BREAKING NEWS

Chicago
CHICAGO, US
4°C

വിന്‍സന്‍റ് ഇമ്മാനുവല്‍:അമേരിക്കൻ ജനാധിപത്യത്തിലെ മലയാളി സാന്നിദ്ധ്യം ( വഴിത്താരകൾ )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


4 February 2022

വിന്‍സന്‍റ് ഇമ്മാനുവല്‍:അമേരിക്കൻ ജനാധിപത്യത്തിലെ മലയാളി സാന്നിദ്ധ്യം ( വഴിത്താരകൾ )

തയാറാക്കിയത് :അനിൽ പെണ്ണുക്കര

അമേരിക്കന്‍ മണ്ണില്‍ ജനാധിപത്യത്തിന്‍റെ ലിപികള്‍ എഴുതിപ്പിടിപ്പിച്ച ഒരു മലയാളിയുടെ കഥയുണ്ട്. വിന്‍സന്‍റ് ഇമ്മാനുവല്‍ എന്ന കോതമംഗലം സ്വദേശിയുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെയും നിലനില്‍പ്പിന്‍റെയും കഥ. അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു വിജയം വരിച്ച് അവിടെ മനുഷ്യത്വത്തിന്‍റെയും, വിജയവഴികള്‍ തുറന്നുവെച്ച ഒരു മനുഷ്യന്‍റെ കഥ.

മനുഷ്യത്വത്തിന്‍റെ വിലയറിയുന്ന മനുഷ്യന്‍

വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ രംഗത്ത് മലയാളികള്‍ ഉണ്ടാവുക എന്നുള്ളത് അപൂര്‍വ്വമായ ഒരു കാഴ്ചയായിരുന്നു. വിദേശികളോട് ഇന്ത്യന്‍ ജനതക്കോ കേരളീയര്‍ക്കോ ഉള്ളതിനേക്കാള്‍ കൂടുതല്‍ കരുതല്‍ ലോകരാജ്യങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നതാണ് അതിന്‍റെ പ്രധാന കാരണം. ഒരു രാജ്യത്തിന്‍റെ സുരക്ഷ തന്നെ ആ രാജ്യത്തെ പൊതുപ്രവര്‍ത്തകന്‍റെ കൈകളില്‍ നിക്ഷിപ്തമായിരിക്കെ ലോകരാജ്യങ്ങളെ കുറ്റം പറയാനും കഴിയില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ ധാരണകളെയെല്ലാം പൊളിച്ചെഴുതുകയായിരുന്നു വിന്‍സന്‍റ് ഇമ്മാനുവല്‍.

തന്‍റെ മനുഷ്യത്വപരമായ നിലപാടുകള്‍ കൊണ്ടും ഇടപെടലുകള്‍ കൊണ്ടും അദ്ദേഹം നിലനില്‍ക്കുന്ന എല്ലാ പരിമിതികളെയും മറികടക്കുകയായിരുന്നു.
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനും, അമേരിക്കന്‍ മലയാളികളുടെ പ്രശ്നങ്ങളെ മനസ്സിലാക്കാനും വിന്‍സന്‍റ് ഇമ്മാനുവല്‍ സദാ ശ്രമിച്ചിരുന്നു. തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും അദ്ദേഹം പൊതുപ്രവര്‍ത്തനത്തിന് വേണ്ടി മാറ്റിവെച്ചു.

അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി പൊതുപ്രവര്‍ത്തകനായിരുന്നു വിന്‍സെന്‍റ് ഇമ്മാനുവല്‍. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം മനുഷ്യരുടെ പ്രശ്നങ്ങളെ ഹൃദയം കൊണ്ട് കേള്‍ക്കാനും അവരെ സഹായിക്കാനും സദാ ശ്രമിച്ചുകൊണ്ടിരുന്നു. അത് തുടരുകയും ചെയ്യുന്നു.

ജീവിത വഴികള്‍: അമേരിക്കന്‍ ജീവിതവും,
അനുഭവങ്ങളുടെ തീക്ഷ്ണ ഭാവങ്ങളും

1952ലാണ് വര്‍ഗീസ് പൂവന്‍ – ഏലിക്കുട്ടി ഓലിയപ്പുറം ദമ്പതികളുടെ മകനായി വിന്‍സന്‍റ് ഇമ്മാനുവല്‍ കോതമംഗലത്ത് ജനിച്ചത്. നീലഗിരി ഗൂഡല്ലൂര്‍ മാര്‍ത്തോമ്മാ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കോതമംഗലത്തെ പ്രശസ്തമായ മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പാസ്സായ വിന്‍സന്‍റ് ഇമ്മാനുവല്‍ 1972-ല്‍ കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ എഴുതി ഡല്‍ഹിയില്‍ ജോലി നേടിയതോടെ ജീവിതത്തിലെ ഒരു പുതിയ വഴിത്താര തന്നെ അദ്ദേഹം രൂപപ്പെടുത്തുകയായിരുന്നു. അന്നും സമൂഹത്തിനോടും സഹജീവികളോടും കൃത്യമായ ഒരു വിധേയത്വം അദ്ദേഹത്തിനുണ്ടായിരുന്നു.


1975ലായിരുന്നു ജീവിത നേരങ്ങള്‍ക്ക് കരുത്ത് പകരാനായി ബ്രിജിറ്റ് ജോര്‍ജ്ജ് കാക്കനാടിനെ വിന്‍സന്‍റ് ഇമ്മാനുവല്‍ തന്‍റെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. (2018ല്‍ നഴ്സിങ് ബോര്‍ഡ് അംഗമായിരുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് ശ്രീമതി ബ്രിജിറ്റ്. പെന്‍സില്‍ വാനിയ ഗവര്‍ണറാണ് ശ്രീമതി ബ്രിജിറ്റിനെ നഴ്സിങ് ബോര്‍ഡ് അംഗമായി നിയമിച്ചത്).
1976 ലായിരുന്നു വിന്‍സന്‍റ് അമേരിക്കന്‍ മണ്ണിലേക്ക് ജീവിതം പറിച്ചു നട്ടത്. പുതിയ മനുഷ്യരും രാഷ്ട്രീയ സാഹചര്യങ്ങളുമായിരുന്നു പിന്നീട് അദ്ദേഹത്തെ വളര്‍ത്തിയത്. എങ്ങനെയാണ് ഒരു പൊതുപ്രവര്‍ത്തകന്‍ സമൂഹത്തില്‍ ഇടപഴകേണ്ടത് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് വിന്‍സന്‍റ് ഇമ്മാനുവല്‍. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ തന്‍റെതായ ഒരു വ്യക്തിത്വം രൂപപ്പെടുത്തുക എന്നത് തന്നെയാണ് അദ്ദേഹം ആദ്യം ചെയ്തത്. അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേക്ക് കടക്കാന്‍ പരിചയവും, പരിജ്ഞാനവും ആവശ്യമായിരുന്നു. തന്‍റെ പ്രവര്‍ത്തന മേഖലകളിലൂടെ അത് അദ്ദേഹം കൃത്യമായി നിറവേറ്റുകയായിരുന്നു.


ഫിലാഡല്‍ഫിയായിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് നടന്നടുക്കുമ്പോഴും ജനസേവനം തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യം. അതുകൊണ്ടുതന്നെ ഒരു മലയാളി അമേരിക്കയിലെ രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിനെ വളരെ പ്രാധാന്യത്തോടെയാണ് അമേരിക്കന്‍ മലയാളികളും ഇന്ത്യന്‍ സമൂഹവും സാമൂഹിക പ്രവര്‍ത്തകരും നോക്കിക്കണ്ടത്. കൃത്യമായ ഒരു പദവിയില്‍ എത്തിയശേഷം സമീപിക്കുന്ന എല്ലാ മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രത്യേക പരിഗണനകള്‍ നല്‍കി അവര്‍ക്ക് വേണ്ട എല്ലാവിധ നിയമ സഹായങ്ങളും ചെയ്തു കൊടുക്കാന്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.

ഫിലാഡല്‍ഫിയായില്‍ സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്യുന്നത് വരെ ഔദ്യോഗികമായി അത് തുടര്‍ന്നു. കൂടാതെ ഫിലാഡല്‍ഫിയ നാല്പത്തിയെട്ടാമത്തെ വാര്‍ഡ് ലീഡര്‍, കോക്കസ് ചെയര്‍മാന്‍ എന്നീ പദവിയിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനങ്ങള്‍ അലങ്കരിച്ചു. ഒരുപക്ഷെ മലയാളി അപൂര്‍വമായി മാത്രം എത്താന്‍ സാധ്യതയുള്ള പദവികളായിരുന്നു അത്.

സമരങ്ങളും, സാഹസങ്ങളും ചര്‍ച്ചയാകുമ്പോള്‍

പൊതു പ്രവര്‍ത്തനം തന്നെയാണ് വിന്‍സന്‍റ് ഇമ്മാനുവലിനെ രാഷ്ട്രീയ രംഗത്തേക്കും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെക്കും വളര്‍ത്തിയത്. പുരുഷ നേഴ്സുമാരെ മനഃപൂര്‍വം മാറ്റി നിര്‍ത്തുന്ന നയങ്ങളോട് സമരം ചെയ്തു തുടങ്ങിയത് വിന്‍സന്‍റ് ഇമ്മാനുവലായിരുന്നു. ഈ നയത്തിന് അറുതി വരുത്താന്‍ കേരള ഹൈക്കോടതിയില്‍ പരാതി നല്‍കുകയും, ഇന്ത്യയിലെ പ്രഗത്ഭനായ ഒരു വക്കീലിനെ അതിനു വേണ്ടി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വിന്‍സന്‍റ് ഇമ്മാനുവലിന്‍റെ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് ഇന്ത്യയിലെ നഴ്സിംഗ് രംഗത്ത് കാലോചിതമായ മാറ്റം വരുത്തി നയങ്ങള്‍ തിരുത്തപ്പെടുകയായിരുന്നു.
പുലിപ്പുറത്ത് കയറുന്നതു പോലെയാണ് അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്നു അദ്ദേഹം തമാശക്ക് പറയും. അതിനു കാരണമുണ്ട്. പണം അതിന്‍റെ അടിസ്ഥാന ഘടകമാണ്. വിവിധ കടമ്പകളിലൂടെ കടന്നുപോകുന്ന പ്രോസസുകള്‍ക്ക് പാര്‍ട്ടിക്ക് പണം ആവശ്യമുണ്ട്. പക്ഷെ അധികാരത്തിലേക്ക് വന്നാല്‍ ജനങ്ങളുടെ സുരക്ഷയിലും സംരക്ഷണത്തിലുമാകും അവരുടെ ശ്രദ്ധ.

അമേരിക്കന്‍ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയാല്‍ ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങള്‍ക്ക് എന്തുചെയ്യണം എന്ന് മാത്രം ചിന്തിച്ചു മുന്നോട്ടു പോവുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെയ്യേണ്ടത് എന്നാണ് വിന്‍സെന്‍റ് ഇമ്മാനുവലിന്‍റെ വീക്ഷണം. അമേരിക്കന്‍ റിപ്പബ്ലിക് പാര്‍ട്ടിയിലെ നിരവധി നേതാക്കളുമായും ഗാഢമായ ഒരു ബന്ധമുണ്ട് വിന്‍സെന്‍റ് ഇമ്മാനുവലിന്. അതുകൊണ്ട് തന്നെ സദാ മനുഷ്യര്‍ക്ക് നന്മ ചെയ്യുവാനുള്ള പ്രവര്‍ത്തങ്ങളിലാണ് വിന്‍സന്‍റ് ഇമ്മാനുവല്‍.

ദൈവം എന്ന സത്യം

ദൈവമാണ് എല്ലാം നടത്തുന്നത്, ഭൂമിയിലെ ഓരോ ഇലയനക്കങ്ങളും ദൈവത്തില്‍ നിക്ഷിപ്തമാണ്. അതേ ദൈവത്തോടുള്ള അതിയായ വിശ്വാസമാണ് വിന്‍സന്‍റ് ഇമ്മാനുവലിന്‍റെ ജീവിതത്തെ ഇത്രത്തോളം മനോഹരമാക്കിയത്. അവനവനെക്കാള്‍ വലിയ സത്യവും നീതിയും ദൈവത്തിലുള്ളപ്പോള്‍ മറ്റെന്തിനെയാണ് പേടിക്കേണ്ടതെന്നാണ് വിന്‍സന്‍റ് ഇമ്മാനുവലിന്‍റെ വീക്ഷണം. ഈ വീക്ഷണങ്ങള്‍ക്ക് ഒപ്പം നില്ക്കാന്‍ ഭാര്യ ബ്രിജിറ്റും മക്കളായ ഡോ. ലിസ ഹോള്‍ട്ട്സ് എം. ഡി. ശ്രീമതി ടിഷ ശെല്‍വന്‍ എം. എസ്, ഡോ. ജാസ്മിന്‍ വിന്‍സന്‍റ് എം. ഡി. എന്നിവരുമുള്ളപ്പോള്‍ പിന്നെ തന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം വളരെ എളുപ്പം.

പദവികള്‍ അലങ്കാരമാക്കാതെ

ലഭിച്ച പദവികള്‍ ഒന്നും അലങ്കാരമാകാതെ ജനസേവനങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നവര്‍ കുറവാണ്. അവിടെയാണ് വിന്‍സന്‍റ് ഇമ്മാനുവല്‍ വ്യത്യസ്തനാകുന്നത്. 1981ല്‍ സെവന്‍ ഇലവന്‍ സ്റ്റോഴ്സിന്‍റെ ഫ്രാഞ്ചൈസി തുറന്ന് സ്വന്തമായി ബിസിനസ്സ് ആരംഭിച്ചു. പെന്‍സില്‍വാനിയ, ഡെലിവെയര്‍ സ്റ്റേറ്റുകളുടെ ഏഷ്യാനെറ്റിന്‍റെ റീജിയണല്‍ ചാര്‍ജ് വഹിച്ചുകൊണ്ട് കൃത്യമായ മാധ്യമ പ്രവര്‍ത്തനം, അമേരിക്കന്‍ പൊലീസിലെ ഏഷ്യന്‍ ബോര്‍ഡ് സെക്രട്ടറി പദവി, സെവന്‍/ഇലവന്‍ വ്യാപാര ശൃംഖല ഫ്രാന്‍ഞ്ചൈസ് ഓണേഴ്സ് അസോസിയേഷന്‍ ട്രഷറര്‍, സീറോ മലബാര്‍ പള്ളിയുടെ സ്ഥാപക കൈക്കാരന്‍, ഫൊക്കാനയുടെ ആദ്യകാല പ്രവര്‍ത്തകന്‍, മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ (ങഅജ) പ്രസിഡന്‍റ്, ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നടത്തിയ കളങ്കമില്ലാത്ത പ്രവര്‍ത്തങ്ങള്‍ ഏവര്‍ക്കും മാതൃക ആകുന്നു.


ഫിലാഡല്‍ഫിയായിലെ തെരുവുകളില്‍, മലയാളികളുടെ, ഇന്‍ഡ്യാക്കാരുടെ മനസുകളില്‍ വിന്‍സെന്‍റ് ഇമ്മാനുവലിന്‍റെ വീക്ഷണങ്ങളും ജീവിതവും, പോരാട്ടങ്ങളും നിരന്നു നില്‍ക്കുന്നുണ്ട്. അദ്ദേഹം ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനെപ്പോലെ നഗരമധ്യത്തിലൂടെ നടന്നുപോകുന്നുമുണ്ട്.