സ്ഥലംമാറി പോകുന്ന എഡിഎമ്മിനെ യാത്രയയയ്ക്കാൻ ഉദ്യോഗസ്ഥർ ഒത്തുകൂടിയപ്പോൾ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ വിലക്കിയില്ല എന്നതാണ് കളക്ടർക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.
2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അരുണ്‍ കെ.വിജയന്‍. തൃശൂര്‍ സ്വദേശി. ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എൻജിനീയറിംഗ് ബിരുദം, ജെഎന്‍യുവില്‍ നിന്ന് എംപിഎ. അതിനു ശേഷമാണ് ഓള്‍ ഇന്ത്യ സര്‍വ്വീസില്‍ എത്തുന്നത്. മലപ്പുറം അസിസ്റ്റന്റ് കളക്ടർ, കോവിഡ് കാലത്ത് ശബരിമല എഡിഎം, തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി മിഷൻ സിഇഒ തുടങ്ങിയ ചുമതലകൾ വഹിച്ച ശേഷം ആദ്യമായാണ് സ്വതന്ത്ര ചുമതലയിൽ കണ്ണൂരിൽ എത്തുന്നത്. 2023 ഒക്ടോബറിലാണ് ഇവിടെ ചുമതലയേറ്റത്. ഈ പരിചക്കുറവ് തന്നെയാണ് അരുണ്‍ കെ.വിജയനെ ഒരു സഹപ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതിക്കൂട്ടിൽ എത്തിച്ചത്.
സ്ഥലംമാറി പോകുന്ന എഡിഎമ്മിനെ യാത്രയയയ്ക്കാൻ ഉദ്യോഗസ്ഥർ ഒത്തുകൂടിയപ്പോൾ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ വിലക്കിയില്ല എന്നതാണ് കളക്ടർക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. ഇപ്പോഴീ ദാരുണസംഭവം ഉണ്ടായിരുന്നില്ലെങ്കിൽ, ഒരു വനിതാ ജനപ്രതിനിധിയോട് മോശമായി പെരുമാറിയ ധാർഷ്ട്യക്കാരൻ എന്ന മട്ടിൽ മാധ്യമ വിചാരണ നേരിട്ടേനെ യുവ കളക്ടർ എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് അദ്ദേഹത്തിൻ്റെ അടുപ്പക്കാർ. പ്രത്യേകിച്ച് മാധ്യമങ്ങളുടെ സാന്നിധ്യം ദിവ്യ അവിടെ ഉറപ്പാക്കിയിരുന്നു എന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വരവിനെക്കുറിച്ച് മുൻകൂർ അറിഞ്ഞാലും തടയാൻ കൂടുതലൊന്നും ചെയ്യാൻ കളക്ടർക്കാവില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കണ്ണൂർ പോലൊരു ജില്ലയിലെ സിപിഎം ജനപ്രതിനിധിയുടെ കാര്യത്തിൽ.
പ്രതിപക്ഷം മാത്രമല്ല നവീൻ ബാബുവിൻ്റെ ജില്ലയായ പത്തനംതിട്ടയിലെ സിപിഎം നേതൃത്വം അടക്കം കടുത്ത ഭാഷയിലാണ് അരുണ്‍ കെ.വിജയനെതിരെ പ്രതികരിക്കുന്നത്. നവീന്‍ വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് ചടങ്ങ് നടത്തി. ദിവ്യയുടെ സൗകര്യത്തിനായി ചടങ്ങിന്റെ സമയം മാറ്റി. നവീനെ അപമാനിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കി, ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍. അതേസമയം സിപിഎമ്മിന്റെ ഏറാന്‍മൂളിയായി പ്രവര്‍ത്തിക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. ഇതോടെ ഓഫീസില്‍ പോലും എത്താനാകാത്ത സ്ഥിതിയാലാണ് കളക്ടര്‍. ഇന്ന് കളക്ടര്‍ എത്തിയാല്‍ തടയാനുള്ള തീരുമാനത്തിലായിരുന്നു ജീവനക്കാര്‍.
മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിലെത്തിയ അരുണ്‍ കെ.വിജയന്‍ നവീന്റെ വീട്ടിലെത്താതെയാണ് മടങ്ങിയത്. പ്രതിഷേധം ഉണ്ടാകുമെന്ന് ഭയന്ന് പത്തനംതിട്ട കളക്ടറുടെ ക്യാംപ് ഓഫീസില്‍ ഒരു ദിവസം തങ്ങിയ ശേഷം നവീന്റെ ഭാര്യയെയും മക്കളേയും നേരില്‍ കാണാനും ധൈര്യമില്ലാതെയാണ് അരുൺ കെ.വിജയൻ മടങ്ങിയത്. ഇതിനു പിന്നാലെയാണ് അനുശോചനം അറിയിച്ച് കത്ത് കൊടുത്തയച്ചിരിക്കുന്നത്. കടുത്ത നിരാശയിലാണ് അരുൺ എന്നാണ് അടുപ്പക്കാർ പങ്കുവയ്ക്കുന്ന വിവരം. ദിവ്യ സംസാരിക്കുമ്പോഴും വിഷയത്തിൻ്റെ ഗൌരവം വേണ്ടവിധം അദ്ദേഹത്തിന് മനസിലായിരുന്നില്ല. പരിചയക്കുറവ് അല്ലാതെ മറ്റൊരു കുറവോ രാഷ്ട്രീയ പക്ഷപാതിത്വമോ ആരോപിക്കാൻ കഴിയില്ലെന്ന് അടുപ്പക്കാരും പഴയ സഹപ്രവർത്തകരും ഉറപ്പിച്ച് തന്നെ പറയുന്നു.