PRAVASI

ഗ്രഹാം സ്റ്റെയ്ൻസ് കൊലക്കേസ് പ്രതിയെ ബിജെപി സർക്കാർ വിട്ടയച്ചു

Blog Image

ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു പിഞ്ചു മക്കളേയും അവരുടെ വാഹനത്തിൽ ചുട്ടെരിച്ച കേസിലെ പ്രതി മഹേന്ദ്ര ഹെംബ്രാമിനെ ഒഡീഷയിലെ ബിജെപി സർക്കാർ ഇന്നലെ വിട്ടയച്ചു. ഈ കേസിലെ മുഖ്യപ്രതി ദാരാ സിംഗിൻ്റെ ശിങ്കിടിയായിരുന്നു ഇയാൾ. തടവുകാലത്ത് നല്ല സ്വഭാവം പുലർത്തിയിരുന്നു എന്ന ന്യായം പറഞ്ഞാണ് 50കാരനായ മഹേന്ദ്രയെ വിട്ടയച്ചത്.

ഒന്നാം പ്രതി ദാരാ സിംഗ് ജയിലിൽ തുടരുകയാണ്. ഒഡിഷയിലെ ബിജെപി മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി മുൻപ്‌ എംഎൽഎ ആയിരുന്ന കാലത്ത് ദാരാസിങ്ങിന്റെ മോചനത്തിനായി പ്രതിഷേധം സംഘടിപ്പിച്ച വ്യക്തിയാണ്. 1999 ജനുവരി 21നാണ് രാജ്യത്തെ ലജ്ജിപ്പിച്ച നിഷ്ഠുര കൊലപാതകം ദാരാ സിംഗും മഹേന്ദ്രയും മറ്റ് ചിലരും ചേർന്നു നടത്തിയത്. താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നും 25 വർഷം മുമ്പ് കോടതിയിൽ ഉന്നയിച്ച അതേ വാദം, ഇന്നലെ വൈകിട്ട് മോചനത്തിന് ശേഷവും മഹേന്ദ്ര ഹെംബ്രാം പറഞ്ഞു. മാലലയണിച്ചാണ് ജയിലധികൃതർ ഇയാളെ യാത്രയാക്കിയത്.

ഒഡീഷ കിയോഞ്ച്‌ഹാറിലെ മനോഹർപൂർ ഗ്രാമത്തിലാണ്‌ ലോകത്തെ നടുക്കിയ അതിഹീന കൊലപാതകം ഹിന്ദുത്വ ശക്തികൾ നടത്തിയത്. ഇന്ത്യയിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തി, എ ബി വാജ്പേയ് പ്രധാനമന്ത്രിയായ കാലത്തായിരുന്നു ഇത്. 1991 ജനുവരി 21ന് രാത്രി 58കാരനായ ഗ്രഹാം സ്റ്റെയ്ൻസും, പത്തും ആറും വയസുള്ള മക്കൾ ഫിലിപ്പും തിമോത്തിയും വാനിൽ ഉറങ്ങുമ്പോഴാണ് ബജ്രംഗ്ദൾ പ്രവർത്തകർ വണ്ടിക്ക് തീകൊളുത്തി കൊന്നത്. ഗ്രാമവാസികളെ മതം മാറ്റുന്നു എന്ന സംഘപരിവാറിൻ്റെ എക്കാലത്തെയും ആരോപണമാണ് ഈ അധമൻമാരും ഉന്നയിച്ചത്. ഒഡീഷയിൽ കുഷ്ഠ രോഗികൾക്കിടയിൽ 35 വർഷമായി പ്രവർത്തിച്ച് വരികയിരുന്നു സ്റ്റെയിൻസും കുടുംബവും.

കൊലപാതകവുമായി ബന്ധപ്പെട്ട് 51 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 37 പേരെ വിചാരണ ക്കോടതി വിട്ടയച്ചു. ദാരാ സിംഗും മഹേന്ദ്ര ഹെംബ്രാമും അടക്കം 14 പേരെ കുറ്റക്കാരായി കണ്ടെത്തി. പിന്നീട് ഒഡീഷ ഹൈക്കോടതി 11 പേരെ വിട്ടയച്ചു. ബിജെപി അംഗമായ ദാരാ സിങ്, ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ പ്രവർത്തകനുമായിരുന്നു. ഗോരക്ഷാ സമിതിയുടെ സജീവ അംഗവുമായിരുന്ന ഇയാൾ കൊലപാതകങ്ങൾ അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു. 1998ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തിയ ഇയാൾ ആർഎസ്എസ് റാലികളിലും ക്യാമ്പുകളിലും പങ്കെടുത്തിരുന്നു.

ഗ്രഹാം സ്റ്റെയ്ൻസിനേയും മക്കളെയും കൊല​പ്പെടുത്തിയ അതേവർഷം സെപ്തംബറിൽ മയൂർഭഞ്ചിലെ ജമാബാനിയിൽ അരുൾ ദാസ് എന്ന കത്തോലിക്കാ പുരോഹിതനെയും ദാരാസിങ്ങും സംഘവും ക്രൂരമായി കൊലപ്പെടുത്തി. ഈ കേസിൽ 2007 സെപ്തംബറിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1999ൽതന്നെ നവംബർ 26ന് പടിയാബേഡ ഗ്രാമത്തിൽ മുസ്ലിം വസ്ത്രവ്യാപാരി ഷെയ്ഖ് റഹ്മാനെ ആക്രമിച്ച് കൊലപ്പെടുത്തി കൈകൾ വെട്ടിനീക്കി മൃതദേഹം കത്തിച്ച കേസിലും ദാരാസിങ്ങിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗ്രഹാം സ്റ്റെയിൻസ് കൊലപാതകത്തിൽ വിചാരണക്കോടതി ധാരാ സിങ്ങിന് വധശിക്ഷയാണ് വിധിച്ചത്. 2005ൽ ഹൈക്കോടതി ഇത് ജീവപര്യന്തമാക്കി കുറച്ചു.സ്റ്റെയ്ൻസിൻ്റെയും രണ്ടുമക്കളുടെയും ദാരുണമരണത്തിന് ശേഷം ഭാര്യ ഗ്ലാഡിസ് മകൾ എസ്തറുമായി ഓസ്ട്രേലിയലേക്ക് മടങ്ങി. ‘ദ ലീസ്റ്റ് ഓഫ് ദീസ്: ദ ഗ്രഹാം സ്റ്റെയ്ൻസ് സ്റ്റോറി’ (The Least of These: the Graham Staines story) എന്ന​ പേരിൽ ഗ്രഹാം സ്റ്റെയ്ൻസിൻ്റെ ജീവിതവും ദാരുണാന്ത്യവും സിനിമയായിരുന്നു. ഇത് കാണാൻ എസ്തറിൻ്റെ കുടുംബത്തെ കൂട്ടി 2024ൽ ഗ്ലാസിഡ് എത്തിയിരുന്നു. ഭർത്താവിനെയും കുഞ്ഞുമക്കളെയും കൊന്നവരോട് വിദ്വേഷമില്ലെന്ന് അന്ന് ഗ്ലാഡിസ് പ്രതികരിച്ചു. “ഞങ്ങൾ അവർക്ക് പൊറുത്തു​കൊടുക്കുന്നു. അവർ പശ്ചാത്തപിക്കുകയും നവീകരിക്കപ്പെടുകയും ചെയ്യണമെന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും”- കണ്ണീരടക്കി ഗ്ലാഡിസ് സ്റ്റെയ്ൻസ് പറഞ്ഞതിങ്ങനെയായിരുന്നു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.