സർജിക്കൽ ഗൗണിലെ താമരപ്പൂവിന്റെ മണം (മിനി വിശ്വനാഥൻ)

sponsored advertisements

sponsored advertisements

sponsored advertisements

17 February 2022

സർജിക്കൽ ഗൗണിലെ താമരപ്പൂവിന്റെ മണം (മിനി വിശ്വനാഥൻ)

മുക്കല്പം കൂടി ബ്ലഡ് കയറ്റിയാലോ ചേച്ചീ” എന്ന് പറഞ്ഞു കൊണ്ട് നേഴ്സ് റൂമിലേക്ക് വന്നപ്പോഴാണ് സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വന്നത്. ആശുപത്രിക്കിടക്കയിൽ അത്രയും സുഖമായൊറുക്കം പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല ഞാൻ. പാതിരാവിലൊരിക്കൽ അവൾ എന്റെ സമിപം വന്നിരുന്നത്രെ ! “അപ്പോൾ ചേച്ചി ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങുകയായിരുന്നെന്ന് ” പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ കൗച്ചിലേക്ക് നീണ്ടു. അവിടം ശൂന്യമായിരുന്നെങ്കിലും ഊദിന്റെ നേർത്ത മണം അപ്പോഴും എന്നെ വിട്ടു പോയിരുന്നില്ല.

നേരം പുലരുന്നതിന് മുൻപേ തന്നെ ഭക്ഷണമെത്തി. ദാരിദ്ര്യവും അനാഥത്വവും നിസ്സഹായതയും ചേർന്ന്
വിളറി മെലിയിപ്പിച്ച ഒരു പെൺകുട്ടിയായിരുന്നു കാറ്ററിങ്ങ് സ്റ്റാഫ് . അവൾ സാവധാനം ട്രേയിൽ നിന്ന് ഭക്ഷണ പാത്രങ്ങൾ എന്റെ മുന്നിലെ മേശമേൽ
വച്ചു. ഉപ്പില്ലാത്ത സൂപ്പും ബ്രൗൺ ബ്രഡും ഇലവർഗങ്ങളുമാണ് മെനുവെന്ന് കണ്ടപ്പോൾ ഞാൻ മുഖം വീർപ്പിച്ചു വാശി പിടിച്ചു. ഇന്ന് മുഴുവൻ ദിവസത്തേക്കും ഇതാണ് ഭക്ഷണമെന്നും ആറ് മണി കഴിഞ്ഞാൽ സർജറി കഴിയുന്നത് വരെ വെളളം പോലും കുടിക്കാൻ പറ്റില്ലെന്നും ശാസനാ സ്വരത്തിൽ അവർ മുന്നറിയിപ്പ് നൽകി. എന്നിട്ടും ഇടന്തിരിഞ്ഞിരിക്കുന്ന എനിക്ക് കുരുമുളക് പൊടിക്കൊപ്പം അല്പം ഉപ്പും കൂടി ഔദാര്യമായി സൂപ്പിൽ ചേർത്ത് തന്ന് നിർബന്ധിച്ച് കഴിപ്പിച്ചു. അവരുടെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ട് കൂടി ചെറുനാരങ്ങ മണമുള്ള വെറ്റ് ടിഷ്യു കൊണ്ട് എന്റെ കഴുത്തും മുഖവും തുടച്ച് തന്ന് ഉണർവ്വിലേക്ക് കൈപിടിച്ച് കയറ്റി. ആറ് മണിക്കുമുന്നേ ഒരു കപ്പ് ഇന്ത്യൻ കോഫി കൂടി കൊണ്ടു തരാമെന്ന് വാഗ്ദാനം നൽകി.

ഇനി ബ്ലഡ് തീരുന്നതു വരെ കൈ അനക്കരുത് എന്ന് നിർദ്ദേശിച്ച് റൂമിൽ നിന്ന് പുറത്തിറങ്ങി. അതിനു മുൻപ് അവൾ ജനാലക്കർട്ടനുകൾ വലിച്ച് തുറന്നിരുന്നു. പുറത്ത് ഇരുട്ടു മാറിയിരുന്നില്ലെങ്കിലും തെരുവിൽ നിന്നുള്ള നിയോൺ വെളിച്ചം എനിക്ക് കൂട്ടായി മുറിയിലേക്ക് കടന്നുവന്നു.

പണ്ട് പനിക്കിടക്കക്കരുകിൽ
പൊടിയരിക്കഞ്ഞിയിൽ ചുട്ടതേങ്ങയും കുരുമുളകും ചേർത്തരച്ച ചമ്മന്തി ചേർത്ത് കോരിത്തരുന്ന അമ്മയെ പെട്ടെന്ന് ഓർമ്മ വന്നു ഉള്ള് പൊള്ളി. കഴിഞ്ഞ ഏതോ ജന്മത്തിൽ ഞാനൊരു ഇന്തോനേഷ്യക്കാരിയായിരുന്നിരിക്കും. അപ്പോൾ ഞാൻ ഈ പെൺകുട്ടിക്ക് സ്നേഹിച്ചും ശാസിച്ചും ഭക്ഷണം കോരിക്കൊടുത്തിരിക്കണം. മുടി കോതിയൊതുക്കിയിട്ടുണ്ടാവണം. അല്ലാതെ ഇത്ര മേൽ സ്നേഹത്തോടെയും വാത്സല്യത്തോടെയും അവൾ എന്തിനാണ് എന്റെ വയറ് നിറപ്പിച്ചത് ! ജന്മാന്തരങ്ങളിലെ കടം വീടുകയായിരിക്കണം ഞങ്ങൾ പരസ്പരം ! (ഓർമ്മകളിൽ നിന്ന് ഇന്നും പേരറിയാത്ത ആ മുഖം മാഞ്ഞ് പോയിട്ടുമില്ല.)

ഉച്ചക്ക് രണ്ടു മണിക്കാണ് സർജറിയെന്നും ഇനി വെള്ളം കുടിക്കാൻ പാടില്ലെന്നും പറഞ്ഞു ഒരു ഗ്ലാസ് കോഫിയുമായി നേഴ്സ് വന്നു, അവളുടെ ഡ്യൂട്ടി കഴിഞ്ഞുവെന്നും ഇന്ന് രാത്രി ഓഫ് ആണെന്നും പറഞ്ഞ് എന്റെ കൈവിരലിൽ മൃദുവായി തടവി അവൾ യാത്ര പറഞ്ഞു. വീട്ടിൽ ഒന്നര വയസായ കുഞ്ഞ് അവളെ കാത്തിരിക്കുന്നുണ്ട്. അവൾ എത്തിയിട്ട് വേണം അച്ചായന് ജോലിക്ക് പോവാനെന്നും , ഇന്നു പകലും ഉറക്കമൊന്നുമുണ്ടാവില്ലെന്നും അവൾ പറയുമ്പോൾ എന്റെ നെഞ്ചിലും കുഞ്ഞുങ്ങളുടെ കുസൃതിച്ചിരി നിറഞ്ഞു.

ബ്ലഡ് തീരാനായിരുന്നു. ആവശ്യത്തിന് പുത്തൻ രക്തം ശരീരത്തിലെത്തിയെങ്കിലും ക്ഷീണം തീർന്നിരുന്നില്ല. അതുകൊണ്ടാണോ എന്നറിയില്ല ,
ബ്ലഡ് മാറിയെങ്കിലും ഡ്രിപ്പിൽ മറ്റൊരു ബോട്ടിൽ മരുന്ന് സ്ഥാനം പിടിച്ചു. പക്ഷേ അത് ഇടത്തെ കൈയുടെ വെയിനിന് തീരെ ഇഷ്ടമായില്ല. അത് നിസ്സഹകരിച്ച് വേദനിപ്പിച്ച് തുടങ്ങിയപ്പോൾ ഞാൻ കാളിങ്ങ് ബെൽ അമർത്തിപ്പിടിച്ചു. പുതിയ ഒരു മെയിൽ നേഴ്സ് ഓടി വന്ന് ഇടതു കൈയെ സ്വന്തന്ത്രമാക്കി വലതു കൈയിൽ കാനുലയും നിഡിലും കുത്തിയിറക്കി. എന്റെ കണ്ണ് നിറഞ്ഞു വരുന്നത് കണ്ടപ്പോൾ കൈപ്പത്തി നിവർത്തി വെച്ച് മൃദുവായി തലോടി. ആ വിരലുകളുടെ തണുപ്പിൽ എന്റെ വേദനയും സങ്കടവും അലിഞ്ഞു പോയി.

പെട്ടെന്ന് ഞാനില്ലാത്ത എന്റെ വീട് ഓർമ്മയിൽ വന്നു. പാത്രങ്ങളുടെ കല പില ശബ്ദങ്ങളില്ലാതെ ശൂന്യമായ അടുക്കളയും സിങ്കും ഇന്നൊരു ദിവസം സുഖമായി വിശ്രമിച്ചുറങ്ങട്ടെ! ഈ കഴിഞ്ഞ കാലമത്രയും അവർക്കൊപ്പം ഞാനും ഓടുകയായിരുന്നെന്ന് മറന്നു
കൊണ്ട് ഞാൻ വീണ്ടും നീണ്ടു നിവർന്നു കിടന്നു സ്വപ്നങ്ങളെ ആവാഹിച്ചു കൊണ്ട് കണ്ണുകളടച്ചു.

മഞ്ഞ നിറമുള്ള ഡാലിയാ പൂക്കൾ വിടർന്നു പുതുഗന്ധം പടർത്തി നിൽക്കുന്ന വയനാട്ടിലെ റോഡരികിലൂടെ ഡാഡിയുടെ കൈയും പിടിച്ച് നടന്ന് നടന്ന് അപ്പൂപ്പൻ മഹാഗണിയുടെ അടുത്തെത്തിയപ്പോഴാണ് സൈക്കിളിന്റെ ഫ്രണ്ട് ബാറിൽ അള്ളിപ്പിടിച്ചിരുന്ന് എനിക്കഭിമുഖമായി വരുന്ന കുട്ടിയുടെ മുഖത്തേക്ക് കണ്ണുകൾ പതിച്ചത്. ഇരു വശത്തും കൊമ്പു പോലെ മുടി കെട്ടി അതിൽ മല്ലിപ്പൂവ് മാല ചുറ്റി വെച്ച ആ കുട്ടിക്ക് എന്റെ മുഖമാണെന്ന് അല്പമൊരതിശയത്തോടെ തിരിച്ചറിഞ്ഞതും ആ സൈക്കിളിനു പിന്നാലെ മനസ്സ് ഓടി.
ഗൂഡലൂരിലെ പച്ചക്കറിക്കടക്കുമുന്നിൽ സൈക്കിൾ നിർത്തി കായ്കറികൾക്ക് വിലപേശുന്ന അച്ഛന്റെ സ്വരത്തിനൊപ്പം ഉയർന്നു കേൾക്കുന്ന “അളഹാന പൊണ്ണു താൻ അതുക്കൊത്ത കണ്ണു താൻ ” എന്ന് പാടി മുല്ലപ്പൂവ് വിൽക്കുന്നത് കരാമാമാർക്കറ്റിലെ വൺ – ടു ദിർഹം ഷോപ്പിലെ പാക്കിസ്ഥാൻ സ്വദേശിയാണല്ലോ ! ഉറക്കത്തിന്റെയും വേദനയുടെയും സ്വപ്നത്തിന്റെയും നൂൽപ്പാലത്തിൽ ഞാനുലഞ്ഞ് ആടി.
ഏതോ ഒരു ഗുഹയിൽ നിന്നെന്ന പോലെ കടന്നുവന്ന വിശ്വേട്ടന്റെ ശബ്ദം എന്നെ ബോധത്തിലേക്ക് വലിച്ച് താഴ്തി.

നമ്മുടെ വീടും പൂജയും സുഖമായിരിക്കുന്നുവെന്നും രാവിലെ കമല ദോശ ഉണ്ടാക്കിക്കൊടുത്തുവെന്നും, പറയുന്ന കൂട്ടത്തിൽ ഫ്രിഡ്ജിൽ നീ ഉണ്ടാക്കിവെച്ച സാമ്പാറിന് നല്ല രുചിയുണ്ടായിരുന്നു എന്നൊരു കോംപ്ലിമെന്റു കൂടി വന്നു. ഗുട്ടരത്ന ആന്റി അതിരാവിലെ ചർച്ചിൽ പോയി പ്രാർത്ഥിച്ചുവെന്നു
പറഞ്ഞവസാനിപ്പിക്കുന്നതിനിടെ പൂജയുടെയും കമലയുടെയും ഫോൺ വിളികൾ എന്നെത്തേടിയത്തി.
പൂജയുടെ പരീക്ഷകൾ ഇന്നലത്തേതോ ടെ കഴിഞ്ഞിരുന്നു. അവളുടെ കൂട്ടുകാർ വീട്ടിൽ വരുമെന്നും ലഞ്ച് ദൃഷ്ടിയുടെ അമ്മ കൊടുത്തയക്കുമെന്നും അമ്മ ധൈര്യമായിരിക്കണം എന്നും പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. സെമസ്റ്റർ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ നാട്ടിലുള്ള മൂത്ത മകളോട് സർജറിക്കര്യം പറഞ്ഞിരുന്നില്ല. അവൾക്ക് അല്പം ടഫ് ആയ പേപ്പറാണത്രെ ഇന്ന്. അമ്മയും കടുപ്പമുള്ള ഒരു പരീക്ഷക്ക് തയ്യാറെടുക്കുകയാണെന്ന് മനസ്സിൽ പറഞ്ഞ് അവൾക്കൊരു പ്രാർത്ഥനാ
ഇമോജി അയച്ചു.

കുട്ടികൾ വലുതായിപ്പോയിരിക്കുന്നു.
ഗർഭപാത്രം അതിന്റെ കടമകൾ ഭംഗിയായി ചെയ്തവസാനിപ്പിച്ചിരിക്കുന്നു. സന്തോഷത്തോടെ തന്നെ വേണം അതിനെ ശരീരത്തിൽ നിന്ന് യാത്രയയക്കാനെന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ അനസ്തേഷ്യ എന്ന ഓർമ്മ വീണ്ടുമെന്നെ ശ്വാസം മുട്ടിച്ചു. വേദനിക്കുന്ന ഇടതു കൈ കൊണ്ട് ഞാൻ വിശ്വേട്ടനെ മുറുക്കെ പിടിച്ചു.

ആ കിടപ്പ് എനിക്ക് മടുത്തു തുടങ്ങിയിരുന്നു. വാട്ടർ ലില്ലികൾ സൂര്യപ്രകാശത്തിൽ തിളങ്ങി. അടക്കാക്കിളികൾ ചറുപിറാ ശബ്ദമുണ്ടാക്കി ചുള്ളിക്കമ്പുകൾ അടുക്കിയൊതുക്കി വെച്ച് കൂടിന്റെ അടിസ്ഥാനമൊരുക്കുകയാണ്. എല്ലാവരും തിരക്കിലാണ്. ടി വി യിൽ സിബിഎസ് സി ചോദ്യക്കടലാസുകൾ ചോർന്നതിന്റെ വിശദീകരണങ്ങൾ ഞാൻ ശ്രദ്ധിച്ചില്ല. ചർച്ചകളും വാദപ്രതിവാദങ്ങളും മടുത്തിരിക്കുന്നു..
ചാനൽ മാറ്റിയപ്പോൾ “കർത്താ ഹൈ ഹം പ്രേമ് മിസ്റ്റർ ഇന്തിയാ സേ ” എന്ന് പാടി ശ്രീദേവി ആടിത്തകർക്കുകയാണ്. പഴയ ചിത്രഹാറിന്റെ കാലത്ത് കണ്ടു മതിയാവാത്ത ആ പാട്ട് ഒരിക്കൽ കൂടി ആസ്വദിച്ച് കാണുമ്പോഴാണ് ഡോർ നോക്ക് ചെയ്ത് രണ്ടു പെൺകുട്ടികൾ മുറിയിലേക്ക് കടന്നുവന്നത്.

റൂം നമ്പർ 214 ,
മിനി വിശ്വനാഥൻ, ഹിസ്റ്റക്ടമി എന്ന് ചോദ്യഭാവത്തിൽ പറഞ്ഞു കൊണ്ട് അവരെന്നെ നോക്കി. അപ്പോൾ എന്റെ വയറ്റിൽ നിന്ന് എന്തൊക്കെയോ
ഉരുണ്ടു കയറി പിരണ്ടു താണു. വെള്ളം കുടിക്കണമെന്ന ആഗ്രഹത്തോടെ ചുണ്ടുകൾ നനച്ചു. എന്റെ പരിഭ്രമം നിറഞ്ഞ മുഖം കണ്ടിട്ടാവണം അവർ സമാധാനിപ്പിക്കുന്നതു പോലെ ചിരിച്ചു കൊണ്ട് “നമുക്കൊരുങ്ങണ്ടേ ” എന്ന് ചോദിച്ചു കൊണ്ട് മുടി രണ്ടു ഭാഗത്തും പിന്നിക്കെട്ടി . നീല നിറമുള്ള സർജിക്കൽ ഗൗൺ ശരീരത്തിൽ കെട്ടിയുറപ്പിച്ചു. കൊച്ചു കുട്ടിയെയെന്ന പോലെ കവിളിലൊന്ന് തട്ടി അവർ യാത്ര പറഞ്ഞു. സ്കൂളിൽ പോവാൻ മടി പിടിച്ചിരിക്കുന്ന കുട്ടിയെപ്പോലെ എന്റെ നെഞ്ച് പിടച്ചു. വേദന അറിയാതിരിക്കാനുള്ള മരുന്ന് വെയിനിലേക്ക് ഇൻജക്ട് ചെയ്തു. ഓപ്പറേഷൻ തീയേറ്ററിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങളെല്ലാമായി !
പെട്ടെന്ന് എന്റെ സർജിക്കൽ ഗൗണിൽ നിന്ന് താമരപ്പൂവിന്റെ മണം പ്രസരിച്ചു തുടങ്ങി ! മറ്റെല്ലാം മറന്നു പോവുന്ന ആ മണത്തിന്റെ ഉറവിടം തേടി ഞാൻ വീണ്ടും കണ്ണുകളടച്ചു…

(തുടരും…)

മിനി വിശ്വനാഥൻ