ജയ് ഭീം (സിനിമ റിവ്യൂ-കവിത സുനിൽ കുമാർ )

sponsored advertisements

sponsored advertisements

sponsored advertisements

12 January 2022

ജയ് ഭീം (സിനിമ റിവ്യൂ-കവിത സുനിൽ കുമാർ )

ടമ്മനിട്ട കവിതയിലെ “കുറത്തി “യെപ്പോലെ മലഞ്ചൂരൽ മടയിൽ നിന്നും തീക്ഷ്ണമായ നോട്ടത്തോടെ ജയ് ഭീമിലെ “സെങ്കിണി ” യും ഇന്ത്യയിലെ സിനിമാ പ്രേക്ഷകരുടെ മനസ്സിലേക്ക് ഉറച്ച ചുവടുകളോടെ നടന്നു കയറുകയാണ്.
ആദ്യംതന്നെ ,ആത്മവീര്യത്തോടെ, വിദ്യാസമ്പാദനത്തിലൂടെ ശക്തിയാർജിച്ച് ഇന്ത്യയുടെ ഭരണഘടനാ ശില്പി വരെ എത്തി, അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി തൻ്റെ ധന്യ ജീവിതം അർപ്പിച്ച ഡോ: ഭീമ റാവു അംബേദ്കറെ മനസ്സുകൊണ്ട് പ്രണമിക്കട്ടെ. അദ്ദേഹത്തെ ഇന്ത്യൻ സമൂഹം വേണ്ടവിധം ആദരിച്ചില്ല എന്നതിൻ്റെ ധ്വനി ഈ സിനിമയിലുണ്ട്.
ഡിസംബർ 12 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ” ഇരുളിൽ ഇതാ ഒരാൾ ഇടിമിന്നൽ പോലെ ” എന്ന ശീർഷകത്തിൽ കെ.അനൂപ് ദാസ് എഴുതിയ പ്രൊഫ. കല്യാണിയെപ്പറ്റിയുള്ള ലേഖനം കണ്ടെങ്കിലും ഇന്നലെ ഈ സിനിമ കണ്ടതിനു ശേഷമാണ് അത് വായിച്ചത്.
കെട്ടുകഥയല്ല. യഥാർത്ഥ സംഭവം തന്നെയാണല്ലോ Tv സക്രീനിൽ കണ്ടത്. ഉള്ളുലഞ്ഞ് എത്ര സമയമാണ് ഞാൻ കരഞ്ഞത്‌.
സിനിമ പോലെ മനുഷ്യരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന മറ്റൊരു കലാ മാധ്യമമില്ല.തമിഴിലെ സൂപ്പർ സ്റ്റാർ “സൂര്യ ” അത് ഏറ്റവുമധികം സാമൂഹ്യപ്രതിബദ്ധതയോടെ ഉപയോഗിച്ചു.2010 മുതൽ പ്രൊഫ കല്യാണിയ്ക്കൊപ്പം ഇരുളർക്കായി ധനസഹായമുൾപ്പടെയുള്ള സഹകരണം നൽകുക മാത്രമല്ല സിനിമയ്ക്കു ശേഷം 1 കോടി രൂപയാണ് ഇരുളക്കുട്ടികൾക്ക് hostel നിർമ്മിക്കാനായി അദ്ദേഹം നൽകിയത്.
” അത്തിയൂർ വിജയ ” എന്ന പതിനേഴു വയസ്സുകാരിയായ ഇരുളക്കുട്ടി നേരിട്ട തീവ്ര പീഡനത്തെക്കുറിച്ചുള്ള പത്ര വാർത്തയിലൂടെയാണ് പ്രൊഫ കല്യാണി ഇരുളരുടെ ജീവിതത്തിൽ ഇടിമിന്നലായി എത്തിയത്.പിന്നീട് അക്ഷീണമായി അവരുടെ മനുഷ്യാവകാശങ്ങൾക്കായി അദ്ദേഹം പോരാടിക്കൊണ്ടിരിക്കുന്നു. അഡ്വ.ചന്ദ്രു ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ നിയമപ്പോരാട്ടങ്ങൾക്ക് അദ്ദേഹത്തോടൊപ്പം ചേർന്നു.എന്നാൽ T J ജ്ഞാനവേൽ എന്ന പ്രതിഭാധനനായ സംവിധായകനൊപ്പം സൂര്യ ഈ സിനിമ നിർമ്മിച്ചില്ലായിരുന്നെങ്കിൽ ലോകമാകെ ഇത്രയും ജനശ്രദ്ധ ഈ വിഷയത്തിൽ ലഭിക്കില്ലായിരുന്നു.
മനുഷ്യാവകാശ ധ്വംസനങ്ങളും കൊടും ക്രൂരതകളും ലോകമെമ്പാടും നാൾക്കുനാൾ വർദ്ധിച്ചു തന്നെ വരികയാണ്.TD രാമകൃഷ്ണൻ്റെ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി “നാദിയാമുറാദിൻ്റെ ആത്മകഥ,ഖാലിദ് ഹുസൈനിയുടെ “The Kite Runner” തുടങ്ങിയ നോവലുകളിലൂടെ ഇന്ത്യക്ക് പുറത്തു നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ വേറിട്ട, ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ വായിച്ചറിഞ്ഞതാണ്.
, അടിച്ചമർത്തലുകളും വംശഹത്യകളും ” ബുദ്ധിയുള്ള വർഗ്ഗം ” എന്ന് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യവർഗ്ഗത്തിൽ മാത്രമേയുള്ളൂ.
എൻ്റെയൊക്കെ കുട്ടിക്കാലത്ത് റഷ്യൻ പുസ്തകങ്ങളുടെ മലയാള പരിഭാഷകൾ ധാരാളമായി വായിച്ചിരുന്നു. സാർ ചക്രവർത്തിമാരെ ഖനിത്തൊഴിലാളികൾ പരാജയപ്പെടുത്തുന്നതും കമ്മ്യൂണിസം ജയിക്കുന്നതും കണ്ട് സമത്വസുന്ദരമായ ഒരു ഭാവി സ്വപ്നം കണ്ടിരുന്നു അന്നൊക്കെ.എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ വിദ്യകൊണ്ട് പ്രബുദ്ധരാവുന്നതിനു പകരം ഭൗതിക നേട്ടത്തിനപ്പുറം ഒന്നും നേടാൻ മനുഷ്യവർഗ്ഗത്തിനു കഴിഞ്ഞില്ല. ജാതി വ്യവസ്ഥ എത്ര നൂറ്റാണ്ടുകൾ പിന്നിട്ടാലും മനുഷ്യരിൽ നിന്നും മായില്ല എന്നതും ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയം കാട്ടിത്തരുന്നു. ആകെയൊരാശ്വാസം നന്മയും ധൈര്യവുമുള്ള കുറച്ചു മനുഷ്യരുടെ നിസ്വാർത്ഥമായ പ്രവൃത്തികളാണ്.
സൂര്യ എന്ന നടനെ എനിക്ക് വലിയ ഇഷ്ടമാണ്. പ്രത്യേകിച്ചും അദ്ദേഹത്തിൻ്റെ കണ്ണുകൾ. പ്രണയവും ധൈര്യവും കുസൃതിയും ഒക്കെ അവയിലൂടെ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ സ്വാനുഭവത്തിലൂടെ നേടിയ നന്മയുടെ നേർ വെളിച്ചം സ്ഫുരിക്കുന്ന കണ്ണുകളാണ് ഈ സിനിമയിൽ അദ്ദേഹത്തിന് ചൈതന്യമേകുന്നത്.
”ജയ് ഭീം “കലാമൂല്യമുള്ള ഒരു സിനിമയാണ്. മികച്ച സംവിധാനം, casting, അഭിനയം മാത്രമല്ല.ഛായാഗ്രഹണം, വസ്ത്രധാരണം എല്ലാ സാങ്കേതിക വശങ്ങളും കുറ്റമറ്റത്.സംവിധായകനും സൂര്യയുമെല്ലാം ഇരുളരുടെ ജീവിതം ആഴത്തിൽ പഠിച്ചതുകൊണ്ട് പ്രകടനത്തിൽ സത്യസന്ധത അങ്ങേയറ്റം പ്രകടമാവുന്നു. ഇരുത്തംവന്ന നടൻ പ്രകാശ് രാജിൻ്റെ സാന്നിദ്ധ്യവും സിനിമയുടെ ഗൗരവം കൂട്ടി. മലയാളത്തിൽ അത്രയേറെ ശ്രദ്ധിക്കാതിരുന്ന “ലിജോ മോൾ ജോസിനു ” കിട്ടിയ മികച്ച റോളാണ് “സെങ്കിണി “എന്ന കഥാപാത്രത്തിൻ്റെത്. “രാജാക്കണ്ണാ “യി അഭിനയിച്ച Kമന്നികണ്ഠനും മറ്റുനടീനടന്മാരും തങ്ങളുടെ കഴിവു മുഴുവൻ പ്രകടിപ്പിച്ച് ഏറ്റവും തന്മയത്വത്തോടെ താന്താങ്ങളുടെ റോളുകൾ അഭിനയിച്ചു.
ഔദ്യോഗിക ജീവിതത്തിൽ ആദിവാസികളെ . അടുത്തറിയാനും ഊരുകളിൽ പോവാനും അവരുടെ ജീവിതം നേരിട്ടു കാണാനും എനിക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലെ സ്ഥിതി ഏറെ മെച്ചപ്പെട്ടതാണെങ്കിലും ചൂഷണങ്ങൾ ഇവിടെയും ധാരാളമായി നടക്കുന്നുണ്ടെന്നത് വ്യക്തമാണ്. ഇനിയും അവർക്ക് ഏറെ ദൂരം മുന്നോട്ടു തന്നെ പോവേണ്ടതുണ്ട്.
ഇരുളരിലല്ല ഇരുട്ട്. പുകച്ചു പിടിക്കുന്ന എലികളിൽ പെട്ട കുഞ്ഞിനെ കൊല്ലാതെ വിടാനും പിടിക്കപ്പെട്ട കൊടും വിഷപാമ്പിനെപ്പോലും അനുതാപത്തോടെ കാട്ടിലേക്ക് വിടാനും ഇല്ലായ്മയിലും തൻ്റെ ഇണയോടും കുടുംബത്തോടും അങ്ങേയറ്റം നേരോടെ സ്നേഹിക്കാനും ചത്താലും സത്യത്തെ മുറുകെപ്പിടിക്കാനും വലിച്ചെറിഞ്ഞു തന്ന ലക്ഷങ്ങളേക്കാൾ നീതിയെ സ്വീകരിക്കാനുള്ള സ്ഥൈര്യം കാണിക്കാനുമുള്ള വെളിച്ചം അവരിലുണ്ട്.
ഇരുളർ നമ്മളാണ്. അവർക്ക് കിട്ടേണ്ട എല്ലാ സൗഭാഗ്യങ്ങളും തട്ടിപ്പറിച്ചെടുത്ത് സുഖിക്കുന്നവർ. ആസക്തിക്കും ക്രൂരതയ്ക്കും പകരം ഒരൽല്പം നന്മ ഓരോ മനുഷ്യരിലും ഉണ്ടായിരുന്നെങ്കിൽ .വെറുതെ ആശിച്ചു പോവുകയാണ്.
സ്വന്തം ജീവിതം മറന്ന് അടിച്ചമർത്തപ്പെട്ടവരുടെ നീതിയ്ക്കായി ഉറച്ച മനസ്സോടെ പോരാടുന്നപ്രൊഫ. കല്യാണിയെപ്പോലുള്ള എല്ലാ ധീര വ്യക്തിത്വങ്ങൾക്കും അഭിവാദനങ്ങൾ.
കലാജീവിതത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയ്ക്കും മുൻതൂക്കം കൊടുക്കുന്ന സൂര്യ, ജ്യോതിക ദമ്പതികളും മറ്റുള്ളവർക്ക് മാതൃകയാണ്. അവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

കവിത സുനിൽ കുമാർ