സി. പി. ഐ. ( എം.) ന്റെ അത്യുന്നത പദവിയിലേക്ക് ശ്രീ. എം. എ. ബേബി തെരഞ്ഞടുക്കപ്പെട്ടു എന്ന വാർത്ത എന്നെ വളരെ സന്തോഷിപ്പിച്ചു. അദ്ദേഹം,' അർഹനും പ്രാപ്തനു ' മാണ് എന്ന് ഞാൻ ഏറെ ബഹുമാനിക്കുന്ന ശ്രീ. ജി. സുധാകരൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞപ്പോൾ പ്രബുദ്ധ കേരളത്തിന്റെ പൊതു വികാരമാണ് അദ്ദേഹം പ്രതിഫലിപ്പിച്ചത് എന്നു ഞാൻ കരുതുന്നു. അടുത്തറിയുന്നവർ മാത്രമല്ല,, അകലെ നിന്ന് ആദരിക്കുന്നവരും ഈ അഭിപ്രായത്തോട് തീർച്ചയായും യോജിക്കും.
ശ്രീ. എം. എ. ബേബി വിദ്യാഭ്യാസമന്ത്രിയായി ചുമതലയേല്ക്കുമ്പോൾ ഞാൻ ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കു കയായിരുന്നു.. ശ്രീ. പി. ജെ. ജോസഫ്, ശ്രീ. നാലകത്തു സൂപ്പി, ശ്രീ. ഇ ടി. മുഹമ്മദ് ബഷീർ എന്നിവർക്കു ശേഷം എന്റെ നാലാമത്തെ മന്ത്രി. മറ്റു മൂന്നു പേരുമായി ഉണ്ടായിട്ടുള്ളത്ര ഇടപെടലുകൾ ഇദ്ദേഹവുമായി ഉണ്ടാകാൻ ഇട വന്നില്ല. തികച്ചും ഔദ്യോഗികമായ ബന്ധം, കുലീനമായ പെരുമാറ്റം, ദുർമേദസ് തീരെയില്ലാത്ത സംസാരശൈലി, ജാടകൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രകൃതം.' ചിറകുകളിൽ സംഗീതമുള്ള കള ഹംസ'മാണെന്നും, സാഹിത്യത്തിന്റെയും ചിത്രരചനയുടെയും ശിൽപകലയുടെ യുമൊക്കെ പച്ചയായ പുല്ത്തകിടികളിൽ 'ആടുകൾ'ക്ക് വിശ്രമമരുളുന്ന 'ഇടയനാ' ണെന്നും, വായനയുടെയും ചിന്തയുടെയും ആകാശത്ത് ഉയരങ്ങളിൽ പറക്കുന്ന പക്ഷിയാണെന്നുമൊക്കെ മനസ്സിലാക്കിയപ്പോൾ എന്റെ ആദരവ് പതിന്മടങ്ങു വർധിച്ചു. നിക്ഷിപ്തതാല്പര്യക്കാർ എന്റെ മുഖത്ത് കരി വാരി തേക്കാൻ ശ്രമിച്ചപ്പോൾ വസ്തുനിഷ്ഠമായ സമീപനം കൊണ്ട് എനിക്കു തണലേകിയ ആ ദേവദാരു എന്നിൽ ചില ഓർമ്മപ്പൊട്ടുകൾ അവശേഷിപ്പിച്ചിട്ടുണ്ട്.
ആദ്യ നാളുകളിലൊന്നിൽ മന്ത്രിയെ ' മുഖം കാണിക്കാൻ ' ഡയറക്ടറായ ഞാൻ സെക്രട്ടേറിയറ്റിലെത്തി. മന്ത്രിയുടെ ചേ മ്പറിലേക്കു നടന്നു വരുന്ന അദ്ദേഹത്തിന്റെ തോളിൽ ഒരു തുണി സഞ്ചി തൂ ങ്ങിക്കിടക്കുന്നതു കണ്ടപ്പോൾ എന്റെ പഴഞ്ചൻ മനസ് മന്ത്രിച്ചു : " ഇതു വേണ്ടിയിരുന്നോ? "
ഏതാനും ആ ഴ്ചകൾ കഴിഞ്ഞപ്പോൾ പട്ടം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഒരു ചടങ്ങ്. മന്ത്രിയായ അദ്ദേവം ഉദ്ഘാടകൻ, ഡയറക്ടറായ ഞാൻ അധ്യക്ഷൻ. അധ്യക്ഷ വേദിയിൽ കിടക്കുന്ന നാല് കസേരകളിലൊന്നിൽ ' നാട്ടു നടപ്പ'നുസരിച്ച് ഒരു വെളുത്ത ടർക്കി ടവൽ വിരിച്ചിരുന്നു. " ഇതിന്റെ ആവശ്യമില്ല " എന്നു പറഞ്ഞ്, ആ ടവൽ മാറ്റിച്ചിട്ടേ അദ്ദേഹം കസേരയിൽ ഇരുന്നുള്ളൂ.. ഈ സമത്വത്തിന്റെ സുവിശേഷം എന്റെ ബ്യു റോക്റാറ്റിക് മനസിലുണർത്തിയ പ്രതികരണം :" ഇതു വേണ്ടിയിരുന്നോ? "
അദ്ദേഹത്തിന്റെ മന്ത്രി പദവിക്കും എന്റെ സർക്കാർ സർവിസിനും തിരശ്ശീല വീണ് ഏറെ നാൾ കഴിഞ്ഞ്, ഒരു ദിവസം,ഞങ്ങൾ ഒരുമിച്ചുള്ളപ്പോൾ, മന്ത്രിയായിരുന്ന കാലത്തെക്കുറിച്ചു നടത്തിയ ഒരു പരാമർശ ത്തിൽ, താൻ അത്ര ആസ്വദിച്ചു ചെയ്ത ഒരു ജോലി ആയിരുന്നില്ല മന്ത്രിയുടേത് എന്ന് അദ്ദേഹം ധ്വനിപ്പിച്ചതായി എനിക്കു തോന്നി.
അതെങ്ങനെയായാലും, ഭരണചക്രത്തിലെ ഒരു ' പല്ല് ' മാത്രമായി ഒതുങ്ങി കൂടുന്നതിനപ്പുറം, സാമൂഹിക പുരോഗതി ക്കു വേണ്ടിയുള്ള യത്നങ്ങൾക്ക് ധിഷണാപൂർവമായ നേതൃത്വം നല്കി, ഭരണകൂടത്തിന് ആശയപരമായ തെളിമയും കൃത്യമായ മാർഗ്ഗനിർദേശവും നൽകുമാറ്, പാതയിൽ പ്രകാശമായും പാദങ്ങൾക്കു വിളക്കായും പ്രശോഭി ക്കേണ്ട ധ്രുവ നക്ഷത്രമാണ് അദ്ദേഹം എന്ന ബോധ്യം എന്നിൽ രൂഢമൂലമായുള്ളതിനാൽ അദേഹത്തിന്റെ സ്ഥാനലബ്ധിയിൽ ആഹ്ലാദിച്ചുകൊണ്ട് ഇന്ന് എന്റെ മനസ് പറയുന്നു :" ഇതു വേണ്ടിയിരുന്നത് തന്നെ !"
ജയിംസ് ജോസഫ് കാരക്കാട്ട്