PRAVASI

ക്യാപ്പിറ്റലിസമോ സോഷ്യലിസമോ?

Blog Image
ആഴ്ചകള്‍ക്കകം അമേരിക്കന്‍ ജനത പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്‍റെ തന്നെ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നവംബര്‍ 5-ലെ തെരഞ്ഞെടുപ്പ്. പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികള്‍ മാത്രമല്ല ഗ്രീന്‍ പാര്‍ട്ടിയും ബാലറ്റില്‍ ഇടംനേടി. പ്രൈമറികളില്‍ കൂടി സ്ഥാനാര്‍ത്ഥിത്വം നേടിയെടുത്ത മുന്‍ പ്രസിഡണ്ട് ട്രംപും അവസാനനിമിഷം ബൈഡന്‍ മാറിക്കൊടുത്തതിനാല്‍ സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസും നേര്‍ക്കുനേര്‍ പോരാടുന്നു.

ആഴ്ചകള്‍ക്കകം അമേരിക്കന്‍ ജനത പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്‍റെ തന്നെ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നവംബര്‍ 5-ലെ തെരഞ്ഞെടുപ്പ്. പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികള്‍ മാത്രമല്ല ഗ്രീന്‍ പാര്‍ട്ടിയും ബാലറ്റില്‍ ഇടംനേടി. പ്രൈമറികളില്‍ കൂടി സ്ഥാനാര്‍ത്ഥിത്വം നേടിയെടുത്ത മുന്‍ പ്രസിഡണ്ട് ട്രംപും അവസാനനിമിഷം ബൈഡന്‍ മാറിക്കൊടുത്തതിനാല്‍ സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസും നേര്‍ക്കുനേര്‍ പോരാടുന്നു.
കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണനേട്ടം എടുത്തുപറയുവാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഒന്നുംതന്നെയില്ല. നിത്യോപയോഗ സാധനങ്ങളുടെ വില അവര്‍ അധികാരത്തില്‍ എത്തിയ നാളത്തേക്കാള്‍ മൂന്നും നാലും ഇരട്ടിയായി വര്‍ദ്ധിച്ചു. സാധാരണക്കാരന്‍റെ ജീവിതച്ചെലവുകളും പെട്രോളിന്‍റെ വിലയും ക്രമാതീതമായി ഉയര്‍ന്നു. 2020-ല്‍ അമേരിക്കയുടെ കടം 20 ട്രില്യണ്‍ ആയിരുന്നത് നാല് വര്‍ഷംകൊണ്ട് 35 ട്രില്യണായി വര്‍ദ്ധിച്ചു. ഓരോ അമേരിക്കക്കാരന്‍റെയും കടം ഒരു ലക്ഷത്തിനാലായിരം ആയിത്തീര്‍ന്നു. നാല് വര്‍ഷത്തിനു മുമ്പുണ്ടായിരുന്ന ഇന്‍ഫ്ളേഷന്‍ 1.9 ശതമാനത്തില്‍ നിന്നും 5.7 ശതമാനമായി ഉയര്‍ന്നു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 11 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് എത്തി. ഇവര്‍ക്കെല്ലാം തന്നെ എമേര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ്, കുട്ടികള്‍ക്ക് സ്കൂള്‍ സൗകര്യങ്ങള്‍, സ്കൂളില്‍ ആഹാരം ഫ്രീയാണ്. എഎഫ്ഡിസി സൗകര്യങ്ങള്‍, ഫുഡ് സ്റ്റാമ്പ് തുടങ്ങി ഈ നാട്ടിലെ പൗരന്മാര്‍ അനുഭവിക്കുന്നതിലും മെച്ചപ്പെട്ട ജീവിതനിലവാരം സൗജന്യമായി നല്കുന്നുണ്ട്. ഇതെല്ലാം തന്നെ അമേരിക്കയിലെ സാധാരണക്കാരന്‍റെ നികുതിപ്പണം ഉപയോഗിച്ചാണ് ചെയ്യുന്നത്. അമേരിക്കയിലെ വമ്പന്‍ കോര്‍പ്പറേറ്റുകളും മറ്റും പല പഴുതുകള്‍ ഉപയോഗിച്ച് നികുതിയില്‍ നിന്നും ഒഴിവാകും. ലോ ഇന്‍കം ആള്‍ക്കാര്‍ക്ക് നികുതി ഇളവുണ്ട്. എന്നാല്‍, ഈ ചെലവുകള്‍ മുഴുവന്‍ സാധാരണക്കാരന്‍റെ ചുമലില്‍ കെട്ടിവെക്കുന്നതാണ് ഡെമോക്രാറ്റുകള്‍ ചെയ്യുന്നത്.
കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് കമലാ ഹാരിസ് പ്രതിനിധാനം ചെയ്യുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി അമേരിക്കയില്‍ എന്താണ് ചെയ്തത്? ഇറാനുമായുള്ള ന്യൂക്ലിയര്‍ കരാര്‍ പുനര്‍ജ്ജീവിപ്പിച്ചു. ട്രംപ് ഗവണ്‍മെന്‍റ് മരവിപ്പിച്ചിരുന്ന ഇറാന്‍റെ വിദേശനിക്ഷേപം പിന്‍വലിക്കുവാന്‍ അവരെ അനുവദിച്ചു. ഏതു സ്റ്റേജിലുള്ള അബോര്‍ഷനെയും പിന്തുണച്ചു. സെനറ്ററായിരുന്നപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ അനുകൂലിച്ച കമലാ ഹാരിസ് കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യക്ക് അനുകൂലമായി ഒന്നുംതന്നെ ചെയ്തിട്ടില്ല. താലിബാനുമായുള്ള ആറ് വര്‍ഷത്തെ യുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിച്ചപ്പോള്‍ 7.2 ബില്യണ്‍ വിലയുള്ള മിലിട്ടറി ആയുധങ്ങള്‍ താലിബാന് സമ്മാനമായി കൊടുത്തിട്ടാണ് അമേരിക്കന്‍ പട്ടാളത്തെ അവിടെനിന്നും കൊണ്ടുവന്നത്. 78 യുദ്ധവിമാനങ്ങളും 9524 ഗ്രൗണ്ട് വാഹനങ്ങളും 427300 ആയുധങ്ങളും അതില്‍ ഉള്‍പ്പെടുന്നു. നാലു വര്‍ഷത്തെ ഭരണത്തില്‍ വിദേശനയം പരാജയമായിരുന്നു എന്നു സമ്മതിക്കാതെ വയ്യ.
2016 മുതല്‍ 2020 വരെയുള്ള ട്രംപ് ഭരണകാലത്ത് ഒരു വലിയ യുദ്ധവും ലോകത്ത് നടന്നില്ല എന്ന് എടുത്തുപറയേണ്ട കാര്യമാണ്. റഷ്യയുമായും കൊറിയയുമായും സമാധാനാന്തരീക്ഷത്തില്‍ കഴിയുവാന്‍ സാധിച്ചു. ഇറാനുമായി ന്യൂക്ലിയര്‍ കരാര്‍ റദ്ദു ചെയ്തു. നാണയപ്പെരുപ്പം കുറഞ്ഞു, സാധാരണക്കാര്‍ക്ക് നികുതിയിളവ് ലഭിച്ചു. ചൈനീസ് ഉല്പന്നങ്ങളുടെമേല്‍ അധികനികുതി ചുമത്തി. പ്രതിരോധ വ്യാപാരം 18 ബില്യണായി കൂട്ടിക്കൊണ്ടുവന്നു. സിവില്‍ ന്യൂക്ലിയര്‍ പദ്ധതി വഴി ചൈനയുടെ വെല്ലുവിളി കുറയ്ക്കുവാന്‍ സാധിച്ചു. 1995 മുതല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ യെരുശലേം ഇസ്രായേലിന്‍റെ തലസ്ഥാനമാക്കിയ തീരുമാനം നടപ്പില്‍വരുത്തി യെരുശലേമില്‍ അമേരിക്കന്‍ എംബസി മാറ്റിസ്ഥാപിച്ചു. ബില്‍ ക്ലിന്‍റണും ഒബാമയ്ക്കും ബുഷിനും സാധിക്കാത്ത കാര്യം നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കുവാന്‍ ട്രംപ് ഭരണകൂടത്തിന് സാധിച്ചു.
പ്ലാന്‍റ് പേരന്‍റ് ഫുഡ്, ഗേ, ലെസ്പിയന്‍ സംഘടനകള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടങ്ങിയ അസന്മാര്‍ഗിക സംഘടനകളുടെ പിന്‍ബലമുള്ള കമലാ ഹാരിസ്സിന് ഫോക്സ് ന്യൂസ് ഒഴികെയുള്ള എല്ലാ മാധ്യമങ്ങളുടെയും പിന്‍ബലം ഉണ്ട്. ഒന്നുംരണ്ടും ജോലി ചെയ്തു ജീവിക്കുന്ന സാധാരണക്കാരന്‍റെ നികുതിപ്പണം ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുന്നതിന്‍റെ ഉദ്ദേശ്യം അവരുടെ വോട്ട് ബാങ്കില്‍ കണ്ണുനട്ടല്ലെന്ന് ആര്‍ക്ക് പറയാന്‍ സാധിക്കും?
സമാധാനകാംക്ഷികളായ ഇന്ത്യന്‍ വംശജര്‍ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് ചിന്താഗതിയോട് യോജിക്കുവാന്‍ പ്രയാസമായിരിക്കും. ഇസ്രായേലിനെതിരായി അമേരിക്കന്‍ കാമ്പസുകളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ അധികാരികള്‍ കാണിക്കുന്ന നിസ്സംഗത, തെരുവുകളില്‍ അമേരിക്കന്‍ പതാകകള്‍ വരെ കത്തിച്ചപ്പോള്‍ പോലീസ് നോക്കിനിന്നത് ഇതൊക്കെയും ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമില്ലായ്മയുടെ ഉദാഹരണമല്ലേ? ഈ തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കാതിരുന്നാല്‍ അമേരിക്കന്‍ ജനതയ്ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടതായി വന്നേക്കാം.

ഷാജി മണിയാറ്റ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.