വിശുദ്ധവാരം ഓർമ്മകളുടെ പൂക്കാലമാണ്. പെസഹാവ്യാഴം, ദു:ഖവെള്ളി, വലിയ ശനി, ഉയിർപ്പു ഞായർ --- ഓരോ ദിവസത്തെയും ചുറ്റിപ്പറ്റി എത്ര യെത്ര ബാല്യകാല സ്മരണകൾ!
ഈശോമിശിഹാ വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസത്തിന്റെ ഓർമ്മപുതുക്കലാണ് പെസഹാവ്യാഴാഴ്ച നടക്കുന്നതെന്നോ, തിരുക്കർമ്മങ്ങൾക്കി ടയിൽ വൈദികൻ 12 വൃദ്ധന്മാരുടെ കാൽ കഴുകി ചുംബിക്കുന്നതിലൂടെ യേശു ക്രിസ്തു പഠിപ്പിച്ച എളിമയുടെയും വിനയത്തിന്റെയും സന്ദേശമാണ് വിശ്വാസികൾക്കു പകർന്നു നൽകുന്നതെന്നോ മനസിലാക്കാൻ മാത്രം ' വിവരം ' എനിക്ക് ബാല്യത്തിലു ണ്ടായിരുന്നില്ല.
അന്നൊക്കെ 'പെസഹാ വ്യാഴം' എന്നാൽ, 'ഇണ്ടറി അപ്പവും പാലും ' തന്നെ! വറുത്ത പച്ചരിപ്പൊടിയും, അരച്ച ഉഴുന്നും, തേങ്ങയും, ജീരകവും, ഏലക്കയുമൊക്കെ ചേർത്ത് ആവിയിൽ പുഴുങ്ങിയെടുക്കുന്ന 'ഇണ്ടറിയപ്പം ' അത്ര രുചികരമായ ഭക്ഷണമായി എനിക്കു തോന്നിയിരുന്നില്ല. എന്നാൽ, ശർക്കരയും തേങ്ങാപ്പാലും, ലേശം പൊടിച്ചു വറുത്ത പച്ചരി യും, ഏലക്കയും, ജീരകവും, ചുക്കുമൊക്കെ ചേർത്ത് കാച്ചിയെടുക്കുന്ന പെസഹാ പാലിനോളം സ്വാദിഷ്ഠമായ വിഭവങ്ങൾ വേറെ അധികം ഞാൻ രു ചിച്ചിട്ടില്ല. 'ഇണ്ടറിയപ്പ'വും 'പാലും ' രുചികരമാക്കുന്ന തിന്റെ സൂത്രവിദ്യ പെണ്മക്കൾക്കു പകർന്നു കൊടുക്കാൻ അമ്മച്ചിമാർക്ക് വലിയ താല്പര്യമാണ്.
മമ്മി ഉണ്ടാക്കുന്ന അപ്പവും പാലും എനിക്കൊരു ദൗ ർബല്യമാണെന്നു കണ്ടപ്പോൾ വേഗം തന്നെ ജാൻസി മമ്മിക്കു ശിഷ്യപ്പെട്ടു. ഈ ദൗ ർബല്യം ഏക മകൻ തരുൺ ജിമാനിക്കും പിന്തുടർച്ചാവകാശമായി ലഭിച്ചിട്ടുണ്ട് എന്നതിൽ എന്റെ ഭാര്യക്ക് സന്തോഷമേയുള്ളൂ.അതു കൊണ്ടാണല്ലോ അവൻ കൊതിപൂണ്ട് വിളിച്ചപ്പോൾ ഇണ്ടറി യപ്പവും പാലും പെട്ടിയി ലാക്കി, അവന്റെ മമ്മി എന്നെയും കൂട്ടി ദില്ലിക്കു വിമാനം കയറിയത്.
ബാല്യത്തിലേക്കു മടങ്ങാം.മുറ്റത്തു കൂട്ടുന്ന വിറകടുപ്പിൽ വലിയ കുട്ടകത്തിലായിരുന്നു മമ്മി ഇണ്ടറിയപ്പം ഉണ്ടാക്കിയിരുന്നത്. വാഴയിലയിൽ പൊതിഞ്ഞ പത്തൻപതെ ണ്ണം ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ അയലത്തുള്ള ഹൈന്ദവ വീടുകളിൽ അപ്പം കൊണ്ടുപോയി കൊടുക്കുന്നത് എന്റെ ദൗത്യമായിരുന്നു.ദുഃഖ വെള്ളിയാഴ്ച രാവിലെ പള്ളിക്കുള്ള വീതം അപ്പം കൗണ്ടറിൽ ഏല്പിച്ചിട്ട്, 'കുരിശിന്റ വഴി ' ഉൾപ്പെടെയുള്ള തിരുക്കർമ്മങ്ങൾക്കു ശേഷം, കയ്പ്പുനീരും കുടിച്ച് വീട്ടിലെത്തുമ്പോൾ, കുറെ നാടോടികളും ചില പാവപ്പെട്ട സ്ത്രീകളും അപ്പത്തിനായി കാത്തു നില്ക്കുന്നുണ്ടാവും. അവർക്കുള്ള വിതരണം കഴിഞ്ഞാണ് അപ്പവും പാലും കൊണ്ടുള്ള ഞങ്ങളുടെ പ്രാതൽ. വിഷുവിന് ഇങ്ങോട്ട് പായസം കൊണ്ടുവന്ന കാർത്യായനി അമ്മയ്ക്കും കൂട്ടർക്കും പെസഹാ അപ്പം അങ്ങോട്ട് കൊണ്ടുപോയി കൊടുത്ത്, ശക്തമായ അയൽബന്ധങ്ങൾ ക്രൈസ്തവ -- ഹൈന്ദവ സംഗമ ഭൂമിയിൽ ഊട്ടി വളർത്തുന്നത് സന്തോഷപ്രദമായ ഒരനുഭവമായിരുന്നു.
പെസഹാവ്യാഴം കുടുംബ ബന്ധങ്ങളുടെ ആഘോഷം കൂടിയാണ്. വൈകിട്ട് അത്താഴത്തിനു സമയമാകുമ്പോഴേക്കും കുടുംബാം ഗങ്ങളെല്ലാവരും ഒരുമിച്ചുകൂടി പ്രാർത്ഥിച്ചതിനു ശേഷം ഊണുമേശക്കു ചുറ്റും സമ്മേളിക്കുന്നു. കുടുംബത്തിലെ ഏറ്റവും മുതിർന്ന പുരുഷൻ, പള്ളിയിൽ നിന്നും ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോല കൊണ്ടുള്ള കുരിശ് പതിപ്പിച്ച ഇണ്ടറിയപ്പം പ്രാർത്ഥനയോടെ മുറിച്ച്, ഓരോ അംഗത്തെയും പേരു ചൊല്ലിവിളിച്ച്, എല്ലാവർക്കും ഓരോ കഷ ണം നൽകുന്നു. ഗ്ലാസ്സിലോ കപ്പിലോ പകർന്നെടുക്കുന്ന പാലിൽ അതു മുക്കി എല്ലാവരും കഴിക്കുന്നു. അതിനുശേഷം എല്ലാവരും കൂടിയിരുന്നു ബൈബിളിലെ പ്രസക്ത ഭാഗങ്ങൾ വായിക്കുന്നു, അല്പസമയത്തേക്ക് പാന വായിക്കുകയും ചെയ്യുന്നു.
അപ്പം മുറിക്കുന്ന ചടങ്ങ് ആത്മീയ പരിവേഷമുള്ള ഒരു കുടുംബക്കൂട്ടായ്മയാണ്. അപ്പവും പാലും കഴിച്ചിട്ട് കൈകഴുകുന്ന വെള്ളം പോലും പരിശുദ്ധമാണെന്ന് കരുതപ്പെടുന്നു. കാൽ ചവിട്ടാനിടയുള്ളിടത്ത് ആ വെള്ളം വീഴാൻ ഇ ടയാക്കില്ല.
എന്റെ പിതാമഹനാണ് വീട്ടിൽ അപ്പം മുറിക്കുക. പപ്പായുടെ രണ്ടു സഹോദരന്മാരുടെയും വീടുകളിൽ പോയി 'അപ്പം മുറി ' നടത്തിയിട്ടാണ് എന്റെ വീട്ടിലെത്തുക. തന്റെ മൂന്നു മക്കളുടെയും കുടുംബങ്ങളിൽ താൻ തന്നെ വേണം അപ്പം മുറിച്ചു നല്കാൻ എന്ന് അപ്പച്ചന് നിർബന്ധമായിരുന്നു.
കൈപ്പുഴയിലെങ്ങും ഇതൊക്കെ തന്നെയായിരുന്നു നാട്ടുനടപ്പ്. ജോലിക്കോ പഠനത്തിനോ വേണ്ടി ദൂരെ കഴിയുന്ന മക്കളെല്ലാവരും ബുധനാഴ്ചയോടെ വീടു കളിലെത്തും. വീട്ടിൽ വ്യാഴാഴ്ച നടക്കുന്ന 'അപ്പം മുറി'യും, പള്ളിയിൽ ദുഖവെള്ളിയാഴ്ച്ച നടക്കുന്ന 'കുരിശിന്റെ വഴി'യും, ഞായറാഴ്ചത്തെ ഈസ്റ്റർ ആഘോഷങ്ങളും കഴിഞ്ഞേ അവരൊക്കെ മടങ്ങൂ. അകലങ്ങളിൽ കഴിയുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഒരു ദിവസമെങ്കിലും പള്ളിയിൽ വച്ച് കണ്ടുമുട്ടും, എപ്പോഴെങ്കിലുമൊക്കെ വീടുകളിൽ കയറിയിറങ്ങും.ഒത്തു കൂടാനും, വിശേഷങ്ങൾ കൈമാറാനും, സ്നേഹം പങ്കു വയ്ക്കാനും, ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള അവസരം കൂടിയാണ് വിശുദ്ധ വാരാചരണം.
വെള്ളിയാഴ്ച രാവിലെ കുടമാളൂർ പള്ളിയിൽ പോയി മുട്ടിന്മേൽ നീന്തുന്നത് പല കൈപ്പുഴക്കാരും പതിവാക്കിയിരുന്നു. ചിലർ ഇത് ഒരു നേർച്ച യായാണ് നടത്തിയിരുന്നത് --- മിക്കവാറും,അസുഖം വന്നപ്പോൾ നേർന്ന പുണ്യ പ്രവൃത്തി!
വലിയ ശനിയാഴ്ച യെന്ന് ഇപ്പോൾ വിളിക്കപ്പെടുന്ന ദുഃഖ ശനിയാഴ്ച രാവിലെ പള്ളിയിൽ പോയി വരുന്നവരുടെ കൈയ്യിൽ വൈദികൻ വെഞ്ചരിച്ചു നൽകിയ ഒരു കുപ്പി വെള്ളവും ഒരു മെഴുകുതിരിയും കാണാം. ആ ' പുത്തൻ വെള്ള'ത്തിനു ദിവ്യ ഔഷധ ശക്തി കല്പിച്ചു സൂക്ഷിച്ചു വയ്ക്കുന്ന ചില അമ്മച്ചിമാർ കുഞ്ഞുങ്ങൾക്ക് അസുഖം വരുമ്പോൾ അതെടുത്തു ഭക്തിപൂർവം പ്രയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വെഞ്ചരിച്ച മെഴുകുതിരിക്കുമുണ്ട് ദിവ്യത്വം. കഴിഞ്ഞ കാലങ്ങളിലെ ദുർനടപ്പുകൾ വെടിഞ്ഞ് പുതിയ പുണ്യ പാതയിലൂടെ നടക്കാൻ വേണ്ട പ്രത്യാശയുടെ പ്രകാശം നൽകുന്ന ഈസ്റ്ററിന്റെ പ്രതീകമാണത്.
കുമ്പസാരം എന്ന കൂദാശയോടു മുഖം തിരിച്ചു നടക്കുന്ന വിശ്വാസികൾക്ക് വാർഷിക ധ്യാനത്തിനും 'ആണ്ടു കുമ്പസാര'ത്തിനു മുള്ള അവസരം കൂടി യാണ് വിശുദ്ധ വാരം. മദ്യപാനവും, കുടുംബകലഹവും, ചൂതുകളിയുമൊക്കെയായി 'പള്ളിയിൽ കയറാതെ ' വഴി തെറ്റി നടക്കുന്ന ചില കുഞ്ഞാടുകൾക്ക് നന്നാകാൻ ഈ ധ്യാനവും കുമ്പസാരവും വഴിയൊരുക്കിയിട്ടുള്ളതായറിയാം. ചുരുക്കത്തിൽ, സ്വയം ആത്മീയമായി ഒന്നു പുതുക്കിപണിയുന്നതിനുള്ള അവസരമായാണ് വിശ്വാസികൾ വിശുദ്ധ വാരത്തെ കാണുന്നത്.
50 ദിവസത്തെ
( വലിയ ) നോമ്പിനു ശേഷം മത്സ്യവും മാംസവും മദ്യവുമൊക്കെ സമൃദ്ധമായി വിളമ്പി 'നോമ്പ് ' വീടുന്ന ദിവസമാണ് ഈസ്റ്റർ ദിനം.പലപ്പോഴും, 50 ദിവസമെന്നല്ല, ഒരാഴ്ച്ച പോലും നോമ്പ് നോക്കിയിട്ടില്ലാത്തവരാണ് ആഘോഷമായി 'നോമ്പു വീടലി'ൽ മുഴുകുന്നത് എന്നുള്ള വസ്തുത നമ്മെ ഊറിച്ചി രിപ്പിക്കുന്നതു തന്നെ!
പെസഹായും ഈസ്റ്ററും കുടുംബങ്ങൾക്ക് ഒത്തുകൂടാനുള്ള അവസരമായി കണ്ട്, ഞങ്ങൾ അഞ്ചു മക്കളും കുടുംബങ്ങളോടൊപ്പം പപ്പായുടെയും മമ്മിയുടെയും അടുത്തേക്ക് 'തീർത്ഥയാത്ര ' നടത്തിയിരുന്ന കാലം ഓർമ്മിക്കുന്നതു തന്നെ ഒരു നിർവൃതിയാണ്. അവസാനമായപ്പോഴേക്കും കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം 25 ആയി ഉയർന്നിരുന്നു. ഈ 25 പേരുടെയും സാന്നിധ്യം പപ്പായും മമ്മിയും എത്രമേൽ കൊതിച്ചിരുന്നു എന്നും, ആ കോലാഹലങ്ങൾ അവർ എത്ര മേൽ ആസ്വദിച്ചിരുന്നു എന്നും ഞാൻ മനസിലാക്കുന്നത് ഇപ്പോഴാണ് ----മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി ഞാനും കാത്തിരിക്കാൻ തുടങ്ങിയ ശേഷം! കാലം മാറി, മക്കളുടെ ജീവിത സാഹചര്യങ്ങളും. പപ്പായും മമ്മിയും ഈ ലോകത്തോട് യാത്ര പറയുന്നതു വരെ ഞങ്ങൾ അവരെ കാണാൻ ഓരോ പെ സഹാക്കും കൈപ്പുഴയ്ക്കു യാത്ര ചെയ്തുകൊണ്ടിരുന്നു. എന്നാൽ, ഇന്നിപ്പോൾ മക്കളെ കാണാൻ ഞങ്ങൾക്ക് അവരുടെ അടുത്തേക്ക് യാത്ര ചെയ്യേണ്ടി വരുന്നു!എന്തായാലും, ഈസ്റ്ററല്ലേ, ഞാൻ കൈപ്പുഴക്കാരനല്ലേ, അവരെ കാണാതിരിക്കാൻ എനിക്കാവതില്ലേ !
ജയിംസ് ജോസഫ് കാരക്കാട്ട്