പ്രണയസരോവരതീരം (വിഷ്ണു പുൽപറമ്പിൽ)

sponsored advertisements

sponsored advertisements

sponsored advertisements

7 May 2022

പ്രണയസരോവരതീരം (വിഷ്ണു പുൽപറമ്പിൽ)

പ്രകൃതി ഭംഗിയും തണുപ്പും ട്രെയിൻ തുപ്പുന്ന പുകയും എല്ലാം കൂടി യാത്ര അവസ്മരണീയം. ഷാളും മഫ്ളറും ഒരു നിമിഷം നേരെയാക്കി തമ്പാൻ സീറ്റിൽ ഒതുങ്ങിയിരുന്നു.

ട്രെയിൻ കല്ലാർ സ്റ്റേഷനിൽ നിറുത്തിയിരിക്കുന്നു. ആവശ്യത്തിന് വെള്ളം നിറച്ചതിന് ശേഷം മാത്രമെ ഇനി യാത്രയുള്ളു.

ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോഴെ തമ്പാനും നിശാന്തും പറഞ്ഞിരുന്നു.
ഫസ്റ്റ് ക്ലാസ്സ് കൂപ്പെ വേണ്ടായെന്ന്. കാരണം യാത്ര ആസ്വദിക്കണമെങ്കിൽ അത് ജനറൽ കോച്ചിൽ വേണം. വിവിധ സംസ്കാരങ്ങളുടെ സംഗമമാണ് ജനറൽ കമ്പാർട്ട്മെൻറ്. ഫസ്റ്റ് ക്ലാസ്സിൽ അടൂർ ഗോപാലകൃഷ്ണൻറെ സിനിമ കാണുന്ന എലിറ്റ് ക്ലാസ്സിന്റെ മസിൽ പിടുത്തം എന്തായാലും ഉണ്ടാവും..’
ടണലുകളിലേക്കും കടന്നാൽ കുക്കി വിളിക്കണo.”. എന്നാലെ ഭൂമിയോളം താഴ്ന്ന് യാത്ര ആസ്വദിക്കാൻ കഴിയുകയുള്ളു..

ഊട്ടി നീലഗിരി ട്രെയിൻയാത്രയാണ്. ഉദകമണ്ഡലം എന്ന് പേരുള്ള ഊട്ടി. മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്കുള്ള അവിസ്മരണീയമായ യാത്ര.

ഹോട്ടൽ മൊണാർക്കിൽ നിന്നും മേട്ടുപ്പാളയുത്തേക്ക് അമ്പത് കി.മീറ്റർ യാത്ര. സിനിമാഷൂട്ടിംഗ് ധാരാളമായി ഉണ്ടാവുന്ന ഹോട്ടൽ മൊണാർക്ക്. സിനിമാതാരം മിഥുൻ ചക്രവർത്തിയുടെ ഹോട്ടൽ. കമ്പനിയുടെ വാർഷിക ബഡ്ജറ്റ് മീറ്റിനിടയിൽ വീണു കിട്ടിയൊരു ട്രെയിൻയാത്ര.
ദിലീപിന്റെ വെട്ടം സിനിമ ഷൂട്ട് ചെയ്ത ഹോട്ടൽ മൊണാർക്ക്. റൂം നമ്പർ പന്ത്രണ്ടിൽ
താമസിക്കുമ്പോൾ വെട്ടം സിനിമ ഒരിക്കൽ കൂടി കാണാൻ തോന്നി.
രണ്ടു് ദിവസത്തെ ബഡ്ജറ്റ് മീറ്റിങ്ങ്. പ്രോഡക്ട് പെർഫോർമൻസ്, അവാർഡുകൾ, പുതുവർഷത്തെ ടാർഗറ്റ്.
ഒരു ദിവസത്തെ ഉല്ലാസയാത്ര.

മേട്ടുപ്പാളയത്ത് നിന്നും നാലര മണിക്കൂർ യാത്രയുണ്ട് ഊട്ടിയിലേക്ക്.യുനെസ്കോയുടെ പൈതൃക ലിസ്റ്റിൽ സ്റ്റീംലോക്കോയിൽ ഉള്ള യാത്ര.
നൂറ്റാണ്ടിന് മുൻപെ ബ്രിട്ടീഷ്കാർ നിർമ്മിച്ച റെയിൽ പാളവും ട്രെയിനും.
മേട്ടുപ്പാളയത്തെ സ്റ്റീം ലോക്കോ ഷെഡും മൌണ്ടൻ റെയിൽവെ മ്യൂസിയവും എല്ലാറ്റിനും സാക്ഷി.

രാവിലെ നേർത്തെ ഹോട്ടൽ മൊണാർക്കിൽ നിന്നും മുറിയിൽ ഓരോ കട്ടൻചായ
ഉണ്ടാക്കി സഹമുറിയൻമാരെ ഉണർത്തി. തലേ ദിവസത്തെ പാർട്ടിയിൽ ഡാൻസ് കളിച്ച് പാവങ്ങൾ ഗാഢനിദ്രയിലാണ്.
ഒന്നൂടെ തട്ടി വിളിച്ചപ്പോൾ മനസ്സില്ലാതെ എഴുന്നേറ്റ് കട്ടൻ കഴിച്ചു തയ്യാറായി. രാവിലെ ആറരക്കു മേട്ടുപ്പാളയത്തിൽ എത്തിയാലെ ഏഴ് മണിക്ക് മേട്ടുപ്പാളയത്തിൽ നിന്നും ട്രെയിൻ കിട്ടുകയുള്ളു. ഐർട്ടീസിയിൽ ഓൺലൈനിലും തൽക്കാലിലും ടിക്കറ്റ് കിട്ടും.
ഇന്ത്യയിൽ ഇങ്ങിനത്തെ ഒരു ട്രെയിൻയാത്ര ഇവിടെ മാത്രം.

ആവി എൻജിൻ ആണു് ഇതിൻറെ പ്രത്യേകത.
ഫസ്റ്റ് ക്ലാസ്സ് കൂപ്പെയിൽ കയറി സീറ്റിൽ ഇരുന്നു. തമ്പാനും നിശാന്തും രാജ് മോഹനും രതിനും പ്രേമാനന്ദും ഒക്കെ നിറഞ്ഞ ഉത്സാഹത്തിലാണ്. യാത്രാബെല്ലടിച്ചു. ചിൽഡ്രൻസ് ലോക്ക് പോലെ കൂപ്പെ പുറത്ത് നിന്ന് അടച്ചിരിക്കുന്നു. പരിചയ സമ്പന്നനായ മാധവനുണ്ണിയേട്ടൻ പറഞ്ഞത് ഓർമ്മ വന്നു . സെക്കൻറ് ക്ലാസ്സ് ടിക്കാറ്റ് ആണു് ഈ യാത്രക്കു് നല്ലത് . പക്ഷെ ഊട്ടിയിലെ തണുപ്പിൽ രാവിലെ അഞ്ച് മണിക്ക് സ്റ്റേഷനിൽ പോയി തൽക്കാൽ ടിക്കറ്റ് എടുക്കണം. ഹോട്ടൽ മൊണാർക്കിലെ റിസ്‌പ്ഷ്ണിസ്റ്റും ഇത് തന്നെയാണ് പറഞത്

ഡാൻസ് ബാർ ഡിസ്കോത്തിക്കോയിലെ അരണ്ട വെളിച്ചത്തിൽ പാടി തകർത്ത രാത്രിയുടെ ഹാങ്ങ് ഓവർ മാറിയിട്ടില്ല.

കല്ലാർ സ്റ്റേഷനിൽ നിന്നും വണ്ടിയിൽ വെള്ളം നിറച്ചു. എല്ലാവരും സ്റ്റേഷനിൽ ഇറങ്ങി ഏസിയുടെ വിരസത മാറ്റി.
വണ്ടി ഹോണടിച്ചു മെല്ലെ കയറ്റം കയറാൻ തുടങ്ങി. റാക്ക് ആൻ്റ് ഫിൽ സിസ്റ്റത്തിൽ ആണ് ട്രെയിൻ കൂന്നൂർ വരെ പോകുന്നത്.

വളരെ മെല്ലെ ട്രെയിൻ മുകളിലേക്ക്. ബോറടി മാറ്റാൻ തമ്പാൻ പ്രേംനസീറിനെ പോലെ ഒരു ഷാൾ എല്ലാമിട്ട് പൈൻ മരങ്ങൾക്കിടയിലൂടെ മഞ്ഞിൽ പുതഞ്ഞ് പാടാൻ തുടങ്ങി.

” മാനത്തെ ശിങ്കാരതോപ്പിൽ
ഒരു ഞാലിപ്പൂവൻപഴതോട്ടം,
കാലത്തും വൈകീട്ടും ആ വാഴതോട്ടത്തിൽ കൂമ്പാള തേനുണ്ണാൻ നീയും പോരുന്നോ……
തേനും വയമ്പും നാവിൽ തൂകും വാനമ്പാടി…’
രാഗം…… ശ്രീരാഗം”
തേനും വയമ്പും…..’

തമ്പാൻ ഗൃഹാതുരത്വത്തിലാണ്. ഉപ്പട്ടിയെന്ന ഗ്രാമത്തിൽ അച്ഛന്റെ ജോലിക്കാലത്ത് പഠിച്ച എൽപി സ്കൂൾ സ്മരണകളിലാണ്. മാംഗോറെഞ്ച് ഹോസ്പിറ്റലിന് അരികിലൂടെ മഞ്ഞറോസാപ്പൂക്കൾ അതിരിട്ട വഴിയിലെ കോർട്ടേർസും ബാല്യവും ഉപ്പട്ടിയിലെ സൌഹൃദങ്ങളും ഒരു വേള ഓർമ്മകളിൽ നൊമ്പരമുണർത്തുന്നു. സുമലത ഒരു വേദനയായി തമ്പാന്റെ പാട്ടിൽ
എങ്കിലും ഫസ്റ്റ് ക്ലാസ്സ് കൂപ്പെയിൽ ഒരു ഒച്ചപ്പാട് ഉണ്ടാക്കാൻ തമ്പാന് കഴിഞ്ഞു.

പാറക്കൂട്ടങ്ങൾക്കിടയിലൂടെ
പച്ചപ്പട്ട്വിരിച്ച് മലനിരകൾക്കിടയിലൂടെ
കൈയ്യെത്തും ദൂരെ ആകാശം.
ഇടക്ക് ചില ടണലുകൾ..’
ടണലുകൾ കടക്കുമ്പോൾ ഇരുട്ടിൽ ചില കൂവലുകളും
കുറുക്കൻകരച്ചിലുകളും..’
ഇരുട്ടിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ചില മാന്യന്മാർ…’
ഒരു തെരുവിന്റെ കഥയിൽ ശ്രീ.എസ്.കെ.പൊറ്റക്കാട് പകർത്തിയ പകൽമാന്യന്മാർ ശ്വാസം വിടുന്ന ശബ്ദം.

ഇടക്ക് ഏതോ സ്റ്റേഷനിൽ നിറുത്തിയപ്പോൾ ബ്രേക്ഫാസ്റ്റിന്റെ പാക്കറ്റ് ഒരു കുരങ്ങൻ തട്ടിപ്പറിച്ചു മെയ്മാസപ്പൂക്കൾ വിതാനിച്ച മരക്കൂട്ടങ്ങളിലേക്ക് ഓടിയൊളിക്കുന്നു.
യാത്ര ഒറ്റക്കാണെങ്കിൽ മ്പോറടിച്ചു തീരും. സൌഹൃദങ്ങൾക്കൊപ്പമാണെങ്കിൽ അഞ്ച് മണിക്കൂർ പിന്നിടുന്നതിയില്ല.

വണ്ടി കുന്നൂർ എത്തിയിരിക്കുന്നു. ഇനി ഡീസൽ എഞ്ചിൻ ഘടിപ്പിച്ചാണ് യാത്ര. ഇടവേളയിൽ എല്ലാവരും സ്റ്റേഷനിൽ ഇറങ്ങി ഫോട്ടോകൾ എടുക്കുന്നു. ഇവിടെ നിന്നും ജനറൽ കോച്ചിന്റെ എണ്ണം കൂടും…’
ട്രെയിൻ വില്ലിംഗ്ടൺ സ്റ്റേഷൻ കഴിഞ്ഞിരിക്കുന്നു. അറവൻകാട് സ്റ്റേഷൻ പിന്നിട്ട് ലൌവ് ഡെയിൽ എത്തിയിരിക്കുന്നു.
പ്രണയം പൂത്തുലഞ്ഞ സിനിമാലൊക്കേഷനുകൾ..’ പ്രണയ നൈരാശ്യത്താൽ മോഹൻലാൽ….
ഓടുന്ന ട്രെയിൻ വളവ് തിരിയുമ്പോൾ രേവതി ട്രെയിനിൽ നിന്നും ചാടുമ്പോൾ കുമ്പടക്കി പ്പിടിച്ച് മോഹൻലാൽ…. കിലുക്കത്തിലെ അവസാനരംഗം….
എത്രയെത്ര സിനിമകൾ..’

ഇടത് ഭാഗത്തെ ജനാലക്കരികിൽ നിന്നും
മുകളിലേക്ക് നോക്കിയപ്പോൾ സുഹൃത്ത് ഭാസ്കരേട്ടന്റെ മകൾ രശ്മിയുടെയും ഷിജുവിന്റെയും വീട് കണ്ടു. ഊട്ടിയിലെ സൌഹൃദങ്ങൾ..”

ട്രെയിൻ ഊട്ടിയിൽ എത്തിയിരിക്കുന്നു…
ഭൂമിയിലെ സ്വർഗ്ഗം ഇതാണെന്ന് വീണ്ടും ആരോ പറയുന്ന പോലെ..
സ്റ്റേഷനിൽ ഹോട്ടൽ മൊണാർക്ക്ന്റെ വണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ദൂരെ ഊട്ടിയിലെ തടാകത്തിൽ
മഞ്ഞ് പെയ്ത് കൊണ്ടെയിരിക്കുന്നു.

” നീല കൊടുവേലി പൂത്തു
ദൂരെ നീലഗിരികുന്നിൽ മേലെ
മഞ്ഞിൻ പൂവേലിക്കൽകൂടി
കൊച്ചു വണ്ണാത്തി പ്പുള്ളുകൾ പാടീ……
താളം പിടിക്കുന്ന വാലാട്ടി പക്ഷിക്ക് താലികെട്ടിന്നല്ലെ
നീയും പോരുന്നോ…..
തേനും വയമ്പും…..
മ്ഹും മ്ഹും… ലാ ലാ ലാ ലാ…
അകലെ പൈൻമര കാടുകൾക്കിടയിൽ പ്രേംനസീറും സുമലതയും….

തമ്പാന്റെ മനസ്സ് അപ്പോഴും ഉപ്പട്ടിയിൽ അലഞ്ഞ് നടക്കുകയായിരുന്നു….’