അനിൽ പെണ്ണുക്കര
” സമാധാനപാലകന്മാർ ഭാഗ്യവാന്മാർ, അവർ ദൈവത്തിന്റെ മക്കൾ എന്നറിയപ്പെടും”
നമ്മുടെ ലോകത്തെ സംരക്ഷിക്കുന്നതിനും അതിനെ മികച്ച സ്ഥലമാക്കുന്നതിനും വേണ്ടി എല്ലാ ദിവസവും തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നവരാണ് യഥാർത്ഥ നായകന്മാർ. അവർ സിനിമയിലെ നായകന്മാരല്ല. ജീവിതത്തിലെ നായകന്മാരാണ്. ഒരു രാജ്യത്തെയും, ജനങ്ങളേയും ഹൃദയത്തോട് ചേർത്ത് സംരക്ഷിക്കുന്ന യഥാർത്ഥ നായകന്മാർ. മിലിട്ടറി, പോലീസ് ഉദ്യോഗസ്ഥർ. ഏതു രാജ്യത്തായാലും അവരുടെ ഓരോ ചലനങ്ങളും അവിടുത്തെ മനുഷ്യർക്ക് വേണ്ടിയാണ്. ആ രാജ്യത്തിനു വേണ്ടിയാണ് പട്ടാളവും പോലീസും നിലകൊള്ളുന്നത്.
അമേരിക്കൻ മണ്ണിലെത്തി മിലിട്ടറി ഓഫീസറും, പിന്നീട് പോലീസ് ഓഫീസറും ഒക്കെയായി മാറിയ തോമസ് ജോയി (തമ്പാൻ ) .
സ്ഥിരോത്സാഹവും, കഷ്ടപ്പെടാനുള്ള ഒരു മനസ്സും ഉണ്ടെങ്കിൽ ഏത് എവറസ്റ്റും നിഷ് പ്രയാസം കയറി തിരിച്ചു വരാമെന്ന് തോമസ് ജോയി ഈ വഴിത്താരയിലൂടെ കാട്ടിത്തരുന്നു.അമേരിക്കൻ മലയാളി പുതുതലമുറ മാതൃകയാക്കേണ്ട ഒരു ചെറുപ്പക്കാരൻ നമ്മോടു പറയുന്നത് വിജയത്തിന്റെ മാത്രം കഥകളാണ് .
കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളി മുതുകുളത്ത് വീട്ടിൽ ജോയിയുടേയും, മോളി ജോയിയുടേയും മകനാണ് തോമസ് ജോയി. പുരാതന ബിസിനസ് കുടുംബം. പിതാവ് ജോയി ബിസിനസുകാരനായിരുന്നു. അമ്മ റ്റാറ്റ ടീ ഹോസ്പിറ്റലിൽ നേഴ്സും . ഏറ്റവും ഉയർന്ന വിദ്യാഭ്യാസം മക്കൾക്ക് നൽകുക എന്നതായിരുന്നു ജോയിയുടേയും മോളിയുടേയും ആഗ്രഹം. അങ്ങനെ തോമസ് ജോയിയെ ഊട്ടി ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു. വളരെ ചിട്ടയായ ജീവിതം തോമസ് എന്ന വിദ്യാർത്ഥിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഒരു പക്ഷെ തന്റെ ജീവിതത്തിന്റെ വഴിത്താരകൾ കൃത്യമായി അടയാളപ്പെടുത്തുവാൻ സാധിച്ച വിദ്യാഭ്യാസ സമ്പ്രദായം കൂടിയായിരുന്നു ഊട്ടിയിലേത്.
അപ്രതീക്ഷിതമായി അമേരിക്കൻ യാത്ര
ഊട്ടിയിൽ പത്താം തരം പഠനം കഴിഞ്ഞ് ബാംഗ്ലൂർ സെന്റ് ജോസഫ് കോളേജിൽ പ്രീ യൂണിവേഴ്സ്റ്റി കോഴ്സിന് ചേർന്നു. രണ്ടാം വർഷത്തിലേക്ക് പഠനം കടന്നപ്പോഴാണ് അമേരിക്കയിലേക്ക് പോകാൻ ഒരവസരം ഉണ്ടാകുന്നത്. 1976 ൽ പിതാവ് ജോയി മോളിയെ വിവാഹം കഴിക്കുമ്പോൾ മോളി നേഴ്സായിരുന്നു. ആ സമയത്ത് തന്നെ അമേരിക്കയിലേക്ക് പോകുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ തുടങ്ങി കഴിഞ്ഞിരുന്നു. അങ്ങനെ ഇരുപത് വർഷങ്ങൾക്ക് ശേഷം ആപ്ലിക്കേഷന് നിയമസാധ്യത ലഭിച്ചു. അങ്ങനെ പതിനേഴാം വയസിൽ മാതാപിതാകൾക്കൊപ്പം 1996 ൽ അമേരിക്കയിലേക്ക് തോമസ് ജോയിയും യാത്രയായി. മകൻ തോമസിനെ പിതാവിന്റെ സഹോദരിക്കൊപ്പം നിർത്തിയിട്ട് അവർ നാട്ടിലേക്ക് തിരികെ പോന്നു.
പുതിയ കാലവസ്ഥ, പുതിയ ശിക്ഷണം എല്ലാം തോമസിന് പുതുമ ആയിരുന്നു.12-ാം ക്ലാസിലേക്ക് അഡ്മിഷൻ കിട്ടി. പക്ഷെ വിദ്യാഭ്യാസ കാര്യത്തിൽ ഊട്ടിയിൽ നിന്നും ലഭിച്ച ശിക്ഷണം തോമസിന് ഗുണകരമായി. രണ്ടര വർഷം കൊണ്ട് ബിരുദവുമായി പുറത്തിറങ്ങി. ജീവിതത്തിലെ വഴിത്തിരിവുകൾ അവിടെ തുടങ്ങുകയായിരുന്നു. ഒരു പതിനെട്ടുകാരന് അപ്രാപ്യമായ ഇടത്തേക്ക് അഭിമാനത്തോടെ നടന്നു കയറിയ നിമിഷങ്ങൾ.
യു.എസ്. ആർമിയിലേക്ക്
അമേരിക്കയിലെ പഠനത്തിനിടയിൽ തോമസിന്റെ മനസ്സിൽ കയറിക്കൂടിയ ഒരു ആഗ്രഹമായിരുന്നു ഒരു മിലിട്ടറി ഉദ്യോഗസ്ഥനായിത്തീരുക എന്നത്. തേടിയ വള്ളി കാലിൽ ചുറ്റി എന്ന പഴയ പഴംചൊല്ല് പോലെ ഒരിക്കൽ പത്രത്തിൽ ഒരു പരസ്യം കണ്ടു. “Be all you can be ” എന്ന തലക്കെട്ടോടെ വന്ന പരസ്യത്തിൽ കണ്ട വിലാസത്തിൽ അപേക്ഷ അയച്ചു. എഴുത്തു പരീക്ഷയും, അഭിമുഖവും നടന്നു. അങ്ങനെ പതിനെട്ടാം വയസിൽ അമേരിക്കൻ മിലിട്ടറിയിലേക്ക്. സമൂഹത്തിന്റെയും, രാജ്യത്തിന്റെയും ക്ഷേമത്തിന് വേണ്ടി , ഓരോ പൗരന്റേയും സംരക്ഷണത്തിനു വേണ്ടിയും കൃത്യനിഷ്ടയോടെ ആ ജോലി ഏറ്റെടുത്തു. ഓരോ ദിവസവും യൂണിഫോം എടുത്ത് ധരിക്കുമ്പോൾ മറ്റുള്ളവർക്ക് വേണ്ടി എത്രത്തോളം അപകടസാധ്യതയുള ലോകമാണ് താൻ തെരഞ്ഞെടുത്തത് എന്നൊരു ചിന്ത ഉണ്ടായിരുന്നില്ല. മറിച്ച് ഒരു നല്ല സമൂഹത്തിന്റെ സവിശേഷത സ്വാതന്ത്ര്യം മാത്രമല്ല, പരസ്പരം ബഹുമാനവും ഉത്തരവാദിത്വം കൂടിയാണെന്ന് മനസ്സിലാക്കി കൊടുക്കുവാൻ കൂടി തന്റെ സേവനത്തെ മാറ്റിയെടുക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു തോമസ് ജോയി എന്ന സൈനികൻ.
മിലിട്ടറി ട്രയിനിംഗ് , ഗൾഫ് യുദ്ധം
ഇറാക്കിലെ ജീവിതം
തോമസിന്റെ ജീവിതം എപ്പോഴും ആകസ്മികതകൾ നിറഞ്ഞതായിരുന്നു . അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സഹോദരിയുടെ വീട്ടിൽ ഒറ്റയ്ക്കാക്കി മാതാപിതാക്കളുടെ തിരിച്ചു പോകൽ നേരിയ വിഷമമുണ്ടാക്കിയെങ്കിലും പുതിയൊരു ലോകത്ത് പുതിയ പരീക്ഷണത്തിനിറങ്ങുകയായിരുന്നു തോമസ് ജോയി . പഠനവും തുടർന്നുള്ള മിലിട്ടറി ജോലി ലഭിച്ചതുമെല്ലാം ആകസ്മികം. ജോലിക്ക് എത്തുമ്പോൾ പ്രധാനമായും അലട്ടിയിരുന്ന പ്രശ്നം ഭാഷയുടേതായിരുന്നുവെങ്കിലും ഊട്ടിയിൽ പഠിച്ച ഇംഗ്ലീഷ് ഭാഷ ഗുണം ചെയ്തു. സഹപട്ടാളക്കാരിൽ എല്ലാവരും കറുമ്പരും, വെളുമ്പരും തന്നെ. ട്രയിനിംഗ് പിരീഡ് കഠിനം. രണ്ടും കൽപ്പിച്ച് ട്രയിനിംഗ് പൂർത്തിയാക്കി. ഏത് കഠിനമായ സാഹചര്യത്തേയും നേരിടാനുള്ള കരുത്തായിരുന്നു ആ പരിശീലനം. വിജയകരമായി പൂർത്തിയാക്കിയ പരിശീലനം കഴിഞ്ഞപ്പോൾ ആദ്യ അസൈൻമെന്റ് ജർമ്മനിയിൽ . 1998 മുതൽ 2001 വരെ ജർമ്മനിയിൽ ജോലി നോക്കി, ഒരു സാധാരണ പട്ടാളക്കാരനെപ്പോലെ. ഈ സമയത്ത് ഗൾഫ് യുദ്ധത്തിന്റെ അലയൊലികൾ തുടങ്ങിയ സമയം കൂടി ആയിരുന്നു .
2001 സെപ്റ്റംബർ പതിനൊന്നിന് ഗൾഫ് യുദ്ധം ആരംഭം. അമേരിക്കൻ ട്രയിനിംഗ് യൂണിറ്റ് സജ്ജമായി ഗൾഫിലേക്ക് . അപ്പോഴേക്കും മനസ്സ് ഉഷാറായി . ഒരു യുദ്ധമുഖത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ സ്വയം നടത്തി. പക്ഷെ 2005 മെയ് മാസത്തിൽ മാത്രമാണ് തോമസ് ജോയിക്ക് ഇറാക്കിലേക്ക് പോകുവാൻ അവസരം ലഭിച്ചത്.
യുദ്ധം, വേദനകൾ
പ്രതീക്ഷകൾ
ഒരു യുദ്ധവും ആർക്കും സന്തോഷം നൽകുന്നില്ല എന്ന വിശ്വാസക്കാരനാണ് തോമസ് ജോയി. പക്ഷെ അധികാരം പലപ്പോഴും മറ്റു രാജ്യങ്ങളുടെ മേൽ നടത്തുന്ന അധിനിവേശങ്ങളെ ഇല്ലായ്മ ചെയ്യേണ്ടത് ഒരു പട്ടാളക്കാരന്റെ വലിയ ബാധ്യത കൂടിയാണ്. ഇറാക്ക് യുദ്ധമുഖത്തേക്ക് കുവൈറ്റ് വഴി യാത്ര. പത്തു ദിവസം യുദ്ധമുഖത്തെ ജീവിതത്തെക്കുറിച്ചുള്ള ഔദ്യോഗികമായ ചില നിർദ്ദേശങ്ങൾ. ഒരു യുദ്ധസ്ഥലത്ത് പോയിനിൽക്കുന്ന പട്ടാളക്കാരന്റെ മനസ്സിൽ ശത്രുമാത്രമേയുള്ളു. ഒപ്പം തന്റെ രാജ്യത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ചിന്തകളും. പക്ഷെ യുദ്ധമുഖത്ത് കർത്തവ്യനിരതനാകുമ്പോൾ മറ്റൊന്നിനും സ്ഥാനമില്ലല്ലോ. അയ്യായിരത്തോളം പേർ മരിച്ചു വീണ യുദ്ധം. ഒരു വർഷം യുദ്ധമേഖലയിലെ ജീവിതവുമായി മുന്നോട്ട് .മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ .സഹപ്രവർത്തകരുടെ വേദനകൾ കണ്ട നിമിഷങ്ങൾ . 2006 മെയ് മാസത്തിൽ തിരികെ അമേരിക്കയിലേക്ക്. ജീവിതത്തിന്റെ , വേദനകളുടേയും, വെടിയൊച്ചകളുടേയും ദുരന്തമുഖത്തുനിന്ന് ഹൈപ്പർ ടെൻഷനിലേക്കുള്ള യാത്ര കൂടി ആയിരുന്നു അത് .
കേരളത്തിന്റെ പച്ചപ്പിലേക്ക്
യുദ്ധമുഖത്തു നിന്നും അമേരിക്കയിലേക്ക് വന്ന എല്ലാ സൈനികരെ പോലെ തോമസും ഹൈപ്പർ ടെൻഷൻ ലോകത്തായിരുന്നു. മാനസ്സികമായ ഒരു പുനർജ്ജന്മം എല്ലാ സൈനികർക്കും വേണ്ട നിമിഷമായിരുന്നു അത്. തോമസ് നാട്ടിലേക്ക് തിരിച്ചു.വീട്ടിൽ ആറ് മാസത്തോളം ചിലവഴിച്ചു. 2007 ൽ വീണ്ടും അമേരിക്കയിലേക്ക്. അപ്പോഴേക്കും മിലിറ്ററി സർവ്വീസിൽ പത്തുവർഷം ആയിരുന്നു . ജോലിയിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു .ആ നിമിഷം ഇപ്പോഴും ഓർമ്മയുണ്ട് തോമസ് ജോയിക്ക്. പക്ഷെ ആ തീരുമാനം വൃഥാവിലായില്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് പറഞ്ഞു തരുന്നത് .പുതിയ ലോകങ്ങൾ വെട്ടിപ്പിടിക്കാനുള്ള ആഗ്രഹങ്ങൾ മനുഷ്യനുണ്ടെങ്കിൽ അവസരങ്ങൾ കണ്മുൻപിൽ വന്നുകൊണ്ടേയിരിക്കും .
ക്രിമിനൽ ജസ്റ്റിസ് പഠനം
പുതിയ ജോലി
മിലിട്ടറിയിൽ നിന്ന് വിരമിച്ച ശേഷം തോമസ് ജോയി മുൻപ് മുടങ്ങിയ പഠനം തുടരുവാൻ തീരുമാനിച്ചു. നൈറ്റ് കോളേജിൽ ക്രിമിനൽ ജസ്റ്റിസിന് ചേർന്നു.ബാച്ചിലർ ഓഫ് സയൻസ് ക്രിമിനൽ ജസ്റ്റിസ്, മേഴ്സി കോളേജ് ഡോബ്സ് ഫെറി ന്യൂ യോർക്ക് ,അസോസിയേറ്റ് ഇൻ അപ്ലൈഡ് സയൻസ് ക്രിമിനൽ ജസ്റ്റിസ് (പോലീസ്) വെസ്റ്റ്ചെസ്റ്റർ കമ്മ്യൂണിറ്റി കോളേജ്, വൽഹല്ല.ന്യൂ യോർക്ക് എന്നിവിടങ്ങളിൽ പഠനം . അവിടെ വന്നിരുന്ന കുട്ടികളെല്ലാം പോലീസിലേക്കുള്ള തയ്യാറെടുപ്പിനായുള്ള പഠനത്തിലായിരുന്നു.അപ്പോൾ എന്തുകൊണ്ട് ഒരു പോലീസ് ഓഫീസർ ആയിക്കൂടാ എന്ന ചിന്ത വല്ലാതെ അലട്ടി . ആ ആഗ്രഹത്തെ മുറുകെപ്പിടിച്ച് ടെസ്റ്റ് എഴുതി .ഉയർന്ന മാർക്ക് വാങ്ങി പോലീസിലേക്ക്.
മിലിട്ടറി റിസർവിൽ പാർട്ട് ടൈം ജോലി. മാസത്തിൽ രണ്ട് തവണ ജോലി. സഫോക്ക് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റിൽ സ്ഥിരമായി ന്യൂയോർക്കിൽ ജോലി തുടരുന്നു.ഇനി റിട്ടയർമെന്റിനു അഞ്ചുവർഷം കൂടി . ഒരു പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെ ആയിരിക്കണമെന്ന് വ്യക്തമായ ധാരണ തോമസ് ജോയിക്കുണ്ട് .കാരണം മിലിട്ടറിയിലെ ജോലിയിൽ നിന്നും ലഭിച്ച ശിക്ഷണം പുതിയ ജോലിയിലും കൂടുതൽ ഗുണം ചെയ്തു .
ജീവകാരുണ്യ പ്രവർത്തനത്തിന്റെ
പുതിയ വഴികൾ
ഔദ്യോഗിക ജീവിതം രാഷ്ട്ര സേവനത്തിന് സമർപ്പിതമായെങ്കിലും ആ ജോലിയിൽ ഇരുന്നു കൊണ്ട് തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കും നിറസാന്നിദ്ധ്യം ആവുകയാണ് തോമസ് ജോയി. സഫോക്ക് കൗണ്ടി പോലീസ് ഏഷ്യൻ ജേഡ് സൊസൈറ്റി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ചെയ്തതോടെ ജീവിതത്തിന്റെ അർത്ഥതലങ്ങൾ പുതിയ പ്രവർത്തനങ്ങൾക്കായി വഴിമാറി. കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യുണൈറ്റഡ് എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. നൂറോളം മലയാളി പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയുടെ ആദ്യ പ്രസിഡന്റായി. പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കേണ്ടതായ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് കൃത്യമായി സഹായം നൽകുന്ന പ്രവർത്തങ്ങൾ തുടങ്ങി . വ്യക്തികളുടെ തിരോധാനം, കുടുംബ കലഹം, അപകടങ്ങൾ, മോഷണശ്രമം തുടങ്ങിയ സംഭവങ്ങളിൽ സംഘടനയുടെ ഇടപെടലുകൾ കൃത്യമായി ഉണ്ടാകുന്നുവെന്ന് തോമസ് ജോയി പറയുന്നു.ഒരു ഫോൺ കോളിനപ്പുറത്ത് സഹായവുമായി ഈ സംഘടനാ പ്രവർത്തകർ സദാ പ്രവർത്തനനിരതരാണ് .
രാഷ്ട്രീയ രംഗത്തെ
സാന്നിദ്ധ്യം
അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ സാന്നിദ്ധ്യം ഉറപ്പിക്കുന്ന കാലമാണിപ്പോൾ. ഇപ്പോൾ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വിവിധ സ്റ്റേറ്റുകളിൽ ഉന്നത പദവികളിൽ മലയാളികൾ കസേര വലിച്ച് ഇരുപ്പുറപ്പിച്ചു കഴിഞ്ഞു. ആ വഴിയേയാണ് തോമസ് ജോയിയുടേയും യാത്ര. ഫണ്ട് റെയിസിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും , ഗവർണർമാർ, അസംബ്ലിമെൻ എന്നിവരെ അവരുടെ കഴിവും പ്രാപ്തിയുമനുസരിച്ച് ഒരു പാർട്ടിയും നോക്കാതെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു . നമ്മളെ സപ്പോർട്ടു ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുക. അവർക്കായി വർക്കുചെയ്യുക എന്നതാണ് തോമസ് ജോയിയുടെ നയം . ക്രമേണ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ കഴിയുന്ന തരത്തിൽ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം . എവിടെയായാലും ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്ന തിരിച്ചറിവിലേക്കാണ് തോമസ് ജോയി നടന്നടുക്കുന്നത് .
അംഗീകാരങ്ങൾ;
കോംബാറ്റ് ആക്ഷൻ ബാഡ്ജ് മുതൽ
കേരളാ സെന്റർ പുരസ്കാരം വരെ
പുരസ്കാരങ്ങൾ ഉത്തരവാദിത്വങ്ങൾ കൂടിയാണെന്ന് വിശ്വസിക്കുന്ന തോമസ് ജോയി തനിക്ക് ലഭിക്കുന്ന ഒരു പുഞ്ചിരിയെ പോലും അംഗീകാരമായി കാണുന്ന വ്യക്തിത്വമാണ്. ഔദ്യോഗിക മേഖലയിൽ നിരവധി അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത് .അറുന്നൂറു പട്ടാളക്കാരുടെ ചുമതലയോടെ 354-ആം മൂവ്മെന്റ് കൺട്രോൾ ബറ്റാലിയന്റെ കമാൻഡ് സർജന്റ് മേജർ ആയി ആറുമാസം സേവനമനുഷ്ഠിച്ചത് ഔദ്യോഗിക ജീവിതത്തിലെ അസുലഭമായ നിമിഷങ്ങൾ .കോംബാറ്റ് ആക്ഷൻ ബാഡ്ജ് (യുദ്ധമുഖത്ത് പങ്കെടുത്ത സൈനികർക്കുള്ള അംഗീകാരം ),മെറിറ്റോറിയസ് സർവീസ് മെഡൽ ,ഇറാഖ് കാമ്പയിനിങ് മെഡൽ ,മിലിട്ടറി ഔട്ട്‌സ്റ്റാൻഡിംഗ് വോളണ്ടിയർ സർവീസ് മെഡൽ ,സ്റ്റേറ്റ് ഓഫ് ന്യൂയോർക്ക് (2017).കൗണ്ടി എക്സിക്യൂട്ടീവ് സർട്ടിഫിക്കറ്റ് , കൗണ്ടി ഓഫ് സഫോക്ക് ന്യൂ യോർക്ക് (2017)ഇവയെല്ലാം ഹൃദയത്തോട് ചേർക്കുമ്പോൾ ഈയിടെ ലഭിച്ച ഒരു അംഗീകാരത്തെ വളരെ വിലപ്പെട്ടതായി അദ്ദേഹം കാണുന്നു .
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ന്യൂയോർക്ക് കേരള സെന്റർ ഏർപ്പെടുത്തിയ 2022 ലെ പുരസ്കാരം തോമസ് ജോയിക്ക് ലഭിച്ചിരുന്നു. മലയാളി സമൂഹത്തിൽ നിന്നും ലഭിക്കുന്ന പുരസ്കാരത്തെ വലിയ അംഗീകാരമായി കാണുന്നുവെന്ന് തോമസ് ജോയി പറയുന്നു.കൂടാതെ നാഷണൽ ക്രിമിനൽ ജസ്റ്റിസ് ഹോണർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ,സഫോക്ക് കൗണ്ടി പോലീസ് ഏഷ്യൻ ജേഡ് സൊസൈറ്റി വൈസ് പ്രസിഡന്റ് ,
അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യുണൈറ്റഡ് പ്രസിഡന്റ് ,സഫോക്ക് കൗണ്ടി ഏഷ്യൻ അമേരിക്കൻ അഡ്വൈസറി ബോർഡ് അംഗം,എന്നീ നിലകളിലും തോമസ് ജോയി സജീവം .
പാക്കിസ്ഥാൻ യാത്ര,
മകനോടൊപ്പം ഇറ്റലി യാത്ര
യാത്രകൾ എന്നും തോമസ് ജോയിക്ക് ഹരമാണ്. അമേരിക്ക മുഴുവൻ കാണുക, അതിലുപരി ഇന്ത്യ മുഴുവൻ കാണുകയെന്നതും ആഗ്രഹം. പക്ഷെ 2022 ൽ പാക്കിസ്ഥാനിലേക്ക് ഒരു യാത്ര നടത്തി. ആ സമയത്ത് വലിയ വെള്ളപ്പൊക്കമായിരുന്നു അവിടെ. ചില സഹായങ്ങൾ അവിടെ നൽകുകയും ചെയ്തു . പണ്ട് നമ്മുടെ രാജ്യത്തിന്റെ ഭാഗമായിരുന്ന നമ്മുടെ സഹോദരങ്ങളുടെ നാട്. ഒരു കൗതുകമായിരുന്നു പാക്കിസ്ഥാൻ. പാക്കിസ്ഥാൻ ബോർഡറിൽ നിന്ന് കൊണ്ട് ഇന്ത്യയിലേക്ക് നോക്കി നിന്ന നിമിഷം ആ യാത്രയിലെ നവ്യമായ അനുഭവം. അവിടുത്തെ യാത്രയിൽ വെച്ച് മുഖം മറച്ച് യാത്ര ചെയ്ത ഇന്ത്യൻ കന്യാസ്ത്രീകളെ കണ്ടപ്പോൾ അവരുടെയടുത്ത് എത്തി “ഇതിൽ മലയാളികൾ ആരെങ്കിലും ഉണ്ടോ” എന്ന് ചോദിച്ചപ്പോൾ മലയാളത്തിൽ ലഭിച്ച മറുപടി അത്ഭുതം ഉളവാക്കി. ജീവിതത്തിലെ മറ്റൊരു കൗതുകം നിറഞ്ഞ നിമിഷം.
ഏതാണ്ട് മുപ്പത് രാഷ്ട്രങ്ങൾ യാത്രയിൽ പിന്നിടുമ്പോൾ ഏഴുവയസുള്ള മകൻ MATTEO യെയും കൊണ്ട് ഇറ്റലിയിലേക്ക് നടത്തിയ യാത്ര എന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. അമേരിക്കയിൽ ജനിച്ചു വളർന്ന മകനാണെങ്കിലും മലയാളം കൂടി പഠിപ്പിക്കുകയാണ് തോമസ് ജോയി. എവിടെയെത്തിയാലും മലയാളം പോറ്റമ്മയാണന്ന് തിരിച്ചറിവ് തോമസ്സിന്റെ കൃത്യമായ മലയാളത്തിൽ നിന്നും വായിച്ചെടുക്കാം.
മലയാളത്തിനൊപ്പം മാതാപിതാക്കൾ
തോമസ് ജോയി അമേരിക്കയിലേക്ക് വരാൻ കാരണക്കാരായ മാതാപിതാക്കൾ ഇപ്പോഴും നാട്ടിൽ തന്നെ. പിതാവ് ജോയി ബിസിനസ് അവസാനിപ്പിച്ച് മോനിപ്പള്ളിയിലെ വീട്ടിലുണ്ട്. ഒപ്പം അമ്മ മോളി ജോയിയും. സഹോദരൻ ജെയിംസ് (അപ്പു), സഹോദരി നിമ്മി എന്നിവരെല്ലാവരും തോമസ് ജോയിയുടെ വിജയങ്ങൾക്കും, പ്രവർത്തനങ്ങൾക്കുമൊപ്പം പിന്തുണയുമായി ഒപ്പമുണ്ട്.
തോമസ് ജോയി ഒരു മികച്ച നിയമപാലകൻ മാത്രമല്ല. നാളെ മലയാളി സമൂഹത്തിന് അഭിമാനമായി മാറുവാൻ സാധ്യതയുള്ള ഇന്ത്യൻ അമേരിക്കൻ നേതാവുകൂടിയാണ്. വികസനത്തിന്റെ കൃത്യമായ രാഷ്ട്രീയം ഒപ്പം കൊണ്ടു നടക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകൻ . എന്തുകൊണ്ടും മലയാളികൾക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വം.
തോമസ് ജോയിക്ക് മുന്നിൽ ഈ വഴിത്താരകൾ പൂക്കൾ വിരിച്ച് വഴി കാട്ടട്ടെ. വലിയ വലിയ നേട്ടങ്ങൾ അദ്ദേഹത്തെ തേടിയെത്തട്ടെ. ഈ സ്ഥിരോത്സാഹവും, അർപ്പണ മനോഭാവവും കരുത്തായി അദ്ദേഹത്തിന് സ്നേഹ സാന്ത്വനമാകട്ടെ. ആശംസകൾ