ട്രംപ് ക്രൈസ്തവ വിശ്വാസിയായ കാരണത്താല്‍ ഭൂരിഭാഗം ക്രിസ്ത്യാനികളും ട്രംപ് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഗര്‍ഭഛിദ്രം പാപമാണെന്നും അതിനെ അനുകൂലിക്കുന്ന നിലപാട് തനിക്ക് ഇല്ലെന്നുമാണ് തന്‍റെ സംവാദങ്ങളില്‍ മുഴങ്ങികേട്ട ശബ്ദം. കമലഹാരിസിന് ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് ഉള്ളത്.
അമേരിക്കയില്‍ നവംബര്‍ മാസം നടക്കുന്ന പ്രസിഡന്‍റ് പദവിയിലേക്ക് ഡൊണാള്‍ഡ് ട്രംപും, കമല ഹാരിസുമാണ് സ്ഥാനാര്‍ത്ഥികള്‍. ഇലക്ഷന് മുമ്പു നടക്കുന്ന സംവാദങ്ങളില്‍ ഗര്‍ഭഛിദ്രം അഥവാ ജനപ്പെരുപ്പത്തെ എങ്ങനെ നിയന്ത്രിക്കുവാന്‍ കഴിയുമെന്നത് ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്, ഇവിടെ. ട്രംപ് ക്രൈസ്തവ വിശ്വാസിയായ കാരണത്താല്‍ ഭൂരിഭാഗം ക്രിസ്ത്യാനികളും ട്രംപ് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഗര്‍ഭഛിദ്രം പാപമാണെന്നും അതിനെ അനുകൂലിക്കുന്ന നിലപാട് തനിക്ക് ഇല്ലെന്നുമാണ് തന്‍റെ സംവാദങ്ങളില്‍ മുഴങ്ങികേട്ട ശബ്ദം. കമലഹാരിസിന് ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് ഉള്ളത്. ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള തീരുമാനം സ്ത്രീകള്‍ക്ക് വിട്ടുകൊടുക്കുക, പ്രത്യുത അത് ട്രംപോ, സര്‍ക്കാരോ അല്ല തീരുമാനിക്കേണ്ടത് എന്നതാണ് കമല ഹാരിസിന്‍റെ അഭിപ്രായം.
മനുഷ്യ ജീവിതത്തില്‍ തെരഞ്ഞെടുപ്പ് ഒരു പ്രധാന ഘടകമാണ്. മഹാപുരോഹിതന്മാരും, മൂപ്പന്മാരും യാതൊരു തെറ്റും ചെയ്യാത്ത യേശുകര്‍ത്താവിന്മേല്‍ കുറ്റം ആരോപിച്ച് പീലാത്തോസിന്‍റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ പീലാത്തോസ് അവരോട് ചോദിക്കുകയാണ് യെഹൂദന്മാരുടെ രാജാവ് എന്ന് നിങ്ങള്‍ പറയുന്നവനെ ഞാന്‍ എന്ത് ചെയ്യേണം ?. അവനെ ക്രൂശിക്ക എന്നതായിരുന്നു അവരുടെ മറുപടി. പീലാത്തോസ് പുരുഷാരത്തിന് തൃപ്തി വരുത്തുവാന്‍ ഇച്ഛിച്ച് ബറബ്ബാസിനെ അവര്‍ക്ക് വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ട് അടിപ്പിച്ചു ക്രൂശിപ്പാന്‍ ഏല്‍പ്പിച്ചു (മര്‍ക്കോസ് 15ന്‍റെ 12 മുതല്‍ 15 വരെയുള്ള വാക്യങ്ങള്‍). പെന്തെക്കോസ്ത് വിശ്വാസികളായ പലരും മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്നതിനായി കര്‍ത്താവിനെ വ്യത്യസ്ത രീതിയില്‍ ക്രൂശിക്കുകയാണ്. ഒരു വിഭാഗം ധനസമ്പാദനത്തിനായി ക്രൂശിക്കുമ്പോള്‍ മറ്റൊരു വിഭാഗം അധികാരത്തിനും സ്ഥാനമാനത്തിനുമായി കര്‍ത്താവിനെ ക്രൂശിക്കുകയാണ്. പെന്തക്കോസ്ത് സഭകളില്‍ ഒരു വിശ്വാസി തെറ്റ് ചെയ്താല്‍ അത് തെറ്റാണെന്ന് പറയുവാനുള്ള ആര്‍ജ്ജവം സഭാശുശ്രൂഷകര്‍ക്ക് ഉണ്ടായിരിക്കണം. ഇന്നുള്ള ഭുരിപക്ഷം പാസ്റ്റര്‍മാരും മൗനം ദീക്ഷിക്കുകയാണ് പതിവ്, നിലനില്‍പ്പിന്‍റെ പ്രശ്നം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മെ വിളിച്ച ദൈവം വിശ്വസ്തനാണ്. അനുദിന ജീവിതത്തില്‍ നമ്മെ ഭരിക്കുന്ന സകല ചിന്താഭാരങ്ങളും ദൈവത്തില്‍സമര്‍പ്പിക്കുക, അപ്പോഴാണ് ദൈവപ്രവര്‍ത്തി വെളിപ്പെടുന്നത്. നിത്യതയായിരിക്കണം നമ്മുടെ തെരഞ്ഞെടുപ്പിന്‍റെ ലക്ഷ്യം. നിത്യത നഷ്ടപ്പെടുത്തുന്ന യാതൊരു വിഷയത്തിലും മനസ്സ് അടിമപ്പെടാതെ സൂക്ഷിക്കുന്നതാണ് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം.
ഇഹലോക ജീവിതത്തില്‍ ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ അവിടെയും നാം ദൈവഹിതമാണ് അന്വേഷിയ്ക്കേണ്ടത്. ദൈവത്തില്‍ വിശ്വാസം ഉള്ളവരെയാണ് നാം ഭരണകര്‍ത്താക്കളായി തെരഞ്ഞെടുക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ ഭ്രൂണഹത്യയും ഒരു ചര്‍ച്ചാവിഷയമായ ഈ കാലഘട്ടത്തില്‍ തിരുവചനം എന്താണ് അനുശാസിക്കുന്നത്?. ദൈവം നോഹയേയും അവന്‍റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളി ചെയ്തതെന്തന്നാല്‍, നിങ്ങള്‍ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറവിന്‍ (ഉല്‍പത്തി 9 ന്‍റെ 1). ആദമിന്‍റെ ആയുഷ്ക്കാലം ആകെ 930 സംവത്സരമായിരുന്നു, പിന്നെ അവന്‍ മരിച്ചു (ഉല്‍പ്പത്തി 5ന്‍റെ 5).90-ാ0 സങ്കീര്‍ത്തനത്തില്‍ മോശ മനുഷ്യായുസ്സിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്, മനുഷ്യന്‍റെ ആയുഷ്കാലം എഴുപത് സംവത്സരം, ഏറെ ആയാല്‍ എണ്‍പത് സംവത്സരം, അതിന്‍റെ പ്രതാപം പ്രയാസവും ദുഃഖവുമത്രെ.ഏദന്‍ തോട്ടത്തില്‍ ദൈവം സൃഷ്ടിച്ച് ആക്കിയ ആദവും ഹവ്വായും ദൈവത്തിന്‍റെ കല്പന ലംഘിച്ചതിന്‍റെ ഫലമായി പാപികളായി തീര്‍ന്നു. അതോടൊപ്പം ഭൂമി ശപിക്കപ്പെടുകയും മനുഷ്യന്‍റെ കഷ്ടതയുടെ തുടക്കം കുറിക്കുകയും ചെയ്തു. മനുഷ്വന്‍ ഏകനായ് ഇരിക്കുന്നത് നന്നല്ല, എന്നതുകൊണ്ടാണ് ദൈവം മനുഷ്യന് തുണയെ കൊടുത്തത്. ദൈവം തരുന്ന ദാനമാണ് മക്കള്‍. മക്കള്‍ എത്രയാകാമെന്ന തീരുമാനം ഭാരൃാ ഭര്‍ത്താക്കന്മാരില്‍ നിഷിപ്തമാണ്. പെന്തെക്കോസ്ത് സഭകളില്‍ സഭാശുശ്രൂഷക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ കമ്മറ്റിയിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്, ഇനി വരാന്‍ പോകുന്ന പാസ്റ്ററിന് എത്ര മക്കള്‍ ഉണ്ടെന്നുള്ള ചോദ്യം. ഭ്രൂണഹത്യ പാപമാണെന്നുള്ള ചിന്തയോടു കൂടി ഈ ലേഖനത്തിന് സമാപ്തി കുറിക്കുന്നു.
രാജു തരകന്‍