അൽഷിമേഴ്‌സി (കവിത -വിജിഷ വിജയൻ )

sponsored advertisements

sponsored advertisements

sponsored advertisements

30 April 2022

അൽഷിമേഴ്‌സി (കവിത -വിജിഷ വിജയൻ )

മറവിച്ചുഴികളിലേക്ക്
ഊളിയിടുന്നൊരു
കടൽക്കാക്കയാവാൻ തോന്നും.
രാവിലെ കടുക് കഴിഞ്ഞത്
പറയാൻ മറന്ന്, പിറ്റേന്ന്
പാചകം ചെയ്യുമ്പോൾ
തലയിൽ കൈവെക്കുന്നൊരു അടുക്കളക്കാരി..
അലക്കുസോപ്പിന്റെ
അഭാവത്തിൽ
നെഞ്ചത്ത് കൈവെച്ച്
കുളിസോപ്പുകൊണ്ട്
കുട്ട്യോളുടെ
കുപ്പായമലക്കുന്നൊരു
അലക്കുകാരി..
തീന്മേശയിൽ
ഉണ്ടാക്കിവെച്ച
വിഭവങ്ങളിലൊന്ന് മറന്ന്
ഉണ്ടെണീക്കുമ്പോൾ
ഊർദ്ധ്വൻ വലിക്കുന്നൊരു
എച്ചിലുകാരി..
എത്രയടിച്ചിട്ടും തീരാത്ത
മുറ്റത്തിനരികിൽ
ചൂലിട്ട്പോകുന്നൊരു
അടിച്ചുതളിക്കാരി..
പകല് വെന്ത്,
പതഞ്ഞൊലിച്ച
വിയർപ്പ് താണ
ശരീരംകൊണ്ടൊരു
കൊടുങ്കാറ്റും, പേമാരിയും
കഴിഞ്ഞൊരു
കിടക്കവിരിയിലേക്കൊട്ടിച്ചേർന്ന് –
ഉറങ്ങിപ്പോകുന്നൊരു
സ്വപ്നാടനക്കാരി..
ഇടക്കെവിടെയെങ്കിലും
ഒന്നിറക്കിവെക്കണമെന്നുണ്ട്,
തൊണ്ടപൊട്ടുമാറുറക്കെ
കരയണമെന്നുണ്ട്..
അല്ല..
മറവിയാണ് നല്ലത്.
മറന്നു തുടങ്ങുമ്പോഴാണ്
യാഥാർഥ്യങ്ങളെല്ലാം
ദ്രവിച്ചൊരാത്മാവിൽ
ഇഴുകിത്തുടങ്ങുന്നതും
ബാക്കിയായവ
കാരുണ്യക്കടലിൽ
ഒഴുകിയകലുന്നതും ..
പിന്നെപ്പിന്നെ
തന്മാത്ര പോലെ
കൊച്ചിലേക്കൊരു
പിച്ചനടത്തം.
വെച്ച കാൽപ്പാദങ്ങൾ
വീണ്ടുമതേമാതിരി.
വീണ്ടും വീണ്ടും
തന്നെത്താൻ മറന്ന്
മറന്ന് മറന്ന് മറന്ന്
പിടിക്കപ്പെടാത്തൊരു
കുറ്റവാളിയെപ്പോൽ
കേൾക്കാനാരുമില്ലാത്ത
കടംകഥകൾക്കുത്തരമില്ലാതെ
ബാക്കി പറയാനാവാത്തൊരു
കവിതയായി
പാതിവറ്റിയങ്ങനെ…