NEWS DETAILS

19 July 2023

സമ്പൂര്‍ണ്ണ കലാകുടുംബം, സ്വപ്നങ്ങളുടെ വഴിയേ:ജോണി മക്കോറ( വഴിത്താരകൾ )

അനിൽ പെണ്ണുക്കര 

മനുഷ്യനെ സംബന്ധിച്ച് കലാജീവിതം ഏറെ പ്രയാസപ്പെട്ട ഒന്നാണ്. കാരണം കുടുംബത്തിലേക്കും അതിന്‍റെ കെട്ടുപാടുകളിലേക്കും വരുമ്പോള്‍ ഒരു കലാകാരന് ജീവിക്കാന്‍ പ്രയാസങ്ങള്‍ ഏറെയുണ്ടായിരിക്കും. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്യാന്‍ പോകുന്ന ഒരു കുടുംബമാണ് നമുക്ക് ലഭിക്കുന്നതെങ്കില്‍ കലയും ജീവിതവും ചേര്‍ന്ന ഒരു മനോഹരമായ സ്വപ്നമാക്കി ഭൂമിയെ മാറ്റാന്‍ കഴിയും. കുടുംബത്തിലെ  എല്ലാവരും കലയോട് താല്പര്യം ഉള്ള അംഗങ്ങളാകുമ്പോള്‍, കല ജീവിതം കൂടിയായി മാറും. അത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ച ഒരു കുടുംബവും ആ കുടുംബത്തിന്‍റെ നാഥന്‍ ജോണി മാക്കോറയുമാണ് ഈ വഴിത്താരയില്‍ നിറയാന്‍ പോകുന്നത്.

കോട്ടയം കുമരകത്തെ ഒരു കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ജോണി മാക്കോറ തന്‍റെ ജീവിതത്തിന്‍റെ സുപ്രധാന കാലഘട്ടങ്ങളിലൂടെ കടന്നു  പോകുമ്പോള്‍ പിറകില്‍ നിറയെ ഓര്‍മ്മകള്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. തന്‍റെ കലാപരമായ ഓരോ മുന്നേറ്റങ്ങള്‍ക്കും കൂടെയുള്ള ഭാര്യയും മക്കളും അദ്ദേഹത്തിന്‍റെ  ജീവിതത്തെ ഇപ്പോഴും മനോഹരമാക്കി മാറ്റുന്നു.

കുമരകം മാക്കോറയില്‍  അലക്സാണ്ടറുടേയും ചിന്നമ്മയുടേയും ഒന്‍പത് മക്കളില്‍ മൂത്ത മകനായിട്ടാണ് ജോണി പിറക്കുന്നത്. പിതാവ് അലക്സാണ്ടര്‍ക്ക് ബിസിനസും, റേഷന്‍ കടയും ആയിരുന്നു. അദ്ദേഹം  1968-ല്‍ കുമരകത്തു നിന്ന് വണ്ടന്‍മേട്ടിലേക്ക് പോവുകയും, തുടര്‍ന്ന് പുതിയ സ്വപ്നങ്ങള്‍ കെട്ടിപ്പടുക്കുകയും ആണ് ചെയ്തത്. കുമരകം ഗവ. ഹൈസ്കൂളില്‍ പത്താം ക്ലാസ് വരെ പഠനം തുടര്‍ന്ന ജോണി പ്രീ-യൂണിവേഴ്സിറ്റി  പൂര്‍ത്തിയാക്കിയത് സി. എം. എസ്. കോളേജിലാണ്.1971ല്‍ ഡിഗ്രി പാസ്സായ ജോണി പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു. കൊല്ലം ടി. കെ. എം കോളേജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി എടുത്തു. തുടര്‍ന്ന് 19 വര്‍ഷം ഷിപ്പ് എഞ്ചിനീയര്‍ ആയും ചീഫ് എഞ്ചിനീയറായും ജോലി ചെയ്ത ജോണി മാക്കോറ  നല്ല ജീവിത സമ്പ്രദായമാണ് രൂപപ്പെടുത്തിയത്. കോട്ടയം കുമരകത്തെ ഒരു കാര്‍ഷിക കുടുംബമെന്ന അടയാളം ജോണിയുടെ ജീവിതത്തിലും ഉണ്ടായിരുന്നു.

ജോലി,വിവാഹം, തുടര്‍ജീവിതം

മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദമെടുത്തശേഷം  കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍  മറൈന്‍ എഞ്ചിനീയറിംഗ് ട്രെയിനിംഗ് കഴിഞ്ഞ് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 1973 ല്‍ ജോയിന്‍ ചെയ്തു. ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളുള്ള കാലഘട്ടമായിരുന്നു ജോണിയുടെ ജോലിക്കാലം. ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലി ആയതുകൊണ്ട് തന്നെ ഓരോ നിമിഷങ്ങളും അദ്ദേഹം വളരെ സന്തോഷത്തോടെ തള്ളിനീക്കി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആദ്യമായി നിര്‍മ്മിച്ച റാണി പത്മിനി കപ്പലിന്‍റെ ടേക്ക് ഓവറില്‍ ഷിപ്പ് യാര്‍ഡിലെ   ഉദ്യോഗസ്ഥരോടൊപ്പം എട്ടുമാസത്തോളം റാണി പദ്മിനിക്കുവേണ്ടി ജോലി ചെയ്യുവാന്‍ സാധിച്ചതും, സെക്കന്‍റ് എഞ്ചിനീയറായും പിന്നീട് ചീഫ് എഞ്ചിനീയറായും വര്‍ക്കുചെയ്തു.  'റാണി പദ്മിനി കടലുകളില്‍' എന്ന സചിത്ര ഫീച്ചര്‍ അന്ന് ദീപികയ്ക്ക് വേണ്ടി തയ്യാറാക്കിയതും ജോണി മാക്കോറ ആയിരുന്നു. അദ്ദേഹത്തിന് ഇതെല്ലാം കാലം കാത്തുവെച്ച സന്തോഷങ്ങള്‍ ആയിരുന്നു.

1977ലാണ് ജോണിയുടെ ജീവിതത്തില്‍ വലിയൊരു മാറ്റം നടക്കുന്നത്. കുറുപ്പന്തറ  മാക്കില്‍ കുടുംബാംഗം ഡോ. സെലിനെ ജോണി വിവാഹം കഴിച്ചു. തെള്ളകത്ത് അസ്സീസി നേച്ചര്‍ ക്യൂവര്‍ സെന്‍ററിന്‍റെ നേച്ചറോപ്പതി ഡോക്ടറും ഉടമസ്ഥയും ആയിരുന്നു ഡോ. സെലിന്‍. ഡോ. സെലിന്‍റെ നേച്ചറോപ്പതി ചികിത്സ വളരെ ഫലപ്രദമായിരുന്നു. ജീവിതത്തിലേക്കും അതേ സ്നേഹം തന്നെ സെലിന്‍ പറിച്ചു നട്ടപ്പോള്‍ ഇരുവര്‍ക്കും ഇടയില്‍ രൂപപ്പെട്ടത് നല്ല ഒരു ദാമ്പത്യമാണ്. വിവാഹം ജോണിയുടെ   ജീവിതത്തെ തന്നെ മാറ്റിമറിച്ചിരുന്നു. 1994ല്‍ ഡോ. സെലിന്‍റെ ചേച്ചി വഴി അമേരിക്കയിലേക്ക് ഒരു അവസരം വന്നപ്പോള്‍ മക്കള്‍ക്ക് നല്ല പഠനവും ജീവിതവും അവിടെ ലഭിക്കുമെന്ന ചിന്ത കേരളം വിടാന്‍ ഇരുവരെയും പ്രേരിപ്പിച്ചു.

അമേരിക്കന്‍ ജീവിതം

അമേരിക്കയില്‍ വന്നതിനുശേഷം ഏഴുവര്‍ഷം റിഫൈനറിയില്‍ സീനിയര്‍ എഞ്ചിനീയറായും, ഇരുപത് വര്‍ഷം ബെന്‍ ടാബ് ജനറല്‍ ഹോസ്പിറ്റലില്‍ ഫെസിലിറ്റിസ് എന്‍ജിനീയറിങ്  ഓപ്പറേഷന്‍സ് മാനേജര്‍ ആയും ജോലി ചെയ്ത് എഴുപത്തി രണ്ടാമത്തെ വയസ്സിലാണ് ജോണി മാക്കോറ റിട്ടയര്‍ ചെയ്തത്. അമേരിക്കന്‍ സാഹചര്യത്തില്‍ ജോലി ഒരു അനിവാര്യതയാണെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഇപ്പോഴും ഉണ്ട്.

കലാ കുടുംബം

ചെറുപ്പം മുതലേ അഭിനയിക്കാന്‍ ഒരുപാട് ഇഷ്ടമുള്ള ആളായിരുന്നു ജോണി. സ്കൂള്‍ പഠനകാലങ്ങളിലെ മികച്ച നടന്‍ ജോണി ആയിരുന്നു. നാടകങ്ങള്‍ ചെയ്യാനും കഥകള്‍ എഴുതുവാനും അത് അവതരിപ്പിക്കുവാനും അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. കോളേജില്‍ മികച്ച നടന്‍ ആയിരുന്നു. കുട്ടിക്കാലത്തെപ്പോഴോ മനസ്സില്‍ തോന്നിയ നാടകത്തിനോടും അഭിനയത്തോടുമുള്ള ഒരു ഇഷ്ടം എല്ലാക്കാലത്തും ജോണിയുടെ മനസ്സില്‍ തങ്ങികിടന്നു. ചെറിയ സ്കിറ്റുകള്‍ ചെയ്യാനും അഭിനയിക്കാനും കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു അദ്ദേഹം.

എല്ലാത്തിനും കൂടെയുള്ള ഭാര്യയും മക്കളും അമേരിക്കയില്‍ കലയുടെ പുതിയ സാധ്യതകളാണ് ജോണിക്ക്  തുറന്നുകൊടുത്തത്. ജോണിയുടെ മൂന്നു പെണ്‍മക്കള്‍ക്കും  വളരെ മനോഹരമായി ഡാന്‍സ് അറിയാം. ചിനു തോട്ടം, ദിനു മണലേല്‍, ശിങ്കാരി കുര്യാക്കോസ് എന്നിവരാണ് ജോണി - സെലിന്‍ ദമ്പതികളുടെ മക്കള്‍. അമേരിക്കയില്‍ എത്തിയപ്പോള്‍ യുണൈറ്റഡ് ആര്‍ട്ടിസ്റ്റ്  ഓഫ് ഹ്യൂസ്റ്റന്‍റെ ഏഴോളം നാടകങ്ങളില്‍ ജോണി മാക്കോറയും ഭാര്യ ഡോ. സെലിനും മൂന്ന് മക്കളും അഭിനയിച്ചു. ഫൊക്കാന കണ്‍വെന്‍ഷനില്‍ ലഘുനാടകമത്സരത്തില്‍ മികച്ച നടിയ്ക്കുള്ള ബഹുമതിയും ഡോ. സെലിന് ലഭിച്ചിരുന്നു.

മൂത്ത മകള്‍ ചിനു തോട്ടം നേഴ്സ് പ്രാക്ടീഷണര്‍ ആണെങ്കിലും അമേരിക്കയിലെ അറിയപ്പെടുന്ന ഡാന്‍സര്‍ കൂടിയാണ്. ചിക്കാഗോയില്‍ ശിങ്കാരി സ്കൂള്‍ ഓഫ് റിഥം  നടത്തുന്നതും അമേരിക്കയില്‍ താര ഷോകള്‍ വരുമ്പോള്‍ അമേരിക്കയിലെ യുവ നര്‍ത്തകരെ പ്രാക്ടീസ് നടത്തി വേദിയില്‍ അവതരിപ്പിക്കുന്നതും ചിനുവാണ്. ഫ്ളവേഴ്സ് ടി. വിയുടെ ഡാന്‍സ് യു. എസ്.  എയില്‍ ചിനു തോട്ടത്തിന്‍റെ ഡാന്‍സ് സ്റ്റുഡന്‍റസ് ഇപ്പോള്‍ അവസാന റൗണ്ടില്‍ മാറ്റുരയ്ക്കാന്‍ ഒരുങ്ങുന്നു. ചിനുവിന് ഫൊക്കാനയുടെ ലഘുനാടക മത്സരത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2003ല്‍  മലയാള മനോരമ വീക്കിലിയുടെ മുഖചിത്രം ചിനുവിന്‍റേതായിരുന്നു. ടെക്സാസ് മലയാളികളുടെ മിസ് കേരളാപുരസ്കാരവും ചിനുവിനെ തേടിയെത്തിയിരുന്നു. ചിനുവിന്‍റെ ഇളയ മകള്‍ എമ്മ തോട്ടം ഈയിടെ നടന്ന കെ. സി. എസ്, ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ യൂത്ത് ഫെസ്റ്റിവലില്‍ കലാതിലകം ആയിരുന്നു. മക്കളുടെ മാഹാത്മ്യം മാതാപിതാക്കള്‍ തിരിച്ചറിയണം എന്ന ചിന്താഗതിക്കാരനാണ് ജോണി.

രണ്ടാമത്തെ മകള്‍ ദിനു മണലേല്‍ (ലോസ് ഏഞ്ചല്‍സില്‍ ഫാര്‍മസിസ്റ്റ്) ശിങ്കാരി സ്കൂള്‍ ഓഫ് റിഥം എന്ന  പേരില്‍ നൃത്ത സ്ഥാപനം നടത്തുന്നു. 2000 കെ. സി. സി. എന്‍. എ കണ്‍വന്‍ഷനില്‍ ദിനു കലാതിലകം ആയിരുന്നു. ഇല്ലിനോയിസ് മലയാളി അസ്സോസിയേഷന്‍ 1999 ല്‍ സംഘടിപ്പിച്ച ഇന്‍റര്‍ സ്റ്റേറ്റ് നൃത്തോത്സവത്തില്‍ രണ്ടാം സ്ഥാനം, 2012 കെ. സി. സി. എന്‍. എ. കണ്‍വന്‍ഷനില്‍ ക്നാനായ മങ്ക റണ്ണര്‍ അപ്പ് ,കേരളാ സ്കൂള്‍ യുവജനോത്സവത്തില്‍ ജില്ലാതലത്തില്‍ കലാതിലകവും ആയിരുന്നു. ഭര്‍ത്താവ് ജോജി മണലേല്‍ 2012 ല്‍ കെ. സി. സി.എന്‍.എ വൈസ് പ്രസിഡന്‍റ് ആയിരുന്നു. ദിനുവിന്‍റെ മകള്‍ ഇവാ ജേക്കബ് മണലേല്‍ അഭിനയ രംഗത്തേക്കും കടന്നു. ടൊയോട്ട ഹൈലാന്‍ഡറിന്‍റെ ടി.വി പരസ്യത്തില്‍  ഇവാ ജേക്കബ് അഭിനയിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇളയ മകള്‍ ശിങ്കാരി  കുര്യാക്കോസ് (സാന്‍ഫ്രാന്‍സിസ്കോയില്‍ സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സെന്‍ററില്‍ ചീഫ് അഡ്വാന്‍സ്  പ്രാക്ടീസ് ഓഫീസര്‍)  ശിങ്കാരി സ്കൂള്‍ ഓഫ് റിഥം എന്ന പേരില്‍ ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട്. 2008ല്‍ ജോണി മാക്കോറയും ശിങ്കാരിയും ചേര്‍ന്നാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. എല്ലാവര്‍ഷവും  ശിങ്കാരി സ്കൂള്‍ ഓഫ് റിഥം ഡാന്‍സ് ഷോകള്‍  അവതരിപ്പിച്ചിരുന്നു. 2014 ലെ ഡാന്‍സ് ഷോയില്‍ മിസ് അമേരിക്ക നീന ഡവലുരി മുഖ്യാതിഥി ആയി പങ്കെടുത്തത്  ശിങ്കാരി സ്കൂള്‍ ഓഫ് റിഥത്തിന്‍റെ പൊന്‍തൂവലായി മാറി. 2004 കെ. സി. സി. എന്‍. എ കണ്‍വന്‍ഷനില്‍ മിസ് ക്നാനായ പട്ടവും ലഭിച്ചു. 2013ല്‍ മനോരമ  ആരോഗ്യ  മാസികയുടെ മുഖചിത്രവും ശിങ്കാരിയുടേതായിരുന്നു. ഫൊക്കാന ഫോമാ കണ്‍വന്‍ഷനുകളില്‍  ശിങ്കാരി സ്കൂള്‍ ഓഫ് റിഥം  കള്‍ച്ചറല്‍ ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മക്കള്‍ കലാ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പഠനകാര്യങ്ങളില്‍ ശ്രദ്ധക്കുറവുണ്ടാകും എന്ന അഭിപ്രായത്തോട് ജോണി മാക്കോറയ്ക്ക് വിയോജിപ്പാണ്. വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ഒന്നാമതാകാന്‍ കുട്ടികളെ പ്രോത്സാഹിപ്പിച്ചാല്‍ അവര്‍ നന്നായിക്കൊള്ളും. സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം വിലയിരുത്തുന്നു.

സംഘടനകളും വ്യത്യസ്തങ്ങളായ കലാ പ്രവര്‍ത്തനങ്ങളും

ഹ്യൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്ക്  ചര്‍ച്ച് ട്രസ്റ്റി, പാരിഷ് കൗണ്‍സില്‍ മെമ്പര്‍, ഫണ്ട് റേയ്സിംഗ് ചെയര്‍മാന്‍, മലയാളി അസോ. ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്‍റെ പ്രവര്‍ത്തകനും  വൈസ് പ്രസിഡന്‍റും ആയിരുന്നു അദ്ദേഹം. ഹ്യൂസ്റ്റണ്‍ ക്നാനായ  കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്‍റ്, ലെയ്സണ്‍ ബോര്‍ഡ് ചെയര്‍മാന്‍, ഫണ്ട് റെയ്സിംഗ് ചെയര്‍മാന്‍, കെ. സി. സി. എന്‍. എ. മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെ. സി. സി. എന്‍. എ. കണ്‍വന്‍ഷനുകളില്‍  ഹ്യൂസ്റ്റണു  വേണ്ടി നിരവധി കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി പുരസ്കാരങ്ങള്‍ വാങ്ങിയിട്ടുണ്ട്.ഹ്യൂസ്റ്റണ്‍ മലയാളി എഞ്ചിനീയേഴ്സ് അസ്സോസിയേഷന്‍റെ സ്ഥാപക അംഗമാണ്. കേരളത്തിലെ നിര്‍ദ്ധനരായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു.48 വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്ന ഈ സംഘടനയുടെ ബോര്‍ഡ് അംഗമായും ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. മിസ്സൂറി  സിറ്റി മേയറായി രണ്ടുതവണ മത്സരിച്ച് വിജയിച്ച റോബിന്‍ ഇലക്കാട്ടിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തത് ജീവിതത്തിലെ നല്ല നിമിഷമാണെന്നു ജോണി മാക്കോറ സൂചിപ്പിക്കുന്നു. കാരണം വളരെ വേണ്ടപ്പെട്ട ഒരാള്‍,അതും ഒരു  മലയാളി അമേരിക്കയില്‍ ഉന്നത സ്ഥാനത്ത് എത്തിയതിന്‍റെ സന്തോഷം.  

കലാ സാംസ്കാരിക രംഗത്ത് എപ്പോഴും സജീവമാകുവാനാണ് അദ്ദേഹത്തിന് താല്‍പ്പര്യം. നാടകം, സ്കിറ്റുകള്‍, റിഹേഴ്സല്‍ ക്യാമ്പുകള്‍, ഒത്തുകൂടലുകള്‍ എല്ലാം ചെറുപ്പത്തിലേക്കുള്ള തിരിച്ചു മടക്കമാണ് ജോണിയ്ക്കും കുടുംബത്തിനും സമ്മാനിക്കാറുള്ളത്.

പല പ്രൊഫഷണല്‍ നാടകങ്ങളും  അദ്ദേഹം അമേരിക്കയില്‍ അവതരിപ്പിച്ചു. നാടകം നാട്ടിലേത് പോലെയല്ല,അവതരിപ്പിക്കാന്‍ അമേരിക്കയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്ന് അദ്ദേഹം പറയും. എങ്കിലും കലയ്ക്ക്  വേണ്ടി നിലകൊള്ളാനാണ്  എന്നും ജോണിയ്ക്കും കുടുംബത്തിനും ഇഷ്ടം. എസ്. എല്‍ പുരത്തിന്‍റെ 'കല്ലുകൊണ്ടൊരു പെണ്ണ്', ജോസ് ഇടിക്കുളയുടെ 'ശേഷക്രിയ' തുടങ്ങിയ നാടകങ്ങളിലെ സാമൂഹ്യ പ്രതിബദ്ധതകള്‍ ജനങ്ങളില്‍  എത്തിക്കാന്‍ മുന്‍പന്തിയില്‍ ജോണിയും ഭാര്യ ഡോ. സെലിനും ഉണ്ടായിരുന്നു. നാടകങ്ങള്‍ എപ്പോഴും ജീവിതവുമായി ബന്ധപ്പെട്ടിരിക്കണം എന്നാണു ജോണിയുടെ പക്ഷം.

ജീവിതത്തിന്‍റെ നേര്‍രേഖയിലൂടെ

 ജോണിയും ഭാര്യ ഡോ. സെലിനും കലാ, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്നവരാണ്.  ഡോ. സെലിന്‍ ഒരു യോഗ ടീച്ചര്‍ കൂടിയാണ്. വിവിധ കൂട്ടായ്മകളില്‍  യോഗാ ക്ലാസ്സുകള്‍, നേച്ചറോപ്പതി, ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ക്ലാസുകള്‍ എടുക്കും. ദിവസം ഒരു മണിക്കൂറെങ്കിലും നടക്കണമെന്നത് ഡോ. സെലിന് നിര്‍ബന്ധമാണ്. അതിനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും എപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ഡോ. സെലിന്‍ ജോലി ചെയ്തിരുന്ന മെമ്മോറിയല്‍ ഹെര്‍മ്മന്‍ ഹോസ്പിറ്റലില്‍ നിന്നും  2008 ല്‍ എംപ്ലോയി ഓഫ് ദി ഇയര്‍ പുരസ്കാരം ഡോ. സെലിന് ലഭിച്ചിട്ടുണ്ട്.

ഹ്യൂസ്റ്റണ്‍ വിമന്‍സ് ഫോറം നടത്തിയ 'ഡെയ്ലി വാക്ക്' മത്സരത്തില്‍ ഒന്നാം സമ്മാനം ഡോ. സെലിനായിരുന്നു. നമ്മുടെ ഭക്ഷണത്തിനും  വ്യായാമത്തിനും   ആരോഗ്യവുമായി അഭേദ്യമായ ബന്ധം ഉണ്ടെന്ന് പറയുന്ന ഡോ. സെലിന്‍  ജീവിതശൈലിരോഗങ്ങളെ ഇല്ലാതാക്കാന്‍ നേച്ചറോപ്പതിയെന്ന പ്രകൃതി ചികിത്സ നല്ലതാണെന്ന് നിര്‍ദ്ദേശിക്കുന്നു. അധികമാര്‍ക്കും അറിയാത്ത ഈ ചികിത്സാ രീതിയുടെ ഗുണങ്ങളെക്കുറിച്ച് സെലിന്‍ വാതോരാതെ എല്ലാവരോടും സംസാരിക്കും.

സമ്പൂര്‍ണ്ണ കലാകുടുംബം

അമേരിക്കയിലുള്ള  ഒരേയൊരു സമ്പൂര്‍ണ്ണ കലാ കുടുംബമാണ് ജോണി മാക്കോറയുടേത് എന്ന് നിസ്സംശയം പറയാം. 'അമേരിക്കന്‍ മണ്ണ്' എന്ന സീരിയലില്‍  അഭിനയിച്ചു. എം. എസ്. വിശ്വനാഥന്‍റെ കൊച്ചുമകള്‍ പ്രാര്‍ത്ഥന മോഹന്‍ സംവിധാനം ചെയ്ത څഠവല ാശലെറൗരമശേീി ീള ആശിറൗچ എന്ന ഇംഗ്ലീഷ് സിനിമയുടെ കോ- പ്രൊഡ്യൂസറും ആയിരുന്നു ജോണി മാക്കോറ. ആ ചിത്രത്തില്‍ ഇളയമകള്‍ ശിങ്കാരി  അഭിനയിക്കുകയും ഡാന്‍സ്  കൊറിയോഗ്രാഫി ചെയ്യുകയും ചെയ്തു.

കലാപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  ജോണിയെ അനുകൂലിച്ചതും വിലയിരുത്തിയതും മുന്‍പോട്ടുള്ള യാത്ര ഭംഗിയാക്കിക്കൊടുത്തതും ഭാര്യയും മക്കളും തന്നെയാണ്. ജോണി മാക്കോറ ഡോ. സെലിന് പൂര്‍ണ്ണ പിന്തുണ നല്‍കി. അമേരിക്കയിലും  നാട്ടിലും   സെമിനാറുകളും മറ്റും നടത്താന്‍ ഭാര്യയെ സഹായിച്ചു. ഹൈദ്രബാദില്‍ നേച്ചറോപ്പതിയുടെ  ട്രീറ്റ്മെന്‍റ് പഠിച്ച് വന്ന നാള്‍ മുതല്‍ ചികിത്സയും  തുടങ്ങിയ ആളാണ് ഡോ. സെലിന്‍. കേരളത്തിലെ ആദ്യത്തെ നേച്ചറോപ്പതി ആശു പത്രിയും ഡോ. സെലിന്‍റേതായിരുന്നു. അമേരി ക്കയില്‍ എത്തിയിട്ടും നേച്ചറോപതിയുടെ സാധ്യതകള്‍ ഉപയോഗിക്കുവാന്‍ കഴിഞ്ഞത് കൊണ്ടും കുടുംബാ  രോഗ്യം നിലനിര്‍ത്താന്‍ ഇരുവര്‍ക്കും ഇന്നും സാധിക്കുന്നു.

ഫ്രീഡിയ എന്‍റര്‍റ്റെയിന്‍റ്മെന്‍റ്സ് അമേരിക്കയിലാകമാനം  നടത്തിയ ഫിലിം സ്റ്റാര്‍ഷോയ്ക്ക് വേണ്ടി ഓണററി ഡയറക്റായി പ്രവര്‍ത്തിച്ചു. ഇളയ മകള്‍ ശിങ്കാരി (ക്ലയര്‍ കുര്യാക്കോസ്) മദേഴ്സ് ഡേ പ്രോഗ്രാമില്‍ നൃത്ത സംവിധാനം നിര്‍വ്വഹിച്ച വീഡിയോ പ്രോഗ്രാമില്‍  രണ്ടാമത്തെ മകള്‍ ദിനുവും മക്കളും, അമ്മ ഡോ. സെലിനും അഭിനയിച്ചപ്പോള്‍ അതിന്‍റെ ക്യാമറ ചലിപ്പിച്ചത് ജോണി മാക്കോറ ആയിരുന്നു. പിങ്കു പീറ്റര്‍ രചനയും സംവിധാനവും  ചെയ്ത 'യുവം' എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു ജോണി മാക്കോറ.

തങ്ങള്‍ ഇടപെടുന്ന കലാപരമായ എല്ലാ ഇടങ്ങളിലും  ഈ കുടുംബം ഇപ്പോഴും  സജീവമായി പ്രവര്‍ത്തിക്കുന്നു. അതവര്‍ ഇഷ്ട്ടപ്പെട്ടു  ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ മടുപ്പുകള്‍ ഇല്ലാത്ത ഒരു പ്രവര്‍ത്തിയായി അവര്‍ കലയെ കാണുന്നു. കല നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന,അല്ലെങ്കില്‍ മറ്റ് രൂപ ഭാവങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ജോണി മാക്കോറയുടെ കുടുംബം ഒരു വലിയ മാതൃകയാണ്. സമ്പൂര്‍ണ്ണ കലാ കുടുംബത്തിന്‍റെ നാഥനായി പത്തു കൊച്ചുമക്കളും മക്കളും മരുമക്കളുമായി സന്തോഷത്തോടെ മുന്നോട്ട് നീങ്ങുകയാണ് അദ്ദേഹം. വിദ്യാഭ്യാസവും ജോലിയും കലയും ഒരുപോലെ ഉയര്‍ന്ന നിലവാരത്തില്‍ എത്താന്‍ സാധിച്ച ഒരു കുടുംബമാണ് തന്‍റേത് എന്നതില്‍ ജോണി മാക്കോറ അഭിമാനിക്കുന്നു.

ജീവിതം പകലുപോലെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ വീണു കിട്ടുന്ന സമയങ്ങള്‍ നമുക്ക് ചുറ്റുമുള്ള മനുഷ്യര്‍ക്കൊപ്പം അവരെ ചേര്‍ത്ത് കലാപരമായ രംഗങ്ങളിലും തുടരേണ്ടതാണ് എന്ന് സദാ ഓര്‍മ്മപ്പെടുത്തുകയാണ് ജോണി മാക്കോറയും ഡോ. സെലിനും, ചിനുവും, ദിനുവും, ശിങ്കാരിയും.

ഈ കുടുംബം ദൈവത്തിന്‍റെ കയ്യൊപ്പാണ്. നമുക്കായി കാത്തുവെച്ച  സമ്മാനവും. ജോണി മാക്കോറയും കുടുംബവും ഈ യാത്ര തുടരട്ടെ. ആശംസകള്‍...

ജോണി മക്കോറ