NEWS DETAILS

22 June 2023

ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ അമരക്കാരൻ: ജോഷി വള്ളിക്കളം ( വഴിത്താരകൾ)

അനിൽ പെണ്ണുക്കര 

" നമ്മൾ എപ്പോൾ തുടങ്ങുന്നു എന്നത് പ്രശ്നമല്ല, എവിടെ തുടങ്ങുന്നു എന്നത് പ്രശ്നമല്ല, നമ്മൾ ആരംഭിക്കുക എന്നതാണ് പ്രധാനം"

അമേരിക്കയിലെ പ്രഥമ  മലയാളി സംഘടനയായ  ചിക്കാഗോ മലയാളി അസ്സോസിയേഷൻ അൻപത് വർഷം പിന്നിടുകയാണ്. ചരിത്ര പ്രധാനമായ ഈ നിമിഷത്തിൽ ഈ സംഘടനയെ നയിക്കുന്നത് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് കേരളത്തിലും അമേരിക്കയിലും തനതായ  ശൈലി അടയാളപ്പെടുത്തിയ ജോഷി വള്ളിക്കളമാണ്. അൻപതാമാണ്ടിൽ ചിക്കാഗോ മലയാളി അസ്സോസിയേഷനെ നയിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ വൈവിദ്ധ്യത ഒരു പക്ഷേ ഈ വഴിത്താരയിലൂടെ നമുക്ക് തിരിച്ചറിയാം. കാരണം ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും  എക്കാലത്തും ഭംഗിയായി നിർവഹിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.അമേരിക്കയിലെത്തിയില്ലായിരുന്നുവെങ്കിൽ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയപ്രവർത്തകനായി അദ്ദേഹം മാറുമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.ചിക്കാഗോ മലയാളികൾ തിരിച്ചറിയേണ്ട ഒരു സാംസ്കാരിക ജീവിതം കൂടി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട് . ജോഷി വള്ളിക്കളത്തിന്റെ ജീവിതത്തിലൂടെ.

ചങ്ങനാശേരിയിലെ പുരാതന കുടുംബമായ വള്ളിക്കളം വർഗീസിന്റെയും , ത്രേസ്യായുടെയും  ആറ് മക്കളിൽ നാലാമത്തെ മകനാണ് ജോഷി .പെരുന്ന എൻ.എസ്. എസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വരെ പഠനം. പ്രീഡിഗ്രിയും, ഡിഗ്രിവിദ്യാഭ്യാസവും സെന്റ് ബെർക്കുമാൻസ് കോളേജിൽ . സുവോളജി പ്രധാന വിഷയമായി എടുത്ത് പഠിച്ചുവെങ്കിലും പഠനത്തിനു പുറമെ സജീവ രാഷ്ട്രീയത്തിലേക്ക്  പ്രവേശിക്കുകയായിരുന്നു ജോഷി വള്ളിക്കളം.ഒരു പക്ഷെ എസ് ബി കോളേജിന്റെ വിദ്യാർത്ഥിരാഷ്ട്രീയ ചരിത്രത്തിനു മാറ്റമിട്ടത് ജോഷിയാണെന്നു പറയാം .

ചരിത്രം തിരുത്തിയ വിജയം

കലാലയ രാഷ്ട്രീയം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ജോഷി വള്ളിക്കളം കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനാകുന്നത്.

കോളേജ് ഹൈസ്‌ക്കൂള്‍ കാലഘട്ടത്തിൽ  കെ.എസ്.യു.(ഐ)യൂണിറ്റ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് , താലൂക്ക് പ്രസിഡന്റ്, എ.കെ.സി.സി. സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവർത്തിച്ച പരിചയവുമായാണ് ചങ്ങനാശേരി എസ് ബി കോളേജിലെത്തുന്നത്.

കേരളാ കോൺഗ്രസിന്റെ തട്ടകമായിരുന്നു അന്ന്ചങ്ങനാശേരി .1988 -1989 കാലഘട്ടത്തിൽ എസ് ബി  കോളേജ് കെ.എസ്‌. യു.ഐയുടെ പാനലിൽ നിന്നും വിജയിച്ചു വൈസ്ചെയർമാനായി. 1991 കാലഘട്ടത്തിൽ കെ.എസ്‌.യു.വിന്റെ ചരിത്രത്തിൽ ആദ്യമായി ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് കോളേജ് യൂണിയൻ ചെയർമാനായി വൻഭൂരിപക്ഷത്തിൽ വിജയിച്ചു.

അന്നുവരെയുള്ള  എസ്ബി കോളേജിന്റെ രാഷ്ട്രീയ ചിത്രം മാറ്റിമറിച്ചു കൊണ്ട് കെ. എസ്. യുവിന്റെ കോളേജ് യൂണിയൻ ചെയർമാനായി ജോഷി വള്ളിക്കളം തെരഞ്ഞെടുക്കപ്പെട്ടത് ചരിത്രം .അക്കാലത്ത് എസ് ബി കോളേജിന്റെ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കുന്നതിൽ മാനേജ്‌മെന്റിനും വലിയ പങ്കുണ്ടായിരുന്നു .അന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ  മത്സരിച്ചു വിജയിക്കാൻ പറ്റുമായിരുന്നുള്ളു.യൂണിയൻ ചെയർമാനായി ജോഷി മത്സരത്തിനിറങ്ങിയപ്പോൾ പലതരത്തിലുള്ള പ്രതിബന്ധങ്ങളുണ്ടായി .അവയെയെല്ലാം തരണം ചെയ്തുകൊണ്ട്   ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിലായിരുന്നു ജോഷിയുടെ  ജയം. കലാലയ രാഷ്ട്രീയത്തിന് പുറമെ ചങ്ങനാശേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, താലൂക്ക് മെമ്പർ, സേവാദൾ കോർഡിനേറ്റർ എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു.പക്ഷെ അധികകാലം നാട്ടിലെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല.എസ് .ബി കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നപ്പോൾ പ്രിൻസിപ്പൽ റവ.ഡോ.ജോസഫ് മാരൂർ റിട്ടയർ ചെയ്യുന്നതിനോട് അനുബന്ധിച്ച് വലിയ ഒരു ഗാർഡൻ പാർട്ടി സംഘടിപ്പിച്ചത് ജനശ്രദ്ധ പിടിച്ചുപറ്റി. അതുപോലെ നാലുമണിവരെയായിരുന്നു കോളേജ് ലൈബ്രറി പ്രവർത്തിച്ചിരുന്നത് . പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികൾക്ക് ഇത് വലിയ അസൗകര്യമായിരുന്നു. യൂണിയൻ ചെയർമാൻ എന്ന നിലയിൽ ഈ പ്രശ്നത്തിൽ ഇടപെടുകയും യൂണിവേഴ്സിറ്റിയിൽ പരാതി കൊടുത്ത് ലൈബ്രറിയുടെ സമയം രാത്രി 8 മണി വരെ ദീർഘിപ്പിച്ചെടുക്കുവാൻ സാധിച്ചതും വലിയ ഒരു നേട്ടമായിരുന്നു

അമേരിക്കയിലേക്ക്

1991 ൽ അമേരിക്കയിലേക്ക് പോകാൻ സഹോദരൻമാർക്കൊപ്പം വിസ ലഭിച്ചതായിരുന്നു ജോഷിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. അമ്മയുടെ അനുജത്തി അച്ചാമ്മ മരുവത്തറ സ്പോൺസർ ആയി വള്ളിക്കളം കുടുംബം തന്നെ അമേരിക്കയിലേക്ക് ചേക്കേറി .

ചങ്ങനാശ്ശേരിയിലെ രാഷ്ട്രീയ പ്രവർത്തനത്തിനും പഠനത്തിനും 1991 ൽ വിരാമമിടേണ്ടി വന്നത് ജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റ് ആയിരുന്നു.കേരള രാഷ്ട്രീയത്തിൽ സജീവമാകുവാനുള്ള ഒരവസരം നഷ്ടമായി എങ്കിലും  താൻ അന്നു വരെ തുടർന്ന സാമൂഹ്യ പ്രവർത്തനം അമേരിക്കയിലും തുടരാനായി എന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിക്കുന്നു.

സാമൂഹ്യ പ്രവർത്തനം അമേരിക്കയിൽ

നേതൃത്വം സേവിക്കാനുള്ള അവസരമാണ്. അത് സ്വയം പ്രാധാന്യത്തിലേക്കുള്ള കാഹള വിളിയല്ല എന്നാണു ജോഷിയുടെ പക്ഷം .പക്ഷെ രാഷ്ട്രീയത്തിലും സംഘടനാപ്രവർത്തനത്തിലും തന്റേതായ ചില ശരികൾ ഉണ്ടെന്നു അദ്ദേഹം വിശ്വസിക്കുന്നു .എവിടെയായാലും സാമൂഹ്യ പ്രവർത്തനത്തിൽ ആത്മാർത്ഥമായ പ്രവർത്തനമാണ് ജോഷി വള്ളിക്കളത്തിന്റെ പ്രത്യേകത. അമേരിക്കയിൽ വന്നയുടൻ തന്നെ ഒരു നവാഗതനായി പ്രവർത്തന രംഗത്ത് വരുന്നതിന്റെ ഒരു പ്രശ്നവുമില്ലാതെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകുവാൻ തുടങ്ങി . ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ആദ്യകാല പ്രവർത്തകനായി അദ്ദേഹം മാറി. വിവിധ കാലഘട്ടങ്ങളിൽ ബോർഡ് അംഗം, ജോയിന്റ് സെക്രട്ടറി കൂടാതെ  രണ്ട് തവണ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.സീറോ മലബാർ കത്തോലിക്ക കോൺഗ്രസ് ചിക്കാഗോ പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ സെക്രട്ടറി, എസ്.ബി, അസംപ്ഷൻ അലുമിനി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു.ഇപ്പോൾ ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റാണ് .

2009 ല്‍ എസ്.എം.സി.സി. പ്രസിഡന്റായിരുന്നപ്പോള്‍ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു കൊണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറ്റവും ആവശ്യമായി വേണ്ടിയിരുന്ന ഒ.സി.ഐ. കാര്‍ഡ് 470 ലധികം ആളുകള്‍ക്ക് ലഭ്യമാക്കുന്നതിന് മുന്നിട്ടു പ്രവർത്തിക്കുവാൻ സാധിച്ചു എന്നത് ഒരു നേട്ടമാണ് .തുടര്‍ന്ന് 2018-2021 കാലഘട്ടത്തില്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ അസ്സോസിയേഷൻ  അന്നുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. അന്നത്തെ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടനുമായി ചേര്‍ന്ന് ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനു സാധിച്ചു.മലയാളി അസ്സോസിയേഷന്റെ  പല മേഖലകളിലും തലത്തിലും പ്രവര്‍ത്തിച്ചു തന്റെ എളിയ കഴിവുകള്‍ തെളിയിച്ചതിനു ശേഷമാണ് അസ്സോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

അൻപതിന്റെ നിറവിൽ ചിക്കാഗോ മലയാളി അസ്സോസിയേഷൻ

ഏതൊരു ദൗത്യത്തിന്റെയും വിജയത്തിന് ക്രിയാത്മകമായ നേതൃത്വം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ് എന്ന പാഠം പഠിപ്പിച്ച അമേരിക്കയിലെ ഏറ്റവും വലിയ അസ്സോസിയേഷനാണ് ചിക്കാഗോ മലയാളി അസ്സോസിയേഷൻ .പ്രവർത്തനത്തിലെ വൈവിദ്ധ്യം കൊണ്ടും കെട്ടുറപ്പു കൊണ്ടും അമേരിക്കൻ മലയാളികൾക്കിടയിൽ ശ്രദ്ധേയമായ പ്രസ്ഥാനമാണ് ഇത്.2023 ജൂൺ  24 ന് ഗോൾഡൻ ജൂബിലി   ആഘോഷിക്കുന്ന സംഘടനയുടെ പ്രസിഡന്റ് ആയി പ്രവർത്തിക്കുവാൻ സാധിച്ചത്  ചരിത്രനിയോഗമായി  ജോഷി വള്ളിക്കളം കരുതുന്നു.ചിക്കാഗോ  മലയാളി അസ്സോസിയേഷനെ  ഏറ്റവും നല്ല മാതൃകാ അസ്സോസിയേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായി അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിക്കുന്നതിനായി എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍, യുവജനങ്ങള്‍, വനിതകള്‍, സീനിയര്‍ സിറ്റിസണ്‍സ്, പുതുമുഖങ്ങള്‍ എന്നിങ്ങനെ പ്രഗല്‍ഭരായ കഴിവുള്ള  പ്രതിഭകളെ ഉള്‍പ്പെടുത്തികൊണ്ടാണ് അദ്ദേഹം  പാനലിനെ അവതരിപ്പിച്ചത്. അത്  ചിക്കാഗോ  മലയാളി അസ്സോസിയേഷന്‍ അംഗങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു .

കാരണം 1991 ൽ അമേരിക്കയിൽ എത്തിയ സമയം മുതൽ അസ്സോസിയേഷന്റെ സന്തത സഹചാരിയാണ് ജോഷി വള്ളിക്കളം . 1992 ൽ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു, 1994 ൽ ഇലക്ടീവ് ജോയിന്റ് സെക്രട്ടറിയായി. പലതവണ ബോർഡ് അംഗം. 2008 - 2010 ൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016-2018 ലും സെക്രട്ടറിയായി ജയിച്ചു. 2021 - 2023 ൽ സംഘടനയുടെ മുപ്പതാമത്തെ പ്രസിഡന്റായി. സംഘടനയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ  തികഞ്ഞ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുവാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.ഇതിനോടകം തന്നെ അറുനൂറിലധികം രജിസ്‌ട്രേഷൻ നടന്നു കഴിഞ്ഞു .

ജൂൺ 24 ന് ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുമ്പോൾ ജോഷി വള്ളിക്കളത്തിന് അഭിമാനിക്കാൻ നിരവധി കാരണങ്ങൾ ഉണ്ട്. നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നടത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഓണാഘോഷം , ക്രിസ്തുമസ് , പുതുവത്സരാഘോഷം , ബാസ്ക്കറ്റ് ബോൾ മത്സരം, വിമൻസ് ഫോറം പരിപാടികൾ ,  ചീട്ടുകളി മത്സരം, കർഷകശ്രീ അവാർഡ്, വിദ്യാഭ്യാസ പുരസ്കാരം ,യൂത്ത് പ്രോഗ്രാമുകൾ, സീനിയർ സിറ്റിസൺസ് പ്രോഗ്രാമുകൾ ,പരാതികളില്ലാതെ കലാമേള സംഘടിപ്പിച്ചത് എന്നിവ എടുത്തു പറയാവുന്ന പ്രവർത്തനങ്ങളാണ്. ജൂൺ ഇരുപത്തിനാലാം തീയതി  ശനിയാഴ്ച വൈകിട്ട് നടക്കുവാൻ പോകുന്ന ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികളിൽ ചിക്കാഗോ സിറ്റി മേയർ കോൺസുൽ ജനറൽ,കോൺഗ്രസ് മാൻ  തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കും. ആദ്യമായിട്ടാണ് ഇന്ത്യക്കാരുടെ ഒരു പരിപാടിയിൽ ചിക്കാഗോ സിറ്റി മേയർ പങ്കെടുക്കുന്നത്.ഓണാഘോഷത്തോടനുബന്ധിച്ച് ഇദംപ്രഥമമായി 101 പേരുടെ മെഗാ തിരുവാതിര സംഘടിപ്പിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . എങ്കിലും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നത് സ്വന്തമായി വീടില്ലാത്ത ഇരുപത് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുവാൻ സാധിച്ചതാണ് . ഇനിയും അഞ്ച് വീടുകൾ കൂടി

നിർമ്മിച്ചു നൽകാൻ തീരുമാനമായിട്ടുണ്ട്. തന്റെ പ്രവർത്തനങ്ങളെ അദ്ദേഹം സ്വയം വിലയിരുത്തുന്നത് ഇങ്ങനെയാണ്.

" സംഘടനാ പ്രവർത്തനങ്ങൾക്ക് എന്റേതായ ഒരു ശൈലി കൊണ്ടുവരാനാണ് ശ്രമം. ഏതൊരാളിനേയും കേൾക്കാൻ ശ്രമിക്കും. കൃത്യമായ തീരുമാനങ്ങളിലൂടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുമ്പോൾ ഒപ്പം നിൽക്കുന്ന സംഘടനാ പ്രവർത്തകരുടെ വിശ്വാസവും കണക്കിലെടുക്കുന്നു.സംവാദത്തിന്റെ അവസാനം, നമ്മൾ മുമ്പെന്നത്തേക്കാളും ശക്തരും കൂടുതൽ ഐക്യത്തോടെയും ഉയർന്നുവരണമെന്ന് ഉറപ്പാക്കാൻ ചിട്ടയായ പ്രവർത്തനങ്ങൾക്ക്  കഴിയും  "

പ്രോപ്പർട്ടി ടാക്സിൽ നിന്നും മോചനം

 ചിക്കാഗോ മലയാളി അസ്സോസിയേഷൻ  ഓഫീസിന്റെ പ്രോപ്പർട്ടി ടാക്സ് ഇനത്തിലും പാർക്കിംഗ് ലോട്ട് ഫീസിനത്തിലുമായി ഏകദേശം 13,000 ഡോളറോളം ഓരോ വർഷവും നൽകി വരികയായിരുന്നു. ഈ പ്രശ്നം പരിഹരിക്കുവാൻ കുക്ക്കൗണ്ടി ടാക്സ് അധികൃതരുമായി ബന്ധപ്പെടുകയും ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കുകയും നിരന്തരമായ പരിശ്രമത്തിലൂടെ ടാക്സും പാർക്കിംഗ് ഫീസും ഒഴിവാക്കിയെടുക്കുവാൻ സാധിച്ചതും വലിയ ഒരു നേട്ടമായി ജോഷി വള്ളിക്കളം ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ അസ്സോസിയേഷനെ   വലിയ ഒരു ബാധ്യതയിൽ നിന്ന് രക്ഷപ്പെടുത്തുവാൻ സാധിച്ചു.

കുടുംബം

ഏതൊരു പൊതുപ്രവർത്തകന്റേയും വിജയത്തിന് പിന്നിൽ കുടുംബത്തിന്റെ പിന്തുണ കൃത്യമായി ഉണ്ടാവേണ്ടത് അനിവാര്യമാണ്. ജോഷി വള്ളിക്കളത്തിന്റെ ഭാര്യ ജൂബി വള്ളിക്കളവും സാമൂഹ്യ പ്രവർത്തനത്തിൽ സജീവമാണ്. ഫോമയുടെ യൂത്ത് ചെയർ പേഴ്സൺ ആയി പ്രവർത്തിക്കുന്ന ജൂബി നാഷണൽ വുമൻസ് ഫോറം വൈസ് ചെയർ ആയിരുന്നു. ഭരണങ്ങാനം അമ്പാറനിരപ്പിൽ കണിയാംപടിക്കൽ കുടുംബാംഗമാണ് ജൂബി . രണ്ട് മക്കൾ . മൂത്തയാൾ ജൂലി കോളേജിലും, രണ്ടാമത്തെയാൾ ജെനി ഹൈസ്കൂളിലും പഠിക്കുന്നു.

സഹോദരൻ സണ്ണി വള്ളിക്കളം ഫോമയുടെ നാഷണൽ വൈസ് പ്രസിഡന്റും ചിക്കാഗോ മലയാളി അസ്സോസിയേഷൻ മുൻപ്രസിഡന്റുമാണ്. മറ്റൊരു സഹോദരൻ അനിയൻ കുഞ്ഞ് വള്ളിക്കളം.ഒരു സഹോദരൻ മരിച്ചു പോയി.മറ്റൊരു സഹോദരൻ രാജൻ വള്ളിക്കളം നാട്ടിലുണ്ട് . സഹോദരി സൂസൻ ചാമക്കാല തുടങ്ങി എല്ലാവരുടേയും പിന്തുണ ജോഷി വള്ളിക്കളത്തിന്റെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്.

സമഗ്രത, ഉൾക്കാഴ്ച,ഉൾക്കൊള്ളൽ എന്നീ മൂന്ന് സംഘടനാ ഗുണങ്ങൾക്ക് മുൻതൂക്കം നൽകി മുന്നോട്ട് പോവുകയാണ് ജോഷി വള്ളിക്കളം. ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ അൻപതാം വാർഷികം ഗംഭീരമായി നടത്തുവാൻ തയ്യാറെടുക്കുന്ന അദ്ദേഹത്തിന്റെ പാതയിൽ യാതൊരു പ്രതിസന്ധിയുമില്ല. കാരണം ഏറ്റെടുക്കുന്ന കാര്യങ്ങൾ ഒരു പുഞ്ചിരിയോടു കൂടി നടപ്പിലാക്കുവാനുള്ള ആർജ്ജവം  അദ്ദേഹത്തിനുണ്ട്. കാരണം നേതൃത്വം എന്നത് ഒരു ജനകീയ മത്സരമല്ലെന്നും തലക്കെട്ടില്ലാതെ നയിക്കലാണ് അതെന്നും അദ്ദേഹം നമുക്ക് കാട്ടിത്തരുന്നു.

ജോഷി വള്ളിക്കളം യാത്ര തുടരട്ടെ....

ആശംസകൾ.