പൂച്ചപ്പുലി (കഥ-വീണ)

sponsored advertisements

sponsored advertisements

sponsored advertisements

18 June 2022

പൂച്ചപ്പുലി (കഥ-വീണ)

‘വിജയമോഹിനി മില്ലിന് മുമ്പിൽ നീല ഷർട്ടുമിട്ട് വന്ന് നിൽക്ക് ‘എന്ന മെസ്സേജാണ് അയാൾക്കാദ്യം കിട്ടിയത്. പിങ്ക് റോസ്സാപ്പൂക്കളുള്ള ഒരു പ്രൊഫൈലിൽ നിന്ന്. അയാളാണെങ്കിൽ ഏകാന്തമായ ദിവസങ്ങളെ എങ്ങനെ തള്ളിനീക്കുമെന്നാലോചിച്ച് ആകെ വിഷമത്തിൽ ജീവിച്ചുവരികയായിരുന്നു. പ്രകാശത്തിന്റെ ഒരു കണിക പെട്ടെന്ന് ആ ഇരുളടഞ്ഞ ജീവിതത്തിലേക്കെത്തി നോക്കി. അജ്ഞാത നിർദ്ദേശം അനുസരിക്കാൻ തന്നെ അയാൾ തീരുമാനിച്ചു. അതാരയച്ചതാണെന്ന് തിരഞ്ഞുപോകാൻ തോന്നിയില്ല. കൃത്യം പത്തുമണിക്ക് തന്നെ മില്ലിനടുത്തെത്തി. അതുവഴി കടന്നുപോകുന്ന എല്ലാരെയും സംശയത്തോടെ നോക്കി. കൈകൾ കെട്ടി വയ്ക്കണോ അതോ താഴ്ത്തിയിടണോ എന്നാലോചിച്ചു. ഒടുവിൽ കൈ കെട്ടി തന്നെ നിന്നു. മഞ്ഞയിൽ പച്ചപ്പൂക്കളുള്ള സാരിയുടുത്ത ഒരു സ്ത്രീ അതുവഴി നടന്നുപോയപ്പോൾ അയാളവരെ സംശയത്തോടെ നോക്കി. ആ സ്ത്രീയാവട്ടെ അയാളെ ഒന്ന് നോക്കുകപോലും ചെയ്യാതെ അടുത്തൊരു മുറുക്കാങ്കടയിൽ നിന്നും നാരങ്ങ വാങ്ങി തിരിച്ചുപോയി. ഏകദേശം നാല് മണിക്കൂർ അയാളാ നിൽപ്പ് തുടർന്നു. മില്ലിലേക്ക് പോകുന്ന തൊഴിലാളികൾ അടുത്ത വീടുകളിൽ താമസിക്കുന്നവർ ഒക്കെ തുറിച്ചുനോക്കിക്കൊണ്ട് നടന്നുപോയി. നിന്ന് ക്ഷീണിച്ചപ്പോൾ കുത്തനെയുള്ള തേരിയിറങ്ങി ബസ്സ് സ്റ്റോപ്പിൽ വന്ന് ബസ്സ് പിടിച്ച് വാടകമുറിയിലേക്ക് പോയി. അവിടെ കൂനകൂടി കിടക്കുന്ന പുസ്തകങ്ങൾക്കും മുഷിഞ്ഞ വസ്ത്രങ്ങൾക്കുമിടയിൽ ചുരുണ്ടുകൂടി കിടന്നുറങ്ങിപ്പോയി.
പഴയ ജോലി വിട്ട് പുതിയ ജോലി നോക്കി ഈ സിറ്റിയിൽ എത്തിയതിൽ പിന്നെ അയാളുടെ ജീവിതം ഏറെക്കുറെ എല്ലാദിവസവും ഒരുപോലെ തന്നെയായിരുന്നു. തിങ്കളാഴ്ചകൾ പോലെ തന്നെയായിരുന്നു ബുധനാഴ്ചകളും. പുതിയതായി എന്തെങ്കിലും ചെയ്യാൻ ആ മനസ്സ് വെമ്പി. ഫെയ്‌സ്ബുക്കിലും ഇൻസ്റ്റയിലും പഴയ കൂട്ടുകാരെ തിരഞ്ഞു. പണ്ട് കൂടെ പഠിച്ച ഏതെങ്കിലുമൊരാൾ ഈ നഗരത്തിലുണ്ടാവില്ലേ? കൂടെ പഠിച്ച ഏതാണ്ട് എല്ലാവരുടെയും പേരുകൾ അയാൾ മറന്നുപോയിരുന്നു. അവസാന ബഞ്ചിൽ സദാ തലയും താഴ്ത്തിയിരിക്കുമായിരുന്നയാളെ അവർ ഓർക്കണമെന്നുമില്ലല്ലോ? അങ്ങനെയൊരു പ്രഭാതത്തിലാണ് അയാൾക്ക് ഈ മെസ്സേജ് വന്നത്. ആരോ കളിപ്പിക്കാനായി ചെയ്യുന്നതാണതെന്നു തോന്നിയതേയില്ല. അനുസരണയുള്ള ഒരു നായയെപ്പോലെയായി അന്നേരം. വിജയമോഹിനി മില്ലിന് മുന്നിലെ ചൂടും പൊടിയും തട്ടി ക്ഷീണിതനായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് മെസ്സഞ്ചറിൽ അടുത്ത സന്ദേശമെത്തി. ‘കോവളത്തെ ലൈറ്റ് ഹൗസിനടുത്തുള്ള നടപ്പാതയിൽ വന്ന് നിൽക്കുക. അവിടെയൊരു കോഫീ ഷോപ്പിൽ പോയിരുന്ന് കാപ്പിയൂതിക്കുടിച്ചുകൊണ്ട് അസ്തമയം കാണൂ. കയ്യിലൊരു ഡയറിമിൽക്കുമെടുത്തോ. ‘അയാൾ ആ ആജ്ഞയും അക്ഷരം പ്രതി അനുസരിച്ചു. ഒരു ചോക്കലേറ്റ് വാങ്ങിയിട്ട് വർഷങ്ങളായി. മാർജിൻ ഫ്രീ ഷോപ്പുകളിൽ പോയാൽ മുട്ടായികളിരിക്കുന്ന ഭാഗത്തേക്ക് നോക്കാറേയില്ല. കാലൊന്ന് കടലിൽ മുക്കിയിട്ട് എത്രയോ കാലമായി. നഗരത്തിൽ വന്നിട്ടിത്ര നാളായിട്ടും ഏത് ദിക്കിലാണ് കടലെന്നുപോലും അയാൾ ആരോടും അന്വേഷിക്കാൻ പോയിട്ടില്ല. കടൽത്തീരത്തിലൂടെ നടക്കുമ്പോൾ എവിടെ എന്റെ ഡയറിമിൽക്ക് എന്ന് ചോദിച്ച് ഒരു പെൺകുട്ടി മുന്നിൽ ചാടി വീഴുമെന്ന് പ്രതീക്ഷിച്ചു. കോവളത്തെ കോഫീഹൗസിൽ അസ്തമയം കണ്ടിരുന്ന് അയാൾ കാപ്പി കുടിച്ച് തീർത്തു.
കടൽത്തീരത്തുകൂടെ നടന്നുപോകുന്ന സായിപ്പന്മാരെയും മദാമ്മമാരെയും കണ്ടു. ലൈറ്റ് ഹൗസിലേക്ക് പോകാൻ തിരക്കു കൂട്ടുന്ന ചെറുപ്പക്കാരെ കണ്ടു. കുടുംബങ്ങളെയും കമിതാക്കളെയും ഈയടുത്ത് കല്യാണം കഴിച്ചെന്ന് തോന്നുന്നവരെയും കണ്ടു. ഏറെ നേരം ആരെയോ പ്രതീക്ഷിച്ചെന്നപോലെ ദൂരത്തേയ്ക്ക് നോക്കിയിരുന്നു. പച്ച ചുരിദാറിട്ട് മുടിയൊതുക്കി നടന്നുവന്ന പെൺകുട്ടിയെ സംശയിച്ചു. ഇവൾ തന്നെ. ഇവളിപ്പോൾ വന്ന് സംസാരിക്കും. അയാളുടെ ഹൃദയം വെമ്പി. അവൾ മറ്റാരെയോ കൈ കാണിച്ച് നടന്നുപോയി. അസ്തമയം കണ്ട് തിരിച്ച് മുറിയിലേക്ക് പോയി. ആരോടും പരിഭവമോ വിഷമമോ തോന്നിയില്ല. ഈ ലോകത്തെ അത് എങ്ങനെയോ അത് അതുപോലെ തന്നെ അംഗീകരിക്കാൻ അയാൾ തയാറായിരുന്നു. അയാൾക്ക് വിപ്ലവങ്ങൾ നയിക്കാൻ കഴിയുമായിരുന്നില്ല. കോളേജിൽ സമരം നടക്കുമ്പോൾ അണികളിലൊരാളായി പോലും അയാൾ കൂടിയിരുന്നില്ല. അന്നേരം പതുക്കെ ലൈബ്രറിയിൽ പോയി ഒരു ബുക്കെടുത്ത് മുഖം മറച്ചിരിക്കുകയായിരുന്നു അയാളുടെ രീതി. അയാളങ്ങനെ ഒരുപാട് സ്വപ്നങ്ങളൊന്നും കണ്ടിരുന്നില്ല. പ്രണയിക്കുന്നവരെയും സ്വപ്നങ്ങൾ കാണുന്നവരെയും സമരങ്ങൾ നയിക്കുന്നവരെയും അതിശയത്തോടെ നോക്കിനിൽക്കുമായിരുന്നു. എന്നാൽ തന്നെപ്പോലെ നിശ്ശബ്ദരായി നടന്നുനീങ്ങുന്നവരും ഈ ലോകത്തിന് ആവശ്യമാണ് എന്നൊരു തോന്നൽ അയാൾക്കുണ്ടായിരുന്നു. രാവിലെകളിൽ അയാൾ റൊട്ടിയും ദാൽകറിയുമുണ്ടാക്കി. ചില ദിവസങ്ങളിൽ റൊട്ടിയിൽ പീനട്ട് ബട്ടർ ചേർത്തു കഴിച്ചു. റൊട്ടി മടുത്തില്ല. സംസാരിക്കാൻപോലും ആരുമില്ലാത്തതിനാൽ വിശേഷിച്ച് ദുഃഖമൊന്നും തോന്നിയിരുന്നില്ല. സംസാരിക്കാൻ ആരോരുമില്ലാത്ത ജപ്പാനിലൊക്കെയുള്ളവർ പ്ലാസ്റ്റർ ഓഫ് പാരീസ്സിൽ തീർത്ത പാവകളെ വാങ്ങി വീട്ടിൽ കൊണ്ടുവച്ച് അവരോടൊപ്പമിരുന്ന് ചായ കുടിക്കുകയും മിണ്ടുകയും ചെയ്യുമെന്ന വാർത്ത ആയിടെ അയാൾ ഒരു ഓൺലൈനിൽ നിർവ്വികാരതയോടെ വായിച്ചു തീർത്തു. അടുത്ത മെസ്സേജ് വന്നത് ഒരു മാസം കഴിഞ്ഞാണ്. അയാൾക്ക് ഒരു പുസ്തക പ്രസാധന സ്ഥാപനത്തിൽ പ്രൂഫ് റീഡറായി ജോലി കിട്ടിയിരുന്നു അപ്പോൾ.
ആരൊക്കെയോ എഴുതുന്ന കഥകളിലേയും കവിതകളിലേയും അക്ഷരത്തെറ്റുകളെ ചികഞ്ഞ് ആ പകലുകൾ കടന്നുപോയി. അതെഴുതിയവരെ ഒരിക്കലെങ്കിലും കാണണമെന്ന് അയാൾ ആഗ്രഹിച്ചില്ല. ‘കയ്യിലൊരു ജമന്തിപ്പൂ മാലയും പിടിച്ച് മാതാവിന്റെ പള്ളിക്ക് മുന്നിൽ വന്ന് നിൽക്ക്’ എന്നു മാത്രമായിരുന്നു അടുത്ത മെസ്സേജിൽ. അയാൾ അലക്കി തേച്ച ഉടുപ്പുമിട്ട് നഗരത്തിൽ മാതാവിന്റെ പള്ളി തേടി അലഞ്ഞു നടന്നു. ഒടുവില്‍ വെട്ടുകാട് ഭാഗത്തുള്ള ആ പള്ളി കണ്ടെത്തി. ജമന്തിപ്പൂമാലയും പിടിച്ച് പള്ളിക്കു പുറത്തുവന്നു നിൽക്കുന്ന അയാളെ പള്ളിയിൽ ആരാധനയ്ക്ക് വന്ന സ്ത്രീകളും വൃദ്ധരും തുറിച്ചുനോക്കി. കുട്ടികൾ അതൊരു പ്രതിമയാണോ എന്നറിയാൻ വന്നു നുള്ളി നോക്കി. ‘നുള്ളിയാൽ ചിരിക്കുന്ന പുണ്യാളൻ’ അവരയാൾക്ക് പേരുമിട്ടു. ഏറെനേരം അവിടെ നിന്ന ശേഷം പള്ളിയിലേക്കു നടന്നുപോകുന്ന ഒരു സ്ത്രീയുടെ കയ്യിൽ ജമന്തിപ്പൂമാല കൊടുത്തിട്ട് അവിടെന്നിറങ്ങി നടന്നു.
‘നേർച്ച പറഞ്ഞതാണെങ്കിൽ നിങ്ങൾതന്നെ പോയി ചാർത്തി കൊടുക്കണം’. ആ സ്ത്രീ പുറകിൽനിന്നും വിളിച്ചു പറഞ്ഞത് അയാൾ കേട്ടതുപോലുമില്ല. ജമന്തിപ്പൂവിന്റെ നിറവും മണവും ജനിച്ചിത്ര കാലമായിട്ടും അറിഞ്ഞിരുന്നില്ലല്ലോ എന്നോർത്ത് ജോലിസ്ഥലത്തേക്കു തിരിച്ചുപോയി. ജോലിസ്ഥലത്തും അയാൾ ആർക്കും പിടികൊടുത്തില്ല. കൂടുതൽ വിവരങ്ങൾ ആരും ചോദിക്കാതിരിക്കാനായി അയാളൊരു അതിഗൗരവക്കാരന്റെ മുഖംമൂടിയെടുത്തണിഞ്ഞു.
ഒച്ചുയും ബഹളവും നിറഞ്ഞ ലോകത്തെ അയാൾ മാറിനിന്ന് നോക്കി കണ്ടു. ഇതിനിടെ ഒരു ദിവസം യൂ ട്യൂബിൽ നോക്കി കപ്പൂച്ചിനോ കാപ്പിയുണ്ടാക്കാൻ പഠിച്ചു. അന്നാണ് അടുത്ത സന്ദേശം വരുന്നത്. ‘ഊളമ്പാറ ആശുപത്രിക്ക് മുന്നിൽ വന്നു നിൽക്കൂ. കയ്യിലൊരു മസാലദോശയും എടുത്തോളൂ’ ഊളമ്പാറ ആശുപത്രി എവിടെയാണെന്ന് ഗൂഗിളിൽ നോക്കി കണ്ടുപിടിച്ചു.
ഊളമ്പാറ – ആ പേര് അയാളെ ആകർഷിച്ചു. ഊളന്മാർ കേറി ഓരിയിട്ടിരുന്ന പാറ എന്ന അർഥത്തിലാണോ ആ പേര് വീണതെന്ന് ആലോചിച്ചു. അവിടെയുള്ള മാനസിക രോഗാശുപത്രിയെ കുറിച്ച് മനസ്സിലാക്കി. അടഞ്ഞുകിടക്കുന്ന കാവൽക്കാരുള്ള ആ ആശുപത്രി ഗേറ്റിനു മുന്നിൽ അയാളന്ന് ഏറെ നേരം കാത്തുനിന്നു. നരച്ച ഒരു വൈകുന്നേരമായിരുന്നു അന്നത്തേത്. ചായയും കഞ്ഞിയും വാങ്ങി ചില രോഗികളെ കാണാൻ ആരൊക്കെയോ അകത്തേക്ക് കയറി പോകുന്നുണ്ട്. മനസ്സിന് കേട് വന്നവരെ അടച്ചിടണമെങ്കിൽ ഈ ലോകത്തുള്ള മുഴുവനാളുകളെയും പിടിച്ചകത്തിടണ്ടേ? അയാളങ്ങനെ ചിന്തിച്ചു. ഏറെ നേരം കാത്ത് നിന്ന് കാല് കഴച്ചിട്ടും മടുപ്പു തോന്നിയില്ല. പതുക്കെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. അവിടെയൊരു ഭിക്ഷക്കാരൻ ഈ ലോകത്തെ കുറിച്ച് വളരെ ശോകാർദ്രമായ രാഗത്തിൽ ഒരു പാട്ട് പാടികൊണ്ടിരുന്നു. ‘വല്ലതും കഴിച്ചതാണോ?’ മസാലദോശയുടെ പൊതി ഭിക്ഷക്കാരന് നീട്ടിക്കൊണ്ട് ഈ ലോകത്തെ ഏറ്റവും മനോഹരമെന്ന് അയാൾ വിശ്വസിക്കുന്ന ചോദ്യമെറിഞ്ഞു. അത് കേട്ടപ്പോൾ ആ കണ്ണുകളിൽ അസാധാരണമായ ഒരു തിളക്കം കാണാമായിരുന്നു. മുടി പാറി പറന്നിരുന്നു. ചുണ്ടും കാലുകളും വെടിച്ചിരുന്നു. ഭിക്ഷക്കാരന്‍ പൊതി തുറന്ന് തിന്നാൻ തുടങ്ങി. അയാൾക്കാരെങ്കിലും സ്‌നേഹത്തോടെ ഒരു പൊതി കൊടുത്തിട്ട് ഏറെ നാളായെന്ന് ആർത്തി കണ്ടാലറിയാം. പെട്ടെന്ന് എവിടെ നിന്നോ ഓടി വന്ന സുന്ദരിയായ ഒരു സ്ത്രീ അയാളെ കെട്ടിപ്പിടിച്ചിരുന്നു. ‘എന്നെ വിട്…. എനിക്ക് തിന്നണം’ അയാൾ മസാലദോശ ആർത്തിയോടെ തിന്നാൻ തുടങ്ങി. ‘എനിക്ക് നിങ്ങളെ സ്‌നേഹിക്കണം’. വൃത്തിയായി വേഷം ധരിച്ച സ്ത്രീ അയാളെ വീണ്ടും കെട്ടിപ്പിടിച്ചു. അപ്പോഴങ്ങോട്ട് പാഞ്ഞുവന്ന കാറിൽ നിന്നുമൊരു ചെറുപ്പക്കാരനും കുട്ടിയും അവിടെ വന്നിറങ്ങി. ‘സരിതാ’ കരയുന്നപോലെ അയാൾ ചെറുപ്പക്കാരിയുടെ അടുത്തുപോയി മുട്ടുകുത്തി നിന്നു.
”വാ… വന്ന് വണ്ടീ കേറ്.”
”അമ്മാ… വാ… വീട്ടീ പോകാം”
കുട്ടി പേടിച്ച് കരഞ്ഞുതുടങ്ങിയിരുന്നു. ചെറുപ്പക്കാരി അവരെ അപരിചിതരെ പോലെ നോക്കി. ‘നീ ഒന്ന് പെട്ടെന്ന് പോ എനിക്കിതൊന്ന് തിന്ന് തീർക്കണം’ ഭിക്ഷക്കാരൻ ചെറുപ്പക്കാരിയെ കുടഞ്ഞെറിഞ്ഞു. ഭർത്താവും മകനും ഡ്രൈവറും കൂടെ ബലം പ്രയോഗിച്ച് അവരെ കാറിൽ വലിച്ചുകേറ്റി. അപ്പോഴേക്കും അയാൾക്ക് പോകാനുള്ള ബസ്സ് വന്നു. വല്ലപ്പോഴും മാത്രമേ ആ റൂട്ടിൽ ബസ്സുള്ളൂ. കൈ കാട്ടി നിർത്തി അതിൽ കയറിയിരുന്നപ്പോഴും ഭിക്ഷക്കാരൻ മസാലദോശ ആസ്വദിച്ച് കഴിക്കുന്നേയുള്ളു. അന്നത്തെ ആ സംഭവം അയാളെ വല്ലാതെ പിടിച്ചുലച്ചു. ഈ ലോകത്തിലെ ഒന്നും തന്നെ ബാധിക്കില്ല എന്നായിരുന്നു അതുവരെയുമുള്ള ചിന്ത.
മാസങ്ങൾ കടന്നുപോയി. ഇതിനിടെ അയാൾക്ക് നിരവധി മെസ്സേജുകൾ വിചിത്രമായ നിർദ്ദേശങ്ങളുമായി വന്നുകൊണ്ടിരുന്നു. മരപ്പാലത്തിനടുത്ത് ഒരു ദിവസം ഏറെനേരം നിന്നപ്പോൾ ചില ചെറുപ്പക്കാർ അയാളെ വന്നു വളഞ്ഞു.
”എന്താണിവിടെ? കണ്ടു പരിചയമില്ലല്ലോ? ആരെയെങ്കിലും കാത്തുനിൽക്കുകയാണോ?” അയാൾ ഒന്നും മിണ്ടാതെ പരുങ്ങി.
”എന്താ നിന്റെ കയ്യിൽ?” ഒരാൾ കയ്യിലെ പൊതി പിടിച്ചുവാങ്ങി. പ്രത്യേകിച്ച് ബലപ്രയോഗമൊന്നും വേണ്ടിവന്നില്ല. ഒന്നു തൊട്ടതേയുള്ളു. പൊതി അവരുടെ കയ്യിലായി. അവരത് തുറന്നു. അലുവയും മിക്‌സ്ചറും കപ്പപ്പഴവും കണ്ട് അവർ പൊട്ടിച്ചിരിച്ചു.
”നീ ആര്‌ടെ വയറു കാണാൻ പോകുന്നെടാ? അതോ കുപ്പി പൊട്ടിക്കാനോ?” അവരയാളുടെ കഴുത്തിന് കുത്തി പിടിച്ചു.
”പറയെടാ… നീ പൊട്ടനാണോ?” അവര്‍ തലയ്ക്കിട്ട് കൊട്ടി. അതുവഴി നടന്നുപോയ ചിലർ വന്നിടപെട്ടതുകൊണ്ട് മാത്രം അവിടെനിന്നും രക്ഷപെട്ടു.
അടുത്ത ആഴ്ച വന്ന മെസ്സേജ് പേപ്പാറയ്ക്കടുത്തുള്ള ഒരു കല്യാണ വീട്ടിൽ സമ്മാനപ്പൊതിയുമായി പോകാനായിരുന്നു. അയാളൊരു കല്യാണം കൂടിയിട്ട് വർഷങ്ങളായിരുന്നു. ഉള്ളതിൽ നല്ല നിറമുള്ള ഒരു ഷർട്ടുമിട്ട് കുറച്ച് നേരത്തേ തന്നെ പുറപ്പെട്ടു. കല്യാണ വീട്ടിൽ ആർക്കുമയാളെ അറിഞ്ഞുകൂടായിരുന്നു. അയാൾക്കുമാരെയും അറിയില്ല.
അയാളെ കണ്ട് അച്ഛൻ ക്ഷണിച്ച് വന്നയാളാണെന്ന് അമ്മയും അമ്മ ക്ഷണിച്ചുവന്നതാവുമെന്ന് മകനും ചേട്ടന്റെ പരിചയക്കാരനാവുമെന്ന് കല്യാണചെക്കനും കരുതി. അയാൾ കുറേ നേരം സമ്മാനവും പിടിച്ച് പന്തലിന് പുറത്തുതന്നെ നിന്നു. കുറേക്കഴിഞ്ഞ് ഒരു കാരണവർ വന്നയാളെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുപോയി. ”വരൂ പെണ്ണിനേം ചെറുക്കനേം അടുത്ത് കാണണ്ടേ?”
സ്റ്റേജിൽ കയറിയ അയാളോട് ഫോട്ടോഗ്രാഫർ ചിരിച്ച് നിൽക്കാൻ കൽപ്പിച്ചു. ചുണ്ടിൽ ഒരു വരാത്ത ചിരി കൊളുത്തി കൊടുത്ത സമ്മാനപ്പൊതി ചെറുക്കന്റെ അമ്മായി ഉള്ളിലെന്താണെന്നറിയാനുള്ള ആർത്തിയിൽ അകത്തെ മുറിയിലേക്കെടുത്ത് കൊണ്ടുപോയി തുറന്ന് നോക്കി. തൊട്ടപ്പോൾ നല്ല പരുപരുപ്പ്. ആ പൊതി അവർ മുഴുവനായി തന്നെ തുറന്നു. നല്ല വലുപ്പമുള്ള റോസ് കരടിക്കുട്ടിയെ കണ്ട് കല്യാണവീട്ടിലെ പെണ്ണുങ്ങൾ ചിരിച്ചുമറിഞ്ഞു.
അയാളപ്പോൾ പന്തിയിലിരുന്ന് കോഴിക്കറിയിൽ പൊറോട്ട മുക്കി തിന്നുകയായിരുന്നു.
”കറിക്ക് എരിവ് കൂടിയോ?” വിളമ്പുകാരിലൊരാൾ ചോദിച്ചെങ്കിലും അയാളൊന്നും പറയാതെ കല്യാണവേദിയിലെ പാട്ടും ഡാൻസും കണ്ടിരുന്നു. ആരോടും യാത്രപറയാതെ അവിടന്നിറങ്ങി. ഒരാഴ്ച കഴിഞ്ഞ് കല്യാണ ആൽബം കിട്ടിയപ്പോൾ നീലഷർട്ടിട്ട് ചിരിക്കാതെ നിൽക്കുന്ന അയാളെ നോക്കി ”ഇതാരാ?” എന്ന് പുതുപ്പെണ്ണും ചെറുക്കനും വീട്ടുകാരും പരസ്പരം ചോദിച്ചു. അയാളാകട്ടെ ”ഷിബു വെഡ്‌സ് രേശ്മ” എന്നെഴുതിയ പ്രാവുകളുടെ പടമുള്ള ”ബെസ്റ്റ് വിഷസ്” കാർഡ് വാടകമുറിയിലെ നരച്ച ചുവരിൽ ഒട്ടിച്ചുവച്ചു. ഇരുണ്ട മുറിയിൽ ആ കാർഡ് ഒരു അലങ്കാരവസ്തുപോലെ പ്രകാശം ചൊരിഞ്ഞു. വൈകുന്നേരങ്ങളിൽ കട്ടിലിൽ ആ കാർഡ് നോക്കി കിടന്നു. പിന്നീടേറെ നാൾ അയാൾക്ക് മെസ്സേജ് വന്നതേയില്ല. വർഷത്തിന്റെ അവസാന രാത്രി. അന്നാണ് പിന്നെ അയാളെ തേടി ഒരു മെസ്സേജ് വന്നത്.
ലോകം മുഴുവനും ആഘോഷങ്ങളിൽ മുഴുകിയിരിക്കുകയാണ്. പ്രത്യേക ഭക്ഷണം കഴിച്ചും പ്രിയപ്പെട്ടവരോടൊപ്പമിരുന്നും ആളുകൾ പുതിയ വർഷത്തെ വരവേൽക്കുമ്പോൾ അയാൾ ഏതൊരു സാധാരണ ദിവസത്തേയും പോലെ തട്ടുദോശ കഴിച്ചിട്ട് കാലു കഴുകി നേരത്തേ ഉറങ്ങാൻ കിടന്നു. അടുത്ത മുറികളിലാരോ ”ഹാപ്പി ന്യൂ ഇയർ” എന്ന് ഉറക്കെ അലറി വിളിക്കുന്നതുകേട്ട് ഞെട്ടിയുണർന്ന് ലൈറ്റിട്ടു. എന്തൊക്കെയോ ബഹളങ്ങൾ തനിക്കുചുറ്റും വട്ടമിട്ടു പറക്കുന്നതയാൾ അറിഞ്ഞു. ക്ലോക്കിൽ നോക്കി. പന്ത്രണ്ടുമണി. വെറുതേയെങ്കിലും ആ പാതിരാത്രിയിൽ ഫോണെടുത്തു നോക്കി. ഒരേയൊരു സന്ദേശം അയാളെ കാത്തിരുന്നു.
”നല്ല നിറമുള്ള ഉടുപ്പിട്ട് പാളയം ചന്തയിൽ വാ. ഞാൻ ശരിക്കും നാളെയവിടെ പ്രത്യക്ഷപ്പെടും. വന്നില്ലെങ്കിൽ നിന്നെ പുലിപിടിക്കും. ഹാപ്പി ന്യൂ ഇയർ”
അന്നാദ്യമായി അയാൾ മെസ്സേജിന് മറുപടി കൊടുത്തു. ”വേണ്ട വരരുതേ പ്ലീസ്. കാത്തുനിൽക്കുന്നതും പുലിപിടിക്കുന്നതുമാണ് എനിക്കിഷ്ടം”
പുറത്ത് ആരൊക്കെയോ പാടുന്ന പാട്ടുകൾ ആ മുറിയിൽ ഒലിച്ചിറങ്ങി. ഓർമ്മകൾ പുലികളേയും പൂച്ചകളേയും പോലെ ബെഡ്‌ലാമ്പിലും പൊടി തൂത്ത കർട്ടനിലും വലിഞ്ഞു കേറി.
അന്നുവരെ കാത്തുനിന്നിട്ടും തോന്നാത്ത വേദന കണ്ണിനും കാലിനും തോന്നി. അയാൾ പതിവായി തൊഴിലിടത്തേക്ക് പോകുമ്പോൾ ബോബ് ചെയ്ത ഒരമ്മൂമ്മ വെള്ളമുടിയുള്ള ഒരു പൂച്ചയെ തലോടുന്നത് കാണുമായിരുന്നു. ആ നഗരത്തിൽ പുലികളില്ല എന്നയാൾക്ക് അറിയാമായിരുന്നു. എന്നാൽ പൂച്ചകൾ വലുതായി പുലികളായി തീരുമോ എന്നയാൾ വെറുതെയെങ്കിലും ചിന്തിച്ചു. അങ്ങനെയെങ്കിൽ വീടുകളിൽ ആളുകൾ താലോലിച്ചു പാലുകൊടുത്ത് വളർത്തുന്ന പൂച്ചകളെല്ലാം പെട്ടെന്നൊരുനാൾ വളർന്ന് പുലികളായി ഈ നഗരത്തിലിറങ്ങുമോ? ലോകം മുഴുവനും പുതിയ വർഷത്തെ നൃത്തം ചവിട്ടി ആഘോഷിക്കുന്ന ആ സമയത്ത് ”പുലി പിടിച്ചേ” എന്നലറിവിളിച്ചുകൊണ്ട് അയാൾ നരച്ച ആ ലോഡ്ജിന്റെ വരാന്തയിലൂടെ നഗരത്തിന്റെ ഇരുട്ടിലേക്കോടി.

വീണ