PRAVASI

വര്‍ണാഭമായ പരിപാടികളോടെ ഫോമാ 2024-'26 വര്‍ഷ പ്രവര്‍ത്തനോദ്ഘാടനം ഹൂസ്റ്റണില്‍

Blog Image
അമേരിക്കന്‍ മലയാളി സംഘടനകളെ ഒരു കുടയുടെ തണലില്‍ ഒരുമിപ്പിക്കുന്ന ഫോമാ 2024-'26 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജനറല്‍ ബോഡിയും അധികാര കൈമാറ്റവും നാളെ (ഒക്‌ടോബര്‍ 26) സ്റ്റാഫോര്‍ഡിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ (12801 Sugar Ridge Blvd, Stafford, TX 77477)വര്‍ണാഭമായ വിവിധ പരിപാടികളോടെ അരങ്ങേറുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു.

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളെ ഒരു കുടയുടെ തണലില്‍ ഒരുമിപ്പിക്കുന്ന ഫോമാ 2024-'26 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജനറല്‍ ബോഡിയും അധികാര കൈമാറ്റവും നാളെ (ഒക്‌ടോബര്‍ 26) സ്റ്റാഫോര്‍ഡിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ (12801 Sugar Ridge Blvd, Stafford, TX 77477) വര്‍ണാഭമായ വിവിധ പരിപാടികളോടെ അരങ്ങേറുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു.

ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പുന്റ കാനായില്‍ നടന്ന എട്ടാമത് ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപഷം നേടി ചരിത്രം കുറിച്ച ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തങ്ങളുടെ ജനപക്ഷ മുഖമുള്ള സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഔദ്യോഗിക വിളംബരമാണ് പ്രവര്‍ത്തനോദ്ഘാടന ചടങ്ങും മറ്റ് പ്രഖ്യാപനങ്ങളും കലാപരിപടികളും.

ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ വൈകുന്നേരം 5 വരെ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് അധികാര കൈമാറ്റം. തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലെ നാനാതുറയിലുള്ള വ്യക്തിത്വങ്ങള്‍ തങ്ങളുടെ മഹനീയ സാന്നിധ്യമറിയിക്കും. പ്രമുഖ മലയാള ചലചിത്ര നടി ലെനയാണ് സമ്മേളനത്തിലെ മുഖ്യാതിഥി.

കൂടാതെ ടെക്‌സസ് സ്റ്റേറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മലയാളി മേയര്‍മാര്‍, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി ജഡ്ജുമാര്‍, ഹൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മതമേലധ്യക്ഷന്‍മാര്‍, വിവിധ അസോസിയേഷനുകളുടെ നേതാക്കള്‍, നോര്‍ത്ത് അമേരിക്കയ്ക്ക് പുറമെ കാനഡയില്‍ നിന്നുമുള്ള ഫോമാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പൊതുസമ്മേളനത്തില്‍ ഫോമായുടെ മുന്‍ പ്രസിഡന്റുമാരായ ഒന്‍പതു പേരുടെ സേവനങ്ങള്‍ മാനിച്ച് അവരെ പൊന്നാടയണിയിച്ച് ആദരിക്കും. ഫോമായുടെ ആര്‍.വി.പിമാരും നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരും മുന്‍ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങില്‍ വിമന്‍സ് ഫോറത്തിന്റെയും യൂത്ത് ഫോറത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം നടക്കും. റാഫിള്‍ ടിക്കറ്റിന്റെ ഉദ്ഘാടനമാണ് മറ്റൊരു ഇനം. സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള കര്‍മ പരിപാടികളുടെ പ്രഖ്യാപനവുമുണ്ടാവും. ശിങ്കാരി മേളത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്.

വേദിയെ ധന്യമാക്കുന്നതാണ് കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍. ചലചിത്ര നടി ദിവ്യ ഉണ്ണിയുടെ നൃത്തം, പിന്നണി ഗായിക അഹി അജയന്‍ ഉള്‍പ്പെടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്‍മാരെ അണിനിരത്തിക്കൊണ്ട് സംഗീതപ്പെരുമഴ പെയ്യിക്കുന്ന ഗാനമേള, നര്‍മ്മ വിരുന്നൊരുക്കുന്ന സ്‌കിറ്റ്, അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ മിമിക്രി കലാകാരന്‍ സാബു തിരുവല്ലയുടെ വണ്‍മാന്‍ ഷോ, ഹൂസ്റ്റണിലെ സുനന്ദാസ് പെര്‍ഫോമിങ് ആര്‍ട്‌സ് സെന്റര്‍, നൂപുര ടീം എന്നിവരുടെ ഡാന്‍സ് പരിപാടികള്‍ തുടങ്ങിയവ ഈ സമ്മേളനത്തിന്റെ ഹൈലൈറ്റുകളാണ്. രാത്രി 9 മണിക്ക് ഡിന്നറോടുകൂടി സമ്മേളനം പര്യവസാനിക്കും.

 പ്രവര്‍ത്തനോദ്ഘാടത്തിലേയ്ക്ക് ഫോമായുടെ എല്ലാ കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ ജോര്‍ജ് പാലക്കലോടി, വൈസ് പ്രസിഡന്റ്ഷാലു മാത്യു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

മാത്യൂസ് മുണ്ടയ്ക്കലാണ് ഇവന്റ് കണ്‍വീനര്‍. കോ-ഓര്‍ഡിനേറ്ററായി സുബിന്‍ കുമാരന്‍ പ്രവര്‍ത്തിക്കുന്നു. ട്രഷററായി ജോയ് എം സാമുവല്‍, പി.ആര്‍.ഒ ആയി അജു വാരിക്കാട്, മീഡിയ കോ-ഓര്‍ഡിനേറ്ററായി സൈമണ്‍ വാളാച്ചേരില്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍ചാര്‍ജ് ആയി തോമസ് ജോര്‍ജ്, തോമസ് ഓലിയാന്‍കുന്നേല്‍, രാജന്‍ യോഹന്നാന്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. റിസപ്ഷന്‍ കമ്മിറ്റിയുടെ ചുമതല എസ്.കെ ചെറിയാന്‍, എം.ജി മാത്യു എന്നിവര്‍ക്കാണ്. ബാബു മുല്ലശ്ശേരിയാണ് ഫുഡ് കമ്മിറ്റി കണ്‍വീനര്‍. ഫോമാ സതേണ്‍ റീജിയന്‍ ആര്‍.വി.പി ബിജു ലോസണ്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജിജു കുളങ്ങര, ഫോമാ ഹൂസ്റ്റണ്‍ റീജിയന്‍ ചെയര്‍മാന്‍ രാജേഷ് മാത്യു, സണ്ണി കാരിക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രോഗ്രാം കമ്മിറ്റിയിലുണ്ട്.

ഫോമായുടെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കുക, സംഘടനയെ അമേരിക്കന്‍ മലയാളികളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസൃതമായി വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിചയസമ്പത്തിന്റെ കരുത്തില്‍ ബേബി മണക്കുന്നേലിന്റെ ടീം സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.