നവാസ് ഹനീഫ്
ഇടനാഴികളിൽ
കൊത്തുപണിഞ്ഞ
മരപ്പടിവാതിലിൽ
കടവാവലുകൾ
ചിറകിട്ടടിച്ച ഒച്ചയും
ഇടയ്ക്കിടയ്ക്ക് ചീവീടിന്റെ ശ്രുതിയിൽ
ലയിച്ചു ചേരുന്ന
രാത്രിയിലെ അന്ത്യ യാമങ്ങൾ..
നിഴലുകൾ നൃത്തം
ചെയ്യുന്ന നിലാവിൽ
അങ്ങകലെ നിന്നും
തഴുകി വീശുന്ന കുളിർക്കാറ്റിൽ
ആരോ പുരട്ടിയ
ചന്ദനത്തൈലത്തിൻ സുഗന്ധം
നടുമുറ്റത്തെ കോലായിൽ
പണ്ടേ ഇരുപ്പുറപ്പിച്ചു
പിത്തളപാത്രത്തിൽ
തെറിച്ചു വീഴുന്ന മഴത്തുള്ളികൾ-തുള്ളിക്കളിക്കുന്ന
താളത്തിൽ ലയിച്ചു,
ഞാനാ
മരക്കട്ടിലിൽ കിടക്കവേ….
വാർധക്യത്തിന് പായൽ പിടിച്ച
എന്റെ മനസ്സും
ക്ലാവ് പിടിച്ചു നിറം മങ്ങിയ
പിത്തള പാത്രത്തിൽ
ചിന്നിച്ചിതറുന്ന
മഴത്തുള്ളികൾ പോലെ
ചിതറിയ ചിന്തകളുമായി…..
ഇനിയെത്ര രാവുകൾ
ഇനിയെത്ര നാളുകൾ
യാത്രാമൊഴി ചൊല്ലുവാൻ
രാവുകൾ ഇനിയും നീളാതെ
മടങ്ങുവാൻ കഴിഞ്ഞെങ്കിൽ….
ഉറ്റവർക്കാർക്കും
ഉപദ്രവമാകാതെ….
വേദനകൾ കടിച്ചിറക്കിയ നാളുകളിനിയും
താണ്ടിക്കടക്കാനാകാതെ…
മടങ്ങിപ്പോകാൻ
ഞാനാശിച്ചു പോയി…
എന്നെ കൊണ്ട് പോകാനുള്ള
സമയം അടുത്തുവോ
അതിനെ ഓർമ്മപ്പെടുത്തികൊണ്ടു
നാഴികമണി അടിച്ചുവോ…
ആയുസ്സിൻ അവസാന നാഡിമുറിക്കുവാൻ
വാളോങ്ങിയെത്തുന്നിതാ
കാലൻ ആരാച്ചാരുടെ വേഷത്തിൽ….
ഗദ്ഗദം മുഴങ്ങുമെൻ
മനസ്സിന്റെ ഉള്ളിൽ
അശ്വരഥങ്ങളിൽ പറന്നെത്തിയെൻ പടിവാതിലിൽ
കാത്തു നിൽക്കുന്നുവോ….അവർ…
ചുമരിലെ നാഴികമണിയിലെ
സൂചിയുടെ ചലനവും
എന്റെ ഹൃദയത്തിന്റെ സ്പന്ദനവും
ഒരേ താള ബോധത്തോടെ
തുടിക്കുമ്പോൾ
മച്ചിലെ ചിലക്കുന്ന
പല്ലിയുടെ നിർവൃതിയോ
പകലെങ്ങോ പറമ്പിൽ നീട്ടിക്കുറുകുന്ന റൂഹാനി**
കിളിയുടെ രോദനമോ…
ചാരത്തു നിൽക്കുന്നതിലാരോ
കോരിയൊഴിക്കുന്ന
ഇളനീരിൻ ചാറിൽ ചലനമറ്റ നാവിൽ
രുചിയറിയാതെ കിതക്കുന്നിതാ
എന്റെ ദേഹവും ചേതനയറ്റ മനസ്സും
മങ്ങിയ മിഴികളിൽ പ്രതിഫലിക്കുന്ന
നിലവിളക്കിൻ തിരിനാളമെന്നിൽ
വരും നാളിന്റെ നിഗൂഢ യാഥാർഥ്യങ്ങളറിയാൻ
വെമ്പൽ കൊണ്ടിരിക്കെ…
ആരോ പാരായണം ചെയ്യുന്ന
മഹത് ഗ്രന്ഥത്തിന്
അർത്ഥപുഷ്ടമായ വരികളുടെ
ആഴങ്ങളറിയാൻ ആശിച്ചുവോ…
കഴിഞ്ഞകാലത്തിൻ
മധുരം മറന്ന,
മരവിച്ച മനസ്സിൽ ഒത്തിരി സ്നേഹം പകർന്നു തന്ന
ആ കൈകളെന്നെ പുണർന്നുവോ
ഈ അവസാന നേരങ്ങളിൽ…
വിട പറയുന്നത് കേൾക്കാൻ കൊതിക്കയാണോ
പലരുമെന്നരികിൽ
പകലിലും പാതിരാവിലും …
വേരറ്റു പോകുമീ
പടവൃക്ഷത്തിൻ തണലിൽ
ലാളനയേറ്റു തഴച്ചു വളർന്നവർ.
വേറിട്ട് പോകുന്ന
വേര്പാടിന് ഗദ്ഗദം അകത്തളങ്ങളിലെവിടെയോ
മുഴങ്ങി കേട്ടുവോ …
കിടപ്പുമുറിയുടെ തറയിൽ
കണ്ണീർ വറ്റി കലങ്ങിയ കണ്ണുകളിൽ
ചേതനയറ്റുപോയൊരു മനസ്സുമായി
വിതുമ്പുന്ന അധരങ്ങൾ…..
പറഞ്ഞുതീർക്കാനാകാത്ത ഗതകാലത്തിൻ
നൊമ്പരമൂറും സ്മരണകളിലൂടെ
പാഞ്ഞു പോകുന്നുവോ….
സമയമെത്തുമ്പോൾ
എന്നരികിൽ മഞ്ചലുമായി
വന്ന മാലാഖമാർ
എന്നാത്മാവുമേറ്റി
അനന്ത വിഹായസ്സിലെങ്ങോ
പറന്നുയരുന്നതും കാത്തിരിക്കെ…
വടക്കേ മുറ്റത്തെ മാവിന്റെ
കാതലായ ചില്ലകളാരോ വെട്ടി മുറിക്കുന്നുവോ ….
പറമ്പിന്റെ തെക്കേമൂലയിലാരോ ഒരുക്കുന്ന
ചിതയിലേക്കെന്റെ ദേഹമെടുക്കുമ്പോൾ
പൊട്ടിക്കരയുനാരുമില്ലേ…..
അന്ത്യകർമ്മങ്ങൾ നിറവേറ്റിയെന്നാത്മാവിനു
ശാന്തി പകരുവാനാരുമില്ലേ…..
മരമുട്ടികളെരിഞ്ഞടങ്ങുമ്പോൾ
കനൽകൂമ്പാരം ചാരമായി മാറുമ്പോൾ
എന്റെ അസ്ഥികൾ പെറുക്കുവാനാരുമില്ലേ….
** ‘റൂഹാനിക്കിളി’
തെക്കൻ കേരളത്തിൽ ഈ കിളി ചിലച്ചാൽ
അടുത്തെവിടെയെങ്കിലും മരണം നടക്കുമെന്ന്
പണ്ടത്തെ പ്രായമുള്ളവരുടെ
ഒരു നാട്ടുപറച്ചിലായിരുന്നു..!