
ആറാം ലോകകപ്പ് കിരീടവുമായി ഓസ്ട്രേലിയ
അഹമ്മാദാബാദ്: ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇതോടെ തോല്‍വി അറിയാതെ മുന്നേറുകയായിരുന്ന ഇന്ത്യയുടെ ജൈത്രയാത്രക്ക് തിരശീല വീണു.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത ഹെഡ് 120 പന്തില്‍ 137 റണ്‍സ് നേടി ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍ ആയി. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി.
ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി. പതിവിനു വിപരീതമായി ബുംറയ്‌ക്കൊപ്പം ഷമിയാണ് ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ (7) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച് ഷമി ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവച്ചു. മൂന്നാം നമ്പറില്‍ മിച്ചല്‍ മാര്‍ഷ് ചില കൂറ്റന്‍ ഷോട്ടുകളടിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഏറെ ആയുസുണ്ടായില്ല. 15 റണ്‍സ് നേടിയ മാര്‍ഷിനെ ബുംറയുടെ പന്തില്‍ കെഎല്‍ രാഹുല്‍ പിടികൂടി. നാലാം നമ്പറിലെത്തിയ സ്റ്റീവ് സ്മിത്തിനെ (4) ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കുകയും ചെയ്തു.
തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും ക്രീസില്‍ ഉറച്ചു. നിരവധി തവണ ബീറ്റണായിട്ടും ഭാഗ്യം തുണച്ച ട്രാവിസ് ഹെഡ് സാവധാനം ആക്രമണ മൂഡിലേക്ക് കടന്നപ്പോള്‍ ലബുഷെയ്ന്‍ പ്രതിരോധത്തിന്റെ ഉറച്ച രൂപമായി. ഇന്ത്യയുടെ മൂര്‍ച്ച കുറഞ്ഞ ഫീല്‍ഡിംഗും ബൗളിംഗും അവരുടെ ബാറ്റിംഗ് വളരെ എളുപ്പമാക്കി. 58 പന്തില്‍ ഫിഫ്റ്റി തികച്ച ഹെഡ് വെറും 95 പന്തില്‍ മൂന്നക്കം തികച്ചു. ഇതോടെ ഇന്ത്യ പരാജയമുറപ്പിച്ചു. സെഞ്ചുറിക്ക് പിന്നാലെ ആക്രമണം അഴിച്ചുവിട്ട ഹെഡ് അനായാസം ഓസീസിനെ കിരീടത്തിലേക്ക് നയിച്ചു. കളി പൂര്‍ണമായും അടിയറവ് വച്ച ഇന്ത്യന്‍ ടീമിന്റെ ശരീരഭാഷയിലും ഇത് പ്രകടമായിരുന്നു. ഇടക്കിടെ പടുകൂറ്റന്‍ സിക്‌സറുകള്‍ കണ്ടെത്തിയ ഹെഡ് ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് കളിച്ചാണ് ഓസീസിനെ ജേതാക്കളാക്കിയത്. വിജയത്തിലേക്ക് രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ സിറാജിന്റെ പന്തില്‍ ശുഭ്മന്‍ ഗില്‍ പിടിച്ച് പുറത്തായെങ്കിലും നാലാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്‌നുമൊത്ത് ഹെഡ് 192 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ലബുഷെയ്‌നും (58) ഗ്ലെന്‍ മാക്‌സ്വലും (2) നോട്ടൗട്ടാണ്.