'ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ഒരു തുള്ളി വെള്ളം കിട്ടാതെ ദിവസങ്ങളോളം നജീബ് നടന്നു. കണ്ണെത്താദൂരത്തോളം മരുഭൂമി മാത്രം ഇനി എത്ര ദിവസം നടക്കണം എന്നറിയില്ല.'
'ആടുജീവിതം' കണ്ട് ആഴ്ച ഒന്നായെങ്കിലും, റിവ്യൂ എഴുതി വച്ചിരുന്നുവെങ്കിലും, ഇവിടെ പോസ്റ്റ് ചെയ്തിരുന്നില്ല. അതിനു ശേഷം തന്റേതല്ലാത്ത കാരണം കൊണ്ട് മൂന്ന് നാല് ദിവസം fb യിൽ നിന്ന് ലീവ് എടുത്ത് മാറിനിൽക്കേണ്ടിവന്നു.
തിരിച്ചു വന്നപ്പോൾ കാണുന്നത് നജീബ് പറഞ്ഞതോ, ബെന്യാമിൻ എഴുതിയതോ, ബ്ലെസ്സി പറയാൻ ശ്രമിച്ചതോ, പൃഥ്വി കാണിച്ചതോ ഏതാണ് ശരിയായ ആടുജീവിതം എന്ന ചർച്ചകൾ ആയിരുന്നു.ഇനിയിപ്പോ ഇത്രയും ആയ സ്ഥിതിക്ക് സിനിമയെ കുറിച്ച്
എഴുതിവെച്ച റിവ്യൂവിൽ നിന്ന് ചെറിയ ഒരു ഭാഗം മാത്രം ഇവിടെ പറയാം.
വിഷമം താങ്ങാൻ പറ്റുമോ എന്നറിയാത്തതുകൊണ്ട് പോകണോ വേണ്ടയോ എന്ന ഒരു സംശയത്തിൽ ആയിരുന്നു, സിനിമ ഇറങ്ങുന്നതിനു മുൻപും ഇറങ്ങി കഴിഞ്ഞും.ഫസ്റ്റ് ഡേ കണ്ട റിവ്യൂസ് എല്ലാം പോസിറ്റീവ് ആയതിനാൽ കാണണം എന്ന ചിന്ത ശക്തമായി.
കരയാൻ തയ്യാറായി തന്നെയാണ് ആടുജീവിതം കാണാൻ പോയത്. കൂടെ വന്ന ഫ്രണ്ട് രണ്ടു ടിഷ്യു പേപ്പറും കരുതിയിരുന്നു. പക്ഷെ അത് എടുക്കേണ്ടി വന്നില്ല. വിഷമം/കരച്ചിൽ തോന്നിയില്ല എവിടെയും. പകരം നെടുവീർപ്പുകൾ മാത്രം .കാരണം നാം അനുഭവിക്കാത്ത ജീവിതം ആയതുകൊണ്ടാണോ ഇമോഷണൽ ഫാക്ടർസ് കുറഞ്ഞതുകൊണ്ടാണോ എന്നറിയില്ല. നല്ല സിനിമാട്ടോഗ്രഫി, പൃഥി യുടെ ട്രാൻസ്ഫോർമേഷനും അഭിനയവും ഗംഭീരം.
ഇത് രണ്ടും ആണ് എനിക്ക് വൗ ഫാക്ടർ കിട്ടിയത്. പിന്നെ അമലാപോൾ വളരെയധികം സുന്ദരിയായി തോന്നി. ബാക്കി എല്ലാം കൊള്ളാം എന്നെ അഭിപ്രായം ഉള്ളൂ. സുനിൽ കെ.എസ് എന്ന ഛായാഗ്രാഹകന്റെ ഇന്റർനാഷണൽ ക്വാളിറ്റിയുള്ള റിച്ച് ഫ്രെയിമുകൾ ആണ് നജീബ് അനുഭവിക്കുന്ന മസ്‌റയും മരുഭൂമിയുമൊക്കെ ഇത്രയും ഭംഗിയായി നമുക്ക് കാണിച്ചു തന്നത്. തിയേറ്ററിൽ തന്നെ കാണേണ്ട സിനിമ ആണ്.
കഥ ഞാൻ വായിച്ചിട്ടില്ലായിരുന്നു. എങ്കിലും ഒരു കഥ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഒരിക്കലും സിനിമ കാണുമ്പോൾ കിട്ടില്ല എന്ന് അറിയാം
'ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ഒരു തുള്ളി വെള്ളം കിട്ടാതെ ദിവസങ്ങളോളം നജീബ് നടന്നു. കണ്ണെത്താദൂരത്തോളം മരുഭൂമി മാത്രം ഇനി എത്ര ദിവസം നടക്കണം എന്നറിയില്ല.'
ഈ എഴുതിയ വാചകം ഈസി ആയി രണ്ടു വരിയിൽ എഴുതിയാൽ നമ്മുടെ മനസ്സിൽ കയറും. നജീബ് എങ്ങനെ എങ്കിലും രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്ന് വായനക്കാർ ആഗ്രഹിക്കും.
പക്ഷെ , ഈ രണ്ടു വാചകം പുസ്തകത്തിൽ നിന്ന് എടുത്ത് സിനിമയാക്കുമ്പോൾ, എത്ര ദിവസം ചിത്രീകരിച്ചാൽ ആണ് കാണികൾക്കു ആ വിഷമം മനസ്സിലാക്കാൻ കഴിയുന്നത്. നജീബ് എങ്ങനെ എങ്കിലും രക്ഷപ്പെടണം എന്ന് നമ്മൾ ആഗ്രഹിക്കണം എങ്കിൽ, നജീബിന്റെ വിഷമം നമ്മുടെയും വിഷമം ആകണം എങ്കിൽ എഴുതുന്നത് പോലെ ഈസി അല്ല.
കഥയെ സിനിമയാക്കി കാണിക്കുമ്പോൾ, അതും ഇത്രയും ജനങ്ങൾ വായിച്ച ഒരു ഒറിജിനൽ സ്റ്റോറിയെ സിനിമയാക്കുമ്പോൾ എത്രമാത്രം അതിന്റെ പിന്നിൽ ഒരു സംവിധായകൻ ബുദ്ധിമുട്ടിയിട്ടുണ്ടാകും എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ആടുജീവിതത്തിൽ നജീബിന്റെ ആടുകളോടൊത്തുള്ള ജീവിതമല്ല നജീബിന്റെ survival ഭാഗങ്ങൾ ആണ് മുഴച്ച് നിന്നത്.
എങ്കിലും ബ്ലെസ്സിയുടെയും പൃഥ്വിയുടെയും ഡെഡിക്കേഷനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.
സിനിമയുടെ സഹനിർമ്മാതാവ് കൂടിയായ ജിമ്മി ജീൻ ലൂയിസ് അവതരിപ്പിച്ച ഇബ്രാഹിം ഖാദിരിയാണ് ഈ സിനിമയിൽ ഗംഭീര അഭിനയം കാഴ്ച വെച്ച മറ്റൊരാൾ.
എനിക്ക് ഇമോഷണലി കണക്ട് ആയ ഒരു രംഗം ഉണ്ടായിരുന്നു ഈ സിനിമയിൽ. ആ ഒരു സീനിൽ മാത്രമാണ് മനസ്സൊന്നു ഉലഞ്ഞത്. ആ രംഗത്തെ കുറിച്ച് വിശദമായി അടുത്ത പോസ്റ്റിൽ പറയാം.
കഠോരമനസ്സിനുടമയായ ഈ യുവതിയെപോലും ഒരുനിമിഷം പിടിച്ചുലച്ച ആ സീൻ ഏതാണ് എന്ന് ആർക്കെങ്കിലും ഊഹിക്കാമോ ?
രമ്യ മനോജ്,നോർത്ത് കരോലിന