വിശപ്പിനെ തോൽപ്പിച്ചവർ (കവിത -സജിത വിവേക്)

sponsored advertisements

sponsored advertisements

sponsored advertisements

2 February 2023

വിശപ്പിനെ തോൽപ്പിച്ചവർ (കവിത -സജിത വിവേക്)

സജിത വിവേക്

കറുത്തിരുണ്ട മഴയുള്ള രാത്രിയിൽ
വിശപ്പുവീണ്ടു, മവളെ പുണരുന്നു.

കറുത്തചേലയുടുത്ത പെണ്ണവൾ
കറുത്തകമ്പളം വാരിപുതച്ചവൾ

വെളുത്ത ചേലയുടുക്കാൻ കൊതിച്ചവൾ
വിശപ്പിനെ കഴുത്തുഞെരിച്ചമർത്തുന്നു.

ഒട്ടിയവയറിന്റെ രോദനം പിടയുന്നു
ഒരുതുള്ളിവെള്ളം കൊതിക്കുന്നു ചൊടികളും.

ഉണരാത്ത നിദ്രയുടെ നീലിച്ചമുഖവുമായ്
ഇരുട്ടിന്റെ മടിത്തട്ടിലവളുറങ്ങുന്നു.

പാതികൂമ്പിയമിഴികളിൽ വിജയത്തിളക്കവും
ചുണ്ടിലൊരു ഗൂഢസ്മിതത്തിന്റെ ശേഷിപ്പും!

ഇനിയൊരിക്കലും വിശക്കില്ല,വൾക്കെന്നു
നാളെനാട്ടുകാർ പതിയെ പറഞ്ഞേക്കും.

നനഞ്ഞുകുതിർന്ന അടുപ്പുമുഴകളിൽ
വിശപ്പു കുതിർന്നി,ടറി വീഴുന്നു,

ആർത്തലച്ചുതിമിർക്കുന്ന മഴയിലും
വിശപ്പടക്കുവാനെത്തിയുറുമ്പുകൾ

വിശപ്പിനെ തോൽപ്പിച്ചവളുറങ്ങുന്നു
വിശപ്പിനെ തോല്പിച്ചുറുമ്പുകൾ മടങ്ങുന്നു.

സജിത വിവേക്