ഈ കറിയിൽ മുഴുവൻ കരിയാപ്പിലയാണല്ലോ. അയ്യാൾ ദേഷ്യത്തോടെ വായ്യിൽകൈയിട്ട് എന്നെ വലിച്ചു പുറത്തിട്ടു. എന്തുചെയ്യാം എന്റെ ഒരാവസ്ഥയേ... . അവസാന ഈമ്പലും കഴിഞ്ഞു വലിച്ചെറിയപ്പെടും. എന്നാൽ ഞാനില്ലാത്ത ഒരുഭക്ഷണവും ഈ ഭൂമിയിൽ കാണില്ലഎന്നാണെന്റെ തോന്നൽ. കറിവേപ്പിലപോലെ എന്നൊരു പറച്ചിലും ഉണ്ടെന്നുള്ളത് സത്യമാണ്..
എനിക്കെന്നാകുറവുണ്ടായിട്ടാ എന്നെ ഇങ്ങനെ വലിച്ചെറിയുന്നത് ആലോചിച്ചിട്ടൊരു പിടുത്തവുംകിട്ടുന്നില്ല. പെട്ടന്നഴുകത്തില്ല എന്നതൊരുകുറവാണോ. കറിക്കൊക്കെ കടുകുവറക്കുമ്പോൾ എന്നെ അവർ തിളച്ച എണ്ണക്കകത്തോട്ടിടും അപ്പോൾ ഞാൻ അനുഭവിക്കുന്ന ആ വേതനയുണ്ടല്ലോ അത് ഭയാനകമാണ് അങ്ങനെ താൻ വേദനയടുക്കുന്നതുകൊണ്ടാണല്ലോ കറികൾക്ക് നല്ല മണവും രുചിയുമുണ്ടാകുന്നത്. എന്റെ സത്തെല്ലാം ആ എണ്ണയിലേക്കും അതിലൂടെ കറിയിലേക്കും പോകും പിന്നെ എന്നെ കൊണ്ടൊന്നിനും കൊള്ളില്ല. അഴുകാതെകിടക്കുന്നഞാൻ പിന്നെ ഒരധികപ്പറ്റായിത്തീരും .
എന്റെകൂടെതന്നെ ഉണ്ടായിരുന്ന കടുകിനും, ഉള്ളിക്കും, വേളുത്തുള്ളിക്കും, ഉലുവയ്ക്കും, ജീരകത്തിനുമെല്ലാം ഉള്ളിൽ പ്രവേശിക്കാൻ അനുവാദമുണ്ട്. എന്നെമാത്രം അവസാനം വെറുംകൈയോടെ എടുത്തു പുറത്തേക്കിടും.
നിരാശയും വേദനയും നാണക്കേടും സഹിച്ച് അവരുടെ ആര്ഭാടമായവിരുന്ന് കഴിയുന്നവരെ ഞാനവിടെപിടിച്ചുനിന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല . എനിക്കവരോടൊക്കെ വെറുപ്പായിരുന്നു. എന്റെ വീടായ മരത്തിൽ തളിർത്തു കൊഴുത്തു നിന്നിരുന്ന എന്നെ അവർ പറിച്ചെടുത്തപ്പോൾ വേദനിച്ചെങ്കിലും ഒരുനല്ല ഭാവിയുണ്ടാകും എന്ന് കരുതി. മറ്റുകൂട്ടുകാരെ കണ്ടപ്പോൾ കരുതി ഞാൻ ഒറ്റക്കല്ലല്ലോ എന്ന്. പക്ഷെ അവർക്കെന്റെ സത്തുമാത്രം മതിയായിരുന്നു. എന്റെബലമായ തണ്ടിൽനിന്നും ഊർത്തിയെടുത്ത് എന്നെയവർ തിളച്ചഎണ്ണക്കകത്തിട്ട് പൊളിച്ചവശയാക്കി. എന്നിട്ടും ഞാൻതകരുന്നില്ല, പൊടിയുന്നില്ല, ചെറുതാകുന്നില്ല, എന്ന് കണ്ടപ്പോൾ, ഇനിയങ്ങോട്ട് എന്നെകൊണ്ട് ആവശ്യാമില്ല എന്ന്മനസ്സിലാക്കി അവർഎന്നെ വലിച്ചെറിയുകയായിരുന്നു.
എന്റെ ഗുണങ്ങൾ പറഞ്ഞാൽ വേറെയുമുണ്ട്. ഒരുമാതിരിപ്പെട്ട കഷായങ്ങൾക്കൊക്കെ . ഞാൻ കൂട്ടാകുന്നുണ്ട് . ചൊറി ചരങ്ങു മുതലായവക്കൊക്കെ എന്നെ അരച്ച് പുരട്ടാറുണ്ട്. മേന്മകൾ പലതുണ്ടെന്നു പറഞ്ഞിട്ടെന്തുകാര്ര്യം കരിയാപ്പില വെറും കാരിയാപ്പിലയല്ലേ.
അങ്ങനെ അന്നത്തെ ഊണുമേശയിലെ എച്ചിൽ കളഞ്ഞകൂട്ടത്തിൽ പാത്രത്തിൽ നിന്ന് എങ്ങനെയോ പറന്ന് ഇളംതിണ്ണക്കരുകിലെ മുറ്റത്തു ഞാൻ ചാടി. ആരാലും ഗൗനിക്കപ്പെടാതെ ഒരനാഥനെപ്പോലെ കിടക്കുമ്പോളാണ് തിണ്ണയിലെ ഒരു കാൽപെരുമാറ്റം ഞൻ കേട്ടത്. ഇനിയുമെന്നെ ആരോ ഉപദ്രവിക്കാൻ വരുകയാണ് എന്നുകരുതി ഞാൻഒന്ന് പമ്മി. പക്ഷെ അത് ഉച്ചയൂണുകഴിഞ്ഞിട്ടുള്ള സ്ഥിരം ഇളംതിണ്ണസമ്മേളനക്കരായിരുന്നു. മട്ടുംഭാവവും കണ്ടാലറിയാം മറ്റാരുംകാണാതെ സങ്കടങ്ങൾപങ്കുവയ്ക്കാൻ വന്നവരാണെന്ന്.
അതിലൊന്ന് ആ വീട്ടിൽ കെട്ടിവന്ന മരുമകളും മറ്റേത് അടുത്തവീട്ടിലെ മരുമകളുമാണ് . ഏതായാലും ചുമ്മാ കിടക്കുവല്ലേ ഒന്ന് ചെവികൂർപ്പിച്ചേക്കാം നാട്ടുവിശേഷങ്ങർ ഒക്കെ ഒന്നറിയാമല്ലോ .
ആരും കേൾക്കാതിരിക്കാൻ അല്പം അടക്കിപിടിച്ചാണ് അവർ സംസാരിക്കുന്നത്. അവരുടെ അവസ്ഥകൾ അങ്ങോട്ടും ഇങ്ങോട്ടും പറയുകയാണ്. ആതരത്തിലുള്ളസംസാരം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. രണ്ടുപേർക്കും ഒത്തിരിപരിഭവങ്ങൾ പങ്കുവയ്ക്കാനുണ്ട്. എന്നാൽ അല്ലാത്തപ്പോഴുള്ള അവരുടെ നടപ്പുംപത്രാസ്സും കണ്ടാൽ അതൊന്നും തോന്നത്തില്ലകേട്ടോ. തന്നെ എണ്ണയ്ക്കകത്തിട്ടുപൊരിക്കുന്നതിനാൽ തനിക്കവരോട് വലിയ കലിപ്പായിരുന്നു. എന്നാൽ എനിക്ക് അവരോടുള്ള ആ വെറുപ്പെല്ലാം ഒറ്റനിമിഷംകൊണ്ടില്ലതായി. ഞങ്ങളെല്ലാം ഒരേഅനുഭാവക്കാരാണെന്ന് ഒരിക്കലും കരുതിയില്ലകേട്ടോ.
അതിലൊരുത്തിപ്പറയുകയാ "എന്റെ അപ്പൻ എന്നെ പൊന്നുപോലെ ഒരല്ലലുമില്ലാതെയാ വളർത്തിവലുതാക്കിയത്. ഒരീർക്കിലികൊണ്ടുപോലും എന്നെ നോവിച്ചിട്ടില്ല. ആവശ്യത്തിൽകൂടുതൽ വിദ്യാഭ്യാസവും തന്നു. ഞാൻ പഠിക്കാൻ മിടുക്കിയായിരുന്നു. ഒരുജോലിക്കുപോകണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. കല്യാണംവന്നു, നല്ലകുടുംബം സുമുഖനായ പയ്യൻ. പഠിത്തവും ജോജിയും കല്യാണം കഴിഞ്ഞും ആകാമല്ലോ. മുതിർന്നവരുടെ അഭിപ്രായം ഞാൻ മാനിച്ചു. അപ്പന്റെവീതമായി ഇട്ടുമൂടാൻപണവും സ്വർണ്ണഉരുപ്പകുടികളുമായിട്ടാണ് എന്നെ ഈ വീട്ടിലേക്കു കെട്ടിച്ചയച്ചത്. ആദ്യമൊക്കെ എന്നെയവർ പൊന്നുപോലെയാണ് കൊണ്ടുനടന്നിരുന്നത്. ഗർഭിണിയായപ്പോൾ എന്നെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചു. എന്റെവീട്ടിലായിരുന്നപ്പോൾ എന്നുംതന്നെ ആരെങ്കിലും എന്നെക്കാണാനും കുശലം അന്ന്വേഷിക്കാനും വന്നിരുന്നു. പ്രസവം കഴിഞ്ഞു വീട്ടിൽ നിന്നും പോന്നപ്പോൾ ആചാരപ്രകാരം പാത്രങ്ങൾക്കുപാത്രം, പലഹാരത്തിനു പലഹാരം ഫർണിച്ചറുകൾ എന്നുവേണ്ട എല്ലാം അവരുദ്ദേശിച്ചതുപോലെ വിലകൂടിയവതന്നെ എനിക്ക് തന്നുവിട്ടു. കുട്ടിക്ക് ശുദ്ധമായ പാലികുടിക്കുവാൻ പശുവിനെവരെ കിട്ടി . പശുവിനെനോക്കാനും ചാണകംവാരാനും ഇവിടെയാർക്കും നേരമില്ലാത്തതിനാൽ അതിനെ അപ്പോൾത്തന്നെ വിറ്റു കാശാക്കി. പകരം പാക്കറ്റ്‌പാൽ മേടിക്കാൻ തുടങ്ങി. ആദ്യമൊക്കെ എന്തൊരാർഭാടമായിരുന്നു. വീട്ടിലുള്ളവർക്കൊക്കെ എന്നെ വലിയ കാര്ര്യം . അമ്മായിയപ്പനും അമ്മായിയമ്മയും കെട്ടിയോന്റെ പെങ്ങന്മാരും ഒരുമിച്ചായിരുന്നു എവിടെയുംഉള്ള പോക്കുംവരവും , ആയിടയ്ക്ക് ഞങ്ങൾ പോകാത്ത സ്ഥലങ്ങളില്ല. എനിക്കതൊക്കെ വളരെ സന്തോഷമുള്ളതായിരുന്നു. പക്ഷെ അതെല്ലാം എന്റെ ബാങ്കിലെ പൈസ കൊണ്ടായിരുന്നെന്നു പിന്നീടാണ് മനസ്സിലാകുന്നത് .
അങ്ങനെഇരിക്കുമ്പോൾ ആദ്യത്തെ പെങ്ങളുടെ കല്യാണം വന്നു ഒരു വലിയ വീട്ടിലേക്കാണ് അവളെ കെട്ടിക്കുന്നത്. നമുക്കാഗ്രഹിക്കാൻ പോലും കഴിയാത്ത അത്ര നല്ലകല്യാണമാണ് എല്ലാവരും പറഞ്ഞു. ചെറുക്കന്റെ വീട്ടുകാർ നല്ല പൈസയുള്ളവരും പ്രതാപമുള്ളവരുമാണ് . അവരുടെ സ്‌റ്റാറ്റസ്സിനനുസ്സരിച്ചു സ്രീധനം കൊടുക്കണം അപ്പോൾ അവളുടെ കാര്ര്യം സുരക്ഷിതമാകും. മറ്റുമാർഗങ്ങളൊന്നുമില്ല എന്ന് ഭർത്താവ് സ്നേഹത്തോടെ പറഞ്ഞപ്പോൾ എന്റെ അപ്പൻ എന്റെപേരിൽ തന്ന മുഴുവൻ പൈസയും ഞാൻകൊടുത്തു. അങ്ങനെ ആ കല്ല്യാണം വളരെ ആർഭാടമായിതന്നെനടന്നു ഇന്നവർ നല്ല നിലയിലാണ്. അധികംതാമസിയാതെതന്നെ മറ്റൊരുകാല്ല്യണം അടുത്ത പെങ്ങൾക്കുംവന്നു . പൈസയും സ്വർണ്ണവും പിന്നെയും ഉണ്ടാക്കാമല്ലോ. നല്ല ചെറുക്കനെ എപ്പോഴും കിട്ടില്ലല്ലോ. അത് ശരിയാണെന്ന് എനിക്കും തോന്നി. സ്വർണ്ണം പൂശിയ മുക്കുപണ്ടം എന്റെ കഴുത്തിലിട്ടു ഞാൻ എന്റെ മുഴുവൻ സ്വർണ്ണവും എടുത്തുകൊടുത്തു. അങ്ങനെ ആര്ഭാടങ്ങൾക്കുകുറവില്ലാതെ ആ കല്യാണവുംകഴിഞ്ഞു. അങ്ങനെ ഞാൻ പാപ്പരായി. കയ്യിൽ കാശില്ലാത്തഞാൻ അന്നുമുതൽ ഒരു കറിവേപ്പിലയാണ് ഞാൻ.
കണ്ണുനീരുതുടച്ചുകൊണ്ടവർ പറയുന്നത് കേട്ടപ്പോൾ സങ്കടം വന്നു. അങ്ങനെ എന്റെപേരും അവരുടെ പേരും ഒന്നായി. അവരുടെ അവസ്ഥയും എന്റെ അവസ്ഥയും ഒരുപോലെയായി, ചുമ്മാതെയല്ല വിവരമുള്ളമനുഷ്യൻ താൻ ഒരു കറിവേപ്പില പോലെയായി എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ശരിക്കും ജന്മംകൊണ്ട് കറിവേപ്പിലയായ ഞാൻചിന്തിച്ചു. ഞാൻ എത്ര ഭേദമാണ് . കറിവേപ്പിലയാണെങ്കിലും എനിക്ക് ഇപ്പോൾ സ്വാതന്ദ്രിയമുണ്ട് കാറ്റിനൊത്ത് എനിക്ക് പറന്നു നടക്കാം. അവർക്കാണെങ്കിലോ സാർവ്വഭാരങ്ങളും ആട്ടുംതുപ്പും കൊണ്ട് ജീവിതകാലം മുഴുവൻ ആ വീട്ടിൽ ഒരു കറിവേപ്പിലയായിതന്നെ കഴിയണം.
കറിവേപ്പിലയായ എനിക്കവരോട് ഒരുപദേശമേയുള്ളു. വിഷമിച്ചും വേദനിച്ചും കറിവേപ്പിലയായി മുന്തിയവരുടെ തീന്മേശയിൽ ചുറ്റിപറ്റി അവസാനം നിരാശപെട്ടു ജീവിതം നശിപ്പിക്കാതെ . എന്നെപോലെ അവർ ഉപേക്ഷിക്കുന്ന കുപ്പത്തൊട്ടിയിൽ നിന്ന് ഉള്ള ശക്തിയുമായി ഉയർത്തെഴുന്നേറ്റ് ഈ ലോകത്തു നമ്മളാലാവുംപോലെ പറന്നു നടക്കുക. അതിനുള്ള ശക്തിസ്രോദസ്സുകൾ കണ്ടുപിടിക്കുവാൻ ശ്രമിക്കുക. നിങ്ങൾക്കതിനുള്ള കഴിവുണ്ട് ശക്തിയുണ്ട് സമൂഹം നിങ്ങളുടെ കൂടെയുണ്ട് . "അന്ന്വേഷിക്കുവിൻ കണ്ടെത്തും മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും" എന്ന് മഹത്ഗ്രന്ഥത്തിൽ പറയുന്നതാകട്ടെ നിങ്ങളുടെ ബലം .
മാത്യു ചെറുശ്ശേരി