PRAVASI

ഹ്യൂസ്റ്റൺ മലയാളി സീനിയേഴ്സ് ഓണം കേരളത്തനിമയിൽ ഉജ്ജ്വലമായി

Blog Image
ഹ്യൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സീനിയേഴ്സ് സന്നദ്ധ സംഘടനയുടെ ഇക്കൊല്ലത്തെ ഓണം കേരളത്തനിമയിൽ ആഹ്ലാദകരവും ഉജ്ജ്വലവുമായി.

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സീനിയേഴ്സ് സന്നദ്ധ സംഘടനയുടെ ഇക്കൊല്ലത്തെ ഓണം കേരളത്തനിമയിൽ ആഹ്ലാദകരവും ഉജ്ജ്വലവുമായി. സെപ്റ്റംബർ 14നു ഉച്ചയ്ക്ക് അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഓണം ആഘോഷിച്ചത്. ഹൂസ്റ്റണിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വളരെ കാലമായി പ്രവർത്തിക്കുന്ന ശ്രീമതി പൊന്നു പിള്ളയുടെ നേതൃത്വത്തിൽ 25 വർഷം മുൻപ് ആരംഭിച്ച ഒരു പൊതു മലയാളി സീനിയേഴ്സ് പ്രസ്ഥാനമാണ്, മലയാളി സീനിയേഴ്സ് സംഘടന. 

മലയാളി സീനിയേഴ്സ് സംഘടന സ്ഥാപിതമായതിന്റെ ഒരു രജത ജൂബിലി വർഷവും രജത ജൂബിലി ഓണമഹോത്സവവും ആയിരുന്നു ഇപ്രാവശ്യം ആഘോഷിച്ചത്.

ശ്രീമാൻ നാരായണൻ നായരുടെ ഈശ്വര പ്രാർത്ഥന ഗാനത്തിനു ശേഷം ശ്രീമതി പൊന്നുപിള്ള,  ശ്രീമാൻമാരായ  ടോം എബ്രഹാം, എ.സി.ജോർജ്, സ്.കെ.ചെറിയാൻ, തോമസ് ചെറുകര, ഡോക്ടർ മാത്യു വൈരമൺ, വി.എൻ.രാജു,  ജി. കെ.പിള്ള, അച്ഛൻ കുഞ്ഞ് എന്നിവർ നിലവിളക്ക് കൊളുത്തി. ശ്രീമതി പൊന്നുപിള്ള അധ്യക്ഷ പ്രസംഗത്തിൽ കേരളാ സീനിയേഴ്സിന്‍റെ ഹ്രസ്വമായ ഒരു ചരിത്രം, അതുപോലെ സമൂഹത്തിന് നൽകിയ നിസ്വാർത്ഥമായ സേവനങ്ങളെ പറ്റിയൊക്കെ പരാമർശിച്ച് സംസാരിച്ചു.

എസി ജോർജ് ഓണ സന്ദേശം നൽകി. നാട്ടിൽ ആണെങ്കിലും മറുനാട്ടിൽ ആണെങ്കിലും മലയാളിയുടെ ഏറ്റവും വലിയ  ആഘോഷങ്ങളുടെ ഒരു  ക്ലൈമാക്സ്  ആണ് ഓണം.  ജാതിമത വർഗ്ഗ ഭേദമന്യേ മലയാള ഒരുമയുടെ, തനിമയുടെ, മലയാളികളെ ഒരേ ചരടിൽ കോർത്തിനക്കുന്ന, ആഘോഷവും, അനുസ്മരണയും ആണ് ഓണം. മലയാളിയുടെ മധുരിക്കുന്ന ഓർമ്മകളെ താലോലിക്കുന്ന, മാവേലി തമ്പുരാൻറെ, കള്ളവും ചതിയും വഞ്ചനയും ഇല്ലാത്ത ഒരു നല്ല കാലത്തെ അനുസ്മരിക്കുന്ന നെഞ്ചോട് ചേർക്കുന്ന, അതുപോലെ സത്യവും നീതിയും എന്നും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യമനസ്സുകളുടെ ഒരു തീവ്രമായ ആഗ്രഹം കൂടി ഈ ആഘോഷങ്ങളിലൂടെ നമ്മൾ പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

നാട്ടിലെയും വിദേശത്തേയും, ഓണാഘോഷങ്ങളെ പറ്റി, ഓണത്തെപ്പറ്റി നിലവിലുള്ള വിവിധ ഐതിഹ്യങ്ങളെ പറ്റിയൊക്കെ പരാമർശിച്ചുകൊണ്ട് ഇവിടത്തെ മലയാളി സമൂഹത്തിലെ പ്രഗൽഭരായ ടോം എബ്രഹാം, എസ് കെ ചെറിയാൻ, തോമസ് ചെറുകര, ഡോക്ടർ മാത്യു വൈരമൺ, വി.എൻ. രാജു,  ജി.കെ.  പിള്ള, അച്ഛൻ കുഞ്ഞ്,  ഗോപിനാഥപ്പണിക്കർ, ജോർജ് കാക്കനാട്ട്, ഫാൻസിമോൾ പള്ളാത്ത് മഠം,  വാവച്ചൻ മത്തായി, അറ്റോർണി ജീവാ,  തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി. ഏവരും തങ്ങളുടെ പ്രസംഗത്തിൽ ശ്രീമതി പൊന്നുപിള്ളയുടെ നിസ്വാർത്ഥ സേവനങ്ങളെപ്പറ്റി പ്രകീർത്തിക്കാൻ മറന്നില്ല.

ഫ്യൂസ്റ്റനിലെ കേരള സീനിയേഴ്സ് പ്രസ്ഥാനത്തിൻറെ മുഖമുദ്രയായ സ്നേഹം സമത്വം സാഹോദര്യം എന്ന ചിന്തയോടെ ഇക്കാലമത്രയും ശ്രീമതി പൊന്നുപിള്ള യോടൊപ്പം പ്രവർത്തിച്ച മറിയാമ്മ ഉമ്മൻ, രാജമ്മ ജോൺസി, ഏലിക്കുട്ടി കുര്യാക്കോസ്, ലീലാമ്മ ജോൺ,  മാർത്ത ചാക്കോ, മേരിക്കുട്ടി എബ്രഹാം, ഏലിയാമ്മ, ജോസഫ്, ഓമന സ്റ്റാൻലി,  ത്രേസിയാമ്മ ജോർജ്, എന്നിവർക്ക് അംഗീകാര സൂചകമായി യോഗം ഓരോ സാരി നൽകി ആദരിച്ചു. അതുപോലെ മലയാളി സീനിയേഴ്സ് പ്രസ്ഥാനത്തിൽ നിന്ന് വിവിധ വർഷങ്ങളിലായി ചരമമടഞ്ഞവരെ  പ്രത്യേകം അനുസ്മരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

ആൻഡ്രൂ  ജേക്കബ് പുതിയതും പഴയതുമായ വിവിധ ഗാനങ്ങൾ പാടി. കലാകാരൻ ബേബി, വിവിധ നാടക ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ട് ഫ്ലൂട്ട് വായിച്ചു.  എം.ജോർജുകുട്ടി വടക്കണഴികത്തു മനോഹരമായ മംഗള കവിത അവതരിപ്പിച്ചു. വഞ്ചിപ്പാട്ടുകൾക്കും, മറ്റു സമൂഹ ഗാനങ്ങൾക്കും ആൻഡ്രൂ ജേക്കപ്പും, ഫാൻസിമോൾ പള്ളാത്ത്മഠവും നേതൃത്വം നൽകി.

ജീവിതത്തിലെ ഏറിയ കാലം പുറം നാടുകളിൽ കഴിഞ്ഞ കേരള സീനിയേഴ്സിന്‍റെ ചെറുപ്പകാല അനുഭവങ്ങൾ ചിലർ വർണ്ണിക്കുകയുണ്ടായി. എന്താഘോഷം ഉണ്ടായാലും അതെല്ലാം മൂല്യാധിഷ്ഠിതമായിരിക്കണം എന്നും മാനവികതയും സേവനവും ആയിരിക്കണം ആഘോഷങ്ങളുടെയും ജീവിതത്തിന്റെയും അടിസ്ഥാന തത്വങ്ങളും മുഖമുദ്ര എന്നും ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവർ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി.

 വിഭവസമൃദ്ധമായ കേരളീയ ഓണസദ്യ ഏവരും ആസ്വദിച്ചു. ഓണസദ്യ കഴിഞ്ഞപ്പോൾ സദ്യ ഉണ്ട ഇലയിൽ ഒന്നും അവശേഷിപ്പിക്കാതെ, ഇല ക്ലീൻ ആക്കി വെച്ച ശ്രീമതി അമ്മിണി സാബുവിന് സ്.കെ.ചെറിയാൻ പാരിതോഷികം നൽകി ആദരിച്ചു. അച്ചൻ കുഞ്ഞിൻറെ നന്ദി പ്രസംഗത്തോടെ  ഓണാഘോഷങ്ങൾക്ക് പരിസമാപ്തിയായി.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.