീത്തയും കാതോലിക്കയുമായി മാറി.

ശബരിഗിരി പ്രോജക്ടില്‍ നിന്ന് ഭാരതത്തിന്‍റെ
വടക്കു കിഴക്കന്‍ മേഖലയിലേക്ക്
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ശബരിഗിരി, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടില്‍ കുറച്ചു നാള്‍ ജോലി നോക്കി. അയല്‍വാസിയായ പ്രോജക്ട് എഞ്ചിനീയറുടെ സഹായത്തോടെയാണ് ഈ ജോലി ലഭിച്ചത്.
1968ല്‍ നാഗാലാന്‍റിലേക്ക്. കേരളത്തിന് വെളിയില്‍ പോയി ജോലി ചെയ്യണം എന്ന ആഗ്രഹം സഫലീകൃതമായതിന്‍റെ സന്തോഷം കൂടിയായിരുന്നു അത്. ചെങ്ങന്നൂര്‍ മുതല്‍ നാഗാലാന്‍റിന്‍റെ അതിര്‍ത്തി പട്ടണമായ ദിമാപ്പൂര്‍ വരെ റിസര്‍വേഷന്‍ ഇല്ലാതെ അഞ്ച് ദിവസത്തെ യാത്ര ജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്കുള്ള യാത്ര കൂടിയായി. നാഗാലാന്‍റ് സെക്രട്ടറിയേറ്റില്‍ ആഭ്യന്തര വകുപ്പില്‍ ജോലി ലഭിച്ചത് മറ്റൊരു വഴിത്തിരിവ്. ഷില്ലോംഗ് കേന്ദ്രമാക്കി വടക്കു കിഴക്കന്‍ പ്രദേശങ്ങളുടെ ഭരണം ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു . ഈ പ്രദേശങ്ങളെ സംബന്ധിക്കുന്ന വിലപ്പെട്ട രേഖകളുടെ നല്ലൊരു ഭാഗം ഷില്ലോംഗില്‍ സ്ഥിതി ചെയ്യുന്ന ആസ്സാം സെക്രട്ടേറിയറ്റില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്.
നാഗാ കലാപകാരികളുടെ ആക്രമണത്തില്‍ നാഗാലാന്‍റിനെ സംബന്ധിക്കുന്ന പല രേഖകളില്‍ പലതും സെക്രട്ടേറിയറ്റില്‍ നിന്നും നഷ്ടമായി. അതിന്‍റെ രേഖകള്‍ പലതും ഷില്ലോംഗ് സെക്രട്ടേറിയേറ്റില്‍ ഉള്ളതിനാല്‍ അസ്സല്‍ രേഖയില്‍ നിന്ന് ടൈപ്പ് ചെയ്ത് പകര്‍ത്തുവാന്‍ ഇരുസര്‍ക്കാരും ആലോചിച്ച് നാഗാലാന്‍റ് ഗവണ്‍മെന്‍റിന് അനുവാദം നല്‍കി. ഇത് ക്രമീകരിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തില്‍ സി.സി. ചെറിയാനും കയറിപ്പറ്റി. ബ്രിട്ടീഷുകാരുടെ കൈപ്പടയില്‍ എഴുതിയ ഫയലുകള്‍ മാഗ്നിഫൈയിംഗ് ഗ്ലാസുപയോഗിച്ച് വായിച്ച് ടൈപ്പ് ചെയ്ത് എടുക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം സെപ്യൂട്ടി സെക്രട്ടറി വരെയുള്ളവരിലേക്ക് വ്യാപിച്ചു. ഈ സമയത്ത് പി.ടി.ഐയുടെ ചുമതലക്കാരനായിരുന്ന മേനോന്‍ സാറുമായുള്ള ബന്ധം ഷില്ലോംഗിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് സഹായകമായി. കേരളത്തില്‍ നിന്ന് ജോലി തേടി വന്ന പല മലയാളികള്‍ക്കും ജോലി നേടിക്കൊടുക്കുവാന്‍ ഈ ബന്ധങ്ങള്‍ അദ്ദേഹം ഉപയോഗിച്ചു.

ഷില്ലോംഗ് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍
ഷില്ലോംഗില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ക്രിസ്ത്യാനികളില്‍ ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ , സി.എസ്. ഐ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഒരുമിച്ചു കൂടി പ്രാര്‍ത്ഥിക്കുന്നതിനായി സെക്രട്ടേറിയറ്റിന് സമീപമുള്ള ഓള്‍ സെയിന്‍റ്സ് ദേവാലയത്തില്‍ എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഒരുമിച്ച് കൂടി ആരാധന നടത്തുവാനുള്ള അനുവാദം നേടിയെടുത്തു. അങ്ങനെ ഷില്ലോംഗ് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ എന്ന കൂട്ടായ്മയ്ക്ക് തുടക്കമായി. തുടര്‍ന്ന് അതിന്‍റെ സെക്രട്ടറിയായി.
കോണ്‍ഗ്രിഗേഷന്‍ സെക്രട്ടറി എന്ന ചുമതലയില്‍ പ്രവര്‍ത്തിക്കേണ്ടി വന്നപ്പോള്‍ രാജ്യത്തിന്‍റെ മൂന്ന് സേനാ വിഭാഗങ്ങളില്‍ നിന്നും കൂട്ടായ്മയ്ക്ക് വരുന്ന നിരവധി സുഹൃത്തുക്കളെ ലഭിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുന്ന നമ്മുടെ കാവല്‍ഭടന്മാരുടെ കഷ്ടപാടുകള്‍ നേരിട്ടു കാണാന്‍ അവസരം ലഭിച്ചത് നമ്മുടെ സേനാ വിഭാഗങ്ങളോടുള്ള സ്നേഹ ബഹുമാനങ്ങള്‍ കൂടുവാന്‍ കാരണമായി. ഇക്കാലത്ത് സഭയുടെ ആത്മീയ സാന്നിധ്യമായ ഗീവര്‍ഗീസ് ഒ.ഐ.സി. അച്ചന്‍ കോണ്‍ഗ്രിഗേഷനില്‍ വന്നതോടെ അവിടെ ഒരു പള്ളി ഉണ്ടാകണമെന്ന ആഗ്രഹം കൂടിവന്നു. അക്കാലത്ത് ഷില്ലോംഗില്‍ നോര്‍ത്ത് ഇസ്റ്റേണ്‍ ഹില്‍ യൂണിവേഴ്സിറ്റി രൂപം കൊണ്ടപ്പോള്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ആയിരുന്ന സി. സി. ഡേവിഡ് ഓഫീസര്‍ ഓണ്‍ സ്പ്യഷ്യല്‍ ഡ്യൂട്ടി പദവിയില്‍ ഷില്ലോംഗ് യൂണിവേഴ്സിറ്റിയില്‍ ഡപ്യൂട്ടേഷനില്‍ വന്ന് ചാര്‍ജെടുത്തത് കോണ്‍ഗ്രിഗേഷന് ഗുണം ചെയ്തു. അദ്ദേഹം മിക്ക ഞായറാഴ്ച്ചകളിലും പ്രാര്‍ത്ഥനയുടെ ഭാഗമായി. ഗവണ്‍മെന്‍റ് തലത്തില്‍ സ്വാധീനമുള്ള ഡേവിഡ് സാറുമായി ദേവാലായ പണിക്കുള്ള സ്ഥല ലഭ്യതയെക്കുറിച്ച് സംസാരിച്ചു. അപേക്ഷകള്‍ തയ്യാറാക്കി മേഘാലയ മുഖ്യമന്ത്രിയെ കാണാനുള്ള ശ്രമങ്ങള്‍ തുടങ്ങവെ 1973 ല്‍ ദുബായിലേക്ക് ഒരു വിസ ലഭിച്ചതിനെ തുടര്‍ന്ന് ഷില്ലോംഗിനോട് പെട്ടന്ന് വിട പറഞ്ഞു.

പ്രവാസം , പുതിയ ജീവിതം, ദുബായ് സെന്‍റ് തോമസ് ദേവാലയത്തിന്‍റെ തുടക്കം
ദുബായ് ഒരു പുതിയ ലോകത്തിലേക്കുള്ള കാല്‍വയ്പായിരുന്നു സി.സി. ചെറിയാന്. 1970 കാലഘട്ടത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളിലേക്കുമായിരുന്നു അദ്ദേഹവും വന്നുപെട്ടത്. താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കീറാമുട്ടിയായിരുന്നു. എങ്കിലും ജീവിതത്തില്‍ ലഭിച്ച ആത്മീയ കരുത്ത് കൂടുതല്‍ ശക്തിയുള്ളവനാക്കി മാറ്റി. ദുബായില്‍ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ദുബായ് സെന്‍റ് തോമസ് ഇടവക വികാരി മാത്യൂസ് അച്ചനെ പോയി കണ്ടു. ഇടവകയില്‍ അംഗത്വമെടുത്തു. ഒരു വര്‍ഷത്തിനകം ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്നു മുതല്‍ ഇടവകയുടെ വളര്‍ച്ചയിലും പുരോഗതിയിലും സജീവ പങ്കാളിയായി. മെച്ചപ്പെട്ട ജോലിക്ക് ശ്രമവും തുടരുന്നുണ്ടായിരുന്നു. ഒന്നു രണ്ട് കമ്പനിയില്‍ ജോലി മാറിമാറി ചെയ്തു. തുടര്‍ന്ന് ദുബായ് സ്റ്റേറ്റ് ടെലഫോണ്‍ കമ്പനിയില്‍ കൊമേഴ്സ്യല്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ നിയമനം കിട്ടി. നീണ്ട 25 വര്‍ഷമാണ് ഈ ഡിപ്പാര്‍ട്ട്മെന്‍റില്‍ അദ്ദേഹം ജോലി ചെയ്തത്. ഈ കാലഘട്ടത്തില്‍ നിരവധി മലയാളികളെ ദുബായിലേക്ക് എത്തിക്കുവാനും, കുടുംബത്തേയും ദുബായിലേക്ക് കൊണ്ടുവരാനും സാധിച്ചു. ഈ സമയത്ത് ഒരു ട്രേഡിംഗ് കമ്പനിക്കും തുടക്കം കുറിച്ചു. ദുബായില്‍ വിശ്വാസികള്‍ക്ക് ഒത്തു കൂടി ആരാധന നടത്തുവാന്‍ ‘വുമണ്‍ സൊസൈറ്റി ഹാള്‍’ മാത്രമായിരുന്നു ലഭിച്ചിരുന്നത്. എല്ലാ വെള്ളിയാഴ്ച്ചകളിലും ഹാള്‍ വൃത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും, വിശ്വാസികളുടെ വര്‍ദ്ധനവും കാരണം സ്വന്തമായി ഒരു ദേവാലയം നിര്‍മ്മിക്കണമെന്ന ആഗ്രഹത്തിലേക്ക് വന്നു. അന്യനാട്ടില്‍ പരസ്പരം അറിയാന്‍ കഴിയാതെ ജീവിച്ച കുറെ മനുഷ്യരെ ഒന്നിപ്പിക്കുവാനും ദേവാലയം നിര്‍മ്മിക്കാനുള്ള പദ്ധതി ദൈവനിയോഗം പോലെ സാധിക്കുവാന്‍ നിരവധി കടമ്പകളും കടക്കേണ്ടി വന്നു. സി.സി. ചെറിയാന്‍ ഉള്‍പ്പെടെ നൂറുകണക്കിന് സഭാ വിശ്വാസികളുടേയും പിന്തുണയോടു കൂടി ദുബായില്‍ സഭയ്ക്ക് പുതിയ ചരിത്രം കുറിച്ചു. 1976 ഡിസംബര്‍ 30, 31 തീയതികളിലായി കൂദാശ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കപ്പെട്ടു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ അന്ന് ഓര്‍ത്തഡോക്സ് സഭയ്ക്ക് മാത്രം ലഭിച്ച ഈ സ്ഥലവും ദേവാലയവും ഇന്നും പുരോഗതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് ദുബായിലെ ആദ്യ ദേവാലയ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ച ബഹു. പി.എം. മാത്യൂസ് അച്ചനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് സി.സി. ചെറിയാനെ സംബന്ധിച്ച് ദൈവനിയോഗം.

പുതിയ ദേവാലയ നിര്‍മ്മാണം
ദുബായില്‍ പുതിയ പള്ളി പണി പൂര്‍ത്തിയായതോടെ നിരവധി വിശ്വാസികളാണ് പള്ളിയിലേക്ക് എത്തിയത്. വിശ്വാസികളുടെ വര്‍ദ്ധനവ് മൂലം പള്ളിയില്‍ സ്ഥലമില്ലാതെയായി. പാരിഷ് ഹാളിന്‍റെ സ്ഥലം അല്പം കൂടി നീട്ടിയെടുത്ത് രണ്ട് സ്ഥലങ്ങളിലായി പള്ളിയോട് ചേര്‍ന്ന് ബില്‍ഡിംഗ് നിര്‍മ്മിച്ചാല്‍ കൂടുതല്‍ ആളുകള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാം. ഈ നിര്‍ദ്ദേശം ഷാര്‍ജാ ഇടവകയിലെത്തിയ ഇടവക മെത്രാപ്പോലീത്ത അഭി. ഗ്രീഗോറിയോസ് തിരുമേനിയെ ധരിപ്പിച്ചു. സി.സി. ചെറിയാന്‍ ഫണ്ട് റെയ്സിംഗ് കമ്മറ്റി കണ്‍വീനറായ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈ സമയത്ത് ഉണ്ടായ കുവൈറ്റ് യുദ്ധഭീഷണിയുമൊക്കെ തടസമായി മുന്നില്‍ വന്നു. സാമ്പത്തിക പ്രതിസന്ധി വിഷയമായി. ഇടവകാംഗങ്ങള്‍ക്ക് കൂടുതല്‍ ബാധ്യത വരാതിരിക്കുവാന്‍ ശ്രദ്ധിച്ചു. ഹാര്‍വെസ്റ്റ് ഫെസ്റ്റ്, കരകൗശലവസ്തുക്കളുടെ വില്‍പ്പന, ദുബായിലെ വസ്ത്ര വ്യാപാരികളില്‍ നിന്ന് സൗജന്യമായി ലഭിച്ച സാരികളുടെ വില്‍പ്പന എന്നിവയിലൂടെ പണം സമാഹരിച്ചു. 1992 ജൂണ്‍ 12ന് പരി. മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഇടവക മെത്രാപ്പോലീത്താ, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി, ഡല്‍ഹി ഭദ്രാസന സഹായ മെത്രാന്‍ ജോബ് മാര്‍ ഫിലിക്സിനോസ്, ബത്തേരി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനി, ദുബായ് ഇടവകയുടെ ആദ്യത്തെ വികാരിയും പിന്നീട് കല്‍ക്കട്ട ഭദാസനാധിപനും ആയിത്തീര്‍ന്ന സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനി എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലായിരുന്നു കൂദാശ.

സി.സി.ചെറിയാന്‍റെ നിയോഗ വഴികള്‍
സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലകൊള്ളുമ്പോള്‍ ദുബായ് സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകന്‍, പ്രധാന അദ്ധ്യാപകന്‍, എക്യുമെനിക്കല്‍ സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം സെക്രട്ടറി, ദുബായ് ഇടവകകളില്‍ നിന്ന് കേരളത്തിലെ വിവിധ ഇടവകകളിലേക്ക് സഹായം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം, മലബാര്‍ ഭദ്രാസന വികസനത്തിനായി ആരംഭിച്ച ചുങ്കത്തറ, എരുമമുണ്ട പ്രോജക്ടിന്‍റെ ചുമതലക്കാരന്‍, 1985 – 89, 2002 – 2007, 2017 – 2022 മൂന്ന് സമയകളിലായി ഓര്‍ത്തഡോക്സ് സഭ മനേജിംഗ് കമ്മറ്റി അംഗം എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു. സഭയുടെ ആസ്ഥാനമായ ദേവലോകത്തുള്ള പ്രിന്‍റിംഗ് പ്രസിന്‍റെ ചുമതല, ശ്ലീബാദാസ സമൂഹത്തിന്‍റെ പങ്കാളിത്തം, മലങ്കര സഭാ പത്രികയുടെ സര്‍ക്കുലേഷന്‍ മാനേജര്‍ എന്നീ പദവികളിലും സജീവമാണ് സി.സി. ചെറിയാന്‍. സഭയിലെ എല്ലാ പിതാക്കന്മാരുമായും ഊഷ്മളമായി ബന്ധം സ്ഥാപിച്ചിട്ടുള്ള മറ്റൊരു സഭാസ്നേഹി ഉണ്ടോന്ന്െ സംശയമാണ്. ഈ ആത്മീയ ആചാര്യന്മാരായുള്ള ബന്ധങ്ങള്‍ ജീവിതത്തിലെ വലിയ സന്തോഷങ്ങളാണെന്ന് സി. സി. ചെറിയാന്‍ പറയുന്നു.

ഓര്‍ഡര്‍ ഓഫ് സെന്‍റ് ജോര്‍ജ്
ദുബായില്‍ നിന്നും നാട്ടിലെത്തിയ ശേഷം മദ്ധ്യതിരുവിതാംകൂറിന്‍റെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സി.സി. ചെറിയാന്‍. ചെങ്ങന്നൂര്‍ പിരളശേരിയില്‍ തന്‍റെ മാതൃ ഇടവകയായ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവം, ദേവാലയത്തിന്‍റെ പുനര്‍ നിര്‍മ്മാണം, ശതോത്തര രജത ജൂബിലി എന്നിവയ്ക്കെല്ലാം നേതൃത്വനിരയില്‍ നിന്ന് പ്രവര്‍ത്തിച്ചതിന് ഇടവക ഓര്‍ഡര്‍ ഓഫ് സെന്‍റ് ജോര്‍ജ് ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ ദുബായ് ഫാമിലി ഫോറം എല്ലാ വര്‍ഷവും സമൂഹത്തിലെ വിശിഷ്യ വ്യക്തികള്‍ക്ക് നല്‍കുന്ന മാനവസേവാ പുരസ്കാരം 2022ല്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.

ആത്മകഥ ‘ നിയോഗ വഴികളില്‍ നിറമനസ്സോടെ’
സി.സി. ചെറിയാന്‍റെ ഈ വഴിത്താരയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട ഒരേട് അദ്ദേഹത്തിന്‍റെ ആത്മകഥയാണ്. ‘നിയോഗ വഴികളില്‍ നിറമനസ്സോടെ’ എന്ന തലക്കെട്ടോടു കൂടിയ ഈ പുസ്തകം. ഒരു വ്യക്തിയുടെ ചരിത്രം മാത്രമല്ല. മുളക്കുഴ എന്ന പ്രദേശത്തിന്‍റെ ചരിത്രമാണ്. ഒരു സഭയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരാളിന്‍റെ കഥയാണ്. ഒരു പ്രവാസിയുടെ ചരിത്രമാണ്. മലങ്കര മെത്രാപ്പോലീത്ത പരി. മാത്യൂസ് തൃദീയന്‍ കാതോലിക്കാ ബാവ, ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത, അഭി. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, മുന്‍ മന്ത്രിയും ചെങ്ങന്നൂര്‍ എം. എല്‍. എയുമായ സജി ചെറിയാന്‍റേയും സാന്നിദ്ധ്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സാഹിത്യകാരന്‍ ബെന്യാമിന് നല്‍കി പ്രകാശനം ചെയ്ത ഈ ഗ്രന്ഥം ഒരു റഫറന്‍സ് ഗ്രന്ഥമായി വരെ ഉപയോഗിക്കാവുന്നതാണ്.
പ്രവാസ ജീവിതത്തിന്‍റെ കഷ്ടപ്പാടും പ്രയാസങ്ങളും തിരിച്ചറിയുകയും മറ്റ് പ്രവാസികളുടെ ദുരിതങ്ങളും ബുദ്ധിമുട്ടുകളും ഈ പുസ്തകത്തില്‍ വിവിധ അദ്ധ്യായങ്ങളിലായി സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാസ ജീവിതത്തെ അടുത്തറിയുവാനുള്ള ഒരു ഗ്രന്ഥം കൂടിയാണ് നിയോഗവഴികളില്‍ നിറമനസ്സോടെ.

സെഞ്ച്വറി ഹോസ്പിറ്റല്‍
മറുനാട്ടില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തം നാട്ടില്‍ ഏതെങ്കിലുമൊരു സദ് പ്രവൃത്തിക്ക് തുടക്കം കുറിക്കണമെന്ന് ചിന്തയില്‍ നിന്നാണ് ചെങ്ങന്നൂര്‍ സെഞ്ചറി ഹോസ്പിറ്റലിന്‍റെ പിറവി. ഗള്‍ഫ് മേഖലയിലെ ബിസിനസ്സുകാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി സാമ്പത്തിക ശേഷി ഉള്ളവര്‍ മാത്രമല്ല, കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ ജോലിയുള്ള സാധാരണ തൊഴിലാളികളുടെ വരെ അദ്ധ്വാനത്തിന്‍റെ ആകെ തുകയാണ് മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റല്‍ . ദുബായില്‍ നിന്നും കഴിയുന്നത്ര ഓഹരികള്‍ സമാഹരിക്കുന്നതിലും സി.സി. ചെറിയാന്‍ ഏറെ പങ്കു വഹിച്ചിരുന്നു.

സി.സി. പ്ലാസ ഓഡിറ്റോറിയം
മുളക്കുഴയിലെയും ചെങ്ങന്നൂരിലെയും സമീപ പ്രദേശങ്ങളില്‍ ഉള്ള സാധാരണ ജനങ്ങളുടെ ആശ്രയമായ ഓഡിറ്റോറിയമാണ് സി.സി. പ്ലാസ ഓഡിറ്റോറിയം. ഒരു ചെറിയ ഗ്രാമത്തിന്‍റെ പ്രൗഢി ക്ക് ഇണങ്ങുന്ന തലത്തില്‍ ഈ ഓഡിറ്റോറിയം രൂപകല്‍പ്പന ചെയ്ത് നാടിനു സമർപ്പിച്ചിരിക്കുന്നു

കുടുംബം
എടത്വ പാണ്ടങ്കേരി മുണ്ടകത്തില്‍ എട്ടു പറയില്‍ ചാക്കോ മാമന്‍റേയും, തങ്കമ്മ മാമ്മന്‍റെയും മൂത്തമകള്‍ ഡെയ്സിയാണ് ഭാര്യ. മക്കള്‍: ചെറിയാന്‍ തോമസ് (സന്തോഷ്), ഭാര്യ: അന്നമ്മ തോമസ്, ഷീബ ചെറിയാന്‍, ഭര്‍ത്താവ്: മോനി ജോസഫ്, സോളമന്‍ ചെറിയാന്‍ തോമസ്, ഭാര്യ: അഞ്ജു. കൊച്ചുമക്കള്‍: സിറിള്‍, ജോര്‍ജി, ജീവന്‍, ജോഷ്വ , ജെറോം എന്നിവരുടെ പിന്തുണ സി.സി. ചെറിയാന്‍റെ ജീവിതത്തിന്‍റെ വളര്‍ച്ചയുടെ പടവുകളിലെ നിശബ്ദസാന്നിദ്ധ്യങ്ങളാണ്. ഈ കുടുംബ കൂട്ടായ്മയാണ് സി.സി. ചെറിയാന്‍ എന്ന വ്യക്തി ഒരു വന്‍മരമായി മാറിയതിന് പിന്നിലെ യഥാര്‍ത്ഥ ശക്തി.
അതെ, സി.സി. ചെറിയാന്‍ ഈ വഴിത്താരകളിലെ വ്യത്യസ്ത മുഖമാകുന്നു. സ്വയം വെട്ടിത്തെളിച്ച പാതകളിലേക്ക് സ്ഥിരോത്സാഹത്തോടെ യാത്ര പോവുക, അവിടെയെല്ലാം വിജയത്തിന്‍റെ ചരിത്രം മാത്രം അവശേഷിപ്പിച്ച് വീണ്ടും പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, മറ്റുള്ളവര്‍ക്ക് എപ്പോഴും പ്രചോദനമായി മുന്‍പില്‍ നടക്കുക. കാവലാളും, മാര്‍ഗ്ഗദര്‍ശിയുമാവുക.. ഇവയെല്ലാം ഈശ്വരാംശം കൂടിയുള്ള മനഷ്യര്‍ക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളാണ്. ഇവയെല്ലാം ഒത്തിണങ്ങിയ ഒരു വലിയ മനുഷ്യനാണ് സി.സി. ചെറിയാന്‍. അദ്ദേഹം തന്‍റെ നിയോഗ വഴികളില്‍ യാത്ര തുടരട്ടെ… ഈ വഴിത്താരകള്‍ സുവിശേഷകര്‍ക്ക് തണലാകട്ടെ.. ദുരിതമനുഭിക്കുന്നവര്‍ക്ക് നിഴലും വെളിച്ചവുമാകട്ടെ, പ്രവാസികള്‍ക്ക് പ്രചോദനമാകട്ടെ… പ്രാര്‍ത്ഥനകള്‍.