NEWS DETAILS

21 September 2023

വനിതാ സംവരണ ബിൽ പല കോട്ടകളും വനിതാ മണ്ഡലമാകും

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതോടെ രാഷ്ട്രീയ നേതൃത്ത്വങ്ങളുടെ ചങ്കിടിപ്പും വർദ്ധിച്ചിരിക്കുകയാണ്. നിലവിലിലെ സിറ്റിംഗ് എം.പി മാരിലും എം.എൽ.എമാരിലും നല്ലൊരു വിഭാഗത്തിനും ബിൽ പ്രാബല്യത്തിൽ വരുന്നതോടെ സീറ്റുകൾ നഷ്ടമാകും. വനിതാ സംവരണ ബിൽ പാസായാലും നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടാൽ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ പ്രാബല്യത്തിൽ വരാൻ സാധ്യത കുറവാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എന്തായാലും നടപ്പാക്കാൻ കഴിയും.

അതേസമയം നടപടി ക്രമങ്ങളിൽ വേഗത കൂടി ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തന്നെ സംവരണം ഏർപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. വനിതാ സംവരണ ബിൽ കൊണ്ടു വരുന്നത് മോദി സർക്കാറാണെങ്കിലും അതിനായി ഏറ്റവും ശക്തമായി കഴിഞ്ഞ കാലങ്ങളിൽ പോരാടിയത് സി.പി.എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികളാണ്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ്സിനും വനിതാ സംവരണ ബില്ലിനെ എതിർക്കാൻ കഴിയുകയില്ല. എന്നാൽ മറ്റു പ്രാദേശിക പാർട്ടികളുടെ അവസ്ഥ അതല്ല അത്തരം പാർട്ടികളെ സംബന്ധിച്ച് ഓർക്കാപ്പുറത്ത് കിട്ടുന്ന പ്രഹരമാണിത്.

നിലവിൽ ലോക്സഭയിൽ വനിതാ എംപിമാർ 15 ശതമാനത്തിനും നിയമസഭകളിൽ 10 ശതമാനത്തിനും താഴെയാണ്. അതാണ് കുത്തനെ വർദ്ധിക്കാൻ പോകുന്നത്. ഉദാഹരണത്തിന് കേരളത്തിന്റെ കാര്യം തന്നെ പരിശോധിക്കാം. 20 ലോകസഭ സീറ്റുകൾ ഉള്ള കേരളത്തിൽ വനിതാ സംവരണം വരുന്നതോടെ 7 സീറ്റുകളാണ് വനിതകൾക്കായി നീക്കി വയ്ക്കേണ്ടി വരിക.140നിയമസഭ സീറ്റുകളിൽ 46 സീറ്റുകളും വനിതകളുടെ സംവരണ സീറ്റുകളായി മാറും. സ്ത്രീ വോട്ടർമാർ കൂടുതലുള്ള കേരളത്തിൽ ഏത് മണ്ഡലങ്ങൾ വേണമെങ്കിലും വനിതാ സംവരണ മണ്ഡലമായി മാറാം എന്നതാണ് അവസ്ഥ.

മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങൾ വനിതാ സംവരണ മണ്ഡലമായി മാറിയാൽ അത് ആ പാർട്ടിയുടെ നേതൃത്വത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായാണ് മാറുക. നിയമസഭയിലും പാർലമെന്റിലും ഒരു വനിതാ പ്രാതിനിത്യം പോലും ഇല്ലാത്ത പാർട്ടിയാണ് മുസ്ലീംലീഗ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ മത്സരിച്ച ലീഗിന്റെ ഏക വനിതാ സ്ഥാനാർത്ഥിയായ നൂർബിനാ റഷീദിനെ ലീഗുകാർ തന്നെയാണ് തോൽപ്പിച്ചതെന്ന ആരോപണ ആ പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്.

മുൻപ് കോഴിക്കോട്ട് നടന്ന യൂത്ത് ലീഗ് പരിപാടിയിൽ നിന്നും ലീഗ് വനിതാ നേതാവിനെ ഇറക്കിവിട്ടതും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്തിനെയാണ് വേദിയിൽ നിന്നും ഇറക്കിവിട്ടിരുന്നത്. മലബാർ സമരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഈ സംഭവം. മുഖ്യാതിഥിയായ മതപണ്ഡിതൻ വേദിയിൽ എത്തിയപ്പോഴാണ് ഏക വനിതാ അംഗമായ ശംലൂലത്തിനെ ഇറക്കിവിട്ടിരുന്നത്. മലബാർ സമരത്തിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചുള്ള പ്രസംഗം നടക്കുമ്പോഴായിരുന്നു വനിതാ ലീഗ് നേതാവിന് ഇറങ്ങിപ്പോകേണ്ടി വന്നതെന്നതും ശ്രദ്ധേയമാണ്.

ഇത് ഒറ്റപ്പെട്ട സംഭവമായി ഒരിക്കലും വിലയിരുത്താൻ കഴിയുകയില്ല. മുസ്ലീംലീഗിൽ മുൻപും ഇപ്പോഴും എല്ലാം ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ നടക്കാറുള്ളത്. ലീഗ് വിദ്യാർത്ഥി സംഘടനയായ ‘ഹരിത’യിൽ നല്ല കേഡറുകൾ ഉയർന്നു വന്നപ്പോൾ അവരെ പുറത്തു നിർത്തുന്ന നിലപാട് സ്വീകരിച്ചതും ഹരിത സംസ്ഥാന കമ്മറ്റി തന്നെ പിരിച്ചു വിട്ടതും ലീഗ് നേതൃത്വമാണ്. മലബാറിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ മുസ്ലീംലീഗിന് ഇനി അങ്ങനെയൊന്നും വനിതാ നേതാക്കളെ തഴയാൻ കഴിയുകയില്ല. വനിതാ സംവരണ ബിൽ വരുന്നതോടെ ലീഗ് കോട്ടകളിൽ അവർക്കും സ്ത്രീകളെ മത്സരിപ്പിക്കേണ്ടി വരും.

ലോകസഭ – നിയമസഭ സീറ്റുകളിൽ വനിതാ സംവരണം വരുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം പങ്കുവയ്ക്കുന്നത് സി.പി.എം നേതൃത്വമാണ്. വനിതാ നേതാക്കളാൽ സമ്പന്നമായ ഇടതുപക്ഷത്ത് നിരവധി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ വനിതാ നേതാക്കൾക്കാണ് ഇനി അവസരം ലഭിക്കാൻ പോകുന്നത്. ഓരോ മണ്ഡലത്തിലെയും ജയ – പരാജയങ്ങളിൽ സ്ഥാനാർത്ഥിയുടെ മികവും നിർണ്ണായക ഘടകമായതിനാൽ മറ്റു പാർട്ടികൾക്കും സ്ത്രീകളെ കൂടുതലായി രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടു വരേണ്ടതായി വരും.