വണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ സമയം വൈകിയിരിക്കുന്നു. ഓട്ടോറിക്ഷക്ക് കാത്ത് നിൽക്കുമ്പോൾ ജനിച്ച് വളർന്ന നഗരത്തിൽ സുധാകരൻ അന്യനായത് പോലെ തോന്നി. ട്രോളിയും ഉന്തി വരുന്ന ദുർഗ്ഗക്ക് പ്രായത്തിന്റെ അസ്വസ്ഥതകൾ പ്രകടമായി തുടങ്ങിയിരിക്കുന്നു.
നഗരത്തിരക്കിൽ നിന്നും ഓട്ടോ ഇടറോഡിലേക്ക് കടന്നപ്പോൾ ഡ്രൈവർ പുതിയൊരു ഇരയെ കിട്ടിയ സന്തോഷത്തിൽ നാട്ടിലെ വിശേഷങ്ങൾ പറയാൻ തുടങ്ങിയിരിക്കുന്നു. തന്റെ മൌനം അയാളെ അലോസരപ്പെടുത്തുന്നതായി സുധാകരന് തോന്നി.
തറവാട്ടിൽ നിന്നും ഭാഗം വാങ്ങി അറബിക്കടലിന്റെ തീരത്ത് ഫ്ലാറ്റ് വാങ്ങി പോകാൻ ആർക്കായിരുന്നു തിരക്കെന്ന് ഒരു നിമിഷം ആലോചിച്ചപ്പോൾ തന്റെ തീരുമാനങ്ങൾ തെറ്റായിരുന്നുവെന്ന് അയാൾക്ക് മനസ്സിലായി.
പഴയ നാട്ടുവഴികൾ വളരെ മാറിയിരിക്കുന്നു. പല വഴികൾ കൂടിച്ചേരുന്ന ഹബ്ബായി മാറിയിരിക്കുന്നു ഗ്രാമം. ഇടറോഡുകൾ എല്ലാം ടാറു ചെയ്ത് വഴി വിളക്കുകൾ അലങ്കരിച്ചിരിക്കുന്നു.മൂന്ന് നാല് ദേശസാൽകൃത ബാങ്കുകളും പുതു തലമുറ ബാങ്കുകളും ബാർ ഹോട്ടലും പെട്രോൾ പമ്പും ജിംനേഷ്യവും പോലീസ് സ്റ്റേഷനും ഒക്കെയായി ഗ്രാമം നഗരത്തിന്റെ മുഖപടമണിഞ്ഞ് വളരെ വ്യത്യസ്തമായിരിക്കുന്നു.
കുട്ടാടൻ വിതച്ചിരുന്ന വയലുകൾ എല്ലാം തൂർത്ത് കോടികളുടെ വീടുകൾ ധാരാളം നിർമ്മിച്ചിരിക്കുന്നു.
“ഇനിയെങ്ങോട്ടാണ് സർ ”
ഓട്ടോ ഡ്രൈവറുടെ ചോദ്യം സ്മരണകളിൽ നിന്നും ഉണർത്തിയപ്പോൾ അമ്പലത്തിലെ സത്രത്തിലേക്ക് വിടാൻ പറഞ്ഞു. തറവാട്ടിലെ വിവാഹത്തിന് വരുന്നവർക്ക് താമസം അമ്പലത്തിലെ പഴയ പത്തായപ്പുര പുതുക്കി പണിഞ്ഞ സത്രത്തിൽ ആണ് ഏർപ്പാടാക്കിയിരിക്കുന്നത്. ഓട്ടോക്കാരൻ ഓടിയ ദൂരവും മടങ്ങിപ്പോകാനുള്ളതും കൂട്ടി പറഞ്ഞ സംഖ്യ കൊടുത്ത്
ട്രോളിയും ഉരുട്ടി പത്തായപ്പുരയിൽ അപരിചിതന്നെ പോലെ നിന്നപ്പോൾ സുധാകരന്റെ ഹൃദയം തേങ്ങുന്നുണ്ടായിരുന്നു. സത്രം കാര്യസ്ഥൻ വന്ന് റജിസ്റ്റർ നൽകിയപ്പോൾ ആരൂഡം നഷ്ടപ്പെട്ടവന്റെ ഖേദത്തോടെ ഫ്ലാറ്റിന്റെ വിലാസമെഴുതി.
ബാൽക്കണിയിൽ ഇരുന്ന് ചുടുകാപ്പി മൊത്തിക്കുടിച്ച് വീണ്ടും തന്റെ നഷ്ടപ്പെട്ട സൌഭാഗ്യങ്ങളെ കുറിച്ച് സുധാകരൻ ഓർത്തു കൊണ്ടിരുന്നു. ഗ്രാമ ക്ഷേത്രം വളർന്ന് മുഖച്ഛായ തന്നെ മാറിയിരിക്കുന്നു. എല്ലാറ്റിനും സാക്ഷിയായി പഴയ ആൽമരം മാത്രം. ആലിനെ തഴുകിയെത്തിയ കാറ്റിൽ കണ്ണടച്ചിരുന്നപ്പോൾ ബാല്യവും കൌമാരവും യൌവ്വനവും ചിലവഴിച്ച ജന്മനാടിന്റെ നന്മകൾ കളഞ്ഞ് കുളിച്ച തീരുമാനത്തെ കുറിച്ച് ഓർത്ത് സുധാകരന് തന്നോടു തന്നെ പുച്ഛം തോന്നി തുടങ്ങിയിരിക്കുന്നു.
കുളി കഴിഞ്ഞ് യാത്രാക്ഷീണമെല്ലാം മാറ്റി ദുർഗ്ഗ കാരാൾക്കടയിൽ നിന്നും വാങ്ങിയ പുതിയ സെറ്റു മുണ്ടിൽ
ബാൽക്കണിയിലേക്ക് തയ്യാറായി വന്നപ്പോൾ വേഗം തോർത്തെടുത്ത് അമ്പലക്കുളത്തിലേക്ക് നടന്നു. ക്ഷേത്രക്കുളം ആറാട്ട് കടവ് എല്ലാം നിർമ്മിച്ച് അതിര് തിരിച്ചിരിക്കുന്നു. കുളത്തിന് ചുറ്റുമതിലും പൂട്ടും താക്കോലുമൊക്കെയായിരിക്കുന്നു. വെള്ളത്തിന് നല്ല തണുപ്പുണ്ട്. പരിചയമില്ലാത്ത ചിലർ കുളിക്കാൻ വന്നപ്പോൾ സുധാകരൻ വേഗം കുളിച്ച് കയറി. വസ്ത്രം മാറി ദുർഗ്ഗയോടൊപ്പം തറവാട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ തിരുമുററത്ത് തിരക്ക് തുടങ്ങിട്ടുണ്ടായിരുന്നു. പഴയ ഇടവഴിയും ടാർ ചെയ്ത് വൃത്തിയായിട്ടിരിക്കുന്നു. പണ്ട് വേലി ചാടിക്കടന്ന് ഓടാറുള്ള പറമ്പുകളെല്ലാം മതിൽ കെട്ടി ഗേറ്റുകൾ വെച്ചിട്ടുണ്ട്. പഴയ സർപ്പക്കാവും പരിധി നിശ്ചയിച്ച് മതിൽക്കകത്ത് ആയിരിക്കുന്നു.
തറവാട് പുതുക്കിപ്പണിത് പുതിയ നാലുകെട്ട് പോലെ ആക്കിയിരിക്കുന്നു. വിശാലമായ പറമ്പിൽ എൽഇഡി പന്തൽ ആണിട്ടിരിക്കുന്നത്. പാർക്കിങ്ങിന് പ്രത്യേകം സ്ഥലം. തിരക്ക് തുടങ്ങുന്നേയുള്ളു. ദേഹണ്ണക്കാർക്ക് നിർദ്ദേശം കൊടുത്ത് കൊണ്ട് ഏട്ടൻ ദേഹണ്ണപ്പുരയിൽ നിൽക്കുന്നത് കണ്ടു . പരിചയക്കാരിലാരോ വിളിച്ചപ്പോൾ ദുർഗ്ഗ അഗ്രശാലയിലേക്ക് പോയി. അഗ്രശാലയും പുതുക്കിപ്പണിതിട്ടുണ്ട്. പുതിയ പാട്ടുപുരയും ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. പശുക്കളുടെ ആല നിന്ന സ്ഥലത്ത് പച്ചക്കറി കൃഷി വിപുലീകരിച്ചിരിക്കുന്നു. രണ്ടേര മൂരികൾ ഉണ്ടായിരുന്ന ആലയുടെ സ്ഥാനത്ത് കാർപോർച്ച്. തന്നെ കണ്ടിട്ടാവാം ഏട്ടൻ മുററത്തേക്ക് കടന്ന് വന്നു.
“നീ എപ്പോഴെ എത്തിയത് ” ” കുട്ടികൾ ഒന്നും വന്നിട്ടില്ലെ?
ഏട്ടന്റെ ചോദ്യത്തിന് മറുപടി പറയുമ്പോൾ വേലായുധേട്ടൻ അരികിലേക്ക് വന്ന് ചിരിച്ച് കൊണ്ടു നിന്നു. പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന വേലായുധേട്ടന്റെ കൈയ്യിൽ പിടിച്ചപ്പോൾ കരയാൻ തുടങ്ങിയിരിക്കുന്നു. നാലഞ്ച് വർഷം മുൻപെ അമ്മയുടെ ശ്രാദ്ധം കഴിഞ്ഞ് പോയിട്ട് പിന്നെ ഇന്നാണ് വരുന്നത്. ഗയാ ശ്രാദ്ധം ഊട്ടിയതിന് ശേഷം വർഷത്തിലൊരിക്കൽ തറവാട്ടിലേക്ക് വരുന്നതും ദുർഗ്ഗക്ക് സമ്മതമായിരുന്നില്ല.
പണ്ട് അച്ചി കോന്തൻ എന്ന് പറഞ്ഞ് ചിലരെ അമ്മ കളിയാക്കാറുള്ളത് സുധാകരന് ഓർമ്മ വന്നു. ദുർഗ്ഗയുടെ സമ്മതം മാത്രമായിരുന്നില്ല വരാതിരിക്കാൻ കാരണം. വേണ്ടായെന്ന് മനസ്സ് പറഞ്ഞതിനാലും കൂടിയായിരുന്നു ഈ തിരോധാനം. വേലായുധേട്ടന്റെ കരച്ചിൽ വീണ്ടും സ്ഥലകാല ബോധം നൽകി. അരികിലെ കസേരയിൽ വേലായുധേട്ടനെ ഇരുത്തി മെല്ലെ കുളക്കരയിലേക്ക് നടന്നപ്പോൾ ഭൂമി പിളരുന്നതായി തോന്നി. തന്റെ വിഹിതം വിറ്റപ്പോൾ ദുബായ്ക്കാരൻ കെട്ടിയ വൻമതിൽ തറവാടിന്റെ ദൂരക്കാഴ്ച് നശിപ്പിച്ചിരുന്നു. മെയിൻ റോഡ് മുതൽ തറവാടിന്റെ മുറ്റം വരെ ചൈനീസ് വൻമതിൽ പറമ്പിന്റെ ഭംഗി മുഴുവൻ നശിപ്പിച്ചിരിക്കുന്നു.
ഏട്ടൻ കുളിക്കാൻ കുളത്തിലെത്തിയിരിക്കുന്നു. കുളത്തിനോട് ചേർന്ന് പണ്ട് ഒരു മറപ്പുരയുണ്ടായിരുന്നു. അച്ഛൻ കാണാതെ സന്ധ്യകഴിഞ്ഞാൽ കുളിക്കാൻ ഏട്ടന്റെ കൂടെ വന്നാൽ ഒളിപ്പിച്ച് കൊണ്ടു വന്ന സിഗററ്റ് വലിച്ച് മറപ്പുരയിൽ ഇരുന്ന കാലം ഒരു വട്ടം കൂടി കിട്ടിയാലെന്ന് മനസ്സ് പറഞ്ഞു. പൊളിഞ്ഞ മറപ്പുരയുടെ മുകളിലേക്ക് വളർന്ന് തൂങ്ങിയ പാറകത്തിന്റെ വേരുകൾ മറപ്പുരയുടെ തറ പൊളിച്ച് പുറത്ത് കടന്നിരുന്നു. ചിലപ്പോൾ ഓടിറങ്ങി വരുന്ന ചേരകൾ ഉത്തരത്തിൽ ഇണ ചേരുമായിരുന്നു.
“നീയെന്താ ഉണ്ണീ ആലോചിക്കുന്നത് ”
ഏട്ടന്റെ ചോദ്യം കേട്ടപ്പോൾ പഴയ കാലങ്ങളെ കുറിച്ച് കുറെ നേരം സംസാരിച്ചപ്പോൾ മനസ്സിന് എന്തോ ശാന്തത വന്ന പോലെ.
” ശോഭന ബാലൻ നായര് കഴിഞ്ഞാഴ്ച വന്നിരുന്നു. ദുബായ്ക്കാരൻ ഇവിടെ വീടൊന്നും വെക്കുന്നില്ലാത്രെ, അയാൾക്ക് തറവാട്ട് പറമ്പ് മറിച്ചു വിൽക്കാനും പറ്റുന്നില്ലത്രെ”
” ഏട്ടൻ എന്താണുദ്ദേശിക്കുന്നത് ”
” ബാലൻ നായർ നാളെ വരും. പണ്ട് കൈമോശം വന്ന പറമ്പ് നീ തിരികെ വാങ്ങണം . കുട്ടികൾക്കായി നമ്മൾ ധാരാളം കരുതി വെച്ചിട്ട് യാതൊരു കാര്യവുമില്ലാന്ന് ഇപ്പം ബോധ്യായില്ലെ. അകലെ നഗരത്തിൽ ഒറ്റക്ക് കഴിയാതെ ഇവിടെ ഒരു വീട് വെച്ച് താമസം തുടങ്ങണം . നിനക്ക് കിട്ടിയതിന്റെ പകുതി വിലക്ക് ഇപ്പം വാങ്ങിത്തരാന്ന് ബാലൻ നായർ പറഞ്ഞിട്ടുണ്ട് ”
ഏട്ടൻ കുളിച്ച് കയറി പോകുമ്പോൾ വീണ്ടു പറഞ്ഞു.
“നല്ല തീരുമാനമായിരിക്കട്ടെ നിന്റേത് , പിന്നെ മുറിയിൽ നിന്നും ബാഗ് എടുത്ത് കൊണ്ടരാൻ പറഞ്ഞിട്ടുണ്ട്. തറവാട്ടിലെ മുകളിലത്തെ നിന്റെ മുറിയുടെ താക്കോൽ ദൂർഗ്ഗയുടെ കൈയ്യിലുണ്ട്. ഇവിടെ നീ ഒരന്യനല്ല”.
ഹൃദയത്തിന് വല്ലാത്തൊരു ലാഘവം തോന്നി ഏട്ടന്റെ വാക്കുകൾ കേട്ടപ്പോൾ .
ദീപാരാധന തൊഴുത് പുറത്തിറങ്ങിയപ്പോൾ പത്തായപ്പുരയുടെ കാര്യസ്ഥൻ വന്ന് മുറിയുടെ താക്കോൽ ചോദിച്ചു.
സത്രത്തിലെ മുറി വെക്കേറ്റ് ചെയ്ത് പഴയ ആൽത്തറയിൽ ദുർഗ്ഗയോടൊപ്പം ഇരുന്നപ്പോൾ തന്റെ മനസ്സ് വായിച്ച പോലെ അവൾ പറഞ്ഞു
” നമ്മൾക്കും ഇവിടെയൊരു കൊച്ച് വീട് വെക്കണം. അന്നത്തെ നമ്മുടെ തീരുമാനങ്ങൾ ശരിയായിരുന്നില്ല. ഇനി റിട്ടയർമെന്റ് ജീവിതം ഇവിടെ തന്നെയാവട്ടെ . ”
പടിഞ്ഞാറൻ കാറ്റിൽ കലപില ശബ്ദത്തോടെ ആൽ മരത്തിൽ നിന്നും ഇലകൾ കൊഴിഞ്ഞ് കൊണ്ടിരുന്നു.
തറവാട്ടിലെ മുകൾ നിലയിൽ സ്വപ്നങ്ങൾ നെയ്തെടുത്ത തന്റെ മുറിയുടെ ജനാലകൾ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ മനസ്സിൽ അകലെ കാഴ്ച മറക്കുന്ന വൻമതിൽ തകർന്നടിഞ്ഞു കഴിഞ്ഞിരുന്നു.
വേരുകൾ പടർന്നിറങ്ങി തന്റെ സ്വപ്നങ്ങളും തളിരിടുന്നതിന്റെ നിർവൃതിയിൽ ചാരുപടിയിൽ കിടക്കുമ്പോൾ താഴെ നിന്നും തിരുവാതിരപ്പാട്ടുകൾ ഒഴുകിയെത്താൻ തുടങ്ങിയിരുന്നു.
വിഷ്ണു പുൽപ്പറമ്പിൽ