BREAKING NEWS

Chicago
CHICAGO, US
4°C

ഫൊക്കാന നേതൃത്വത്തിലേക്ക് വനിതാ സാന്നിദ്ധ്യമായി ലീല മാരേട്ട് (വഴിത്താരകൾ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


28 June 2022

ഫൊക്കാന നേതൃത്വത്തിലേക്ക് വനിതാ സാന്നിദ്ധ്യമായി ലീല മാരേട്ട് (വഴിത്താരകൾ)

അനിൽ പെണ്ണുക്കര

“നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ കൂടുതൽ സ്വപ്നം കാണാനും കൂടുതൽ പഠിക്കാനും , കൂടുതൽ പ്രവർത്തിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കുന്നു എങ്കിൽ നിങ്ങൾ ഒരു മികച്ച നേതാവാണ് “

അമേരിക്കൻ മലയാളികളുടെ സംഘടനാ ചരിത്രത്തിൽ എഴുതപ്പെടേണ്ട ഒരു പേരാണ് ലീലാ മാരേട്ടിന്റേത് . നാല്പത് വർഷങ്ങളുടെ സംഘടനാ പ്രവർത്തന ചരിത്രമുള്ള,പാരമ്പര്യമുള്ള വ്യക്തിത്വം . വാക്കുകളിലെ വീര്യവും ആത്മാർത്ഥതയും പ്രവർത്തിയിലും ഫലിപ്പിച്ച് ഫൊക്കാനയുടെ നെടുംതൂണായി നിന്ന സംഘടനാ പ്രവർത്തക. സംഘടനയുടെ ജീവനും തുടിപ്പുമായി മാറിയ വ്യക്തിത്വം. ഫൊക്കാനയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ലീലാ മാരേട്ട് മത്സരിക്കുമ്പോൾ കഴിഞ്ഞ അരനൂറ്റാണ്ട് പിന്നിട്ട് അദ്ധ്യാപക, സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളുടെ കെട്ടുറപ്പുമായാണ് ഈ വഴിത്താരയിൽ അവർ സജീവമാകുന്നത്.

ഫൊക്കാനയുടെ തുടക്കം മുതൽ സംഘടനയുടെ വിവിധ പദവികൾ ഏറ്റെടുത്തും പ്രവർത്തനത്തിലൂടെയും ആ പദവികളിൽ നീതി പുലർത്തിയും ഏവർക്കും മാതൃകയാവാൻ ശ്രമിച്ച ലീലാ മാരേട്ടിന്റെ ജീവിത വഴികളിലൂടെ.

പാരമ്പര്യത്തിന്റെ കരുത്ത്,
കുടുംബം, രാഷ്ട്രീയം, സംസ്കാരം
ആലപ്പുഴയിലെ ഏറ്റവും പുരാതനമായ എട്ടുപറയിൽ എൻ.കെ. തോമസിന്റേയും റോസി തോമസിന്റെയും മൂത്തമകളാണ് ലീലാ മാരേട്ട്. എൻ.കെ. തോമസിന്റെ പിതാവ് എൻ എക്സ്. കുര്യൻ കേരളത്തിലെ പ്രഗത്ഭനായ വക്കീലായിരുന്നു. സാഹിത്യകാരൻ, വാഗ്മി,കലാകാരൻ. ആയിരം ഏക്കർ നിലം ഉടമ എന്നീ നിലകളിലെല്ലാം പ്രസിദ്ധിയാർജ്ജിച്ച കുടുംബ പാരമ്പര്യം. ചേർത്തല തൈക്കാട്ടുശ്ശേരി വല്യാറ പാറായിൽ , തരകൻസ് ഫാമിലിയിൽ നിന്നാണ് വല്യമ്മ മാമിക്കുട്ടി .

അമ്മ റോസി തോമസ് പ്രജാസഭയിൽ എം. എൽ. എ ആയിരുന്ന തൃശൂർ എ. ഐ മാണി അക്കരപ്പറ്റിയുടെ മകൾ. തൃശൂരിൽ 1950 കളിൽ ബിസിനസുകാരനായിരുന്ന എ.ഐ മാണിയായിരുന്നു കാത്തലിക് സിറിയൻ ബാങ്ക്, ധർമ്മോദയം ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയുടെ സ്ഥാപകൻ. പിതാവിന്റെ വഴിയിലും, മാതാവിന്റെ വഴിയിലും ലഭിച്ച പാരമ്പര്യത്തിന്റെ കരുത്തിനെ അഭിമാനത്തോടെ നോക്കിക്കാണുന്നു ലീലാ മാരേട്ട് .

1953 ൽ ആലപ്പുഴയിൽ ലീല മാരേട്ടിന്റെ പിതാവ് എൻ.കെ. തോമസ് ആരംഭിച്ച നാഷണൽ ടൂട്ടോറിയൽ ഇന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വഴികാട്ടിയാണ്. ഒരു കാലത്ത് സ്വകാര്യ മേഖലയിലേക്ക് റാങ്കുകൾ വരെ കൊണ്ടു വന്ന സ്ഥാപനം. ഈ സ്ഥാപനത്തിന് കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ സ്ഥാനമുണ്ടായിരുന്നു. കെ.എസ്.യുവിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. വയലാർ രവി , എ.കെ. ആന്റണി എന്നിവർക്കൊപ്പം കെ.എസ്.യുവിന്റെ വളർച്ചയും ഇവിടുന്നു തന്നെ. ഇന്ദിരാഗാന്ധി, കെ.കരുണാകരൻ എന്നിവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന കുടുംബം.കെ. കരുണാകരൻ ഒരിക്കൽ ആലപ്പുഴയിലെ വീട്ടിലെത്തിയപ്പോൾ അദ്ദേഹമാണ് കല്ലൂപ്പാറ മാരേട്ട് കുടുംബത്തിൽ നിന്നും ലീലാ തോമസിന് വിവാഹം ആലോചിക്കുന്നതും രാജൻമാരേട്ടുമായി വിവാഹം നടക്കുന്നതും.
ഒരു വ്യക്തിയുടെ ജീവിതത്തെ കുടുംബം, പാരമ്പര്യം എന്നിവയെല്ലാം എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ലീലാ മാരേട്ടിന്റെ കുടുംബ പാരമ്പര്യ ചരിത്രം.

കോളജ് അദ്ധ്യാപികയിൽ നിന്ന്
സൈന്റിസ്റ്റിലേക്ക്
ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസുവരെയും ആറ് മുതൽ പത്താം ക്ലാസ് വരെ സെന്റ് ജോസഫ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും പൂർത്തിയാക്കിയ ലീലാ മാരേട്ട് പ്രീഡിഗ്രിയും, ഡിഗ്രിയും ആലപ്പുഴ സെൻറ് ജോസഫ് വനിതാ കോളേജിലും,രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് എസ്.ബി കോളജ് ചങ്ങനാശ്ശേരിയിലും പഠനം. 1976 ൽ ആലപ്പുഴ സെൻറ് ജോസഫ് വനിതാ കോളജിൽ അദ്ധ്യാപികയായി ജോലിയിലും കയറി.

1980 ൽ കല്ലൂപ്പാറ പുരാതന കുടുംബമായ മാരേട്ട് ,ഇരവിപേരൂർ ശങ്കരമംഗലം താന്നിക്കൽ കുടുംബാംഗം നൈനാൻ ഉമ്മൻ മാരേട്ടിന്റെയും , മേരി ഉമ്മൻ മാരേട്ടിന്റെയും മൂത്തമകൻ രാജൻ മാരേട്ടുമായി വിവാഹം.1981 ൽ അമേരിക്കയിൽ എത്തുന്നു. ബ്രോക്സ് കമ്യൂണിറ്റി കോളേജിൽ അദ്ധ്യാപികയായി ജോലിക്ക് കയറി. പിന്നീട് ന്യൂയോർക്ക് സിറ്റിയിൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റ് പ്രൊട്ടക്ഷനിൽ മുപ്പത്തിരണ്ട് വർഷം സൈന്റിസ്റ്റായി ജോലി ചെയ്ത് വിരമിച്ചു. മികവുറ്റ ഔദ്യോഗിക ജീവിതത്തിരക്കിനിടയിലും ഏവർക്കും മാതൃകയാക്കാവുന്ന സാമൂഹ്യ പ്രവർത്തനം കാഴ്ചവെച്ച ക്രഡിറ്റ് കൂടിയുണ്ട് ലീലാ മാരേട്ടിന്റെ ജീവിതത്തിന് പിന്നിൽ.

സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക
പ്രവർത്തനവും ഫൊക്കാനയും
അമേരിക്കയിൽ എത്തിയ ആദ്യകാലങ്ങളിൽ തന്നെ തുടങ്ങിയ സാമൂഹ്യ പ്രവർത്തനം സജീവമാകുന്നത് 1987 ലാണ്. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ ഓഡിറ്ററായി തുടക്കം. പിന്നീട് ജോ.സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡൻറ് , ട്രസ്റ്റി ബോർഡ് ചെയർമാൻ തുടങ്ങി നിരവധി പദവികൾ. ഇന്ത്യാ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ബോർഡ് ചെയർമാൻ, ഡി-37 യൂണിയന്റെ റിക്കാർഡിംഗ് സെക്രട്ടറിയായി 18 വർഷം പ്രവർത്തനം . ഇക്കാലത്ത് അമേരിക്കൻ രാഷ്ട്രീയ രംഗത്തുള്ളവരുമായി നല്ല ബന്ധം സ്ഥാപിച്ചു. അസംബ്ലി മെമ്പർ, കൗണ്ടി എക്സിക്യുട്ടീവ്, സെനറ്റർമാർ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കുവാനും പലരെയും സഹായിക്കുവാനും സാധിച്ചു.. ഇന്ത്യൻ കോൺസുലേറ്റുമായി നല്ല ബന്ധം സ്ഥാപിക്കുകയും, നിരവധി വ്യക്തികൾക്ക് കോൺസുലേറ്റു മുഖേന നിരവധി സഹായങ്ങൾ നൽകിയതും പ്രശംസനീയം . പാസ്പോർട്ട്, വിസ , ഓ.സി.ഐ കാർഡ് തുങ്ങിയ വിഷയങ്ങളില്ലാം സജീവമായ ഇടപെടലുകളും ലീലാ മാരേട്ട് നടത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ സമയബന്ധിതമായി നാട്ടിലെത്തിക്കുവാൻ നടത്തിയ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ് .
ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കൊപ്പം തുടക്കം മുതൽ സഹകരിച്ചിരുന്നു എങ്കിലും 2004 ൽ ഔദ്യോഗികമായി കമ്മറ്റി മെമ്പർ പദവി ലഭിക്കുന്നു. പിന്നീട് റീജിയണൽ പ്രസിഡന്റ്, ട്രഷറാർ , എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് മെമ്പർ, ഇലക്ഷൻ കമ്മിറ്റി മെമ്പർ, വിമൻസ് ഫോറം ചെയർപേഴ്സൺ, നാഷണൽ കോർഡിനേറ്റർ എന്നീ നിലകളില്ലൊം മാതൃകാപരമായ പ്രവർത്തനമാണ് ലീലാ മാരേട്ട് കാഴ്ച്ച വെച്ചിട്ടുള്ളത്. ഫൊക്കാനയുടെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലെല്ലാം നേതൃത്വത്തോടൊപ്പം അടിയുറച്ചു നിന്ന് സജീവമായ പ്രവർത്തനം കാഴ്ച വെച്ച് സംഘടനയെ ശക്തമാക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. ഫൊക്കാന വിമൻസ് ഫോറത്തിലൂടെ സ്ത്രീ ശാക്തീകരണത്തിന് തുടക്കമിട്ടതും ലീലാ മാരേട്ട് ആയിരുന്നു. ഇന്ത്യൻ കോൺസുലേറ്റിൽ കേരളപ്പിറവിയുടെ അൻപത് വർഷം ആഘോഷിക്കുവാൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ലീലാ മാരേട്ട് തന്നെ.സ്ത്രീകൾക്ക് വേണ്ടി ഓർഗൻ ഡൊണേഷൻ രജിസ്റ്റർ ഉണ്ടാക്കി.

പതിനെട്ട് വർഷമായി ഫൊക്കാനയുടെ നിറസാന്നിദ്ധ്യമായ ലീലാ മാരേട്ടിന് ഫൊക്കാനയെ നയിക്കുന്നതിന് ഈ ആത്മവിശ്വാസം മാത്രം മതി എന്നാണ് പക്ഷം. ഫൊക്കാനയുടെ എക്കാലത്തേയും പരിപാടികൾക്കും, സൂവനീറുകൾക്കു പിന്നിലും , ടാലന്റ് മത്സരങ്ങൾക്ക് പിന്നിലും ലീലാ മാരേട്ടിന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഉണ്ട് .

കോൺഗ്രസ് രാഷ്ട്രീയ പാരമ്പര്യത്തിന് പിന്നിൽ അടിയുറച്ച ലീലാ മാരേട്ട് ഇപ്പോൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നാഷണൽ പ്രസിഡന്റ് കൂടിയാണ്. നിരവധി കോൺഗ്രസ് പ്രവർത്തകരെ സംഘടനയുടെ ഭാഗമാക്കി . കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്ന സമയങ്ങളില്ലൊം കേരളത്തിലെത്തി വിവിധ മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിച്ചു. അമേരിക്കയിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം എല്ലാ വർഷവും ആഘോഷിച്ചു . ജൂലൈ അവസാനം പ്രിയങ്ക ഗാന്ധിയെ കൊണ്ടു വന്ന് വാർഷിക കൺവൻഷൻ നടത്താൻ തയ്യാറെടുക്കുകയാണ് ലീലാ മാരേട്ട്.

ഫൊക്കാന പ്രസിഡന്റായാൽ
ഏത് സംഘടനയുടെയും ഉന്നത പദവികൾ ഏത് വിധേനയും കൈക്കലാക്കുക എന്ന പോളിസി തനിക്കില്ല എന്ന് ലീലാ മാരേട്ട് അടിവരയിട്ട് പറയുന്നു. ഏത് പദവിയും അർഹതയ്ക്കുള്ള അംഗീകാരമാണ്. എനിക്ക് ഫൊക്കാന പ്രസിഡന്റ് ആകാൻ യോഗ്യതയുണ്ടോ എന്ന് സ്വയം ചോദിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം. പതിനെട്ട് വർഷം ഫൊക്കാനയിൽ പ്രവർത്തിച്ച പാരമ്പര്യമാണ് എനിക്കുള്ളത്. അതിനാണ് ഞാൻ വോട്ട് ചോദിക്കുന്നത്. വിജയിച്ചാൽ സ്ത്രീകൾ , ചെറുപ്പക്കാർ ഉൾപ്പെടെയുള്ള അമേരിക്കൻ മലയാളി സമൂഹത്തെ നേതൃധാരയിൽ കൊണ്ടുവരും. റീജിയണുകൾ കൂടുതൽ ശക്തമാക്കി അമേരിക്കയിലും കാനഡയിലും പ്രവർത്തനങ്ങളുടെ പുതിയ ഒരു രീതി ആവിഷ്ക്കരിക്കും. ഓരോ ഫൊക്കാന പ്രവർത്തകന്റെയും അഭിപ്രായത്തിന് വില നൽകും. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ജനകീയമാക്കും. രണ്ട് വർഷത്തെ പദ്ധതികൾ ഇനം തിരിച്ച് പ്രത്യേകം ചാർട്ട് ചെയ്ത് നടപ്പിലാക്കും.

വളരെ ശുഭാപ്തി വിശ്വാസത്തോടെയാണ് ലീലാ മാരേട്ട് ഫൊക്കാനാ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്നത്. “ഒപ്പം നിൽക്കാമെന്ന് പറഞ്ഞ് കൂടെ നിന്ന് ചതിച്ചവരോട് കാലം മറുപടി നൽകും. ഇപ്പോൾ സ്വാതന്ത്ര്യവും , പിന്നീട് അടിമത്വവും എന്നത് അനുഭവത്തിലൂടെ അക്കൂട്ടർ പഠിക്കും “എന്നാണ് ലീലാ മാരേട്ടിന്റെ പക്ഷം.

കുടുംബം , ശക്തി
ഭർത്താവ് രാജൻമാരേട്ട് മരണം വരെ ലീലാ മാരേട്ടിന്റെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം നിറഞ്ഞ പിന്തുണയാണ് അമേരിക്കൻ സാമൂഹ്യ പ്രവർത്തനങ്ങളുടെ പിൻബലമായി ഇപ്പോഴും ലീലാ മാരേട്ട് കരുതുന്നത് . പ്രതിസന്ധികളിൽ ഉരുകുമ്പോൾ ആ ഓർമ്മകൾ നൽകുന്ന കരുത്ത് വളരെ വലുതാണ്.
രണ്ട് മക്കൾ
രാജീവ് മാരേട്ട് (ഫൈനാൻസ് ബാച്ച്ലർ കഴിഞ്ഞ് ലാംഗ്സൺ പ്രോപ്പർട്ടീസ് വൈസ് പ്രസിഡന്റ്) ഭാര്യ – സൂസി (ഡോക്ടറേറ്റ് ഇൻ ഫാർമസി )ഒരു മകൾ – എമിലി റോസ് – പ്രീ കിന്റർ ഗാർഡൻ

മകൾ – ഡോ. രജനി മാരേട്ട് (ന്യൂയോർക്ക് വൈറ്റ് പ്ലെയിൻസ്‌ ഹോസ്പിറ്റലിൽ അനസ്തേഷ്യോളജിസ്റ്റ് ) ഭർത്താവ് – സുനിൽ എബ്രഹാം (ഐ.ടി. പ്രൊഫഷണൽ )
രണ്ട് കുട്ടികൾ – സേവ്യർ (4 വയസ്) ലൂക്കാസ് ( 2 വയസ്)

പുരസ്കാരങ്ങൾ
ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ ലീലാ മാരേട്ടിനെ തേടിയെത്തിയിട്ടുണ്ട്. പ്രവാസി ഭാരതീയ അവാർഡ്, സിറ്റി കൗണ്ടി യൂണിയൻ അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനെല്ലാം ഉപരി സാധാരണക്കാരായ നിരവധി വ്യക്തികൾക്ക് അവർക്ക് ആവശ്യമുള്ള സമയത്ത് ചില സഹായങ്ങൾ എത്തിക്കുമ്പോൾ ലഭിക്കുന്ന നിർവൃതിയോളം വരില്ല മറ്റൊന്നും എന്ന് ലീലാ മാരേട്ട് പറയുന്നു. പിതാവ് തുടങ്ങി വച്ച ജീവകാരുണ്യ പാത ഇന്നും മകൾ അതിന്റെതായ നന്മയോടെ തുടരുന്നുണ്ട്.
പറയുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നതാണ് ലീലാ മാരേട്ടിന്റെ പ്രത്യേകത. അല്പം കാർക്കശ്യ സ്വഭാവം ഉണ്ടെങ്കിലും അപ്പോൾ പറഞ്ഞ് അപ്പോൾ തീരുന്നതാണെന്നും അതൊന്നും മനസിൽ കൊണ്ടു നടക്കാറില്ലന്നും പറയുമ്പോഴും പദവികൾ ഏറ്റെടുത്ത് വെറുതെ ഇരിക്കലല്ല സംഘടനാ പ്രവർത്തനം എന്ന് കഴിഞ്ഞ നാല്പത് വർഷമായി ജനങ്ങൾക്ക് മുൻപിൽ കാണിച്ചു കൊടുത്ത വ്യക്തിത്വമാണ് ലീലാ മാരേട്ട്. വാക്കും പ്രവൃത്തിയും ഒരു പോലെ കൊണ്ടു പോവുക എന്നതാണ് തന്റെ ശൈലിയെന്നും അതാണ് സാമൂഹ്യ പ്രവർത്തകരെ ഔന്നത്യത്തിലെത്തിക്കുക എന്നും ലീലാ മാരേട്ട് തുറന്ന് പറയുന്നു .

സത്യസന്ധതയില്ലാത്ത സംഘടനാ പ്രവർത്തനം ഭാവിയിൽ ഏകാധിപതികളെ സൃഷ്ടിക്കും. അപ്പോഴേക്കും പലരുടേയും വിയർപ്പുതുള്ളികൾ കൊണ്ട് പടുത്തുയർത്തിയ പ്രസ്ഥാനത്തിന് അപചയം ഉണ്ടാകുമെന്നു ഇപ്പോൾ തിരിച്ചറിയേണ്ട സമയമാണ്. ലീലാ മാരേട്ട് പറയുന്നു.

അതെ, പറയുന്ന വാക്കുകളിലെ ആർജ്ജവത്വവും പ്രവർത്തനത്തിലെ സത്യസന്ധതയുമാണ് ലീലാ മാരേട്ടിനെ പലരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ആ വ്യത്യസ്തതയാണ് കഴിഞ്ഞ നാല്പത് വർഷങ്ങളിലെ ലീലാ മാരേട്ടിന്റെ വഴിത്താരകളിലെ മുതൽക്കൂട്ട്..

ലീലാ മാരേട്ട് യാത്ര തുടരട്ടെ , പിൻതലമുറക്കാർ ലീലാ മാരേട്ടിന്റെ പാത തേടിവരും എന്നതിൽ സംശയമില്ല..കാലം അങ്ങനെയാണ് ..കൊടുങ്കാറ്റിൽ സുരക്ഷിതമായ ഒരേയൊരു കപ്പൽ ഒരു മികച്ച നേതൃത്വത്തെ തേടുന്നു എന്ന് ആഗ്രഹിക്കുന്നത് പോലെ …..