ചിക്കാഗോ: ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസ്സോസിയേഷൻ സെപ്റ്റംബർ 22 ന് സീറോ മലബാർ അൽഫോൻസാ ഹാളിൽ വച്ച് പ്രൗഢഗംഭീരമായിഓണം ആഘോഷിച്ചു
ചിക്കാഗോ: ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസ്സോസിയേഷൻ സെപ്റ്റംബർ 22 ന് സീറോ മലബാർ അൽഫോൻസാ ഹാളിൽ വച്ച് പ്രൗഢഗംഭീരമായിഓണം ആഘോഷിച്ചു . ചെണ്ട മേളത്തിന്റെ അകമ്പടിയോടുകൂടി മഹാബലി തമ്പുരാനെ വരവേറ്റു കൊണ്ടുള്ള ഘോഷയാത്രക്കുശേഷം ജിതേഷ് ചുങ്കത്തിന്റെ അദ്ധ്യക്ഷതയിൽ ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനവും തുടർന്ന് ചിക്കാഗോയിൽനിന്നും അമേരിക്കയിലെ ദേശീയ സഘടനകളായ ഫൊക്കാന ഫോമായിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ ആദരിക്കുന്ന ചടങ്ങും നടന്നു .
ലോകകേരള സഭാംഗം റോയ് മുളകുന്നം ഓണസന്ദേശം നൽകി കൊണ്ട് ഓണാഘോഷ പരിപാടികൾ ഉദ്‌ഘാടനംചെയ്തു .ഓണത്തിന്റെ സന്ദേശം മനുഷ്യരെല്ലാം ഒന്നാണെന്നും അതുകൊണ്ടു തന്നെ എല്ലാ മലയാളികളും അതുൾകൊണ്ട് പരസ്പരം ജാതിയുടെയും മതത്തിന്റെയും പേരിൽ വെട്ടിവീഴ്ത്താതെ ഒന്നായി മുന്നോട്ട് പോകണമെന്നും അഭിപ്രായപ്പെട്ടു . ഓണവും മഹാബലിയും ഐത്യഹ്യത്തിൽനിന്നും ഉണ്ടായതാണെങ്കിലും അത് നൽകുന്ന സന്ദേശത്തിനു എന്നും പ്രസക്തിയുണ്ട്. മതേതരത്വത്തിന്റേയും , സാഹോദര്യത്തിന്റെയും , സമത്വത്തിന്റെയും സന്ദേശമായ മനുഷ്യരെല്ലാം ഒന്നുപോലെയാണെന്നുള്ള ഒരു ഭരണകാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലാണ് ഓണമെങ്കിൽ നമ്മുടെ ഇടയിലുള്ള ചില മലയാളി സംഘടനകളിൽ ജാതി , മത , വർഗീയ ചിന്തകൾ കടന്ന് കയറുന്നതായി കാണുന്നുവെന്നും ആ സംഘടനകളും ഓണം ആഘോഷിക്കുന്നത് ഓണത്തിന്റെ യഥാർത്ഥ സന്ദേശം ഉൾകൊണ്ടുകൊണ്ടാണോ എന്ന് സ്വയം ചിന്തിക്കേണ്ടതാണെന്നും ഓർമ്മപ്പെടുത്തി . ഈ വക ജാതി മത വർഗ്ഗ ചിന്തകൾക്കതീതമായി രൂപം കൊണ്ട ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും പറയുകയുണ്ടായി . തുടർന്ന് ഫൊക്കാനയിലേക്കും ഫോമയിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന ആർ വി പി സന്തോഷ് നായർ , ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ സതീശൻ നായർ , ഫോമാ ആർ വി പി ജോൺസൻ കണ്ണൂക്കാടൻ , നാഷണൽ കമ്മറ്റി മെംബർ ജോർജ് മാത്യു , അഡ്വൈസറി ബോർഡ് സെക്രട്ടറി ജോസ് മണക്കാട് തുടങ്ങിയവർക്ക് സ്വീകരണം നൽകി . തുടർന്ന് സ്വീകരണങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ട് സന്തോഷ് നായർ , സതീശൻ നായർ , ജോൺസൻ കണ്ണൂക്കാടൻ ,ജോർജ് മാത്യു , ജോസ് മണക്കാട് തുടങ്ങിയവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ബെന്നി വാച്ചാച്ചിറ, സ്റ്റാൻലി കളരിക്കാമുറി , ടോമി അമ്പേനാട്ട് , ഡോ : സുനിന ചാക്കോ , ആന്റോ കവലക്കൽ , ജോസ് സൈമൺ മുണ്ടപ്ലാക്കിൽ , സുജിത് കൊനോത് , ജോസ് ചെന്നിക്കര , പോൾ പറബി , ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി , മേഴ്‌സി കുര്യാക്കോസ് , സുശീൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു . രവി കുട്ടപ്പൻ മാവേലി മന്നനായി വേഷമിട്ടു . ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസ്സോസിയേഷൻ ഒക്ടോബർ 19 ന് നടത്തുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ സുവനീർ ജോർജ് നെല്ലാമറ്റത്തിനും, ബിജോയ് കാപ്പനും നൽകി കൊണ്ട് മത്സരം നടത്തുന്നതായി ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു . തുടർന്ന് മാജിക് സംഘടനയുടെ നേതൃത്വത്തിൽ വിവിധയിനം കലാപരിപാടികൾ നടന്നു . എലൈറ്റ് കേറ്ററിംഗിന്റെ ഓണ സദ്യയിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ഓണാഘോഷ പരിപാടികൾക്ക് ജോൺസൻ കാരിക്കൽ , സേവ്യർ ഒറവനാകളത്തിൽ , ഫിലിപ്പ് പൗവ്വത്തിൽ , അഖിൽ മോഹൻ , ബോബി തുടങ്ങിയവർ നേതൃത്വം നൽകി . ചിക്കാഗോ ചെണ്ട ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെണ്ട മേളം കാണികളെ ആവേശഭരിതരാക്കി . ഓണാഘോഷ സമ്മേളനത്തിന് മനോജ് കോട്ടപ്പുറം സ്വാഗതവും ലീസ് ടോം മാത്യു നന്ദിയും പറഞ്ഞു .