സാക്കിർ – സാക്കി നിലമ്പൂർ
ഞാൻ നിന്നെ കാണുന്നുണ്ട്.
നിന്നെ
പ്രണയിച്ച് കൊതിതീരാത്ത
എന്നെയൊരു വില കുറഞ്ഞ മല്ലിൽ പൊതിഞ്ഞതും
നമ്മൾ നടന്നു തീരാത്ത പ്രണയവഴികൾ
നീണ്ടു കിടക്കവേ എൻ്റെ കാൽവിരലുകൾ
കോറക്കയറിനാൽ കൂട്ടിക്കെട്ടിയതും ഞാനറിയുന്നുണ്ട്.
നിൻ ചെമ്പരത്തിപ്പൂമുഖം കണ്ടു കൊതിതീരാത്ത
എൻ നയനങ്ങൾ ചേർത്തടച്ചതും
നിൻ മധുരപ്രണയസ്വരം കേട്ട്
പൂതിതീരാത്തൊരെൻ ചെവികൾ പഞ്ഞി തിരുകിയടച്ചതും അറിയുന്നുണ്ട് ഞാൻ ..
അടിക്കാടുകൾ നിറഞ്ഞ ഖബർസ്ഥാനിൽ
അവസാന വാഹനത്തിൽ ഞാനെത്തിയിരിക്കുന്നു.
കീഴ്ക്കുഴി കല്ലുകളാൽ മൂടി , ചെളി കൊണ്ടടച്ച് മൂന്ന്പിടി മണ്ണിടാൻ മത്സരിക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് മാറി ഖബർസ്ഥാനിലെ ഒറ്റമരച്ചുവട്ടിൽ നീ നിൽക്കുന്നതറിയുന്നുണ്ട് ഞാൻ …
നീ നിറഞ്ഞ എൻ്റെ ഹൃദയത്തിന് മുകളിലേക്ക് മണ്ണ് കോരി നിറച്ച് ഒടുവിൽ മീസാൻ കല്ലുകൾ നാട്ടി അവരൊഴിച്ച ഒഴുക്കു വെള്ളം കിനിഞ്ഞിറങ്ങി എന്നെ പുതപ്പിച്ച തൂവെള്ള വസ്ത്രം നനയുന്നതറിയുന്നുണ്ട് ഞാൻ.
മീസാൻ കല്ലുകൾക്കിരു തലക്കലും കുത്തിയ മൈലാഞ്ചിച്ചെടികളിൽ നിൻ്റെ പ്രണയത്തിൻ്റെ കടുംചോപ്പല്ലേ കാണുന്നത്.
പെട്ടെന്നാ ചെടികളുടെ വേരിറങ്ങി എന്നെപ്പുണർന്നങ്ങ് വരിഞ്ഞുമുറുക്കിയെങ്കിലെന്നാശിക്കുന്നു ഞാൻ..
കാരണം അതും നിൻ്റെ പ്രണയമാണല്ലോ.