അത്രമേൽ പ്രിയപ്പെട്ടൊരാൾ അകന്നുപോകുമ്പോൾ (കവിത -വീണ സിങ്കാരൂസ് )

sponsored advertisements

sponsored advertisements

sponsored advertisements

12 April 2022

അത്രമേൽ പ്രിയപ്പെട്ടൊരാൾ അകന്നുപോകുമ്പോൾ (കവിത -വീണ സിങ്കാരൂസ് )

മുക്ക് അത്രമേൽ പ്രിയപ്പെട്ടൊരാൾ
അകന്നുപോകുമ്പോൾ
എത്രയാഴത്തിലാണ് ഉള്ള്
മുറിയുന്നതെന്നോ?
കാരണങ്ങളേതുമില്ലാതെ
മൗനങ്ങൾ കൊണ്ട് അതിരുകൾ തീർത്ത്
അയാൾ മാറിനിൽക്കുമ്പോഴും
ഇത്രയാഴത്തിൽ ഉള്ള് മുറിഞ്ഞു
ചോര വാർക്കുമെന്നോ
മുറിവുകൾ നങ്കൂരമിടുന്ന നെഞ്ചിലേക്ക്
വീണ്ടും അവഗണനകൾ കൊണ്ട്
അവർ മനപ്പൂർവം ഉപ്പുനീരിറ്റിക്കുമെന്നോ
നോവ് കൊണ്ട് പിടഞ്ഞു
തീരാറായാലും അവരൊന്നെത്തി
നോക്കില്ലെന്നോ
ഒരിക്കലും ഈ വിധം തനിച്ചാക്കുമെന്നോ
നമ്മളോർമ്മിച്ച് കാണില്ല.
സന്തോഷങ്ങളുടെ പങ്കുപറ്റാൻ മാത്രം
കൃത്യമായി അടുത്തുവരികയും
സങ്കടങ്ങളിൽ ഉള്ള് കരിഞ്ഞുപോകുമ്പോൾ
തനിച്ചാക്കി അകലെ പോകുമെന്നറിഞ്ഞിട്ടും
വീണ്ടും വീണ്ടും അവരെ പ്രാണനോട്
ചേർത്തുപിടിച്ച് സ്നേഹിച്ച്
വിഡ്ഢിയായിപ്പോയതോർത്ത്
മറ്റാരും കാണാതെ നെഞ്ച് പൊട്ടിക്കരയും.
ഉള്ള് പുകയുമ്പോൾ പോലും
ഒന്നടുത്തിരുത്തി
ആശ്വസിപ്പിക്കാതെ ഒറ്റപ്പെടുത്തി
വീണ്ടും നോവുകളിലേക്ക് പറഞ്ഞു വിട്ട
മനുഷ്യരെയാണ് നമ്മളിപ്പോഴും
ഇറുങ്ങനെയിങ്ങനെ
ചേർത്തുപിടിക്കാൻ ശ്രമിക്കുന്നതെന്ന്
തിരിച്ചറിയുമ്പോഴും അവരെയൊന്നു
വെറുക്കാൻ പോലും കഴിയാതെ നിസ്സഹായരാകും.
ഒന്നിച്ചു പങ്കിട്ട നിമിഷങ്ങൾ
കൃത്യമായ ഇടവേളകളിൽ
ഓർമകളിലേക്ക് ഇരമ്പിക്കയറിവന്നു
നോവിക്കുമ്പോൾ
കണ്ണിൽ നിന്നൊരു മഹാസമുദ്രമൊഴുകിപ്പരന്നു
കണ്ണിനു മുന്നിലെ ചിന്നിച്ചിതറിയ
കാഴ്ചകളിൽ പോലും നമ്മൾ കാണുന്നത്
അവരുടെ മുഖങ്ങളായിരിക്കും.
നമ്മളെന്തിനാണ് അവരോട് മിണ്ടിയും
സ്നേഹിച്ചും ഇത്രയേറെ ഓർമ്മകളുണ്ടാക്കിയത്
എന്നോർത്ത് സ്വയം ശപിക്കും.
നൊമ്പരങ്ങളുടെ വേരുകളിൽ
പിണഞ്ഞു ശ്വാസംമുട്ടി നമ്മൾ
പിടയുന്നതറിയുമ്പോഴും
പ്രിയപ്പെട്ടവരോട് ചേർന്നുനിന്ന്
അവർ ചിരിക്കുന്നത് കാണുമ്പോൾ
ഭൂമി പിളർന്നു ഏറ്റവുമടിയിലെ
ഗർത്തത്തിലേക്ക് താഴ്ത്തപ്പെട്ടിരുന്നെങ്കിൽ
എന്നാഗ്രഹിക്കും.
ജീവനറ്റ് പോകുമെന്നറിഞ്ഞാൽ പോലും
സഹതാപത്തിന്റെ പേരില്ലെങ്കിലും
അലിവോടെയൊരു വാക്കോ നോക്കോ
പോലും നമുക്കായി തരാതെ
അവരുടെ സന്തോഷങ്ങളിലേക്ക് മാത്രമായി
ഇറങ്ങിപ്പോകുന്ന മനുഷ്യർക്ക്
സ്നേഹത്തിന്റെയോ അലിവിന്റെയോ ഭാഷ വശമില്ലെന്നുറപ്പാകുമ്പോൾ
ഇനിയവരെ കാത്തിരിക്കേണ്ടെന്നുറപ്പിക്കും.
ആത്മാർത്ഥതയുടെ
ഒരു ചെറുകണിക പോലും
നമുക്ക് നേരെ നീട്ടാതിരുന്ന മനുഷ്യരെ
എല്ലാത്തിന്റെയും കാര്യകാരണങ്ങൾ
ബോധിപ്പിച്ച് നിലനിർത്തേണ്ട ബാധ്യത
ഇനിയില്ലെന്നോർക്കുമ്പോൾ
ഹൃദയം കനം കുറഞ്ഞു സ്വസ്ഥമാകും.
ഏറ്റവുമൊടുവിൽ ഏത് നോവിലും
തളർച്ചകളിലും തണലായി ചേർന്നുനിന്നു
നമ്മളെ പ്രിയപ്പെട്ടവരായി ചേർത്തുപിടിക്കുന്ന
മനുഷ്യരിലേക്ക് മാത്രമൊതുങ്ങും.
പുതിയ ഓർമ്മകൾ മുളയ്ക്കും.
പതിയെപ്പതിയെ നോവുകളൊക്കെയും
ആറിത്തണുക്കും.
പൊള്ളിപ്പിടഞ്ഞൊരു കാലത്തിന്റെ
അടയാളപ്പെടുത്തലെന്നോണം
മുറിവിന്റെ ചെറിയ വടുക്കൾ
മാത്രം ബാക്കിയാകും.

വീണ സിങ്കാരൂസ്