വിഷു ഓർമ്മകൾ (രമ്യ മനോജ്,അറ്റ്ലാന്റാ )

sponsored advertisements

sponsored advertisements

sponsored advertisements

15 April 2022

വിഷു ഓർമ്മകൾ (രമ്യ മനോജ്,അറ്റ്ലാന്റാ )

“കണികണ്ടു കഴിഞ്ഞാൽ ഉറങ്ങാൻ പാടില്ലാന്ന് പറഞ്ഞാൽ കേൾക്കില്ലാല്ലേ,എണീറ്റ് കുളിച്ച് അമ്പലത്തിൽ പോയി കൃഷ്ണനെ തൊഴുത് ഈ വർഷം സകല സൗഭാഗ്യ ങ്ങളും ഉണ്ടാകണേയെന്ന് പ്രാർത്ഥിക്കൂ, നല്ല ബുദ്ധി തരണേയെന്നും കൂടെ പ്രാർത്ഥിച്ചോളൂട്ടാ,

അമ്പലത്തിൽ പോകാനുള്ള ഉദ്ദേശമില്ലെങ്കിൽ കണികാണാൻ വച്ച ചക്ക എടുത്ത് അമ്മ എരിശ്ശേരി ഉണ്ടാക്കുന്നുണ്ട്, പോയി അമ്മയെ സഹായിക്കൂ.”

ഇല്ല ആരും പറയുന്നില്ല തോന്നിയതാണ്..ഇതെല്ലാം ഇനി ആരു പറയാനാ അല്ലേ, ആരും ഇല്ല.. പണ്ട് വിഷു ദിവസങ്ങളിൽ അച്ഛമ്മ പറഞ്ഞിരുന്നതാണ് .ഇപ്പോഴും ഞാൻ കാതോർക്കും, അച്ഛമ്മയുടെ സ്നേഹ ശകാരം കേൾക്കാനുണ്ടോയെന്ന്.. പിന്നീട് ഒരു നെടുവീർപ്പോടെ ആ സത്യം മനസ്സിലാക്കും ഇല്ല ഇനി തിരിച്ചു വരില്ല ആ കാലം..

തലേദിവസം അച്ഛമ്മയുണ്ടാക്കുന്ന കാളൻ * കുറച്ചു രുചിച്ചു നോക്കി, രാവിലെ എഴുന്നേറ്റ് അച്ഛാച്ഛന്റെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങി ,
വിഷു കൈനീട്ടം തരാനായി വരുന്ന അമ്മാവൻമാരേയും അമ്മായിമാരേയും വഴിക്കണ്ണുമായി കാത്തിരിക്കുന്ന, അനിയന്റെ വിഷു കൈനീട്ടത്തിൽ നിന്ന് അവനറിയാതേ പൈസ അടിച്ചുമാറ്റുന്ന , ആ കാലത്തിലേക്ക്, ആ കുട്ടിയിലേക്ക് ഒരു മടങ്ങിപ്പോക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ദിവസങ്ങളില്ല.

എന്റെ വിഷു ഓർമ്മകൾ എപ്പോഴും അച്ഛാച്ഛനേയും അച്ചമ്മയേയും ചുറ്റിപറ്റിയാണ്.
വിഷുദിന ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത് അച്ഛാച്ഛൻ തന്നിരുന്ന വിഷുക്കൈനീട്ടം ആണെങ്കിലും എനിക്കേറ്റവും പ്രിയം അച്ഛമ്മയുണ്ടാക്കുന്ന സദ്യ തന്നെ ആയിരുന്നു..

അച്ഛമ്മ പഠിപ്പിച്ച ശീലങ്ങളിലൂടെ അമ്മ പകർന്നു തന്ന രുചികളിലൂടെ കണിപ്പൂവില്ലെങ്കിലും, ചക്ക ഇല്ലെങ്കിലും ലോകത്തിന്റെ ഏതു ഭാഗത്തായാലും വിഷു ആഘോഷിക്കാൻ ശ്രമിക്കാറുണ്ട്.. പക്ഷേ ഞാനനുഭവിച്ച ആ സുന്ദരമായ വിഷുക്കാലം എന്റെ കുട്ടികൾക്കു അനുഭവിക്കാൻ കഴിയുന്നില്ലല്ലോയെന്ന വിഷമം മാത്രം ബാക്കി ..

*കാളൻ- തൃശ്ശൂർ ഭാഗത്ത് സദ്യകൾക്കുണ്ടാക്കുന്ന ഒരു പ്രധാന കറി..

എല്ലാവർക്കും വിഷു ആശംസകൾ

രമ്യ മനോജ്,അറ്റ്ലാന്റാ