സേവന വഴിയിലെ മലയാളി നന്മ ജോസ് പിണർക്കയിൽ (വഴിത്താരകൾ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

14 December 2022

സേവന വഴിയിലെ മലയാളി നന്മ ജോസ് പിണർക്കയിൽ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര

” ഒരു കാരുണ്യ പ്രവർത്തനവും,എത്ര ചെറുതാണെങ്കിലും ഒരിക്കലും പാഴായിപ്പോകില്ല “

നമുക്കെല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുകയില്ല,എന്നാൽ വലിയ സ്നേഹത്തോടെ നമുക്ക് ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയും. സഹാനുഭൂതി രോഗശാന്തിക്കാരനും മുറിവേറ്റവനും തമ്മിലുള്ള ബന്ധമല്ല മറിച്ച് തുല്യർ തമ്മിലുള്ള ബന്ധമാണ്. നമ്മുടെ അന്ധകാരത്തെ നന്നായി അറിയുമ്പോൾ മാത്രമെ മറ്റുള്ളവരുടെ ഇരുട്ടിനൊപ്പം നിൽക്കാൻ സാധിക്കു. അവർക്ക് വെളിച്ചമേകാൻ സാധിക്കണമെങ്കിൽ നമ്മുടെ വെളിച്ചത്തെക്കുറിച്ചും നമുക്ക് തികഞ്ഞ ആത്മബോധം ഉണ്ടാവണം. ജീവിത വഴിത്താരയിൽ, അനുഭവങ്ങളിലൂടെ വളർന്ന് സ്വജീവിതം മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ഒരു വഴികൂടിയാക്കി മാറ്റിയ, ചിക്കാഗോയിലേക്ക് നിരവധി മലയാളികളെ കേരളത്തിന്റെ മണ്ണിൽ നിന്നും പറിച്ചു നട്ട, അവർക്ക് ജീവിതത്തിന്റെ നേർരേഖകൾ കാട്ടിക്കൊടുത്ത ഒരു ചെറിയ വലിയ മനുഷ്യൻ തന്റെ കഥ പറയുന്നു ഈ വഴിത്താരയിൽ.
ജോസ് പിണർക്കയിൽ….
സഹാനുഭൂതി യാഥാർത്ഥ്യമാകുന്നത് നമ്മൾ പങ്കിട്ട മനുഷ്യത്വം തിരിച്ചറിയുമ്പോഴാണ്. മാർബിളിലല്ല, ഹൃദയങ്ങളിലാണ് നമ്മുടെ പേര് കൊത്തിവെയ്ക്കേണ്ടത് കൃത്യമായി അടയാളപ്പെടുത്തുന്ന നന്മയുടെ രൂപമാണ് ജോസ് പിണർക്കയിൽ.

കോട്ടയം കിടങ്ങൂർ പിണർക്കയിൽ പരേതരായ അബ്രഹാം- ചാച്ചി ദമ്പതികളുടെ ഇരട്ടമക്കളിൽ ഒന്നാമനാണ് ജോസ് പിണർക്കയിൽ. 1945 ജനുവരി 11 നാണ് ജനനം. പൂർണ്ണമായും കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ,അപ്പൻ, അമ്മ, കുടുംബം എന്നത് ചെറുപ്പം മുതൽക്കേ ഹൃദയത്തോട് ചേർത്തുവെച്ച ഒരു വികാരമായിരുന്നു . അതുകൊണ്ടു തന്നെ ചെറുപ്പം മുതൽക്കേ ഈശ്വരവിശ്വാസവും, ആത്മീയതയും, ആത്മവിശ്വാസവും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. അഞ്ചാം ക്ലാസ് വരെ കിടങ്ങൂർ ഗവ.യു.പി. സ്കൂളിലും, തുടർന്ന് കിടങ്ങൂർ സെന്റ് മേരീസ് ഹൈസ്ക്കൂളിൽ പത്താം ക്ലാസ് പഠനം. അന്നത്തെ കാലത്ത് കേരളത്തിന് പുറത്ത് ജോലി ലഭിക്കുവാൻ ടൈപ്പും ഷോർട്ട് ഹാൻഡും ആവശ്യമാണെന്ന ധാരണയിൽ അതും പഠിച്ചു. പക്ഷെ ജോലിയൊന്നും തരമായില്ല. ജീവിത പ്രയാസങ്ങൾ കൂടി വരുമ്പോൾ ഒരു ജോലി കൂടിയേ തീരൂ എന്ന അവസ്ഥ വന്നു. നിലനിൽപ്പാണല്ലോ മനുഷ്യന്റെ അടിസ്ഥാന പ്രശ്നം. അതിനായുള്ള പോരാട്ടമായിരുന്നു പിന്നീട്.

മുറുക്കാൻ കടയിൽ നിന്ന് ഡൽഹിയിലേക്ക്
പിതാവിന്റെ മരണത്തോടെ ജീവിതത്തിൽ ഉത്തരവാദിത്വം കൂടിയ സമയമായിരുന്നു ആ കാലം.തന്റെ പഠിപ്പിനനുസരിച്ച് ഒരു ജോലി ലഭിക്കുന്നത് വരെ കുടുംബത്തിന് കൈത്താങ്ങാകുവാൻ കിടങ്ങൂരിൽ ഒരു നാടൻ കട തുടങ്ങി. ഒരു മാടക്കട. കിടങ്ങൂരെ ഏക സിനിമ തീയേറ്ററായ ശിവാസിന്റെ മുൻപിലായിരുന്നു കട. അത്യാവശ്യം നല്ല കച്ചവടം കിട്ടി.നാട്ടിലെ ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കുവാൻ ഈ സംരംഭം വഴിയൊരുക്കി. മനുഷ്യരെ അറിയാൻ, അവരുടെ യഥാർത്ഥ പ്രശ്നങ്ങൾ എന്താണെന്ന് പഠിച്ചു തുടങ്ങിയ ദിനങ്ങൾ. മനുഷ്യൻ അവന്റെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങളിലാണ് ജീവിതത്തിന്റെ ദുരിതഭാണ്ഡങ്ങൾ മറ്റൊരാളിന്റെ മുൻപിൽ തുറന്നു വയ്ക്കുന്നതെന്ന് തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്. കടയിൽ നിന്ന് ചെറിയ വരുമാനം ഉണ്ടായിരുന്നു എങ്കിലും അമ്മയെ സഹായിക്കുവാനും കൂടുമായിരുന്നു. പശുവിനെ നോട്ടം, പുല്ലു പറിക്കൽ, പാക്ക്, ഇഞ്ചി ഉണക്കിവയ്ക്കൽ അങ്ങനെ വിശ്രമമില്ലാത്ത ജോലി. അമ്മയ്ക്ക് രണ്ടു കൈകൾക്കും താങ്ങാകുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. ജീവിതത്തിന്റെ വിഷമങ്ങൾ അറിഞ്ഞു വളരണമെന്ന പാഠത്തിന്റെ തുടക്കം കൂടിയായിരുന്നു ആ നിമിഷങ്ങൾ. അങ്ങനെയിരിക്കെ ഡൽഹിയിലേക്ക് ജോലി തേടി അപ്രതീക്ഷിതമായി ഒരു യാത്ര. അത് ഒരു നിയോഗമായിരുന്നു എന്ന് പിന്നീട് മാറ്റിമറിച്ച തന്റെ ജീവിതം തന്നെ പറഞ്ഞു തന്നു.

ചാന്ദ്നി ചൗക്കിലെ ന്യൂസ് ഏജൻസിയും
ജസ്യൂട്ട് പാതിരിയും
1963 ലാണ് ജോസ് പിണർക്കയിൽ ഡൽഹിയിൽ എത്തുന്നത്. നാട്ടിൽ നിന്ന് പോരുമ്പോൾ മുതൽ ഒരു മുഖമായിരുന്നു മനസ്സിൽ. അമ്മയുടെ മുഖം. ആ മുഖത്തു നിന്ന് തുടങ്ങുന്നതൊന്നും പാഴാവില്ല എന്ന ഒരു ധൈര്യത്തിലാണ് ഡൽഹി ജീവിതത്തിന്റെ തുടക്കം. പലവിധ ജോലികൾ.ചാന്ദ്നി ചൗക്കിൽ ഒരു ന്യൂസ് ഏജൻസിയിൽ ടൈപ്പിസ്റ്റായി ജോലിക്ക് തുടക്കം. സാമ്പത്തിക നേട്ടം കുറവായതിനാൽ അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക്.കമ്പനി ജോലി. പിന്നീട് ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂളിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ലഭിച്ചു. മൂന്ന് മാസത്തെ ട്രയിനിംഗ്. ട്രയിനിംഗിന് നേതൃത്വം നൽകിയത് ഫാ. കെയറി എന്ന ഒരു ജസ്യൂട്ട് പാതിരി ആയിരുന്നു. ജീവിതത്തിൽ ഇത്രത്തോളം കർക്കശക്കാരനായ മറ്റൊരു വ്യക്തിയെ നാളിതുവരെ കണ്ടിട്ടില്ല എന്ന് ജോസ് പിണർക്കയിൽ സാക്ഷ്യപ്പെടുത്തുന്നു. ലാബ് അസിസ്റ്റന്റിന്റെ ജോലിയല്ലാതെ എല്ലാ പണികളും അദ്ദേഹം ചെയ്യിപ്പിക്കും. കക്കൂസ് കഴുകൽ വരെ. അങ്ങനെയിരിക്കെ ഫാ. കെയറി കാഡ്മണ്ഡുവിന് പോയി. മൂന്നു മാസം കഴിഞ്ഞ് അദ്ദേഹം തിരികെയെത്തിയപ്പോഴേക്കും ലാബ് അസിസ്റ്റന്റ് തസ്തികയിൽ നിന്ന് ടൈപ്പിസ്റ്റായി പ്രമോഷൻ ലഭിച്ചു. തിരിച്ചു വന്ന ഫാ. കെയ്റി വീണ്ടും പണിയെടുപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. പക്ഷെ ജീവിതത്തിലെ വൃത്തി, അടുക്കും ചിട്ടയുമൊക്കെ പഠിച്ചത് ഫാ.കെയറിയിൽ നിന്നായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

മേരിയുടെ വരവ്, വഴിത്തിരിവ്.
അമേരിക്കയിലേക്ക്
ജീവിതം ആകസ്മികതകളുടേതു കൂടിയാണെന്ന് നാം എപ്പോഴാണ് തിരിച്ചറിയുക. അപ്രതീക്ഷിതമായി ഒരാൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാകുമ്പോഴോ മാത്രമാണ്. ജോസ് പിണർക്കയിൽ എന്ന വ്യക്തിയുടെ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു മേരിയെ പരിചയപ്പെടൽ. സുഹൃത്തിന്റെ കസിനായിരുന്ന മേരിയെ പരിചയപ്പെടുമ്പോൾ ഡൽഹിയിൽ നേഴ്സായിരുന്നു. നല്ലൊരു സൗഹൃദം 1974 ഫെബ്രുവരി 24 ന് വിവാഹത്തിലേക്ക് എത്തി. അതേ വർഷം തന്നെ അമേരിക്കയിലേക്കും തിരിച്ചു. ന്യൂയോർക്കിൽ ഒരു വർഷം ജോലി. 1975 ൽ ചിക്കാഗോയിലേക്ക്. അധികം മലയാളികൾ ഇല്ലാതിരുന്ന കാലം. മേരി ഒരു ആശുപത്രിയിൽ ജോലിക്ക് കയറി.ജോലി അത്യാവശ്യമായതിനാൽ ജോസും ജോലിക്ക് കയറി. ഒരു പ്ലേറ്റിംഗ് കമ്പനിയിൽ. പിന്നീട് ഒരു ഓട്ടോ കമ്പനിയിൽ ജോലി. വളരെ കഷ്ടപ്പാടുള്ള ജോലിയായിരുന്നു അത്. എത്ര കഠിനമായ ജോലി ആയാലും അത് ഈശ്വരനിൽ സമർപ്പിച്ച് ചെയ്യുക എന്ന അമ്മയുടെ വാക്കുകൾ ഓർമ്മിക്കുമ്പോൾ പിന്നെ ഒരു ആവേശമാണ്. കഠിനമായ ജോലിയിൽ നിന്ന് വേഗം ഇൻസ്ട്രക്ടർ തസ്തികയിലേക്ക് മാറി. പതിനെട്ടു വർഷം ജോലിചെയ്ത് സ്‌റ്റുവേർട്ട് വരെ പ്രമോഷനും ലഭിച്ചു.

അമേരിക്ക നൽകിയ
സൗഭാഗ്യങ്ങളിലേക്ക്
ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സഹായിച്ച സ്ഥലമാണ് അമേരിക്ക. സൗഭാഗ്യങ്ങളുടെ നാട്. കഷ്ടപ്പെടാനുള്ള മനസ്സും സ്ഥിരോത്സാഹവും മാത്രം മതി ഈ മണ്ണിൽ വിജയക്കൊടി പാറിക്കാൻ. ഓട്ടോ കമ്പനിയിലെ ജോലിയിൽ നിന്ന് വിരമിച്ച് 1991 ൽ ബിസിനസ്സിലേക്ക് തിരിഞ്ഞു. രണ്ട് കടകൾ തുടങ്ങി. അതിനിടയിൽ ഒരു അപ്പാർട്ട്മെന്റ് വാങ്ങി. 1992-1993 ൽ ഗ്യാസ് സ്റ്റേഷൻ ആരംഭിച്ചു. റിട്ടയർമെന്റ് ജീവിതത്തിലേക്ക് വന്നപ്പോൾ രണ്ട് ഗ്യാസ് സ്റ്റേഷൻ വാടകയ്ക്ക് നൽകി. ജീവിതത്തിന്റെ സൗഭാഗ്യങ്ങളിലൂടെയുള്ള യാത്രയിൽ ഈശ്വരചിന്തയോടെ മുന്നോട്ട്.

സംഘടനകൾ,സാമൂഹ്യ പ്രവർത്തനം
ലോകത്തിന്റെ ഏത് കോണിലെത്തിയാലും ഭാഷയുടെ പേരിൽ ഒന്നാകുന്നവർ മലയാളികൾ മാത്രമാണ്. ജോസ് പിണർക്കയിൽ അമേരിക്കയിൽ എത്തിയപ്പോഴും അതു തന്നെയാണ് ചിന്തിച്ചത്. ചിക്കാഗോയിൽ മലയാളി അസോസിയേഷൻ രൂപീകരിക്കുന്നതിൽ അദ്ദേഹം സജീവമായി. ചിക്കാഗോ മലയാളി അസോസിയേഷൻ മെമ്പർ ,എക്സിക്യുട്ടീവ് മെമ്പർ ,ട്രഷറർ ,കെ സി എസ് വൈസ് പ്രസിഡന്റ് , ട്രഷറർ,കെ സി സി എൻ എ നാഷണൽ കൗൺസിൽ മെമ്പർ തുടങ്ങിയ നിലകളിൽ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമാകുമ്പോഴും ഒപ്പം ആദ്ധ്യാത്മിക രംഗത്തും അദ്ദേഹം നിറ സാന്നിദ്ധ്യമായിരുന്നു. ചിക്കാഗോയിൽ ക്നാനായ പള്ളി വാങ്ങുവാൻ മുന്നിട്ടിറങ്ങിയതും തുടർന്ന് നിരവധി പള്ളികൾ വാങ്ങുവാൻ പ്രവർത്തന നിരതനായതും സമുദായ സ്നേഹികൾ എന്നും ഓർമ്മിക്കും.

മേരിയും, ജോസും
കുടുംബങ്ങളുടെ രക്ഷകർ
ജീവിതത്തിന്റെ നല്ല വഴികളിൽ കടന്നു വന്ന വഴികളും,കുടുംബവും മറന്നു പോകുന്ന മലയാളി സമൂഹത്തിന്റെ കഥയെഴുതുന്നവർ ജോസിന്റേയും, മേരിയുടെയും ജീവിത കഥ വായിച്ചറിയേണ്ടതാണ്. ഡൽഹിയിൽ വെച്ചു പരിചയപ്പെട്ടപ്പോൾ തന്നെ ഇതാണ് തന്റെ പങ്കാളി എന്ന് ഉറപ്പിച്ച് ജീവിതത്തിലേക്ക് മേരിയെ കൈപിടിക്കുമ്പോൾ ഒരു ചിന്ത മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളു. നന്മയ്ക്കൊപ്പം നടക്കാൻ ഒരു കൂട്ട്. ഇരുവരും ഇരു കുടുംബങ്ങൾക്കും തണലാവുക. കുടുംബത്തിന്റെ സന്തോഷത്തിനായി പ്രവർത്തിക്കുക. 1974 മുതൽ രണ്ടു പേരുടേയും കുടുംബങ്ങളേയും, തായ് വഴി കുടുംബങ്ങളേയും അമേരിക്കൻ മണ്ണിൽ എത്തിക്കുന്നതിൽ ജോസ് പിണർക്കയിലും, മേരിയും ചെയ്ത സേവനങ്ങൾ കാലങ്ങളോളം ഓർത്തിരിക്കേണ്ടതാണ്. കാരണം ഒരു പുതിയ ജീവിതാവസ്ഥയിലേക്ക്, സുരക്ഷയുള്ള ജീവിതത്തിലേക്ക് ഒരു കുടുംബത്തിന്റെ കൈപിടിക്കുന്നത് നിസ്സാര കാര്യമല്ലല്ലോ. ഇതിനെല്ലാം മേരി എന്ന ഭാര്യയുടെ പിന്തുണയ്ക്ക് വലിയ പ്രസക്തിയുണ്ട്. തന്നിലൂടെ കടന്നു വന്നവർ ഉന്നതിയിലെത്തുന്നതു കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അവരും കൂടുതൽ അളുകളെ ഈ മണ്ണിലേക്ക് എത്തിക്കുകയും കൂടുതൽ സദ്പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യട്ടെ. അവർക്കും ഈശ്വരൻ സമാധാനം നൽകട്ടെ എന്നാണ് അദ്ദേഹത്തിന്റെ പ്രാർത്ഥന.

പ്രാർത്ഥനയും, പിതാവും, മാതാവും
പെട്ടെന്നുള്ളതും, കഠിനമായതുമായ പരീക്ഷണങ്ങൾ നമ്മുടെ മേൽ പതിക്കുമ്പോൾ നമ്മോടൊപ്പം താങ്ങും തണലുമാകുന്നത് അമ്മയാണ്. നമ്മുടെ വേദനയിൽ അവർ നമ്മോട് പറ്റിച്ചേരും. അവരുടെ ദയയുള്ള കൽപ്പനകളാലും, ഉപദേശങ്ങളാലും ഇരുട്ടിന്റെ കാർമേഘങ്ങളെ അകറ്റാനും ഹൃദയങ്ങളിൽ സമാധാനം കൊണ്ടുവരാനും അമ്മ ശ്രമിക്കും. അങ്ങനെ ഒരു അമ്മയായിരുന്നു ജോസ് പിണർക്കയിലിന്റെ മാതാവ് ചാച്ചി. മക്കൾ പറക്കമുറ്റാത്ത പ്രായത്തിൽ ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ വലുതാണ്. അവിടെയെല്ലാം മക്കളെ നെഞ്ചോടു ചേർത്ത അമ്മയ്ക്ക് , മക്കൾക്ക് തണലായത് പിതാവ് അബ്രഹാമിന്റെ ആദ്ധ്യാത്മിക സാന്നിദ്ധ്യമാണ്. കാരണം പിതാവ് തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. സഭയിലെ പിതാക്കന്മാരുമായും, അച്ചൻമാരുമായും അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. പരിശുദ്ധ അൽഫോൻസാമ്മയുടെ സംസ്കാരത്തിന്റെ അവസാന യാത്രയിൽ അദ്ദേഹവും പങ്കെടുത്തത് അഭിമാനത്തോടെയാണ് മകൻ ഓർമ്മിക്കുന്നത്.

ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളിലും നോവായി ജോസ് പിണർക്കയിലിന്റെ മനസിലുള്ളത് അമ്മയെയും , മേരിയുടെ അമ്മയേയും അമേരിക്കയ്ക്ക് കൊണ്ടുവരാൻ സാധിച്ചില്ല എന്നതാണ്. അമ്മമാർ അങ്ങനെയാണ് .മക്കളെ വാനിലേക്ക് പറക്കാൻ ഓടി നടക്കും. മറ്റൊന്നും ആഗ്രഹിക്കാറില്ല.
ഒരിക്കൽ അമ്മമാരെ കാണണമെന്ന ഒരാഗ്രഹം പെട്ടെന്ന് തോന്നി. സ്റ്റുവർട്ട് വാർണർ ഓട്ടോ കമ്പനിയിലായിരുന്നു അന്ന് ജോലി. അവധി വാങ്ങി നാട്ടിലേക്ക് പോയി. ആ സമയത്താണ് മേരിയുടെ അമ്മയുടെ മരണം. വല്ലാത്ത ഷോക്കായിരുന്നു അത്. അപ്പോഴാണ് അമ്മയെയും അമേരിക്കയ്ക്ക് കൊണ്ടുപോകാം എന്ന് തീരുമാനിക്കുന്നത്. ” ഈ മണ്ണ് വിട്ട് എങ്ങോട്ടുമില്ല ” എന്ന് പറഞ്ഞ അമ്മ പിന്നീട് തീരുമാനം മാറ്റി. പാസ്പോർട്ട് ഒക്കെ എടുത്തുവെങ്കിലും വീണ്ടും അമ്മ പഴയ നിലപാടിലേക്ക് പോയി. ഭർത്താവ് ഉറങ്ങുന്ന മണ്ണുവിട്ട് എവിടേക്കുമില്ല എന്ന് തീരുമാനിച്ചു. അന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ യാത്രയാക്കാൻ വന്ന അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു. ഹൃദയം കൊത്തിവലിക്കുന്ന തേങ്ങലിൽ നിന്ന് മോചനമില്ലാതെയായിരുന്നു ജോസിന്റെ അമേരിക്കയിലേക്കുള്ള യാത്ര. അമ്മ അവസാനമായി ഉയർത്തിക്കാട്ടിയ കൈ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല . തിരികെ വീടെത്തിയ അമ്മ സങ്കടത്തിലായിക്കാണും. ഒരു സ്ട്രോക്ക് വന്നു കിടപ്പായി. പിന്നീട് മരണം. അമ്മയെ ഓർമ്മിക്കുമ്പോൾ ജോസ് പിണർക്കയിലിന്റെ കണ്ണുനിറയും. അപ്പോൾ ഭാര്യ മേരി ആ കൈയ്യിൽ മുറുകെ പിടിക്കും. നമ്മുടെ എല്ലാ കഥകൾക്ക് പിന്നിലും അമ്മയുടെ കഥയുണ്ടാകും. കാരണം നമ്മുടെ ആരംഭം അവിടെ നിന്നാണല്ലോ.

അഗാപ്പെ പുരസ്ക്കാരം,
ജീവകാരുണ്യ പ്രവർത്തനങ്ങൾ
വ്യക്തിപരമായി അഭിനന്ദനങ്ങളും, നന്മകളും ജോസ് പിണർക്കയിലിന്റെ ജീവിതത്തിൽ ലഭിച്ചിട്ടുണ്ടെങ്കിലും തനിക്ക് ലഭിച്ച വലിയ ആദരവായി കാണുന്ന ഒരു പുരസ്കാരമുണ്ട്. “അഗാപ്പെ ” പുരസ്കാരം. പ്രിയങ്കരനായ കെ.എം.മാണിസാറിന്റെ സാന്നിധ്യത്തിൽ കുന്നശ്ശേരി പിതാവിൽ നിന്നാണ് ആ പുരസ്കാരം സ്വീകരിച്ചത്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ മറ്റുള്ളവർക്കും പകർന്നു നൽകുക എന്നതാണ് തന്റെ നയം എന്ന് പറയുമ്പോൾ അദ്ദേഹം സഹായിച്ചവരുടെ കണക്കുകൾ തന്റെ ഹൃദയത്തിൽ മാത്രം സൂക്ഷിക്കുന്നു. തന്റെ അറുപത്തിയൊന്നാം പിറന്നാളിൽ 61 വീടുകൾ പാവങ്ങൾക്ക് നൽകുന്ന പ്രവർത്തനങ്ങളിൽ ഒപ്പം കൂടിയതാണ് ജീവിതത്തിലെ മറ്റൊരു സുന്ദര നിമിഷം.

യാത്ര
ജീവിതത്തിരക്കിനിടയിൽ കുടുംബവുമായി യാത്ര ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. ഒരു ട്രാവൽ ഫ്രണ്ട്സ് ഗ്രൂപ്പ് ഉണ്ട്.അവരോടൊപ്പം ചേർന്ന് നിരവധി യാത്രകൾ നടത്തി. യാത്രകൾ എപ്പോഴും സന്തോഷം നൽകുമ്പോഴും, ഓരോ സ്ഥലങ്ങൾ കാണുമ്പോഴും എപ്പോഴും മനസിൽ ഓടി വരുന്ന ഗ്രാമം കിടങ്ങൂർ തന്നെ. സ്വന്തം ഗ്രാമത്തോളം സൗന്ദര്യമുള്ള മറ്റൊരു പ്രദേശവും ഭൂമുഖത്തില്ല എന്ന് അദ്ദേഹം തുറന്ന് പറയുന്നു.
അമേരിക്ക കാഴ്ച്ചകളുടെ രാജ്യമെങ്കിലും സാധ്യതകളുടെ നാടാണ്. കഷ്ടപ്പെടാൻ മനസ്സുള്ളവനെ മാടി വിളിക്കുന്ന രാജ്യം. വിജയിക്കുന്നവന്റെ കഥകൾ ഏറെയുള്ള രാജ്യം. റോബിൻ ഇലക്കാട്ടിനെ പോലെ പുതുതലമുറയ്ക്ക് അഭിമാനിക്കാവുന്നവർ വളർന്നു വരുന്ന രാജ്യം. സാധ്യതകളുടെ ലോകം. പക്ഷെ അതിന് കഠിനാധ്വാനം ചെയ്യണം. അതിനുള്ള മനസുണ്ടാവണമെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.

കുടുംബം
കുടുംബം കരുത്തായി ഒപ്പം ചേർത്ത ഒരാളാണ് ജോസ് പിണർക്കയിൽ. അബ്രഹാമും ചാച്ചിയും കൊളുത്തി വച്ച ദീപം അണയാതെ സൂക്ഷിക്കുന്ന ഇരട്ടമക്കളിൽ ഒന്നാമനാണ് ജോസ് പിണർക്കയിൽ. രണ്ടാമൻ മത്തായി പിണർക്കയിൽ, പരേതനായ കുര്യാക്കോ പിണർക്കയിൽ, പരേതയായ മറിയം ചിറ്റലക്കാട്ട് എന്നിവരാണ് സഹോദരങ്ങൾ. ചേർപ്പുങ്കൽ വല്ലൂർ പരേതരായ മത്തായിയുടേയും, മറിയാമ്മയുടേയും നാലാമത്തെ മകൾ മേരിയെ 1974 ഫെബ്രുവരി 24 ന് വിവാഹം കഴിച്ചു. പരേതയായ മറിയം കിഴക്കേക്കുറ്റ്, പരേതയായ ഏലി പുത്തേത്ത്, അന്നമ്മ കാപ്പിൽ ,അൽഫോൺസ പൂത്തുറയിൽ,ഫിലോമിന ചിറ്റലക്കാട്ട് എന്നിവരാണ് മേരിയുടെ സഹോദരങ്ങൾ.
മക്കൾ : റെനി മാത്യു (മാസ്റ്റേഴ്സ് ഇൻ നേഴ്സിംഗ്), അനൂപ് മാത്യു (കമ്പ്യൂട്ടർ എഞ്ചിനീയർ)
Evan,Malia (കൊച്ചുമക്കൾ) .
ജെനി മറ്റത്തിൽ ( എം ബി എ ), ബെന്നി മറ്റത്തിൽ (കമ്പ്യൂട്ടർ എഞ്ചിനീയർ)
Liam,Lucas,Levi (കൊച്ചുമക്കൾ )
ഈ വലിയ കുടുംബത്തിന്റെ തണലിലാണ് ജോസ് പിണർക്കയിലിന്റെ ജീവിതം പടുത്തുയർത്തിയത്. അമേരിക്കൻ മണ്ണിൽ ആഴങ്ങളിലേക്ക് കടന്നുപോയ തായ് വേരാണ്‌ അദ്ദേഹം. ആ തണലിൽ വളർന്ന ശാഖകൾ എല്ലാം തണൽ വിരിച്ച് തങ്ങളുടെ കുടുംബങ്ങളെ കരുതുമ്പോൾ ഈ വലിയ മനുഷ്യൻ ഹൃദയം കൊണ്ട് അവരെ കരുതുന്നു. ഇപ്പോഴും ദിവസവും രാവിലെയും വൈകിട്ടും പള്ളിയിൽ പോകുന്നത് മുടക്കാതെ ഒപ്പം നിൽക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു സമ്പൂർണ്ണ ഗൃഹനാഥനായി അവർക്കൊപ്പം നടക്കുമ്പോൾ താങ്ങും തണലുമായി ഒരമ്മസാന്നിദ്ധ്യവും ഒപ്പമുണ്ട്,ഭാര്യ മേരി…
ജോസ് പിണർക്കയിലിന്റെ ജീവിതം സേവന ജീവിതമാണ്. നമുക്കും ലോകത്തിനും മാതൃകയായി അദ്ദേഹം നമ്മുടെ കൂടെയുണ്ട്. “ജോസ് പിണർക്കയിൽ ” എന്ന പേര് ഈ വഴിത്താരയിൽ നമുക്ക് ഹൃദയത്തിൽ കൊത്തിവെയ്ക്കാം. അഭിമാനത്തോടെ…

ജോസ് പിണർക്കയിൽ