ഈ ഒരു പലഹാരം എന്റെ ഗൃഹാതുരതയുടെ ഭാഗമാണ്.സ്കൂൾ അവധികാലത്ത് കാഞ്ഞിരപ്പള്ളിയിലെ അമ്മ വീട്ടിൽ പോയി നിൽക്കുമ്പോൾ ആണ് വിവിധങ്ങളായ അരി പലഹാരങ്ങൾ പ്രാതലിനു കിട്ടുക. കൂട്ടു കുടുംബമായ പാലായിലെ തറവാട്ട് വീട്ടിൽ, വീട്ടുകാരെ കൂടാതെ പറമ്പിലും പാടത്തുമായി ധാരാളം പണിക്കാർ എന്നും ഉണ്ടായിരുന്നതിനാൽ കപ്പയും ചക്കയും കാച്ചിലും കിഴങ്ങും ചേനയും ചൂട് ചോറും ഒക്കെയായിരുന്നു രാവിലെ ഭക്ഷണം
ഈ ഒരു പലഹാരം എന്റെ ഗൃഹാതുരതയുടെ ഭാഗമാണ്.സ്കൂൾ അവധികാലത്ത് കാഞ്ഞിരപ്പള്ളിയിലെ അമ്മ വീട്ടിൽ പോയി നിൽക്കുമ്പോൾ ആണ് വിവിധങ്ങളായ അരി പലഹാരങ്ങൾ പ്രാതലിനു കിട്ടുക. കൂട്ടു കുടുംബമായ പാലായിലെ തറവാട്ട് വീട്ടിൽ, വീട്ടുകാരെ കൂടാതെ പറമ്പിലും പാടത്തുമായി ധാരാളം പണിക്കാർ എന്നും ഉണ്ടായിരുന്നതിനാൽ കപ്പയും ചക്കയും കാച്ചിലും കിഴങ്ങും ചേനയും ചൂട് ചോറും ഒക്കെയായിരുന്നു രാവിലെ ഭക്ഷണം,വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും ഒരേ ഭക്ഷണം കഴിക്കുക എന്നതായിരുന്നു വീട്ടിലെ വ്യവസ്ഥ.അമ്മ വീട്ടിൽ എന്നും കെട്ടിച്ചു വിട്ട പെണ്മക്കളും അവരുടെ കുട്ടികളും അവധിക്ക് വരുമ്പോൾ രാജാപാർട്ട് സ്വീകരണമായിരുന്നു .കുട്ടികളുടെ ഇഷ്ടം അനുസരിച്ചുള്ള ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിലെ അംഗങ്ങൾക്കു നിർദേശം കൊടുക്കുന്ന സ്നേഹനിധിയായ നാനിച്ചൻ അച്ചായനും ആലീസ് വല്യമ്മച്ചിയും.വിശാലമായ അടുക്കളയുടെ മേൽനോട്ടം നടത്തിയിരുന്ന കോക്കിയായ കുഞ്ഞിപ്പാലു സാറും മറിയ ചേടത്തിയും അതിരാവിലെ തന്നെ എണീക്കും,കുഞ്ഞിപ്പാലു സാർ വറുത്ത അരിപ്പൊടി തിരുമ്മുമ്പോൾ മറിയചേടത്തി അടുക്കളയുടെ നീണ്ട വരാന്തയിൽ, തടി ചിരവയിൽ ഇരുന്ന് തേങ്ങ നേർമ്മയോടെ ചിരകിയെടുക്കും. കുഞ്ഞിപ്പാലു സാർ അരിപ്പൊടി തേങ്ങയും ഉപ്പും ചേർത്തിളക്കി നല്ല ചൂട് വെള്ളത്തിൽ വാട്ടി കൊഴക്കും. വറുത്ത അരിപ്പൊടിയിൽ ചൂട് വെള്ളം ചേരുമ്പോഴുള്ള ആ പ്രത്യേക വാസനയെ വേനൽ മഴയേറ്റ് ഹർഷപുളകിതമാകുന്ന ഭൂമിയുടെ ഗന്ധത്തോട് ഉപമിക്കാൻ ആണ് എനിക്കിഷ്ടം.മൃദുവായി കൊഴച്ച മാവ്, ചെറിയ ഉരുളകളാക്കി, നടുവ് അമർത്തി കട്ടി കുറച്ച് രൂപപ്പെടുത്തി ആവി പറക്കുന്ന അപ്പച്ചെമ്പിൽ വേവിച്ചെടുക്കും.ഈ സമയം മറിയ ചേടത്തി നാലോ അഞ്ചോ വറ്റൽമുളകും, കുറച്ച് കൊച്ചുള്ളിയും വെളിച്ചെണ്ണയിൽ ചെറുതായി വഴറ്റി,ഉപ്പും ചേർത്ത് ആ എണ്ണയോടു കൂടി നന്നായി മഷി പോലെ അരകല്ലിൽ അരച്ചെടുത്തു മാറ്റിവെക്കും.ഇങ്ങനെ ഉണ്ടാക്കുന്ന സ്പെഷ്യൽ ചമ്മന്തി ഈ പലഹാരത്തിനു നിർബന്ധമാണ്. നാട്ടിലെ മിക്ക വീടുകളിലും പണ്ട് ലഭ്യമായിരുന്ന പനംകള്ളിന്റെ പാനി കൂടെ പ്ലേറ്റിന്റെ ഒരു സൈഡിൽ വെച്ചു ഊണുമുറിയുടെ മേശയിൽ കുട്ടികൾക്ക് ഓരോരുത്തർക്കുമായി നിരത്തി വെക്കും .മുളക് ചമ്മന്തിയുടെ എരിവ് അധികം ആകുമ്പോൾ നാവ് മധുരിക്കാൻ ആണത്രേ പാനിയും കൂടെ വിളമ്പുന്നത്...ആ പഴയ ഓർമ്മകളിൽ ഇന്ന് ഇത് ഉണ്ടാക്കിയപ്പോൾ എത്ര ആളുകളും ഓർമ്മകളും ആണ് മനസ്സിൽ നിറഞ്ഞത്.. ആ ഓർമ്മകളിലെ ആളുകൾ മിക്കവരും ഇന്ന് വിട പറഞ്ഞു പോയിരിക്കുന്നു, എങ്കിലും ഓർമ്മകൾ ഇന്നും ബാക്കി...
സുജിത് തോമസ്