കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണത്തില്‍ അസം സ്വദേശി കസ്റ്റഡിയിലെന്ന് സൂചന. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതില്‍ സ്ഥിരീകരണം ഇല്ല.
ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരുമുറികളായി കണ്ടെത്തിയത്. ജോലിക്കാരിയുടെ മൊഴിയെടുക്കുകയാണ്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ചാണോ പ്രതി കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. വീട്ടിലെയും സമീപത്തെയും സിസിടിവി ഫൂട്ടേജുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. എന്നാൽ ഹാർഡ് ഡിസ്കുകള്‍ പലതും കാണാനില്ല. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു. മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയത്തെ പ്രമുഖമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കൂടിയാണ് വിജയകുമാര്‍.