തണുത്ത രാത്രിയിൽ
മൃഗം
വേട്ടക്കിറങ്ങുന്നു…
ശീതളിച്ചുകിടക്കുന്ന
വീഥിയിലൂടെ
കാലെടുത്തുവച്ച്
പതിയെപ്പതിയെ
മുന്നോട്ട്…!
ഇരുളിൽ കാലൊച്ച
ഇര
വേട്ടമൃഗം കുതിച്ചുചാടി!
പ്രതിരോധിക്കാൻ
തുനിയുംമുമ്പേ
ആക്രമിക്കുന്ന
മൃഗതൃഷ്ണ…
ചീവീടുകൾ
ചിറകടി ശബ്ദത്താൽ
ഇരയുടെ ഗദ്ഗദം മറച്ച്
വേട്ടയ്ക്ക്
അരങ്ങൊരുക്കുന്നു…
ഇരുട്ട് ചൂട്ടുകെട്ടിയ മാനം
മൃഗകൂത്തുകൾക്ക്
ഇരയുടെ കണ്ണിലെ
ദൈന്യം മറച്ച്
തട്ടൊരുക്കുന്നു…
മൃഗക്രൗര്യത്തിൽ
ചുടുകാട്ടിലമരുന്നു
നിറമുള്ള കനവുകൾ
പൊലിയുന്ന ജീവൻ…
ചോരപൊടിയുന്ന മാറിടം,
പുഴുവരിക്കുന്നു നാഭിയിൽ,
തേങ്ങലലയടിക്കുന്ന
ഹൃദയവാദ്യങ്ങൾ…
കൂർത്ത പല്ലുകൾക്കിടയിൽ
മൂർച്ഛയേറിയ നഖങ്ങൾക്കിടയിൽ
പിടയുമ്പോൾ
ഇര പറഞ്ഞു,
“നീ പിറന്നതിതേവയറിൽ
നീ നുകർന്നതിതേ മാറിടം
നീയേറ്റതിതേ ശ്വാസത്തിൻ്റെ ചൂട്
രൂപവും നാമവും മാറുന്നു
പക്ഷേ, ഭാവം ഒന്നുതന്നെ,
നീ പിറന്നതും, നിന്നിൽ പിറക്കുന്നതും
നിയ്യാൽ മരിച്ചതും
ഒരേ ഭാവം!”
കീഴടക്കലും കൊല്ലലും
വേട്ട കഴിഞ്ഞു,
ഇനിയൊന്നേ ബാക്കി…
ഇരപക്ഷകാപട്യത്തിൽ
വേട്ടയാടിയ
സിംഹഗർജ്ജനം…
ശവമടക്ക്!
