BREAKING NEWS

Chicago
CHICAGO, US
4°C

പിതാവിന്റെ തണലിൽ അഭിമാനത്തോടെ റ്റോണി ജോൺ പുല്ലാപ്പള്ളിൽ (വഴിത്താരകൾ)

sponsored advertisements

sponsored advertisements

sponsored advertisements

5 July 2022

പിതാവിന്റെ തണലിൽ അഭിമാനത്തോടെ റ്റോണി ജോൺ പുല്ലാപ്പള്ളിൽ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര

“ഒരു വ്യക്തിയെ സംതൃപ്തവും, സന്തുഷ്ടവുമായ ജീവിതം നയിക്കുവാൻ എങ്ങനെ സഹായിക്കാം എന്ന് മനസിലാക്കുന്നത് കൗതുകകരവും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ് ”

ഒരു വീട് എത്ര വലുതായിരുന്നു എന്നതിലല്ല, അവിടെ സ്നേഹമുണ്ടായിരുന്നുവോ എന്നതാണ് പ്രധാനമെന്ന് തന്റെ ഓരോ പ്രസംഗത്തിലും പറഞ്ഞു കൊണ്ടേയിരുന്ന ഒരു വലിയ മനുഷ്യൻ കേരളത്തിലുണ്ടായിരുന്നു. ഷെവലിയർ പി.എം. ജോൺ പുല്ലാപ്പള്ളിൽ . അദ്ദേഹത്തിന്റെ മുൻപിൽ സ്നേഹ ബഹുമാനങ്ങളോടെ ജീവിതത്തെ കേൾക്കാത്ത ദമ്പതികൾ ക്നാനായ സമുദായത്തിൽ ഉണ്ടാകുമോ എന്നത് സംശയം. കുടുംബ ജീവിതത്തിൽ ആദ്ധ്യാത്മിക സാക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ, ഏത് തലമുറയിൽപ്പെട്ട ഒരാൾക്കും സ്വയം ആത്മപരിശോധന നടത്തുന്നതിനും, നന്മയിലേക്കും ജീവിത വിജയത്തിലേക്ക് നയിക്കുന്നതിനും ഉതകുന്നതായിരുന്നു.
ലളിതമായ ആഖ്യാനത്തിലൂടെ , അതിലും ലളിതമായ ഉപമകളിലൂടെ ജീവിതത്തെ വരച്ചുകാട്ടിയ പി.എം. ജോൺ പുല്ലാപ്പള്ളിയുടെ പാതയെ പിന്തുടർന്ന് ഒരു പരകായപ്രവേശമെന്നോണം അദ്ദേഹത്തിന്റെ മകൻ റ്റോണി ജോൺ പുല്ലാപ്പളളിയും അതേ വഴിത്താരയിൽ ശ്രദ്ധേയനാകുന്നു.

തന്റെ ഓരോ വാക്കിലും, പിതാവിന്റെ ഓർമ്മകളും, അദ്ദേഹം പറഞ്ഞതിനപ്പുറത്ത്, അറിഞ്ഞതിനപ്പുറത്ത് പുതിയതായി തന്റെ കൈയ്യിൽ ഒന്നുമില്ലെന്ന്‌ വിനയത്തോടെ തുറന്നു പറയുകയാണ് റ്റോണി ജോൺ പുല്ലാപ്പള്ളിൽ .

ഷെവലിയർ പി.എം. ജോൺ പുല്ലാപ്പള്ളിൽ
ധന്യജീവിതം പകർന്ന കർമ്മയോഗി
“സപ്തതിയുടെ സാന്ദ്രകാന്തി ” എന്ന പുസ്തകത്തിൽ റവ.ഡോ. മോൺ.ജേക്കബ് വെള്ളിയാൻ പി.എം. ജോൺ പുല്ലാപ്പള്ളിൽ എന്ന വ്യക്തിത്വത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കുന്നു. ” ക്നാനായ സമുദായത്തിന്റെ ബോധവത്ക്കരണത്തിൽ ശക്തമായ ഒരു മാധ്യമമാണ് പി.എം. ജോൺ പുല്ലാപ്പളളി ” . നല്ല കുടുംബജീവിതം അനുഭവിച്ചറിഞ്ഞ വ്യക്തി, ആഴത്തിലുള്ള ആദ്ധ്യാത്മികതയുടെ ഉടമ എന്നു കൂടി അദ്ദേഹത്തെ വെള്ളിയാനച്ചൻ വരച്ചിടുമ്പോൾ നമുക്ക് മനസിലാകുന്ന ഒരു സത്യമുണ്ട്, കുടുംബ ജീവിതത്തിന്റെ ആഴത്തിന്റെ , നന്മയുടെ വലിപ്പം. അതിലുപരി കോട്ടയം രൂപതയിലെ ഫാമിലി കമ്മീഷൻ ചെയർമാനായ ഏക അല്മായൻ എന്ന പ്രത്യേതകതയും അദ്ദേഹത്തിന് സ്വന്തം. എഴുത്തുകാരൻ, അദ്ധ്യാപകൻ, വാഗ്മി, സെമിനാരി അദ്ധ്യാപകൻ, പരിശീലകൻ ,പത്രപ്രവർത്തകൻ ,മുഖപ്രസംഗകാരൻ തുടങ്ങി അദ്ദേഹത്തിന് യോജിക്കുന്ന നിരവധി പദവികൾ തന്നെയുണ്ട്. അവയോടെല്ലാം നൂറ് ശതമാനം പ്രതിബദ്ധത പുലർത്തിയ സമുദായ സ്നേഹിക്ക് സഭ നൽകിയ മഹനീയമായ ആദരവായിരുന്നു ഷെവലിയർ പദവി.

റ്റോണി പുല്ലാപ്പള്ളിൽ
വളർച്ചയുടെ പടവുകൾ
പി.എം. ജോൺ പുല്ലാപ്പള്ളിയുടെ മകൻ എന്ന ലേബൽ ജീവിതത്തിൽ സദാ അനുഗ്രഹമായി കരുതുന്ന റ്റോണി പുല്ലാപ്പള്ളിൽ ഇന്ന് പിതാവിന്റെ പാതയിൽ പിന്തുടരുന്ന അറിയപ്പെടുന്ന വാഗ്മിയും, പ്രീമാര്യേജ് കൗൺസിലറും അതിലുപരി അടിയുറച്ച സമുദായ സ്നേഹിയുമാണ്. അമ്മ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് സിസിലിക്കുട്ടി . കോട്ടയം സെന്റ് മാർസലിനാസ് എൽ പി സ്കൂളിൽ ഒന്നു മുതൽ നാല് വരെയും, അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കോട്ടയം സി.എം. എസ്. ഹൈസ്കൂളിലും പ്രീഡിഗ്രിയും, ഡിഗ്രിയും മാന്നാനം കെ. ഇ കോളജിൽ നിന്നും ,കോലാപൂരിൽ നിന്നും എം.ബി.എയും കരസ്ഥമാക്കി.

സമുദായ നേതാക്കളും, വൈദികരും, സാംസ്കാരിക പ്രവർത്തകരും എപ്പോഴും വന്നു പോകുന്ന പി.എം ജോൺസാറിന്റെ വീട്ടിൽ എപ്പോഴും ചർച്ച ചെയ്യുന്ന വിഷയങ്ങളാകട്ടെ കുടുംബജീവിതത്തിന്റെ നന്മകളും, സമുദായ സ്നേഹത്തിന്റെ മനോഹാരിതയെക്കുറിച്ചുമായതിനാൽ നേതൃത്വഗുണത്തിന്റെ വിത്തുകൾ മക്കൾക്കെല്ലാം പകർന്നു നൽകുന്നതിൽ ശ്രദ്ധാലുവായിരുന്നു പി.എം. ജോൺ പുല്ലാപ്പള്ളിൽ .

സ്കൂൾ, കോളജ് കാലയളവിൽ നടന്നിരുന്ന എല്ലാ മത്സരങ്ങൾക്കും നിർബന്ധപൂർവ്വം പങ്കെടുക്കാൻ ആവശ്യപ്പെടും. പ്രസംഗത്തിനും, ഉപന്യാസത്തിനുമൊക്കെ വേണ്ട പ്രധാനപ്പെട്ട പോയിന്റുകൾ പഠിപ്പിച്ച് പരിശീലിപ്പിക്കുമായിരുന്നു പിതാവെന്ന് റ്റോണി പറയുന്നു . ഒരു സദസ്സിനെ എങ്ങനെ കൈയ്യിലെടുക്കണം എന്ന് ലളിതമായ രീതിയിലാണ് അദ്ദേഹം പറഞ്ഞു നൽകുക.അത് ഭംഗിയായി അവതരിപ്പിക്കുവാൻ നല്ല റിഹേഴ്സലും നൽകും .അതുകൊണ്ട് പള്ളിയിലും മറ്റും പല പരിപാടികൾക്കും ഞങ്ങൾ കുട്ടികൾ താരങ്ങളായി എന്നതിൽ അത്ഭുതമില്ലല്ലോ . ഈ സമയത്ത് കെ.സി. വൈ.എൽ പ്രവർത്തനങ്ങളിൽ സജീവമായി. അക്കാലത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളോടും താല്പര്യം തോന്നിയത് പിതാവ് തിരിച്ചറിയുകയും ഡിഗ്രി പഠനത്തിന് സി.എം. എസ്. കോളജിൽ ചേർക്കാതെ മാന്നാനം കെ. ഇ കോളജിൽ പഠിക്കാനയച്ചതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണം കൊണ്ടാണ്. പിതാവ് നൽകിയ ഉൾക്കാഴ്ചയാണ് തന്റെ തുടർന്നുള്ള എം.ബി. എ പഠനത്തിലേക്കും നയിച്ചത്.

1999 ൽ ഉഴവൂർ തട്ടാറേട്ട് കുര്യൻ ലീലാമ്മ ദമ്പതികളുടെ പുത്രി ആനിനെ വിവാഹം കഴിച്ചതോടെയാണ് അമേരിക്കയിലെത്തുന്നത്. തികച്ചും വ്യത്യസ്തമായ ഒരു സാംസ്കാരിക ഭൂമികയിലേക്കുള്ള പറിച്ചു നടലായിരുന്നു അത്. ഒരു പക്ഷെ ചരിത്രം ആവശ്യപ്പെട്ട നിയോഗം കൂടിയായിരുന്നു അത്.

ജോയി ചെമ്മാച്ചേൽ മുതൽ ഫിലിപ്പ് തൊടുകയിൽ,
മുത്തോലത്തച്ചൻ , ഫാ. തോമസ് മുളവനാല്‍ വരെ
ഉണർവിന്റെ പാഠങ്ങൾ
ചിക്കാഗോയിലെത്തിയതു മുതൽ തനിക്ക് ലഭിച്ച സ്വീകാര്യത പിതാവിന്റെ നിഴൽ പറ്റിയുള്ളതായിരുന്നു. പി.എം ജോൺ സാറിന്റെ മകൻ എന്ന ലേബൽ എന്നും തുണയായിരുന്നതിനാൽ തന്നിലേക്ക് വരുന്ന ഏതൊരു പദവികൾക്കും ആ ബലം ഉണ്ടായിരുന്നു എന്ന് റ്റോണി തുറന്നു പറയുന്നു. ക്നാനായ സമുദായത്തിന്റെ പ്രിയപ്പെട്ട വ്യക്തിത്വം ജോയി ചെമ്മാച്ചേൽ കെ.സി. എസിന്റെ പ്രസിഡന്റായി ചുമതലയേറ്റ സമയത്ത് ഫിലിപ്പ് തൊടുകയിൽ അച്ചനും കൂടി ചേർന്ന് ക്നാനായ യുവജനങ്ങളുടെ ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകുകയും യുവജന വേദിയുടെ കോ – ഓർഡിനേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തു.അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികളെയും അമേരിക്കയിലേക്ക് വരുന്ന യുവജനങ്ങളുടെയും ഏകോപനമായിരുന്നു പ്രധാന ലക്‌ഷ്യം . രണ്ട് വർഷം പ്രവർത്തിച്ച പ്രസ്തുത പദവിയിൽ നിന്ന് അമേരിക്കയിലെ സാമൂഹ്യ, സാമുദായിക പദവിയിലേക്കുളള വളർച്ച കൂടിയായിരുന്നു അത്. അമേരിക്കയുടെ വിവിധ പ്രദേശങ്ങളിൽ യുവജനവേദിയുടെ പ്രവർത്തനങ്ങൾ ഏകീകരിപ്പിച്ചു.
സൗത്ത് വെസ്റ്റ് സബർബിൽ ആദ്യമായി കുർബാന തുടങ്ങിയ സമയത്ത് ഫാ.അബ്രഹാം മുത്തോലത്ത് ഡി ആർ ഇ ആയി പ്രവർത്തിക്കുവാൻ ക്ഷണിച്ചു. റിലിജിയസ് എഡ്യുക്കേഷൻ ഡയറക്ടർ എന്ന പദവി തികച്ചും വ്യത്യസ്തമായ, എന്നാൽ തമ്പുരാൻ തനിക്കായി ഒരുക്കിയ മേഖലയിലേക്കാണ് താൻ വരുന്നതെന്ന് തിരിച്ചറിഞ്ഞ സമയംകൂടിയായിരുന്നു അത്. തുടർന്ന് ഫാമിലി കമ്മീഷൻ മേഖലയിലേക്കും അദ്ദേഹം കൈപിടിച്ചു.ജീവിതത്തിലെ തന്നെ വഴിത്തിരിവായ നിമിഷം .
2004 ൽ അമേരിക്കയിൽ മുത്തോലത്തച്ചൻ ആരംഭിച്ച ഫാമിലി കമ്മീഷനിൽ ആദ്യത്തെ അൽമായ ക്നാനായ റീജിയൺ ചെയർമാനായി നിയമിച്ചു. കോട്ടയം രൂപതയിൽ തന്റെ പിതാവിന് ലഭിച്ച അല്മായ ഫാമിലി കമീഷൻ ചെയർമാൻ പദവി പോലെ അമേരിക്കയിൽ തനിക്കും സമുദായം ഇത്തരമൊരു പദവി നൽകിയത് വലിയ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയും ഇപ്പോഴും ആ പദവിയിൽ തുടരുകയും ചെയ്യുന്നത് ഈശ്വരാനുഗ്രഹവും, ഗുരുത്വവും കൊണ്ടാണെന്ന് ഹൃദയപൂർവ്വം തിരിച്ചറിയുകയാണ് റ്റോണി ജോൺ പുല്ലാപ്പള്ളിൽ .

തുടക്കത്തിൽ ചിക്കാഗോയിൽ മാത്രം ഒതുങ്ങി നിന്ന പ്രവർത്തനങ്ങൾ പിന്നീട് അമേരിക്ക, യൂറോപ്പ് മുഴുവനായും വ്യാപിപ്പിക്കുകയും ചെയ്തു. പ്രീ മാര്യേജ് കോഴ്സുകൾ സന്തുഷ്ടമായ ഒരു കുടുംബനിമിഷം ഒരു നേരത്തെയുള്ള സ്വർഗ്ഗമാണ് എന്ന സങ്കല്പത്തിലേക്ക് വളർത്തിയെടുക്കുവാൻ ഓരോ കുടുംബങ്ങളേയും തയ്യാറെടുക്കുന്ന ഉത്തരവാദിത്വം കൂടിയാണ്. അമേരിക്കയിൽ ജനിച്ചു വളരുന്ന ചെറുപ്പക്കാർക്ക് ഇത്തരം കോഴ്സുകൾ തുടക്കത്തിൽ അല്പം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും അവയെ വിജയപ്രദമാക്കി മാറ്റുവാൻ സാധിക്കുന്നത് തന്റെ കഴിവ് മാത്രമല്ല ജീവിതകാലം മുഴുവൻ സ്നേഹിക്കുകയും, സ്നേഹിക്കപ്പെടേണ്ടതിന്റെ ആവശ്യകത എന്താണെന്ന് മനസിലാക്കൽ കൂടിയാണെന്ന് തിരിച്ചറിഞ്ഞ് ജീവിതത്തെ സ്വീകരിക്കുന്ന പുതിയ തലമുറയെ രൂപപ്പെടുത്താൻ സാധിക്കുന്നത് ജീവിതത്തിലെ നേട്ടമാണെന്ന് റ്റോണി പുല്ലാപ്പള്ളിൽ പറയുന്നു.
കഴിഞ്ഞ പതിനെട്ട് വർഷത്തിനിടയ്ക്ക് ആയരിക്കണക്കിന് ക്ലാസുകൾ നയിക്കുകയും ഏറ്റവും പവിത്രമാണ് കുടുംബം എന്ന വലിയ സത്യം പുതിയ തലമുറയ്ക്ക് മനസിലാക്കി കൊടുക്കുവാനും റ്റോണിക്ക് സാധിച്ചു.ഇപ്പോൾ ഫാ. തോമസ് മുളവനാല്‍ അച്ചന്റെ പിന്തുണയും ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട് . പിതാവിന്റെ സമുദായ സ്നേഹത്തിൽ നിന്ന് പകർന്നു കിട്ടിയ ഈ നാല് വരികൾ തന്റെ ക്ലാസ്സുകളിലെ ജീവശ്വാസമായി ഇപ്പോഴും തുടരുന്നു.

“ക്രൈസ്തവരെന്നു കേട്ടാല –
ഭിമാന പുളകിതമാകുമെൻ അ:ന്തരംഗം
ക്നാനായക്കാരനെന്ന് കേട്ടാലോ
തിളയ്ക്കണം ചോര ഞരമ്പുകളിൽ “

മഹാകവി വള്ളത്തോളിന്റെ വരികളിൽ പിതാവ് വരുത്തിയ മാറ്റം രാജ്യസ്നേഹത്തോടൊപ്പം താൻ ജനിച്ചു വളർന്ന സമുദായത്തോടും സ്നേഹാദരവുകൾ ഉണ്ടാകണമെന്ന വലിയ കാഴ്ചപ്പാട് വ്യക്തി എന്ന നിലയിൽ ഓരോ സമുദായ സ്നേഹിക്കും വലിയ ഉറപ്പും കരുതലുമാണ് നൽകുന്നത്.

സംഘാടക വൈഭവത്തിന്റെ
പകർന്നാട്ടം
സമുദായത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന, ഏവർക്കും പ്രിയങ്കരനായിരുന്ന പി.എം. ജോൺ പുല്ലാപ്പള്ളിയുടെ ഓരോ ചുവടുകളും, പിന്തുടരുക മാത്രമാണ് ഇത് വരെയും ചെയ്തിട്ടുള്ളത്.ഓരോ നിമിഷങ്ങളിലും തന്നിലൂടെ അദ്ദേഹം ജീവിക്കുന്നു എന്ന് റ്റോണി തിരിച്ചറിയുന്നു . ഒരു കുടുംബത്തിന്റെ ശക്തി ഒരു സൈന്യത്തിന്റെ ശക്തി പോലെ പരസ്പരം വിശ്വസ്തതയിൽ ആണെന്ന് തിരിച്ചറിത്ത ഒരു പിതാവിന്റെ മകനായി ജനിച്ചതു തന്നെ മഹാഭാഗ്യമായി കാണുന്നു റ്റോണി ജോൺ പുല്ലാപ്പള്ളിൽ . പിതാവിന്റെ സഹോദരനായ പി എം ജേക്കബ് പുല്ലാപ്പള്ളിൽ പറയുന്ന ഒരു വാചകം റ്റോണി ഓർമ്മിക്കുന്നു . “പിതാവ് മരിക്കുന്നതോടെ അദ്ദേഹത്തിന്റെ പ്രഭാവം അവസാനിക്കുമെങ്കിലും, മക്കളിലൂടെ ആ പിതാവ് ജീവിച്ചിരിക്കും ” എന്ന്. കാരണം പി.എം, ജോൺ പുല്ലാപ്പള്ളിൽ എന്ന വലിയ മനുഷ്യന്റെ അർപ്പണ ബോധം അത്രത്തോളം വലുതായിരുന്നു. ഒരു വ്യക്തിയുടെ ജീവിതം സ്വന്തം സമുദായത്തിന് വേണ്ടി മുഴുവൻ സമയവും ആത്മാർത്ഥതയോടെ സമർപ്പിക്കുവാൻ പലർക്കും കഴിഞ്ഞു എന്ന് വരില്ല. പി എം ജോൺ പുല്ലാപ്പള്ളിൽ ക്നാനായ സഭയ്ക്കും, സമുദായത്തിനും വേണ്ടി രക്തവും വിയർപ്പും നൽകിയ വ്യക്തിത്വമാണെന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നവർക്ക് മനസിലാകും. അദ്ദേഹത്തിന് സമുദായത്തിൽ ലഭിച്ച സ്വീകാര്യത റ്റോണിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ലഭിക്കുന്നു എന്നത് മഹാഭാഗ്യമായി വേണം കരുതാൻ.അവയെല്ലാം ജീവിതത്തിന്റെ കരുത്താക്കി മാറ്റുകയാണ് റ്റോണി എന്ന മകൻ .

ജീവിതമെന്ന തുരുത്തിലെ
അനുഭവ പാഠങ്ങൾ
ജീവിതമൊരു തുരുത്താണെന്നും അവിടുത്തെ ജീവിത യാഥാർത്ഥ്യങ്ങൾ നമ്മെ നന്മയുടെ വഴികളിലേക്ക് തിരിച്ചുവിടാൻ പ്രാപ്തമാക്കുന്ന പ്രക്രിയയാണ് പ്രീമാര്യേജ് കൗൺസിലിംഗ് എന്ന് റ്റോണി പുല്ലാപ്പള്ളിൽ വിലയിരുത്തുന്നു. കാലങ്ങൾ മാറിയാലും കുടുംബം എന്ന മനോഹര സങ്കല്പത്തിന് മാറ്റമൊന്നുമില്ല. തന്റെ പിതാവിൽ നിന്നും പഠിച്ച വലിയ ഒരു പാഠമുണ്ട്. സങ്കീർണ്ണമായ ഈ ലോകത്ത് ജീവിത വിജയം നേടാൻ സമകാലിക ജീവിതത്തെ നോക്കിക്കണ്ടും, സമൂഹത്തെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. സഭ, സമുദായം, രാഷ്ട്രീയം , ജീവിതം എന്നീ നാല് ഘടകങ്ങളെക്കുറിച്ച് ഒരു ക്നാനായ വിശ്വാസിക്ക് അറിവുണ്ടായിരിക്കണം. പിഴവുകൾ നമുക്കെല്ലാവർക്കും ഉണ്ട്. തെറ്റുകളിൽ ഉറച്ചു നിൽക്കാതെ തിരുത്തുവാൻ കഴിയുന്നവനാണ് യഥാർത്ഥ മനുഷ്യൻ.
ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ച് പിതാവ് നൽകിയ ഉൾക്കാഴ്ചകളിൽ അഭിരമിക്കുന്ന ഒരു മകനാണ് താനെന്ന് ഓരോ വാക്കിലും അടിവരയിടുമ്പോൾ പുതുതലമുറയ്ക്ക് ഒരു പരമ്പരാഗത മാതൃകയായി മാറുകയാണ് റ്റോണി പുല്ലാപ്പള്ളിയും. ഷെവലിയർ പി.എം. ജോൺ പുല്ലാപ്പള്ളിയെ പോലെ തന്നെ പ്രഭാഷകൻ, എഴുത്തുകാരൻ, സമുദായ സ്നേഹി , സംഘാടകൻ എന്നീ നിലകളിൽ വെളിച്ചം പകരുന്ന റ്റോണി പുല്ലാപ്പള്ളിൽ ക്നാനായ സമുദായത്തിന്റെയും ഭദ്രമായ കുടുംബ ജീവിതങ്ങളുടെയും കാവൽക്കാരൻ കൂടിയാണ്.

ഔദ്യോഗിക ജീവിതത്തിലെ
സഹായ മാതൃക
തന്റെ പ്രവർത്തന മേഖലകളിൽ ഒരു മഹത്തായ പാരമ്പര്യം പിന്തുടരുന്ന റ്റോണി ജോൺ പുല്ലാപ്പള്ളിൽ ഔദ്യോഗിക ജീവിതത്തിലും അതിന്റെ മറ്റൊരു തലം കൂടി അനുഭവവേദ്യമാക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷമായി അരാമാർക്ക് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ പത്തുവർഷമായി കമ്പനിയുടെ എച്ച് ആർ മേഖലയിൽ ജോലി ചെയ്യുന്നതിനാൽ നിരവധി വ്യക്തികളെ സഹായിക്കുവാൻ സാധിച്ചിട്ടുണ്ട്. നിരവധി മലയാളികൾക്ക് ഈ സ്ഥാപനത്തിൽ ജോലി നൽകുവാൻ സാധിച്ചിട്ടുണ്ട്. നാട്ടിൽ നിന്നും അടുത്ത കാലത്ത് അമേരിക്കയിലേക്ക് വന്ന പലർക്കും ജോലി നൽകി. ഏതാണ്ട് ഇരുന്നൂറിൽപരം മലയാളികൾ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഈ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇരുപത്തിമൂന്ന് മലയാളികൾ ഈ സ്ഥാപനത്തിന്റെ ഭാഗമായി ഉണ്ട്. ഇവരെയെല്ലാം ചേർത്തു നിർത്തുവാൻ സാധിച്ചത് ദൈവാനുഗ്രഹമായി കാണുന്നു എന്ന് അദ്ദേഹം പറയുമ്പോൾ ജീവിതത്തിൽ ഒപ്പം കൂടുന്നവരെ ഹൃദയത്തോട് ചേർക്കണം എന്ന ക്രിസ്തു സാക്ഷ്യത്തിന്റെ പൂർത്തീകരണം കൂടിയാണ് റ്റോണി ജോൺ പുല്ലാപ്പള്ളിൽ എന്ന മനുഷ്യ സ്നേഹിയിൽ കാണുന്നത്.

പിതാവിന്റെ ഹൃദയ സഞ്ചാരപഥങ്ങളിൽ ഒപ്പം ചേർന്ന് ഒരു ചരിത്രകാരന്റെ സത്യസന്ധതയും, ഒരു വാഗ്മിയുടെ വാക്ചാതുര്യവും, സാമൂഹ്യ ചിന്തകന്റെ സൂക്ഷ്മതയും, നിരവധി ജീവിതങ്ങളെ ശരിയായ രീതിയിൽ മുന്നോട്ടു നയിക്കുവാനുള്ള ആർജ്ജവത്വവും നേടിയ റ്റോണി ക്നാനായ സമുദായത്തിനും, പുതു തലമുറയ്ക്കും ഒരു പുസ്തകം കൂടിയാണ്. തലുറകൾ കൈമാറി വന്ന പുസ്തകം.

കുടുംബം,ശക്തി
കുടുംബ ജീവിതത്തിന്റെ രൂപപ്പെടലുകൾ ഒരു സമൂഹത്തിന് പകർന്നു നൽകിയ ഒരു വലിയ മനുഷ്യന്റെ മകനും അതേ രീതിയിൽ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. ഭാര്യ ആൻ (നേഴ്‌സിംഗ്), മകൾ ജസീക്ക ( കോളജ് വിദ്യാർത്ഥിനി) മകൻ നിക്കോളാസ് (പത്താം ക്ലാസ് വിദ്യാർത്ഥി ) സഹോദരങ്ങൾ ജോമോൻ – ബെറ്റ്സി (ഹ്യൂസ്റ്റൺ), ജൂഡ്സി- ഈമോൻ (കാലിഫോർണിയ ), ലിറ്റി – ജിബു (ഹ്യൂസ്റ്റൺ) എന്നിവർ റ്റോണി പുല്ലാപ്പള്ളിയുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി ഒപ്പമുണ്ട്.