PRAVASI

കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌ വിൽ ലോക ഭൗമദിനം ആഘോഷിച്ചു

Blog Image


നാഷ്‌വിൽ: കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ)  ന്റെ യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ദൃശ്യ മാധ്യമ സ്ഥാപനമായ 24 ന്യൂസ്  Sea 2  Sky പ്രോഗ്രാമുമായി കൈകോർത്തു കൊണ്ട്  ബെൽവ്യൂ ബെൽ ഗാർഡനിൽ വച്ച്  വിപുലമായി ലോക ഭൗമദിനം (Earth Day) ആഘോഷിച്ചു. കുട്ടികളും മുതിർന്നവരും അടക്കം മുപ്പതോളം പേർ ഇതിന്റെ ഭാഗമായി അണി നിരന്നു. പ്രകൃതിയെ സ്നേഹിക്കുകയും, പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാവാനും പ്രചോദനം നൽകുന്ന നിരവധി പ്രവൃത്തികളാണ് ഈ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. നിലം പരുവപ്പെടുത്തുന്നതിനും, കമ്പോസ്റ്റ്  പാകപ്പെടുത്തുന്നതിനും, വിശാലമായ ഗാർഡൻ  ബെഡ് ഒരുക്കുന്നതിനും, പുതിയ ചെടികൾ വച്ച് പിടിപ്പിക്കുന്നതിനും ഒക്കെ വോളന്റീയർമാർ പരിശ്രമിച്ചു.

അതോടൊപ്പം തന്നെ ഈ കാലഘട്ടത്തിൽ ഭൗമദിനത്തിന്റെ  പ്രസക്തി, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവയൊക്കെ  കുട്ടികൾക്ക് മനസ്സിലാക്കി  കൊടുക്കുവാനുള്ള  ഒരു അവസരം എന്ന നിലയിൽ കൂടി ഇത് വളരെയേറെ പ്രയോജനപ്രദമായിരുന്നു. പ്രകൃതിയുമായി ഒരു ആത്മബന്ധം പുതുക്കാനുള്ള സുവർണാവസരമായാണ് പങ്കെടുത്ത എല്ലാപേരും ഇതിനെ കണ്ടത്. ഈ ഭൂമിയെ ഭാവി തലമുറകൾക്ക് വേണ്ടി നിലനിർത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നതും അതോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓരോ വ്യക്തിയും ചെറിയ ശ്രമങ്ങൾ കൊണ്ടും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ  സാധിക്കും എന്നതുമൊക്കെ ചർച്ച ചെയ്യാനും ഇത് ഒരു അവസരമായി തീർന്നു. അതോടൊപ്പം ദേശീയ തലത്തിൽ വിശേഷപ്പെട്ട ബഹുമതിയായ Presidential Volunteer Service Award ലഭിക്കുന്നതിനുള്ള സേവനസമയം  ഇതിൽ പങ്കെടുത്ത എല്ലാപേർക്കും കാൻ നൽകും. ഇതല്ലാം തന്നെ തുടർ വർഷങ്ങളിൽ കൂടുതൽ ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള ആവേശം നൽകുകയും ചെയ്തു.

ഏപ്രിൽ 22-ന്‌ ആണ് ലോക ഭൗമദിനം ആഗോളതലത്തിൽ  ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറക്ക് പകർന്നുകൊടുക്കുന്നതിൽ ലോകഭൗമദിനം നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.

കേരള  അസോസിയേഷൻ ഓഫ് നാഷ്‌വിൽ യൂത്ത് ഫോറം ചെയർ ഷാഹിന കോഴിശ്ശേരി, അസോസിയേഷൻ പ്രസിഡന്റ് ഷിബു പിള്ള,  വൈസ് പ്രസിഡന്റ് ശങ്കർ മന എന്നിവർ ഇതിനു നേതൃത്വം നൽകി. 24 ന്യൂസ് പങ്കെടുത്ത വോളന്റീയർമാർക്ക്  സർട്ടിഫിക്കറ്റുകൾ നൽകുകയും Sea 2  Sky കോർഡിനേറ്റർകാർ ഈ പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.