PRAVASI

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ കാനാ ദുഃഖം രേഖപ്പെടുത്തി

Blog Image

ചിക്കാഗോ: സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ലാളിത്യത്തിന്‍റെയും പ്രതീകമായി  മാനവരാശിക്ക് ആകെ പ്രത്യാശയേകി, ആഗോള കത്തോലിക്കാ സഭയെ നവീകരിച്ച് നയിച്ച പോപ്പ് ഫ്രാന്‍സിസിന്‍റെ ദേഹവിയോഗത്തില്‍ ക്നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക തീവ്രദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. തികച്ചും എളിമയാര്‍ന്ന ജീവിതശൈലിയിലൂടെ പുരോഹിത വര്‍ഗ്ഗത്തിനും ഭരണകൂടങ്ങള്‍ക്കും മാതൃക കാട്ടിയ പോപ്പ് ഫ്രാന്‍സിസ് വിവിധ ദേശങ്ങളിലും സമൂഹങ്ങളിലും നിലനില്‍ക്കുന്ന അനീതിക്കും അസമത്വങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ദാരിദ്ര്യത്തിനും എതിരായി ശക്തവും വ്യക്തവുമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.
ദേശങ്ങളേയും ജനതയേയും വേര്‍തിരിക്കുന്ന മതിലുകള്‍ക്ക് പകരം അവയെ ഒന്നിപ്പിക്കുവാന്‍ ഉപകരിക്കുന്ന പാലങ്ങള്‍ പണിയണം എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ബഹുഭൂരിപക്ഷം വരുന്ന ലോകജനത നെഞ്ചിലേറ്റി. വിവിധ ദേശങ്ങളിലും സമൂഹങ്ങളിലും കത്തോലിക്കാ സഭയുടെ യശസ്സും ആദരവും വര്‍ദ്ധിപ്പിക്കുവാന്‍ പാപ്പായുടെ ആഹ്വാനം ഉപകരിച്ചു. ലോകസമാധാനവും വിശ്വപൗരബോദ്ധ്യവും സഹജീവികളോട് കരുതലും ലക്ഷ്യമാക്കി മാര്‍പാപ്പ നല്കിയ ആഹ്വാനം ഒരുവിഭാഗം ഇടുങ്ങിയ മനസ്സുകള്‍ക്കും സ്വാര്‍ത്ഥഭരണകൂടങ്ങള്‍ക്കും സ്വീകാര്യമായില്ല. അവികസിത ദേശങ്ങളില്‍ നിന്ന് സമ്പത്തും സമൃദ്ധിയും കൈവരിച്ച ദേശങ്ങളിലേക്ക് വ്യാപകമായ കുടിയേറ്റത്തിന് പോപ്പിന്‍റെ ആഹ്വാനം ഹേതുവാകുമെന്ന് അക്കൂട്ടര്‍ തെറ്റിദ്ധരിപ്പിച്ചു.
സഭാനവീകരണം ലക്ഷ്യമാക്കി നിരവധി പരിഷ്കരണങ്ങള്‍ പോപ്പ് ഫ്രാന്‍സിസ് ഏര്‍പ്പെടുത്തി. പുരോഹിതരും വിശ്വാസികളും തമ്മില്‍ പരസ്പര വിശ്വാസത്തിലും ഐക്യത്തിലും വര്‍ത്തിക്കുവാന്‍ ഉതകുന്ന നിരവധി പരിഷ്കാരങ്ങള്‍ പോപ്പ് ഫ്രാന്‍സിസ് നടപ്പാക്കി. ആഗോള സിനഡ് ഉള്‍പ്പെടെ സഭയുടെ സുപ്രധാന സംവിധാനങ്ങളില്‍ വോട്ടവകാശത്തോടു കൂടിയ പങ്കാളിത്തം അത്മായര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ലഭ്യമാക്കി. ആരാധനയ്ക്ക് ഉള്‍പ്പെടെ സഭയില്‍ നിരവധി അവസരങ്ങള്‍ സ്ത്രീകള്‍ക്ക് അദ്ദേഹം അനുവദിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, പോപ്പ് ഫ്രാന്‍സിസ് വിഭാവനം ചെയ്ത സഭാനവീകരണം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാനോ നടപ്പിലാക്കുവാനോ സീറോമലബാര്‍ സഭ ഉള്‍പ്പെടെയുള്ള വിവിധ സഭകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
നിരീശ്വരവാദികള്‍ക്കു പോലും മോക്ഷപ്രാപ്തി സാദ്ധ്യമാണെന്ന പോപ്പ് ഫ്രാന്‍സിസിന്‍റെ പ്രഖ്യാപനം ഞെട്ടലോടു കൂടിയാണ് ബഹുഭൂരിപക്ഷം പുരോഹിതരും വിശ്വാസികളും ശ്രവിച്ചത്. കപടഭക്തര്‍ക്കും വിശ്വാസചൂഷകര്‍ക്കും ഉപരി സഹജീവികളെ തുല്യരായി കരുതുകയും സ്നേഹിക്കുകയും കാരുണ്യപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവര്‍ അവിശ്വാസികളാണെങ്കില്‍ക്കൂടി ദൈവതിരുമുമ്പാകെ സ്വീകാര്യനാകുമെന്നാണ് പാപ്പാ അര്‍ത്ഥമാക്കിയത്.
പൗലോസ് ശ്ലീഹാ ഗലാത്തിയാക്കാര്‍ക്ക് നല്കിയ ലേഖനത്തില്‍, യേശുക്രിസ്തുവിനെ ദൈവപുത്രനായി സ്വീകരിച്ചിട്ടുള്ളവര്‍ക്കിടയില്‍ ദേശത്തിന്‍റെയോ, വര്‍ഗ്ഗത്തിന്‍റെയോ, വര്‍ണ്ണത്തിന്‍റെയോ, ഭാഷയുടെയോ, സമ്പത്തിന്‍റെയോ അടിസ്ഥാനത്തില്‍ അന്തരമില്ലായെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പൗലോസ് ശ്ലീഹായുടെ സന്ദേശം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് ലോകജനതയില്‍ സമാധാനവും ഐക്യവും തുല്യതയില്‍ അധിഷ്ഠിതമായൊരു സാമൂഹിക നീതിയും ഉറപ്പാക്കുവാന്‍ ജീവിതം സമര്‍പ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും സാക്ഷാത്കരിക്കപ്പെടുവാനുള്ള ഉദ്യമത്തില്‍ അണിചേരുവാന്‍ സഭാവിശ്വാസികളോട് കാനാ ആഹ്വാനം ചെയ്തു.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.