PRAVASI

പഠനശേഷി വിഭിന്നമായ കുട്ടികൾക്കായി സ്‌കൂളുകളിൽ സജ്ജമാക്കേണ്ട സൗകര്യങ്ങൾ

Blog Image
പഠനവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ (വായനയിലോ കണക്കിലോ ഭാഷയിലോ ഉൾപ്പെടെ) ചില കുട്ടികൾക്ക് പലതരം വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങളെയാണ് പഠനവൈകല്യങ്ങൾ എന്നോ വിഭിന്ന പഠനശേഷി എന്നൊക്കെ വിളിക്കുന്നത്. കുട്ടിക്ക് പഠിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടോ ബുദ്ധിയില്ലാത്തത് കൊണ്ടോ അല്ല ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.

പഠനവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ (വായനയിലോ കണക്കിലോ ഭാഷയിലോ ഉൾപ്പെടെ) ചില കുട്ടികൾക്ക് പലതരം വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങളെയാണ് പഠനവൈകല്യങ്ങൾ എന്നോ വിഭിന്ന പഠനശേഷി എന്നൊക്കെ വിളിക്കുന്നത്. കുട്ടിക്ക് പഠിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടോ ബുദ്ധിയില്ലാത്തത് കൊണ്ടോ അല്ല ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. എന്നുമാത്രമല്ല, പഠനവൈകല്യമുള്ള കുട്ടികൾക്ക് പലപ്പോഴും ശരാശരിയോ ശരാശരിയേക്കാൾ ഉയർന്ന നിലവാരത്തിലോ ഉള്ള ബുദ്ധിലബ്ധി (ഐ.ക്യൂ.) ഉണ്ടാകാറുമുണ്ട്. ഈ കുട്ടികൾക്ക് ലഭിക്കുന്ന വിവരങ്ങളെയും അറിവുകളെയും അവരുടെ തലച്ചോർ, മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഈ വ്യത്യാസം അനുഭവപ്പെടുന്നത്. അതിനാൽ ചില കാര്യങ്ങൾ മനസ്സിലാക്കുന്നതിനും കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനും അവർക്ക് ബുദ്ധിമുട്ടുണ്ടാകാം.

ഉദാഹരണത്തിന് ഡിസ്‌ലെക്സിയയുള്ള ഒരു കുട്ടിക്ക് കാര്യങ്ങൾ മനസ്സിലാകുമെങ്കിലും വായിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. ഡിസ്കാൽകുലിയയുള്ള കുട്ടിക്ക് അക്കങ്ങളും കണക്കുകൂട്ടലുകളും മനസ്സിലാക്കാനായിരിക്കും പ്രയാസം. ഈ പ്രശ്നങ്ങൾ ആജീവനാന്തം നിലനിൽക്കാമെങ്കിലും കുട്ടിക്ക് ആവശ്യമായ പിന്തുണ ചുറ്റുപാടുകളിൽ നിന്നുണ്ടായാൽ സ്‌കൂളിലും ജീവിതത്തിലും വിജയിക്കാനാകും. ഇത്തരം പ്രശ്നങ്ങൾ വളരെ നേരത്തെ കണ്ടെത്തുകയും അവയെ കൈകാര്യം ചെയ്യാനാവശ്യമായ തയാറെടുപ്പുകൾ നടത്തുകയുമാണ് അതിൽ ഏറ്റവും പ്രധാനം.

പഠനവൈകല്യത്തിന്റെ പ്രധാന പ്രത്യേകതകൾ

പലതരത്തിലാണ് ഓരോ വ്യക്തിയിലും പഠനവൈകല്യങ്ങൾ കണ്ടുവരുന്നത്. അത് ഓരോ കുട്ടിയും എന്ത് തരം വെല്ലുവിളിയാണ് നേരിടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. എന്നാൽ പഠനവൈകല്യങ്ങൾക്ക് പൊതുവായ ചില ലക്ഷണങ്ങളുമുണ്ട്.

● തുടർച്ചയായി പരിശ്രമിച്ചിട്ടും വായിക്കാനോ എഴുതാനോ കണക്കുകൂട്ടാനോ ബുദ്ധിമുട്ടനുഭവപ്പെടുക
● വഴികൾ പറഞ്ഞുകൊടുത്താലും അത് പിന്തുടരാനുള്ള പ്രയാസവും കാര്യങ്ങൾ ഓർത്തിരിക്കാനുള്ള ബുദ്ധിമുട്ടും
● ചിന്തകളെ ക്രമീകരിക്കുന്നതിനും വ്യക്തമായി ആശയവിനിമയം നടത്തുന്നതിനുമുള്ള പ്രയാസം
● ചില പ്രത്യേക കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം സ്‌കൂളിലെ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള വിമുഖതയും തടസങ്ങളും
● മോശമായ കൈയക്ഷരവും മനസ്സിലുള്ള കാര്യങ്ങൾ എഴുത്തിലൂടെ പ്രകടിപ്പിക്കാനുള്ള ബുദ്ധിമുട്ടും
● തുടർച്ചയായി ഏതെങ്കിലുമൊരു കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരിക്കുക
● സമയക്രമം പാലിക്കുന്നതിലും ഏല്പിച്ച കാര്യങ്ങൾ കൃത്യസമയത്ത് ചെയ്തുതീർക്കുന്നതിലുമുള്ള ബുദ്ധിമുട്ട്

സ്‌കൂളിലെ സംസാരത്തിലും പ്രവർത്തനങ്ങളിലും കളികളിലുമെല്ലാം മിടുക്കരായ കുട്ടികൾ പോലും പഠനവിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്നത് അധ്യാപകരോ മാതാപിതാക്കളോ ശ്രദ്ധിച്ചേക്കാം. ബൗദ്ധികമായ ശേഷിയിലും പഠനമികവിലുമുള്ള ഈ അന്തരം, പലപ്പോഴും പഠനവൈകല്യങ്ങളുടെ ലക്ഷണമാകാം.

പഠനവൈകല്യമുള്ള കുട്ടികൾക്ക് സ്‌കൂളിൽ ആവശ്യമായ സജ്ജീകരണങ്ങൾ

സാധാരണ ക്‌ളാസ്‌റൂമുകളിൽ പഠനവൈകല്യമുള്ള കുട്ടികൾ പല ബുദ്ധിമുട്ടുകളും നേരിടുന്നു. ഈ പ്രശ്നങ്ങൾ മറികടക്കാൻ അവരെ സഹായിക്കുന്നതിനു വേണ്ടി കൊണ്ടുവരാവുന്ന ചില മാറ്റങ്ങളുണ്ട്. ഈ കുട്ടികളുടെ പഠനത്തെ ബാധിക്കാതെ തന്നെ, അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള ചില സജ്ജീകരണങ്ങളാണ് ഇവ.

പരീക്ഷാസമയത്തും മറ്റും ഇത്തരത്തിൽ സ്‌കൂളുകളിൽ കൊണ്ടുവരാൻ കഴിയുന്ന ചില തയാറെടുപ്പുകളെക്കുറിച്ചാണ് ഇനിപ്പറയുന്നത്.

1. അവതരണത്തിലെ മാറ്റങ്ങൾ

കുട്ടികൾക്ക് ഗ്രഹിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ ക്‌ളാസെടുക്കുന്ന രീതിയിൽ കൊണ്ടുവരാവുന്ന മാറ്റങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അധ്യാപകർ അവതരിപ്പിക്കുന്ന വിഷയങ്ങൾ മനസ്സിലാക്കാനും ഓർമയിൽ നിർത്താനും ഇതവരെ സഹായിക്കും.

● വലിപ്പമേറിയ പ്രിന്റുകളും വ്യത്യസ്തമായ ലിപികളും: വായനസംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികളെ വലിപ്പമേറിയ അക്ഷരങ്ങൾ കാണിച്ച് പഠിപ്പിക്കുന്നത് ഗുണം ചെയ്യും. ലളിതമായ ലിപികളാണ് ഉപയോഗിക്കേണ്ടത്.
● വർണക്കടലാസുകൾ ഉപയോഗിക്കാം: ആകർഷകമായ നിറങ്ങളിലുള്ള കടലാസുകളും ബോർഡുകളും ഉപയോഗിച്ചാൽ കുട്ടികളുടെ ശ്രദ്ധയാകർഷിക്കാനും ആശയങ്ങൾ അവർക്ക് പെട്ടെന്ന് മനസിലാക്കിക്കൊടുക്കാനും സാധിക്കും. അങ്ങനെ പഠനം കൂടുതൽ രസകരവുമാക്കാം.
● ദൃശ്യമാധ്യമങ്ങൾ: ചാർട്ടുകൾ, ചിത്രങ്ങൾ, രൂപരേഖകൾ, വിഡിയോകൾ എന്നിവ പഠനവൈകല്യമുള്ള കുട്ടികളെ കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിച്ചെടുക്കാൻ സഹായിക്കും.

ഈ രീതികൾ ഉപയോഗിക്കുമ്പോൾ പഠനവൈകല്യമുള്ള കുട്ടികൾക്കും അവരുടെ സഹപാഠികളെപ്പോലെ തന്നെ പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനാകും.

2. ഉത്തരങ്ങൾ അവതരിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ

പഠനവൈകല്യമുള്ള കുട്ടികൾക്ക് അവർ പഠിച്ച കാര്യങ്ങൾ മറ്റുകുട്ടികളെ പോലെ അവതരിപ്പിക്കാൻ കഴിയണമെന്നില്ല. പരമ്പരാഗത പരീക്ഷകളിലൂടെ അവരുടെ അറിവിനെ അളക്കാനാവില്ല. അതിന്റെ പേരിൽ അവരെ ശിക്ഷിക്കുന്നതിന് പകരം, ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ അറിയാവുന്ന കാര്യങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അവർക്ക് സാധിക്കും.

● പരീക്ഷകൾക്കും അസൈൻമെന്റിനും കൂടുതൽ സമയം: കൂടുതൽ സമയമെടുത്ത് വിവരങ്ങൾ ഗ്രഹിക്കുന്നവരായിരിക്കും പഠനവൈകല്യമുള്ള കുട്ടികൾ. അവരെ ഏല്പിച്ചിട്ടുള്ള പഠനസംബന്ധമായ ജോലികൾ ചെയ്യാൻ അവർക്ക് കൂടുതൽ സമയം അനുവദിക്കുമ്പോൾ അവരുടെ മാനസികസമ്മർദ്ദം ഒഴിവാക്കാനാകും.
● പകർപ്പെഴുത്തുകാരന്റെ സഹായം: കുട്ടികൾ പറയുന്ന കാര്യങ്ങൾ പകർത്തിയെഴുതാൻ ഒരു സ്ക്രൈബിന്റെ സഹായം തേടാം. ഡിസ്ഗ്രാഫിയയുള്ള കുട്ടികൾക്ക് എഴുതാൻ പ്രയാസമുണ്ടാകും. ഈ ബുദ്ധിമുട്ട് ഒഴിവാക്കി, പകരം ചോദ്യങ്ങൾക്കുള്ള ഉത്തരത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ഒരു സ്ക്രൈബ് കുട്ടികളെ സഹായിക്കും.
● അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകും അവഗണിക്കാം: ഡിസ്‌ലെക്സിയയോ ഭാഷാപരമായ പ്രശ്നങ്ങളോ നേരിടുന്ന കുട്ടികളെ, അവർക്ക് അറിയാവുന്ന കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ പ്രോത്സാഹിപ്പിക്കാം. സ്പെല്ലിങ് മിസ്റ്റേക്കുകളും ഗ്രാമറിലെ തെറ്റുകളും അവഗണിക്കാം.
● ചുരുങ്ങിയ വാക്കുകളിൽ ഉത്തരമെഴുതിക്കാം: ചില കുട്ടികൾക്ക് അറിയാവുന്ന കാര്യങ്ങൾ വിശദമായി എഴുതാൻ ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ, പരമാവധി ചുരുങ്ങിയ വാക്കുകളിലും വാചകങ്ങളിലും അറിയാവുന്ന കാര്യങ്ങൾ എഴുതാൻ സഹായിക്കാം.
● എപ്പോഴും കൂടെയുള്ള അധ്യാപകർ: ഇത്തരം കുട്ടികൾക്ക് സവിശേഷ ശ്രദ്ധ നൽകുന്നതിന് എപ്പോഴും കൂടെയുണ്ടാവുന്ന ഷാഡോ ടീച്ചർമാരെ നിയമിക്കാം. ക്ലാസിൽ കൂടുതൽ ശ്രദ്ധിക്കാൻ ഷാഡോ ടീച്ചർമാർ കുട്ടികൾക്ക് പ്രചോദനമാകണം.
● കാൽകുലേറ്ററുകളും ഗണിത സാമഗ്രികളും ഉപയോഗിക്കാം: ഡിസ്‌കാൽകുലിയ ഉള്ള കുട്ടികൾ കണക്കിൽ പിറകിലായിരിക്കും. ഈ പ്രശ്നം പഠനത്തെ ബാധിക്കാതിരിക്കാൻ കാൽകുലേറ്ററുകളും ഗണിത സാമഗ്രികളും ഉപയോഗിക്കാം.
● സാങ്കേതികവിദ്യയുടെ പിന്തുണ: വേർഡ് പ്രോസസറുകൾ, സ്പീച്-ടു-ടെക്സ്റ്റ് പ്രോഗ്രാമുകൾ, പ്രത്യേക സോഫ്ട്‍വെയറുകൾ എന്നിവ ഉപയോഗിച്ച് ചിന്തകൾ വ്യക്തമായും ഫലപ്രദമായും പങ്കുവെയ്ക്കാൻ കുട്ടികളെ സഹായിക്കാം.

ഇത്തരം മാർഗങ്ങൾ, അറിവ് പങ്കുവെയ്ക്കാനും പഠനത്തിൽ മികവുപുലർത്താനും കുട്ടികളെ സഹായിക്കും. പഠനവൈകല്യങ്ങൾ കാരണമുണ്ടാകുന്ന തടസ്സങ്ങളെ പരമാവധി ഒഴിവാക്കാനും ഉപകരിക്കും. മറ്റ് കുട്ടികൾക്ക് കിട്ടുന്ന അതേ അവസരങ്ങൾ പഠനവൈകല്യമുള്ള കുട്ടികൾക്കും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനുമാകും.

3. ചുറ്റുപാടുകളിൽ വരുത്തേണ്ട മാറ്റങ്ങൾ

കുട്ടികൾ പഠിക്കുന്ന അന്തരീക്ഷത്തിന്‌ വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് പഠനസംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികൾക്ക്. ഇത്തരം കുട്ടികൾക്ക് കൂടുതൽ നന്നായി ശ്രദ്ധിക്കാനും വിജയിക്കാനും അവസരമുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കാനാകണം.

● പരീക്ഷകൾക്കും പഠനപ്രവർത്തനങ്ങൾക്കും പ്രത്യേക മുറിയൊരുക്കാം. ശബ്ദകോലാഹലങ്ങൾ നിറഞ്ഞ ക്‌ളാസ്‌റൂമിൽ ശ്രദ്ധിച്ചിരിക്കാൻ ചില കുട്ടികൾക്ക് ബുദ്ധിമുട്ടാണ്. ശാന്തമായ മുറികളിൽ ഇവർക്ക് കൂടുതൽ നന്നായി പഠിക്കാനാകും.
● അനാവശ്യ ശബ്ദങ്ങൾ തടയുന്ന നോയിസ് ക്യാൻസലിങ് ഹെഡ്‌ഫോണുകൾ ഉപയോഗിച്ചാൽ കുട്ടികളുടെ ശ്രദ്ധ മാറിപ്പോകാതെ നോക്കാം. ധാരാളം സഹായവും പിന്തുണയും കിട്ടുന്ന അന്തരീക്ഷത്തിൽ നന്നായി ശ്രദ്ധിക്കാനും മാനസികസമ്മർദ്ദങ്ങൾ കുറയ്ക്കാനും കഴിയും.

4. പാഠ്യപദ്ധതിയിലും വേണം മാറ്റം

ചില സാഹചര്യങ്ങളിൽ, പഠനവൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക പാഠ്യപദ്ധതി തന്നെ വേണ്ടിവരാറുണ്ട്. കുട്ടിയുടെ വേഗത്തിനും കഴിവിനുമനുസരിച്ച് കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള സമയവും സാവകാശവും നൽകാനാണിത്.

● സിലബസ് ഭാരം കുറയ്ക്കാം: കുട്ടിയുടെ ശേഷിക്ക് അനുസരിച്ച് പഠിക്കേണ്ട വിഷയങ്ങളിൽ കുറവുകൾ വരുത്താം.
● ബുദ്ധിമുട്ടേറിയ വിഷയങ്ങൾ ഒഴിവാക്കാം: മറ്റുവഴികളില്ലെങ്കിൽ രണ്ടാംഭാഷയോ കൂടുതൽ വിശദമായ ഗണിതപഠനങ്ങളോ ഒഴിവാക്കാവുന്നതാണ്. പഠനവൈകല്യം ഈ വിഷയങ്ങളെ ഉൾക്കൊള്ളുന്നതിൽ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഇക്കാര്യം പരിഗണിക്കാം. ഓരോ കുട്ടിയുടെയും കഴിവിനും ആവശ്യങ്ങൾക്കുമനുസരിച്ചുള്ള വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. ബുദ്ധിമുട്ടേറിയ വിഷയങ്ങൾ പഠിക്കാൻ കൂടുതൽ കഷ്ടപ്പെടുത്തേണ്ട കാര്യമില്ല.

ഇത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ മാതാപിതാക്കൾക്ക് എന്തെല്ലാം ചെയ്യാനാകും?

● സ്‌കൂളിൽ പഠനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആദ്യം യോഗ്യതയുള്ള ഒരു വിദഗ്ധനെക്കൊണ്ട് കുട്ടിയെ പരിശോധിപ്പിക്കണം. നിങ്ങളുടെ കുട്ടിക്ക് എന്തെല്ലാം മാറ്റങ്ങളാണ് വേണ്ടതെന്ന് വിലയിരുത്താൻ ഈ പരിശോധന നിർണായകമാണ്.
● സ്‌കൂൾ അധികൃതരുമായും അധ്യാപകരുമായും നല്ല ബന്ധമുണ്ടാക്കുകയും അവരെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കുകയും വേണം. മിക്ക സ്‌കൂളുകളിലും സ്പെഷ്യൽ എജ്യൂക്കേറ്റർമാരും കൗൺസലിംഗ് വിദഗ്ധരുമുണ്ടാകും. നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ ഒരു വ്യക്തിഗത പഠനപദ്ധതി (ഐ.ഇ.പി) രൂപീകരിക്കാൻ അവർ സഹായിക്കും.
● നിങ്ങളുടെ കുട്ടിയുടെ അവകാശങ്ങളെപ്പറ്റിയും അവർക്ക് വേണ്ട സജ്ജീകരണങ്ങളെക്കുറിച്ചും നിരന്തരം പഠിച്ചുകൊണ്ടിരിക്കുക. കുട്ടികൾക്ക് ആവശ്യത്തിന് പിന്തുണ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയും അതിനുവേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുക.

ചുറ്റുപാടുകളിൽ ശരിയായ മാറ്റങ്ങൾ കൊണ്ടുവരാനായാൽ, പഠനവൈകല്യമുള്ള കുട്ടികൾക്കും പഠനത്തിൽ മികവ് പുലർത്താനും ജീവിതത്തിൽ വിജയിക്കാനും കഴിയും. ഓരോ കുട്ടിയും നേരിടുന്ന വ്യത്യസ്ത വെല്ലുവിളികൾ നേരിടുന്നതിന് ആവശ്യമായ പിന്തുണയും ഉപകരണങ്ങളും അവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.

Dr Joseph Sunny Kunnacherry, Founder Prayatna center for child development. Kochi

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.