BREAKING NEWS

Chicago
CHICAGO, US
4°C

വിനായകാ കൂടെയിരുന്ന് കുലുങ്ങി ചിരിക്കുന്നവരാരും എന്നും ഒപ്പമുണ്ടാകുമെന്ന് കരുതരുത്

sponsored advertisements

sponsored advertisements

sponsored advertisements

23 March 2022

വിനായകാ കൂടെയിരുന്ന് കുലുങ്ങി ചിരിക്കുന്നവരാരും എന്നും ഒപ്പമുണ്ടാകുമെന്ന് കരുതരുത്

പി.ആര്‍.സുമേരന്‍

‘വിനായകാ കൂടെയിരുന്ന് കുലുങ്ങി ചിരിക്കുന്നവരാരും എന്നും ഒപ്പമുണ്ടാകുമെന്ന് കരുതരുത്. താങ്കളെപ്പോലൊരാള്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രകോപനചോദ്യങ്ങളില്‍ വീഴരുതായിരുന്നു. താങ്കളെ ഒരു നടനായി കാണാനാണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ ആഗ്രഹിക്കുന്നത്. സിനിമയുടെ പ്രമോഷന്‍ വേദികളില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യമുള്ളതും ഇല്ലാത്തതും ചോദിക്കും. പക്ഷേ താങ്കളെപ്പോലെയുള്ള ഒരാള്‍ ഇങ്ങനെയല്ല മറുപടി പറയേണ്ടത്. എന്തെങ്കിലും എല്ലിന്‍കഷ്ണം കിട്ടാന്‍ വേണ്ടി എന്ത് ഊളത്തരവും ചോദിക്കാന്‍ മടികാണിക്കാത്ത ഓണ്‍ലൈന്‍-സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരോട് താങ്കള്‍ സംയമനം പാലിക്കേണ്ടതായിരുന്നു. എന്തായാലും മീഡിയക്കാര്‍ക്ക് വയറുനിറച്ച് കൊടുത്തു. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന മീഡിയക്കാര്‍ക്ക് അതുതന്നെ വേണം. എന്നാല്‍ എല്ലാ ചോദ്യങ്ങളും ഉത്തരം അര്‍ഹിക്കുന്നില്ല എന്ന കാര്യം വിനായകന്‍ മറന്നുപോകരുത്. എന്തായാലും ഒരുത്തീയുടെ പ്രമോഷന്‍ വേദിയില്‍ മാധ്യമങ്ങള്‍ക്കെതിരെ വിനായകന്‍ ഉറഞ്ഞുതുള്ളിയത് താങ്കള്‍ക്ക് തന്നെ കുരിശായി മാറിയേക്കും.അതെല്ലാം വഴിയേ കാണാന്‍ ഇനിയും വേദിയുണ്ടാകട്ടെ
വിനായകന്‍ അനുഗ്രഹീതനായ നടനാണ്. മലയാളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍. സിനിമയുടെ പാരമ്പര്യവഴികളില്‍ ചവിട്ടിനടക്കാന്‍ ആഗ്രഹിക്കാത്ത ആള്‍. ഒന്നിനെയും കൂസാത്ത ധീരന്‍. സത്യം വിളിച്ചുപറയാന്‍ ചങ്കൂറ്റം കാണിക്കുന്ന പോരാളി. ഒരുപക്ഷേ മലയാള സിനിമയിലെ മറ്റ് നടന്മാര്‍ക്കില്ലാത്ത ഒട്ടേറെ സവിശേഷ ഗുണങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട നടന്‍ തന്നെയാണ് വിനായകന്‍. ഗോഡ്ഫാദറില്ലാതെ, സ്വന്തം വഴിയില്‍ ധൈര്യമായി നടന്നുപോകുന്ന കലാകാരന്‍ കൂടിയാണ് വിനായകന്‍. സ്വന്തം സ്വത്വം വിളിച്ചുപറയാന്‍ യാതൊരു മടിയുമില്ലാത്ത മനുഷ്യന്‍. വിനായകന്‍റെ ആദ്യകാല ചിത്രങ്ങളില്‍ നിന്ന് വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലേക്കാണ് പിന്നീട് വിനായകന്‍ വന്നുചേര്‍ന്നത്. പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കുന്ന കരുത്തുറ്റ കഥാപാത്രങ്ങള്‍ വിനായകന്‍ ചെയ്തു. തനിക്ക് നന്നായി കോമഡിയും വഴങ്ങുമെന്നും വിനായകന്‍ തെളിയിച്ചു. ഇപ്പോഴിതാ ‘പട’ യിലും ‘ഒരുത്തീ’ യിലും മികച്ച പ്രകടനം കാഴ്ച വെച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരിക്കുന്നു. വിനായകനില്‍നിന്ന് ഇനിയും നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ പ്രതീക്ഷിക്കുന്നുണ്ട്. മലയാള സിനിമ വഴിമാറി നടക്കുകയാണ്. പാരമ്പര്യവഴികള്‍ക്ക് ഇടമില്ലാതായി. കഴിവുള്ളവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിയുന്നയിടമായി മലയാളസിനിമ മാറിക്കഴിഞ്ഞു. സാധാരണ ചുറ്റുപാടുകളില്‍ നിന്ന് കടന്നുവരുന്നവര്‍ക്ക് പോലും സിനിമ സ്വന്തമായിക്കഴിഞ്ഞു. ഇനിയും മലയാളസിനിമയില്‍ വിനായക നക്ഷത്രങ്ങള്‍ ഉദിച്ചുയരും. അതുകൊണ്ട് പറയുകയാണ് ദയവുചെയ്ത് അപ്രിയസത്യങ്ങള്‍ ഇങ്ങനെ വിളിച്ചുപറയരുത്. ഒരുപക്ഷേ താങ്കള്‍ ഒരു ടൂള്‍ ആയേക്കാം. ഒത്തിരി ഇഷ്ടമാണ് വിനായകനെ 90 കളില്‍ മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ താങ്കളെ ഇഷ്ടപ്പെടുന്നയാളാണ്. ഒടുവില്‍ ‘ഒരുത്തീ’ യുടെ പി ആര്‍ വര്‍ക്കും ചെയ്തിരുന്നു. താങ്കളെ മലയാളികളുടെ പ്രിയപ്പെട്ട നടനായി ഇനിയും ഒത്തിരി സിനിമകളില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ദൈവത്തെയോര്‍ത്ത് ഇതിന്‍റെ പേരില്‍ എനിക്ക് നേരെ തിരിയരുതേ.

പി.ആര്‍.സുമേരന്‍