PRAVASI

ഡോ. എം.കെ. ലൂക്ക - ഒരു ഓര്‍മ്മക്കുറിപ്പ്

Blog Image
പറയാതിരിക്കാന്‍ ആവില്ലെനിക്ക് എഴുതാതിരിക്കാന്‍ ആവില്ലെനിക്ക് ജീവിച്ചിരുന്നപ്പോള്‍ ലൂക്കായുടെ നന്മ മനസ്സിലാക്കിയ ഒരു സുഹൃത്ത് എന്ന നിലയില്‍ ഈ അനുസ്മരണം എഴുതാന്‍ എനിക്ക് അര്‍ഹത ഉണ്ടെന്ന് ഞാന്‍ കരുതുന്നു.

പറയാതിരിക്കാന്‍ ആവില്ലെനിക്ക്
എഴുതാതിരിക്കാന്‍ ആവില്ലെനിക്ക്
ജീവിച്ചിരുന്നപ്പോള്‍ ലൂക്കായുടെ നന്മ മനസ്സിലാക്കിയ ഒരു സുഹൃത്ത് എന്ന നിലയില്‍ ഈ അനുസ്മരണം എഴുതാന്‍ എനിക്ക് അര്‍ഹത ഉണ്ടെന്ന് ഞാന്‍ കരുതുന്നു.
പതിവുപോലെ മരണശേഷം അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുകയല്ല. മറിച്ച്, ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ ലൂക്കായോട് ചെയ്യുന്ന ഒരു അനീതി ആകുമെന്ന തോന്നല്‍.
ജീവിച്ചിരുന്നപ്പോള്‍ പുകഴ്ത്തല്‍ കേള്‍ക്കാന്‍ ലൂക്കാ ഇഷ്ടപ്പെട്ടിരുന്നില്ല. പരസ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്ന ഒരു നന്മ മരം.
അദ്ദേഹത്തിന്‍റെ സഹായം സ്വീകരിച്ച ചാരിറ്റി പ്രസ്ഥാനങ്ങള്‍ നിരവധി. ഇതില്‍ തുകയുടെ വലിപ്പംകൊണ്ട് ഏറ്റവും വലുത് ഡോ. ഗോപിനാഥ് മുതുകാടിന്‍റെ കാസര്‍കോഡ് പദ്ധതിക്ക് നല്കിയതാണ്. 2 കോടി രൂപയോളം മുടക്കി പതിനഞ്ച് ഏക്കറിനു മുകളില്‍ നീലേശ്വരത്തു സ്ഥലം വാങ്ങി നല്കി. വീടില്ലാത്ത 15-ല്‍പരം സാധുക്കള്‍ക്ക് മുല്ലക്കാനത്ത് വീട് നിര്‍മ്മിച്ചു നല്കി. കിടങ്ങൂര്‍ ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളില്‍, വീട് വെക്കാന്‍ നല്ല തുക സംഭാവനയായും നല്കി.
ഇതിനേക്കാള്‍ മഹത്തരമായ കാര്യം 60-ല്‍പ്പരം സാധുപെണ്‍കുട്ടികളെ കഴിഞ്ഞ 20 വര്‍ഷത്തെ കാലയളവില്‍ ബി.എസ്സി നേഴ്സിങ് പഠനത്തിന് മുഴുവന്‍ ചെലവും വഹിച്ച് പഠനം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതാണ്. അതുവഴി ആ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സാമ്പത്തികമായി ഉയര്‍ത്തി അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിച്ചു. ഇതൊക്കെ കൂടാതെ പലവിധ കാര്യങ്ങള്‍ക്കും സഹായഹസ്തം നീട്ടിയ വിശാലഹൃദയനായിരുന്നു ലൂക്കാച്ചന്‍. എഴുതാന്‍ തുടങ്ങിയാല്‍ ലിസ്റ്റ് ഇനിയും നീളും.


"അവന്‍ നന്മ ചെയ്ത് നാടുമുഴുവന്‍ ചുറ്റിസഞ്ചരിച്ചു" എന്ന ബൈബിള്‍ വാക്യം ലൂക്കായ്ക്ക് സ്വന്തം; അന്വര്‍ത്ഥം. ഇടപെടുന്ന ഏതൊരാളും ലൂക്കായെപ്പറ്റി ഓര്‍ക്കാന്‍ എന്തോ ഒരു മാജിക് അവനില്‍ ഉണ്ടായിരുന്നു.
1983-1985 കാലഘട്ടത്തില്‍ ഞാന്‍ പാലാ സെന്‍റ് തോമസ് കോളജില്‍ എം.എസ്സിക്ക് പഠിച്ചകാലം. അതേവര്‍ഷം എം.എ. ഹിന്ദിക്ക് ലൂക്കാ ജോയിന്‍ ചെയ്തു. സി.ആര്‍. ഹോസ്റ്റലില്‍ തുടങ്ങിയ സൗഹൃദം. ഈ വര്‍ഷം ഫെബ്രുവരി 23-ാം തീയതി നടത്തിയ ഫോണ്‍ സംഭാഷണം വരെ അതു നിലനിന്നു. പിന്നീടുള്ള ഫോണ്‍വിളികള്‍, മറ്റേത്തലയ്ക്കല്‍ മറുപടി ഇല്ലാത്തത് ആയിരുന്നു. പ്രായംകൊണ്ട് എനിക്ക് വല്യേട്ടന്‍ ആയിരുന്നെങ്കിലും ഏജ് ഗ്യാപ് ഞങ്ങളില്‍ അകല്‍ച്ച സൃഷ്ടിച്ചില്ല. 'മിസ്റ്റര്‍ കുഞ്ഞമ്മാട്ടി, എടാ കുഞ്ഞമ്മാട്ടി' എന്നാണ് ലൂക്കാ എന്നെ വിളിച്ചിരുന്നത്. ശരിക്കും എടാ പോടാ വിളികളായിരുന്നു ഞങ്ങളുടേത്.
സി.ആര്‍. ഹോസ്റ്റലില്‍ നിന്ന് കഥ തുടങ്ങാം. എപ്പോഴും ചിരിച്ച് കളിച്ച് പ്രസന്നവദനനായി നടന്ന ലൂക്കാ എത്ര പെട്ടെന്നാണ് സി.ആര്‍. ഹോസ്റ്റലിലും പിന്നെ കോളജിലും താരമായത്. പ്രീഡിഗ്രി സ്റ്റുഡന്‍റ്സ് മുതല്‍ മാസ്റ്റേഴ്സിനു പഠിക്കുന്നവര്‍ വരെ ലൂക്കായെ അവരുടെ ഫേവറേറ്റ് ആയി കണ്ടു.
പലപ്പോഴായി നടന്ന സ്വകാര്യസംഭാഷണങ്ങളില്‍ എന്തുകൊണ്ടാണ് ഏജ് ഗ്യാപ്പില്‍ എം.എയ്ക്ക് ചേരേണ്ടി വന്നത് എന്ന് ലൂക്കാ വിശദീകരിച്ചു. സംഭവബഹുലമായ ഒരു സിനിമാക്കഥയെ വെല്ലുന്ന ലൂക്കായുടെ ജീവിതാനുഭവങ്ങള്‍ ഞാന്‍ മനസ്സിലാക്കി. ലൂക്കായോടുള്ള എന്‍റെ ബൂഹുമാനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു.
പിന്നീട് ജോലിയുമായി ഞങ്ങള്‍ പല സ്ഥലങ്ങളിലായെങ്കിലും ഇടയ്ക്കൊക്കെ കാണാനും സൗഹൃദം നിലനിര്‍ത്താനും സാധിച്ചു. എന്‍റെ കസിന്‍ ബേബി ചേട്ടായി ലൂക്കായുടെ അയല്‍വാസി ആയത് ആ സൗഹൃദ നിലനില്പിന് സഹായമായി.
ലൂക്കാ ന്യൂയോര്‍ക്കില്‍ വന്നശേഷം ഞങ്ങളുടെ സമ്പര്‍ക്കം കൂടുതല്‍ ഊഷ്മളമായി. ഞങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചിരിയില്‍ തുടങ്ങി എന്‍റെ സ്നേഹപൂര്‍വ്വമായ തെറിയില്‍ ആണ് അവസാനിക്കാറ്. ഫെബ്രുവരി 23-ലെ ഫോണ്‍ സംഭാഷണവും അങ്ങനെയാണ് അവസാനിച്ചത്.
മറ്റുള്ളവരുടെ ഉയര്‍ച്ചയ്ക്ക് സഹായിക്കുന്ന ലൂക്കാ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നില്ലായിരുന്നു. അതിന്‍റെ പേരിലാണ് ഞാന്‍ വഴക്ക് പിടിച്ചിരുന്നത്. എന്നെക്കാള്‍ ആറേഴ് വയസ് കൂടുതലായിരുന്നെങ്കിലും സമപ്രായക്കാരെപ്പോലെയാണ് ഞങ്ങള്‍ ഇടപെട്ടിരുന്നത്. നാട്ടില്‍ ജീവിച്ചിരുന്ന കാലത്തും ഇടയ്ക്കൊക്കെ വീഡിയോ കോളിലും ഫോണ്‍ കോളിലും ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു.
"നീ നാട്ടുകാര്‍ക്കൊക്കെ വാരിക്കോരി കൊടുത്തുകൊള്ളൂ. പക്ഷേ, നിന്‍റെ കാര്യം കൂടി നീ നോക്കണം" എന്ന എന്‍റെ സ്നേഹപൂര്‍വ്വമായ ശാസനയ്ക്ക് ലൂക്കായുടെ പതിവ് മറുപടി, "ഓ, ഞാന്‍ എവിടെയെങ്കിലും വീണുകിടന്നാല്‍ ആരെങ്കിലും എടുത്ത് ആശുപത്രിയില്‍ ആക്കും. മരിച്ചാല്‍ എവിടെയെങ്കിലും അടക്കും."
സുഹൃത്തേ, നീ പറഞ്ഞത് പ്രവചനം പോലെ സംഭവിച്ചല്ലോ. ആരായിരുന്നു ഞാന്‍ അറിഞ്ഞ ലൂക്കാ.
ലൂക്കാ നല്ലൊരു ഭര്‍ത്താവ് ആയിരുന്നോ? അറിയില്ല. പറയാന്‍ ഞാന്‍ ആളുമല്ല. ലൂക്കാ നല്ലൊരു പിതാവ് ആയിരുന്നോ? അതും അറിയില്ല. പറയാന്‍ ഞാന്‍ യോഗ്യനല്ല.
ലൂക്കാ നല്ലൊരു മകന്‍ ആയിരുന്നു. സാക്ഷ്യം സത്യം. ലൂക്കാ നല്ലൊരു സഹോദരന്‍ ആയിരുന്നു, ലൂക്കാ നല്ലൊരു സുഹൃത്ത് ആയിരുന്നു. ലൂക്കാ നല്ലൊരു പിശുക്കന്‍ ആയിരുന്നു. പക്ഷേ, പിശുക്കി കൂട്ടുന്നതെല്ലാം മറ്റുള്ളവരെ സഹായിക്കാനായിരുന്നു എന്നറിയാവുന്ന എനിക്ക് അവന്‍റെ പിശുക്കും ഇഷ്ടമായിരുന്നു. അതു പറഞ്ഞ് ഞാന്‍ അവനെ കളിയാക്കുമായിരുന്നു.
'ഇത്തിരി ചെയ്ത് ഒത്തിരി പേരെടുക്കുന്ന' അല്പന്മാര്‍ ലൂക്കായെ അറിഞ്ഞാല്‍ ലജ്ജിച്ച് തലകുനിക്കും, അല്പമെങ്കിലും ഉളിപ്പ് ഉണ്ടെങ്കില്‍.
ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ സ്ഫുടം ചെയ്തെടുത്ത ഒരു വൈഡൂര്യം-അതാണ് ഞാന്‍ അറിഞ്ഞ ലൂക്കാ. തന്‍റെ തിക്താനുഭവങ്ങള്‍ മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജ്ജമായി ഉപയോഗിച്ചവന്‍. ആരോടും പരാതിപ്പെടാതെ, വിധിയെ പഴിക്കാതെ, ദുര്‍വിധി ഓര്‍ത്ത് വിലപിക്കാതെ ശരിക്കും ജീവിതയുദ്ധം ചെയ്ത പോരാളി.
മുന്നോട്ടുള്ള ഓരോ കുതിപ്പിലും രോഗമായും വേണ്ടപ്പെട്ടവരുടെ വേര്‍പാടുകളായും അവനെ തളര്‍ത്താന്‍ ഒരു പുച്ഛ ചിരിയോടെ വിധി ശ്രമിച്ചുകൊണ്ടിരുന്നു. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് സ്വയം കരുതി ലൂക്കാ മുന്നോട്ടു കുതിച്ചു. താന്‍ നടന്നുവന്ന കഷ്ടപാതയെക്കുറിച്ച് മറക്കാത്തതു കൊണ്ടാകാം ലൂക്കാ ഇത്ര വിശാലഹൃദയനായത്.
ഇന്നത്തെക്കാലത്ത് വിശാലഹൃദയം ഉണ്ടാകുന്നത് വലിയ തെറ്റാണല്ലോ. അങ്ങനെയുള്ളവരെ വിഡ്ഢിയെന്നാണല്ലോ ലോകം വിളിക്കുന്നത്. എങ്കില്‍ ലൂക്കായും ഒരു വിഡ്ഢി ആകാം. അങ്ങനെയുള്ളവരെ ചൂഷണം ചെയ്യാനും എളുപ്പമാണല്ലോ. ലൂക്കായ്ക്കും അതു സംഭവിച്ചു. ഇതു വായിക്കുന്നവരില്‍ ആ ചൂഷകരില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സുഹൃത്തേ, ഇനിയെങ്കിലും പറ്റിച്ചത് തിരികെ കൊടുക്കൂ. എനിക്ക് ഒന്നുരണ്ടു പേരെ അറിയാം. പേരുകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല.
ലൂക്കായുടെ സഹായംകൊണ്ട് നേഴ്സിങ് പഠനം നടത്തി സ്വന്തം ജീവിതം സുരക്ഷിതമാക്കിയ അനവധി പേരുണ്ട്. അവരില്‍ ഒരാളെങ്കിലും മുന്നോട്ടുവന്ന് ഈ മനുഷ്യനെ അനുസ്മരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്.
ലൂക്കായില്‍ നിന്ന് സഹായം സ്വീകരിച്ച പ്രസ്ഥാനങ്ങളില്‍ ഒന്നെങ്കിലും അദ്ദേഹത്തെ അനുസ്മരിക്കുമോ? കാത്തിരുന്നു കാണാം.
എല്ലാവര്‍ക്കും 'റിസീവിംഗ് എന്‍ഡില്‍' നില്ക്കാനാണല്ലോ ഇഷ്ടം. ലൂക്കാ എന്നും 'ഗിവിംഗ് എന്‍ഡില്‍' നിന്നവനാണ്. 
ദൈവം അവനെ പരീക്ഷിക്കുകയായിരുന്നു എന്നു പറയുന്നവരോട് വെറും പുച്ഛം മാത്രം. ദൈവത്തിന് വേറെ എന്തെല്ലാം പണി കിടക്കുന്നു!
മറ്റുള്ളവര്‍ക്കു വേണ്ടി ജീവിച്ച എന്‍റെ സുഹൃത്തേ, സ്വയം ജീവിക്കാന്‍ മറന്ന എന്‍റെ ലൂക്കാ... വിട! 
നിനക്ക് എന്‍റെ കണ്ണുനീര്‍ ആവശ്യമില്ല. മാന്യമായ ഒരു വിടവാങ്ങല്‍ മാത്രം മതി.
ബൈ ലൂക്കാപ്പി...!

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.