അനിൽ പെണ്ണുക്കര
രാവിലെ ചായകൊടുക്കാൻ അച്ഛൻ്റെ മുറിയിലേക്ക് കയറിയ എൻ്റെ മകൾ കണ്ടത് പത്രം വായിച്ച് കണ്ണ് നിറഞ്ഞിരിക്കുന്ന അപ്പൂപ്പനെയാണ്.
അച്ഛാ എന്തു പറ്റി?
(കൊച്ചു മക്കൾ അപ്പൂപ്പാ എന്ന് വിളിക്കുന്നത് അച്ഛന് ഇഷ്ടമല്ല. വയസനായി എന്ന് തോന്നും പോലും)
” ദേ.. നോക്കിക്കെ ..”
മകൾ പത്രത്തിലേക്ക് നോക്കി.
” അനിൽ കാന്ത് ഡി ജി പി .. കണ്ടോ..”
“അതിനാണോ കണ്ണു നിറഞ്ഞത്. ”
” നേരെ ചൊവ്വെ പഠിച്ചിരുന്നെങ്കിൽ നിൻ്റെ പപ്പ ഇപ്പോൾ ഈ സ്ഥാനത്തിരിക്കേണ്ടതായിരുന്നു.”
“ങ്ങേ .. അതൊരു പുതിയ അറിവാണല്ലോ .. ”
മകൾ ഓടി എൻ്റെ അടുത്ത് വന്ന് വിവരം പറഞ്ഞു.
സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി.അനിൽ എന്ന് പേരുള്ള ഒരാൾ ഡി ജി പിയായി. അത്രേയുളളു. നല്ല പദവിയിലൊക്കെ നമ്മുടെ പേരുള്ള ആരെങ്കിലും വന്നാൽ രക്ഷകർത്താക്കൾ സ്ഥിരം പറയാറുണ്ട്.
” ഇവിടേം ഉണ്ട് ഒരുത്തൻ / ഒരുത്തി “. ഇത്തരം അപമാനിക്കൽ പല തവണ കേട്ടതാണെങ്കിലും അനിൽ കാന്തിൻ്റെ ഡി.ജി.പി സ്ഥാനവും എന്നെയും ചേർത്ത് ചിന്തിച്ചതിൽ എന്താവും കാര്യമെന്ന് ചിന്തിച്ചു ..
അപ്പോഴാണ് ഗുട്ടൻസ് പിടി കിട്ടിയത്.
ചെറുപ്പകാലത്ത് ,എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അച്ഛനും അമ്മയുമൊക്കെ സ്വന്തം മക്കളോട് ചില ബെടക്ക് ചോദ്യങ്ങൾ ചോദിക്കും.
” വലുതാകുമ്പോൾ ആരാകാനാണ് ഇഷ്ടം ”
യാതൊരു ഉളുപ്പുമില്ലാതെ നമ്മളെല്ലാവരും വിളിച്ചു പറഞ്ഞിട്ടുണ്ടാവും
ഡോക്ടർ
ഇൻസ്പെക്ടർ
പൈലറ്റ്
ടീച്ചർ
ഡോക്ടറും, ഇൻസ്പെക്ടറും, പൈലറ്റും പറയാത്തവർ ചുരുക്കമാകും.. പഴയ ഐ വി ശശി സിനിമയും മറ്റും കണ്ട പ്രചോദനത്തിലോ, എല്ലാവരെയും ഇടിക്കാനുള്ള ലൈസൻസ് ഉള്ളതിലോ ആവാം ” ഭാവിയിൽ എന്താകണം ” എന്ന അച്ഛൻ ചോദ്യത്തിന് ” ഇൻസ്പെക്ടർ എന്ന ഉത്തരം നൽകിയത്. ദേ.. ഇപ്പോൾ അനിൽ കാന്ത് ഡി ജി പി ആയപ്പോൾ എന്നെ ആ സ്ഥാനത്ത് കണ്ടതിൽ യാതൊരു തെറ്റുമില്ല. അച്ഛൻ വിചാരിച്ചു കാണും ഇൻസ്പെക്ടർ മൂത്ത് ഇപ്പോൾ ഞാൻ ഡി ജി പി ആയേനെ എന്ന് ..
പണ്ട് ഒരു രസത്തിന് ഇൻസ്പെക്ടർ എന്നൊക്കെ പറഞ്ഞുവെങ്കിലും തിരിച്ചറിവായ കാലം മുതൽ പോലീസിനെ പേടിയാണ്. ജംഗ്ഷനിൽ വൈകിട്ട് വായിനോക്കി നിൽക്കുമ്പോൾ എത്രയോ തവണ പോലീസിനെ കണ്ട് ഓടിയിരിക്കുന്നു. പാസ്പോർട്ടിൻ്റെ വെരിഫിക്കേഷന് പോലീസ് വീട്ടിൽ വന്നപ്പോഴും മുട്ട് വിറച്ചു.
പത്രപ്രവർത്തകനായി ജോലി തുടങ്ങിയ കാലത്ത് പോലീസ് തന്നെ എൻ്റെ പേടി മാറ്റിത്തന്നു. അന്നാണ് മനസിലായത് പോലീസുകാർക്ക് പേടിയുള്ള വർഗ്ഗമാണ് പത്രക്കാരെന്ന് … അതിൻ്റെ ഒരഹങ്കാരം അന്നുണ്ടായിരിന്നു എങ്കിലും വഴിയിൽ പോലീസ് കൈകാണിച്ചാൽ ഒരു അങ്കലാപ്പ് ആണ്.
ഡി ജി പി ഒന്നും ആയില്ലങ്കിലും പത്രപ്രവർത്തകൻ ആയതിൽ അഭിമാനിക്കുന്നു. പത്രപ്രവർത്തകനാകണം എന്ന ആഗ്രഹം എന്നാണ് മനസിൽ ഉദിച്ചത് എന്ന് ചോദിച്ചാൽ ഏറ്റവും പ്രിയപ്പെട്ട സഹപാഠി പ്രസ് അക്കാദമിയിൽ ജേർണലിസത്തിന് ചേർന്നപ്പോൾ തോന്നിയ ഒരാഗ്രഹം .. അത്രേയുള്ളു..
ഒരു രസം കൂടി പറയാം.
അന്ന് അച്ഛൻ ഞങ്ങൾ മക്കളോട് ഭാവിയിൽ എന്താകണം എന്ന് എന്നോട് ചോദിച്ചതു പോലെ എൻ്റെ സഹോദരിമാരോടും ചോദിച്ചു.
ഏറ്റവും ഇളയ സഹോദരി ചെറിയ കുട്ടിയായതിനാൽ അവളോട് ചോദ്യം ഇല്ലായിരുന്നു.(അല്ലങ്കിലും ഇളയ കുട്ടികൾ എല്ലാ കഥയിലും കുഞ്ഞ് ആയിരിക്കുമല്ലോ..)
രണ്ടാമത്തെ സഹോദരിയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു.
“എനിക്ക് ടീച്ചറാകണം”..
എൻ്റെ നേരെ താഴെയുള്ള സഹോദരിയോടായി പിന്നീട് ചോദ്യം ..
“നിനക്ക് ഭാവിയിൽ ആരാകണം”
അവൾ പെട്ടന്ന് ഉത്തരം പറഞ്ഞു.
“എനിക്ക് ഭാവിയിൽ ഒരു
അമ്മയായാൽ മതി”
സത്യം പറയാമല്ലോ.. ആ ആഗ്രഹം ആദ്യം സാധിച്ച വ്യക്തിയും അവളായിരുന്നു. ഞങ്ങൾ എല്ലാവരും കൂടുമ്പോഴൊക്കെ ഇക്കാര്യം പറഞ്ഞ് ചിരിക്കുമ്പോൾ അവൾ പറയും..
“നിങ്ങൾ പറഞ്ഞതൊന്നും നിങ്ങൾക്ക് ആകാൻ പറ്റിയില്ലല്ലോ .. എന്ന് ”
ചെറുപ്പകാലത്ത് ഇങ്ങനെ വീരവാദം മുഴക്കിയവർ എത്ര പേരുണ്ടാകും
അന്നെന്താകാൻ ആഗ്രഹിച്ചു.
ഇപ്പോൾ എന്തായി…
ആ…
എന്തരോ എന്തോ…