വിനോദ് ഇരളിയൂർ
2023ഫെബ്രുവരി പത്ത് വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് ഞാൻ മോണ്ടിനേഗ്രോ(Montenegro) എന്ന രാജ്യത്തിന്റെ തലസ്ഥാനമായ പോഡ്ഗോറിസ്സ (Podgorica) യിലെ എയർപോർട്ടിൽ വന്നിറങ്ങുന്നത്. ഫ്‌ളൈറ്റിൽ നിന്ന് നടന്നു വേണം എയർപോർട്ടിൽ കയറാൻ, അത്ര ചെറിയ എയർപോർട്ട്! ഇറങ്ങിയ ഉടനേ ദേഹം തണുപ്പുകൊണ്ട് കിടുങ്ങി..രണ്ടു ഡിഗ്രി മാത്രം, പോരാത്തതിന് നല്ല കാറ്റും. ഇത്രയും കരുതിയില്ല. വേഗം എയർപോർട്ടിൽ ഓടിക്കയറി എമിഗ്രേഷന്റെ ക്യൂവിൽ നിന്നു.
ഇതിനുമുൻപത്തെ യൂറോപ്പ് യാത്രകളുടെ ഓർമ്മയിൽ കയ്യിൽ ഹോട്ടൽ ബുക്കിങ്ങിന്റെയും ഇൻഷുറൻസിന്റെയുമൊക്കെ കോപ്പികൾ എടുത്തു പിടിച്ചു. പക്ഷെ ഓഫീസർ ഒന്നും ചോദിച്ചില്ല. പാസ്സ്പോർട്ടിലെ അമേരിക്കൻ വിസയിലൊന്നു നോക്കി, മോണ്ടിനേഗ്രൻ സ്റ്റാമ്പ് അടിച്ചു കയ്യിൽത്തന്നു..സംഗതി കഴിഞ്ഞു!
താമസിയാതെ ലഗേജും കളക്ട് ചെയ്ത് ഞാൻ ടാക്സിയിൽ കയറി. എയർപോർട്ടിൽ നിന്ന് ഏതാണ്ട് പത്തുപന്ത്രണ്ട് കിലോമീറ്റർ ഉണ്ട് ഹോട്ടൽ റൂമിലേയ്ക്ക്. അടുത്ത് ഇംഗ്ലീഷ് അല്പം മാത്രമറിയാവുന്ന ഡ്രൈവർ, പുറത്ത് എല്ലു തുളയ്ക്കുന്ന തണുപ്പ്, റോഡിനിരുവശവും മിന്നിത്തിളങ്ങുന്ന തെരുവുവിളക്കുകൾ, വണ്ടിയുടെ ഒഴുക്കിനൊപ്പം തെളിയുന്ന നഗരത്തിന്റെ രാത്രിമുഖം.
അതെ, തികച്ചും അപരിചിതമായ, തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ മോണ്ടിനേഗ്രോയിലാണ് ഞാനിപ്പോൾ..പലരാജ്യങ്ങളിലും കുടുബത്തോടൊപ്പം കറങ്ങിയിട്ടുണ്ടെങ്കിലും ഒറ്റയ്ക്കുള്ള എന്റെ ആദ്യത്തെ ടൂറിന്റെ ആദ്യ നിമിഷങ്ങളിലാണ് ഞാനിപ്പോൾ!
ശരിക്കും ദോഹയിൽ നിന്ന് ഇസ്താംബുൾ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റിൽ ഇന്നു രാവിലെ ഞാൻ ഇവിടെയെത്തേണ്ടതാണ്. പക്ഷെ തുർക്കിയിലെ ഭൂകമ്പം മൂലം എയർപോർട്ടിലുണ്ടായ തിരക്കും ഡീലേയും മൂലം കണക്ഷൻ ഫ്ലൈറ്റ് മിസ്സായി. പലപല സ്ഥലങ്ങളിയ്ക്കുമുള്ള ട്രാൻസിറ്റ് ഫ്ലൈറ്റ് മിസ്സായവരുടെ കൂട്ടത്തിൽ ക്യൂ നിന്ന് ഒടുവിൽ രാത്രിയിൽ പോഡ്ഗൊറിസ്സയിലേയ്ക്കു പോകുന്ന ഫ്ലൈറ്റിൽ ബോർഡിങ് പാസ്സ് കിട്ടി.
പിന്നെ പത്തു പതിനൊന്നു മണിക്കൂർ നീണ്ട കാത്തിരിപ്പ്. ഏഷ്യയും യൂറോപ്പും സംഗമിക്കുന്ന യൂറോപ്പിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിലൊന്നായ ഇസ്താംബുൾ എയർപോർട്ടിൽ ലോകംതന്നെ അങ്ങനെ ഇരുകാലുകളിൽ സമയമില്ലാതെ തിരക്കുപിടിച്ച് പായുന്നു. ഞാനാകട്ടെ സമയം കൊല്ലാനാവാതെ അങ്ങനെ വെറുതെയിരിക്കുന്നു! കുറച്ച് ഉറങ്ങിയും, കുറച്ച് ബുക്ക് വായിച്ചും, കുറച്ച് മൊബൈൽ നോക്കിയും അങ്ങനെ സമയം പോക്കി. ഒടുവിൽ ഫ്‌ളൈറ്റിൽ കയറിയപ്പോഴാകട്ടെ അതിൽ ഇന്ത്യാക്കാരനായി ഞാൻ മാത്രം! ശരിക്കും ഒരു സോളോട്രിപ്പ്!
ടാക്സിയാത്രയ്ക്കിടെ ഞാൻ ഡ്രൈവറിനോട് ഇംഗ്ളീഷും ആംഗ്യഭാഷയുമൊക്കെയായി മോണ്ടിനേഗ്രോയെക്കുറിച്ച് ചോദിച്ചു. ഡ്രൈവറുടെ മറുപടിയിൽ നിന്ന് ഇത് ഒരു രാജ്യതലസ്ഥാനമാണെങ്കിലും ചെറിയ സിറ്റിയാണെന്നും ഇപ്പോൾ ടൂറിസ്റ്റ് സീസണല്ലെന്നുമൊക്കെ മനസിലായി. ഒടുവിൽ ഒരിടത്ത് വണ്ടി നിർത്തി എന്നോട് വലത്തേയ്ക്ക് കൈചൂണ്ടി മുറി ഇംഗ്ലീഷിൽ ഇതിലെ അല്പം നടന്നാൽ ഹോട്ടൽ എത്തുമെന്ന് പറഞ്ഞ് ഡ്രൈവർ പൈസ വാങ്ങി വണ്ടി വിട്ടു.
തെരുവിന്റെ ഒരു വശത്ത് ഹോട്ടലുകൾ. മറു വശത്ത് ആൾക്കാർ ഇരുന്ന് വൈനും ബിയറും നുകർന്ന് ഭക്ഷണം കഴിക്കുന്ന ഇരിപ്പിടങ്ങൾ. റൂമിൽ ചെക്ക്-ഇൻ ചെയ്ത് ഉടനേതന്നെ ഞാൻ പുറത്തിറങ്ങി. എന്റെ ഹോട്ടലിനു തൊട്ടടുത്ത് ഒരു സ്റ്റേജിൽ ഗംഭീരമായ മ്യൂസിക് തകർക്കുന്നു. കിടുങ്ങുന്ന തണുപ്പിലും ചുറ്റിലും നിന്ന് ആൾക്കാർ നൃത്തം ചെയ്യുന്നു. സ്റ്റേജിൽ പാടുന്നതാകട്ടെ ‘മോണ്ടിനേഗ്രോ….’ എന്നു തുടങ്ങുന്ന മനോഹരമായ ഒരു ഗാനവും! എനിക്ക് ഒരു രാജ്യത്തിൽ ഇതിലും മനോഹരമായ എന്തു വെൽക്കം കിട്ടാനാണ്!!
തുടരും…
