കേട്ടില്ലേ ചാക്കോച്ചേട്ടന്റെ ഭാര്യ അന്നാമ്മ പ്ലാവേന്നുവീണ് ആശുപത്രിയിലാണ്, കാലൊടിഞ്ഞെന്നാ കേട്ടത്. വാർത്ത കാട്ടുതീപോലെ പരന്നു.. എന്തിനായിരിക്കും അവർ പ്ലാവിൽ വലിഞ്ഞു കയറിയത് അതും ഈ പ്രായത്തിൽ
കേട്ടില്ലേ ചാക്കോച്ചേട്ടന്റെ ഭാര്യ അന്നാമ്മ പ്ലാവേന്നുവീണ് ആശുപത്രിയിലാണ്, കാലൊടിഞ്ഞെന്നാ കേട്ടത്. വാർത്ത കാട്ടുതീപോലെ പരന്നു.. എന്തിനായിരിക്കും അവർ പ്ലാവിൽ വലിഞ്ഞു കയറിയത് അതും ഈ പ്രായത്തിൽ . എന്തിനും രണ്ടഭിപ്രായമുണ്ടല്ലോ . ഇടിച്ചക്കയുണ്ടാക്കാൻ വേണ്ടി ഇളത്തച്ചക്കയിടാൻ കയറിയതാണ് എന്നുചിലരും , ചക്കയില്ലാത്ത കാലമായതിനാൽ ആടിന് തീറ്റക്കായി പ്ലാവില പറിക്കാൻ കയറിയതാകാനുംവഴിയുണ്ടെന്ന് മറ്റുചിലരും.
ആശുപത്രിയിൽ കാണാനെത്തിയ ബന്ധുക്കാരോടൊക്കെ രണ്ടാമത്തേതാണ് പറഞ്ഞത് . വീണസമയത്താണെൽ ചാക്കോച്ചേട്ടൻ ദൂരെയുള്ള തോട്ടത്തിൽ മേൽനോട്ടത്തിന് പോയിരിക്കുകയായിരുന്നു. ഒച്ചകേട്ടെത്തിയ അയൽവക്കത്തെ ശങ്കരനും ഭാര്യയും കൂടി പ്ലാവിൻചുവട്ടിൽ വീണുകിടന്നിടത്തുനിന്നും പൊക്കി വണ്ടിപിടിച്ചു ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു . അതിനാൽ സംഭവം ഒളിച്ചുവയ്ക്കാനും കഴിഞ്ഞില്ല .
വിവരമറിഞ്ഞുപാഞ്ഞെത്തിയ ചാക്കോചേട്ടനോട് അന്നാമ്മ ചുമ്മാ കരഞ്ഞു കാണിച്ചതേയുള്ളു. തന്റെ ഭാര്യ വേദനയാൽ പുളയുന്നതിനാൽ വിശദവിവരം ചാക്കോച്ചേട്ടൻ ചോദിച്ചതുമില്ല . ഏതായാലും വലത്തേകാലിന് ഒടിവുണ്ട്. പ്ലാസ്റ്ററിട്ടു മൂന്നുമാസം കിടപ്പും പിന്നെ മൂന്നുമാസം വാക്കറിലുള്ളനടപ്പും ഡോക്ടർ വിധിച്ചു. ചാക്കോച്ചേട്ടന് അബുദ്ധിമുട്ടേയല്ല കാരണം അയ്യാൾ അവരെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു .
ഡിസ്ചാർജായി വീട്ടിൽ വന്നഉടൻ ചാക്കോച്ചേട്ടൻ സംഭവസ്ഥലം സന്ദർശിച്ചു കാര്ര്യംമനസ്സിലാക്കി , എങ്ങനെയാണു വീണതെന്നും എന്തിനാണ് പ്ലാവിൽ വലിഞ്ഞു കയറിയതെന്നും . സിബിഐ ഡയറികുറുപ്പിലെ സസ്പെൻസ്പോലെ ചാക്കോച്ചേട്ടൻ ഒന്നും ആരോടും വെളിപ്പെടുത്തിയില്ല. ഊഹം മാത്രം പോരല്ലോ തെളിവ് വേണമല്ലോതെളിവ് . ചക്ക ഉണ്ടാകുന്ന കാലമല്ലാത്തതിനാൽ അതല്ല കാരണം തീർച്ച . എന്നാൽ വീട്ടിൽ അടുത്തകാലത്ത് അന്നാമ്മക്കുവളർത്താൻ ഒരു ആട്ടിൻ കുട്ടിയെ മേടിച്ചിരുന്നതിനാൽ അന്നാമ്മച്ചേടത്തീടെ മൊഴിക്ക് മുൻതൂക്കമുണ്ട് .
അങ്ങനെ കാലം കഴിഞ്ഞു അന്നാമ്മചേടത്തി തന്റെകട്ടിൽ കാലവും വീൽചെയർ കാലവും തരണംചെയ്ത്, മെല്ലെമെല്ലെ നടക്കാൻ തുടങ്ങി . ഇതിനിടെ ഒരുസുരക്ഷക്കെന്നപോലെ ചാക്കോച്ചേട്ടൻ പ്ലാവിന്റെ ഏതാണ്ട് മുക്കാൽ പൊക്കംവരെയുള്ള ചില്ലകളും ഇലകളും ആളെവച്ചു വെട്ടിക്കളഞ്ഞു . അന്നാമ്മച്ചേടത്തിക്കു മേലാതെവന്നതിനാൽ ആട്ടിന്കുട്ടിയെയും കിട്ടിയ വിലക്ക് കച്ചവടമാക്കി .
സംഗതികൾ മുന്നോട്ടുപോയി ... ഒരിക്കൽ ചാക്കോച്ചേട്ടൻ തോട്ടത്തിൽ പോയിട്ട് വന്നപ്പോൾ ശ്രദ്ധിച്ചു . താൻ മാറ്റി ഭദ്രമായി വച്ചിരുന്ന എട്ടടിപൊക്കമുള്ള അലുമിനിയത്തിന്റെ ഏണി പ്ലാവിൽ ചാരിവച്ചിരിക്കുന്നു. സംശയം തൊന്നിയ ചാക്കോച്ചേട്ടന്റെ CBI ബുദ്ധി ഉണർന്നു. രണ്ടുദിവസംകഴിഞ്ഞു തോട്ടത്തിലേക്ക് പോകാനിറങ്ങിയ ചാക്കോച്ചേട്ടൻ പെട്ടെന്നുള്ള പണിമുടക്കുമൂലം തനിക്കു വണ്ടികിട്ടിയില്ലെന്നുപറഞ്ഞു തിരിച്ചുവന്നപ്പോൾ കാണുന്നത്. ഒടിഞ്ഞു നേരെയായ കാലും വച്ചോണ്ട് അന്നാമ്മച്ചേടത്തി ഏണിയുടെ മുകളിൽ കയറിനിന്നു മതിലിനുമുകളിലൂടെ അങ്ങേവീട്ടിലേക്കു നോക്കുന്നു . തന്നെക്കണ്ടുഞെട്ടിവീണാലോ എന്ന്കരുതി ചാക്കോച്ചേട്ടൻ ഒച്ചയുണ്ടാക്കിയില്ല. പിന്നീട് അതിനെപറ്റി ഒന്നുംചോദിച്ചതുമില്ല.
പിറ്റേദിവസ്സംതന്നെ ചാക്കോച്ചേട്ടൻ ഒരു മരക്കച്ചവടക്കാരനെ വിളിച്ച് പ്ലാവ് കിട്ടിയവിലക്കുവിറ്റു . ഓർക്കാപുറത്തു വെട്ടുകാരുവന്നു വെട്ടാൻ തുടങ്ങിയപ്പോൾ അന്നാമ്മച്ചേടത്തി ചാക്കോചേട്ടനോട് ദേഷ്യത്തിൽ ചോദിച്ചു . എല്ലാവർഷവും നിറയെ ചക്കകായ്ക്കുന്ന പ്ലാവല്ലേ അത് എന്തിനാണ് വെട്ടിക്കളയുന്നത്.... എന്ന്. അതിനു ചാക്കോച്ചേട്ടൻ കൊടുത്ത മറുപടി അതേ... എനിക്കിച്ചിരി കാശിന്റെ ആവശ്യമുണ്ട് . പ്ളാവ് മാത്രമല്ല അതിനടുത്തുനിൽക്കുന്ന കൊന്നത്തെങ്ങും വെട്ടുന്നുണ്ടെന്നാണ്. അന്നമ്മചേടത്തി മനസ്സിൽ കണ്ടപ്പോൾ ചാക്കോച്ചേട്ടൻ മരത്തിൽ കണ്ടു.
അതിൽപിന്നെ അപ്പുറത്തെവീട്ടിൽ സ്കൂട്ടർവിറ്റു കാറ് മേടിച്ചതും , പുതിയ ഫ്രിഡ്ജ് വാങ്ങിയതും. എന്തുവേണം അവിടുത്തെ പെണ്ണിന്റെ കല്യാണം പോലും ചാക്കോച്ചേട്ടൻ അറിയുന്നത് അവർ കല്യാണം ക്ഷണിക്കാൻ വരുബോഴാണ്. അന്നമ്മച്ചേടത്തിക്കതൊരു ക്ഷീണമായിപോയി . ആവശത്തൊരു പുതിയ പ്ലാവിൻതൈ വച്ചാലോ എന്ന് അവർ ആലോചിച്ചു എന്നാൽ അന്നമ്മച്ചേടത്തീടെ ആരോഗ്യത്തെപ്രതി ചാക്കോച്ചേട്ടൻ അത് വേണ്ടെന്നുവച്ചു .
മാത്യു ചെറുശ്ശേരി