നവംബര്‍ അഞ്ച് പൊതുതെരഞ്ഞെടുപ്പില്‍ ജയിക്കുക വഴി ഒരു സ്വേച്ഛാധിപതിയായി ശിഷ്ടജീവിതം അമേരിക്കയില്‍ വാഴാമെന്ന മോഹമാണ് ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അവഗണിച്ചും പ്രസിഡണ്ട് പദവിയില്‍ തിരിച്ചെത്തുവാന്‍ ഡോണള്‍ഡ് ട്രംപ് വ്യഗ്രത കാട്ടുന്നത്. അദ്ദേഹത്തിന്‍റെ ദുരുദ്ദേശ്യം ഇനിയും തിരിച്ചറിയാത്ത വലിയൊരു ജനവിഭാഗം ഇപ്പോഴും അമേരിക്കയില്‍ ഉണ്ടെന്നത് തികച്ചും ആശ്ചര്യകരം
നവംബര്‍ അഞ്ച് പൊതുതെരഞ്ഞെടുപ്പില്‍ ജയിക്കുക വഴി ഒരു സ്വേച്ഛാധിപതിയായി ശിഷ്ടജീവിതം അമേരിക്കയില്‍ വാഴാമെന്ന മോഹമാണ് ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അവഗണിച്ചും പ്രസിഡണ്ട് പദവിയില്‍ തിരിച്ചെത്തുവാന്‍ ഡോണള്‍ഡ് ട്രംപ് വ്യഗ്രത കാട്ടുന്നത്. അദ്ദേഹത്തിന്‍റെ ദുരുദ്ദേശ്യം ഇനിയും തിരിച്ചറിയാത്ത വലിയൊരു ജനവിഭാഗം ഇപ്പോഴും അമേരിക്കയില്‍ ഉണ്ടെന്നത് തികച്ചും ആശ്ചര്യകരം. തെരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ ഡെമോക്രാറ്റിക് നോമിനി കമലാ ഹാരിസിന് നേരിയ മുന്‍തൂക്കം നിലനില്‍ക്കുമ്പോഴും തെരഞ്ഞെടുപ്പ് ഫലം ഈ ഘട്ടത്തില്‍ പ്രവചനാതീതമാണ്.
എല്ലാ ജനതയ്ക്കും തുല്യത ഉറപ്പാക്കിയിട്ടുള്ള ഒരു സ്വയംഭരണ റിപ്പബ്ലിക്കാണ് അമേരിക്ക. ജനാധിപത്യഭരണം നിലനിന്ന ഇക്കാലമത്രയും ഈ സ്ഥിതി ഭദ്രമായി തുടര്‍ന്നു. 2020 ജനുവരി 6 കലാപം അതിജീവിക്കുവാന്‍ നമുക്ക് കഴിഞ്ഞതും ഭൂരിഭാഗം അമേരിക്കന്‍ ജനതയിലും ഭരണാധികാരികളിലും നിലനിന്ന ജനാധിപത്യ ബോധവും ഭരണഘടനാ വിധേയത്വവും മൂലമത്രെ. ഇത്തരം വ്യക്തിമൂല്യങ്ങളും ദേശീയതയും സ്വേച്ഛാധിപതികള്‍ക്ക് അന്യമാണ്.
അമേരിക്കന്‍ ജനതയ്ക്കൊപ്പം ജനാധിപത്യ വിശ്വാസികളായ ലോകജനത ഒട്ടാകെ അപലപിക്കുകയും ഭയപ്പെടുകയും ചെയ്ത 2020 ജനുവരി 6 കലാപത്തെ ഏതാനും ദിവസംമുമ്പ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത് 'എ ഡേ ഓഫ് ലവ്' എന്നാണ്. വിസ്കോണ്‍സണില്‍ ഒരു ടൗണ്‍ഹാള്‍ മീറ്റിംഗിനിടയില്‍ അദ്ദേഹത്തിന്‍റെ മുന്‍ ആരാധകന്‍റെ ചോദ്യത്തിനുത്തരമായാണ് ഡോണള്‍ഡ് ട്രംപ് അങ്ങനെ പ്രതികരിച്ചത്. ജനുവരി 6 കലാപത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിയായ അദ്ദേഹം തന്നെ അഞ്ച് വ്യക്തികളുടെ മരണത്തിനും 140-ല്‍പരം ക്യാപിറ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദനമേറ്റതിനും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ്സ് ഉള്‍പ്പെടെ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വയരക്ഷയ്ക്കായി നെട്ടോട്ടം ഓടിയതുമായ പ്രസ്തുത ദുരന്തത്തെ 'മൃഗീയ ആക്രമണം' എന്ന് മുമ്പ് ആരോപിച്ചത് സൗകര്യപൂര്‍വ്വം തിരുത്തി. അമേരിക്കയുടെ ആത്മാവിനും യശ്ശസ്സിനും സുരക്ഷയ്ക്കുമേറ്റ ഇത്തരമൊരു ഹീന നടപടിയെ എ ഡേ ഓഫ് ലവ് എന്ന് വിശേഷിപ്പിക്കാന്‍ അദ്ദേഹം കാട്ടിയ ധാര്‍ഷ്ട്യം അമേരിക്കന്‍ ജനതയോടുള്ള അദ്ദേഹത്തിന്‍റെ അവജ്ഞയും അനാദരവും മൂലമാണ്.
വ്യാജമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതും തന്‍റെതന്നെ കുറ്റസമ്മതങ്ങള്‍ നിഷേധിക്കുന്നതും ഡോണള്‍ഡ് ട്രംപിന് പുതുമയല്ല. അവയില്‍ അദ്ദേഹത്തിന് തെല്ലും ഖേദമോ ലജ്ജയോ ഇല്ല. സെപ്റ്റംബര്‍ ആദ്യവാരം അഭിമുഖത്തില്‍ അന്നുവരെ 2020 തെരഞ്ഞെടുപ്പ് വന്‍ ഭൂരിപക്ഷത്തില്‍ താന്‍ ജയിച്ചുവെന്ന് അവകാശമുയര്‍ത്തിയിരുന്ന അദ്ദേഹം, നിലപാട് മാറ്റി തലമുടിനാരിഴ വ്യത്യാസത്തില്‍ താന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്ന് കുറ്റസമ്മതം നടത്തി.
എന്നാല്‍, സെപ്റ്റംബര്‍ 10-ന് നടത്തപ്പെട്ട പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ വീണ്ടും തകിടംമറിഞ്ഞ് തന്‍റെ കുറ്റസമ്മതം നിഷേധിച്ച് വ്യാജ ഇലക്ഷന്‍ വിജയാവകാശം അദ്ദേഹം വീണ്ടും ഉയര്‍ത്തി. സോഷ്യല്‍ സെക്യൂരിറ്റി സംരക്ഷിച്ചത് താനാണെന്നും ഐവിഎഫ് ട്രീറ്റ്മെന്‍റിന്‍റെ പിതൃത്വം അദ്ദേഹം അവകാശപ്പെട്ടതും വ്യാജവും കല്ലുവെച്ച നുണയാണെന്നും അദ്ദേഹത്തിനും അദ്ദേഹത്തെ ശ്രവിച്ച അമേരിക്കന്‍ ജനതയ്ക്കും ഉത്തമ ബോദ്ധ്യമുള്ളവയാണ്. ഒബാമാ കെയര്‍ സംരക്ഷിച്ചത് ഡോണള്‍ഡ് ട്രംപാണെന്ന വൈസ് പ്രസിഡണ്ട് നോമിനി ജെ.ഡി. വാന്‍സ്സിന്‍റെ അവകാശവാദവും ട്രംപില്‍നിന്നും ഒട്ടും വ്യത്യസ്തനല്ല അദ്ദേഹമെന്നും തെളിയിക്കുന്നു. നമുക്ക് വ്യാജമെന്നു ബോദ്ധ്യമുള്ള വിഷയങ്ങള്‍ നമ്മുടെ മുഖത്തുനോക്കി ലജ്ജാലേശമെന്യേ അവകാശപ്പെടുകയും സ്ഥാപിച്ചെടുക്കാന്‍ വ്യഗ്രതപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയനേതാക്കള്‍ അവര്‍ക്ക് ജനങ്ങളോടുള്ള ദാസ്യമനോഭാവവും തങ്ങളുടെ മേല്‍ക്കോയ്മയുമാണ് വിളിച്ചോതുന്നത്. ഇത്തരക്കാര്‍ ജനാധിപത്യ ഭരണവ്യവസ്ഥയില്‍ സിറ്റി കൗണ്‍സില്‍ അംഗത്വത്തിനു പോലും അര്‍ഹരല്ലെന്നതാണ് വസ്തുത.
ഡോണള്‍ഡ് ട്രംപിന്‍റെ സ്വേച്ഛാധിപത്യമോഹം റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിനോട് അദ്ദേഹത്തിനുള്ള ആരാധനാ മനോഭാവത്തില്‍ നിന്നും വ്യക്തമാണ്. പ്രകോപനങ്ങള്‍ ഏതും കൂടാതെ ഉക്രെയ്നെതിരെ റഷ്യ തുടരുന്ന യുദ്ധത്തെ ന്യായീകരിക്കുക മാത്രമല്ല പുടിനെ പ്രശംസിക്കുക കൂടി ചെയ്തത് ഡോണള്‍ഡ് ട്രംപ് മാത്രമാകും. ദുര്‍ബലരായ അയല്‍രാജ്യങ്ങളെ മാത്രമല്ല, സ്വദേശത്തുള്ള രാഷ്ട്രീയ പ്രതിയോഗികളേയും നിശബ്ദരാക്കുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യുന്നത് സ്വേച്ഛാധിപതികളുടെ ക്രൂരവിനോദങ്ങളാണ്. വ്ളാഡിമിര്‍ പുടിനും വെനിസ്വലേനിയന്‍ പ്രസിഡണ്ട് നിക്കൊളസ് മഡുറോയും ഈ ഗണത്തില്‍പ്പെടും. ഡോണള്‍ഡ് ട്രംപിന് വ്ളാഡിമിര്‍ പുടിനോടുള്ള ആരാധനാ മനോഭാവത്തിന് മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ദൃക്സാക്ഷിയാണ്. ട്രംപിന്‍റെ വിജയം അമേരിക്കന്‍ ജനതയ്ക്കൊപ്പം വിദേശ ജനാധിപത്യ ദേശങ്ങളും ഭയപ്പെടുന്നു എന്നതാണ് വസ്തുത. പുടിനുമായുള്ള ഡോണള്‍ഡ് ട്രംപിന്‍റെ രഹസ്യസംഭാഷണങ്ങളെക്കുറിച്ചും കോവിഡ് പരിശോധനാ ഉപകരണങ്ങള്‍ രഹസ്യമായി പുടിന് എത്തിച്ചുകൊടുത്ത ട്രംപിന്‍റെ തന്നിഷ്ട നടപടിയെക്കുറിച്ചും വാട്ടര്‍ഗേറ്റ് തട്ടിപ്പ് അന്വേഷകന്‍ ബോബ് വുഡ്ഡ് വാര്‍ഡ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഈ ഭീതി വര്‍ദ്ധിപ്പിക്കുന്നു.
ഡോണള്‍ഡ് ട്രംപിന്‍റെ ഗൂഢലക്ഷ്യങ്ങളും സ്വേച്ഛാധിപത്യ മോഹവും തുറന്നു കാട്ടുന്നതില്‍ ഡെമോക്രാറ്റുകളേക്കാള്‍ മുന്നില്‍ റിപ്പബ്ലിക്കന്‍സും അദ്ദേഹത്തോട് അടുത്തിടപഴകിയിട്ടുള്ളവരും ഭരണത്തില്‍ പങ്കാളികളായിട്ടുള്ളവരുമാണ്. മുന്‍ വൈസ് പ്രസിഡണ്ട് ഡിക്ക് ചെയ്നി, അദ്ദേഹത്തിന്‍റെ പുത്രി ലിസ് ചെയ്നി, ഇല്ലിനോയില്‍ നിന്നുള്ള ആഡം കിന്‍സിംഗര്‍ എന്നിവര്‍ ഡെമോക്രാറ്റിക് നോമിനി കമലാ ഹാരിസിന് പരസ്യപിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, അവരുടെ പ്രചാരണത്തിന്‍റെ ഭാഗമാകുകയുമുണ്ടായി. പെന്‍സില്‍വേനിയയില്‍ അടുത്തിടെ അവര്‍ സംഘടിപ്പിച്ചൊരു റാലിയില്‍ നൂറിലധികം റിപ്പബ്ലിക്കന്‍ നേതാക്കള്‍ അണിനിരന്നു. അതുപോലെ നിരവധി റിട്ടയേഡ് ഉന്നത സൈനികമേധാവികള്‍, ഡിഫന്‍സ് സെക്രട്ടറിമാര്‍ എന്നിവരെല്ലാം അമേരിക്കന്‍ ജനാധിപത്യത്തിന് ട്രംപ് ഉയര്‍ത്തുന്ന ഭീഷണിയില്‍ ആശങ്കയുള്ളവരാണ്. ദേശസുരക്ഷാ പ്രവര്‍ത്തനത്തില്‍ ട്രംപിനും ഇതര റിപ്പബ്ലിക്കന്‍ പ്രസിഡണ്ടുമാര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള നൂറിലധികം വ്യക്തികളും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ പരാജയം കാംക്ഷിക്കുന്നവരാണ്. മുന്‍ ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, മുന്‍ ഫ്ളോറിഡാ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അല്‍ കാര്‍ഡിനസ്സും അദ്ദേഹത്തിന്‍റെ ഭാര്യയും ടെക്സസിലെ മുന്‍ ടെറന്‍റ് കൗണ്ടി റിപ്പബ്ലിക്കന്‍ ജഡ്ജ് ഗ്ലന്‍ വൈറ്റ്ലി എന്നിവരും ഇതേനിലപാട് വെച്ചുപുലര്‍ത്തുന്നു.
ഡോണള്‍ഡ് ട്രംപിനെതിരെ ഈ തെരഞ്ഞെടുപ്പില്‍ പരസ്യനിലപാട് സ്വീകരിച്ചിട്ടുള്ളവര്‍ എല്ലാംതന്നെ അദ്ദേഹത്തിന്‍റെ വിജയം അവര്‍ക്ക് സൃഷ്ടിക്കാവുന്ന അപകടത്തെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ബോദ്ധ്യമുള്ളവരാണ്. ഡോണള്‍ഡ് ട്രംപ് തന്‍റെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ അമേരിക്കന്‍ മിലിട്ടറിയുടെ ഇടപെടലുണ്ടാകാമെന്ന് സൂചിപ്പിച്ചുകഴിഞ്ഞു. ആയതിനാല്‍ അമേരിക്കന്‍ ജനാധിപത്യം നിലനില്ക്കണമെന്ന് കാംക്ഷിക്കുന്നവരെല്ലാം ഡോണള്‍ഡ് ട്രംപിന്‍റെ പരാജയം ഉറപ്പാക്കുവാനുള്ള ജനമുന്നേറ്റത്തില്‍ അണിചേരണം. ഡോണള്‍ഡ് ട്രംപിന്‍റെ വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് മേധാവി ആയിരുന്ന അലീഷ്യ ഗ്രിഫിന്‍ വെളിപ്പെടുത്തുന്നു: "ജനുവരി 6-ന് തന്‍റെ മുന്‍ മേധാവി ഡോണള്‍ഡ് ട്രംപ് താന്‍ ആ പദവിക്ക് എത്ര അയോഗ്യനാണെന്ന് തുറന്നുകാട്ടി. അദ്ദേഹത്തിന്‍റെ ധാര്‍മ്മിക മൂല്യങ്ങള്‍ താന്‍ ഇന്നുവരെ ഒപ്പം ജോലി ചെയ്തിട്ടുള്ളവരില്‍ ഏറെ പിന്നിലാണ്. അദ്ദേഹം കുടിയേറ്റ ജനതയെ പൈശാചികരും നികൃഷ്ടരുമായി ചിത്രീകരിക്കുന്നു. നുണയെന്ന് പൂര്‍ണ്ണബോദ്ധ്യമുള്ള ആരോപണങ്ങള്‍ അവര്‍ക്കെതിരെ അദ്ദേഹം ഉന്നയിക്കുകയും അതുവഴി അവരുടെ ജീവന്‍ അപായത്തിലാക്കുകയും ചെയ്യുന്നു. ആദ്യ ഊഴത്തില്‍ അദ്ദേഹത്തോടൊപ്പം ക്യാബിനറ്റ് പദവി അലങ്കരിച്ചവരില്‍ ഏറെയും ഭരണഘടനയോടും തങ്ങള്‍ എടുത്ത സത്യപ്രതിജ്ഞയോടും പൂര്‍ണ്ണവിധേയത്വം പുലര്‍ത്തുന്നവരായിരുന്നു. അവരെല്ലാം ഭരണഘടനയ്ക്ക് വിധേയപ്പെട്ട് അതിന്‍റെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുവാന്‍ ഡോണള്‍ഡ് ട്രംപിന്‍റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. മറ്റൊരു ഊഴം ലഭിച്ചാല്‍ അത്തരം നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെടുവാന്‍ അദ്ദേഹം കൂട്ടാക്കില്ല. നിയന്ത്രണത്തിനുള്ള ഗാര്‍ഡ് റെയിലുകള്‍ ഒന്നുമുണ്ടാകില്ല."
ജോസ് കല്ലിടിക്കില്‍