PRAVASI

"ലേഡീസ് ആന്റ് ജെന്റില്‍മെന്‍" (ഭാഗം രണ്ട്)

Blog Image

സംഘടനകളുടെ സംഘടനയായ നമ്മുടെ സംഘടന, ഇന്ന് വളർന്നു പന്തലിച്ച് അമേരിക്കയും കടന്ന് കാനഡയിലും എത്തിയിരിക്കുന്നു. നമ്മൾ നാട്ടിൽ നിന്നും വന്ന എല്ലാ മന്ത്രിമാർ, രാഷ്ട്രീയക്കാര്‍, സാമ്പത്തിക നിലയിൽ ഉന്നതിയിൽ നിൽക്കുന്നവർ, അവരെയെല്ലാം സ്വീകരിച്ച് അവരുമായുള്ള  ഫോട്ടോ നമ്മൾ പ്രസിദ്ധീകരിച്ചില്ലേ? നെഹ്റു ജി സ്റ്റൈലിൽ സ്യൂട്ട് ഒപ്പിച്ച് ഡൽഹിയിലും തിരുവനന്തപുരത്തും പോയി നമ്മൾ ഫോട്ടോ എടുത്ത് എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചില്ലേ? നമ്മൾ കൺവെൻഷൻ നടത്താത്ത നല്ലൊരു ഹോട്ടൽ ഇന്ന് കേരളത്തിലുണ്ടോ? കൊച്ചി എയർപോർട്ടിൽ ഇറങ്ങുമ്പോൾ അമേരിക്കൻ മലയാളികൾക്ക് മാത്രം ഉപയോഗിക്കുവാനുള്ള യൂറോപ്യൻ ക്ലോസറ്റിന്റെ ടിക്കറ്റ് നിരക്കിൽ നാം ഡിസ്കൗണ്ട് വാങ്ങിച്ചു കൊടുത്തില്ലേ?  വളരുംതോറും പിളരുമെന്ന്  മാണിസാറ്  പറഞ്ഞത്, നമ്മുടെ കാര്യത്തിൽ പ്രാവർത്തികമല്ല. കാരണം നമ്മൾ വളരുന്നില്ല. അതിനാൽ നമ്മൾ "പാര"ലൽ ആയി സംഘടനകൾ തുടങ്ങിയ പറ്റൂ.  

 അപ്പോഴാണ് ഒരു ലോക്കൽസിന്റെ ചോദ്യം, നമ്മുടെ സംഘടനയിൽ എത്ര അംഗ സംഘടനകള്‍  ഉണ്ടെന്ന്?

അമേരിക്കയിൽ 50 സ്റ്റേറ്റ് ഉള്ളൂ എങ്കിലും, നമുക്ക് 176 അംഗ സംഘടനകള്‍ ഉണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ലിസ്റ്റ് കാണണം പോലും. 

ടിയാൻ ഒന്നു മനസ്സിലാക്കണം, ഭാഷയ്ക്കൊരു താങ്ങും, സ്പോൺസർഷിപ്പിലൂടെയും മറ്റും നമ്മൾ  പിരിച്ച തുക കൊണ്ട്, ടൈം സ്ക്വയറിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളോടെ, ചെണ്ടമേളം കഥകളി തുടങ്ങി കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകം നിലനിർത്തിക്കൊണ്ട്, നമ്മുടെ പ്രിയങ്കരനായ മുഖ്യന്  ഇരിക്കുവാനായി നമ്മൾ ഒരു 'കസേര' സ്പോൺസർ ചെയ്ത കാര്യം ടിയാൻ മറന്നുപോയി. രാഷ്ട്രീയ നിരീക്ഷകനും, നിയമോപദേശകനുമായ ശ്രീ ജയശങ്കർ ഈ കസേരയെക്കുറിച്ച് എല്ലാ മാധ്യമങ്ങളിലും സംസാരിച്ചത് ഈ അവസരത്തിൽ നമ്മൾ ഓർക്കേണ്ടതാണ്.  
വെള്ളപ്പൊക്കം ഉണ്ടായപ്പോൾ 24 മണിക്കൂറിനകം 10 വലിയ ബോക്സ് ടോയ്ലറ്റ് ടിഷ്യു, വായിക്കുവാനായി ധാരാളം പുസ്തകങ്ങൾ മുതലായവ നമ്മൾ എത്തിച്ചില്ലേ! കേരളത്തിൽ പണിതു കൊടുത്ത വീടുകളുടെ എണ്ണം എത്ര?  

അമേരിക്കയിൽ കഷ്ടപ്പെട്ട് തിരഞ്ഞെടുപ്പില്‍ നിന്ന് ജയിക്കുന്ന മേയർ,  ജഡ്ജിമാർ ഇവർ ജയിച്ച ശേഷം നമ്മൾ എപ്പോഴും അവരെ മുൻനിരയിൽ ഇരുത്താറില്ലേ.   ഒരു പ്രത്യേക കാര്യം, നമ്മളില്ലെങ്കിൽ അമേരിക്കയിൽ സ്പോൺസർഷിപ്പ് നിന്നുപോകും,  പൊന്നാട പോയിട്ട് ഒരു വിളക്ക് പോലും കത്തിക്കാൻ ഒരുത്തനും സാധിക്കില്ല.  എല്ലാ ഓൺലൈൻ മാധ്യമങ്ങളും പൂട്ടി കെട്ടും. 

 

സംഘടനകളുടെ സംഘടനയായ നമ്മെ ആർക്കും ചോദ്യം ചെയ്യാൻ അധികാരമില്ല. കാരണം, നമ്മള്‍ അത്ര മനോഹരമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചിട്ടുള്ളത്. ഞാൻ സമയം ദീർഘിപ്പിക്കുന്നില്ല, സംഘടനകളുടെ 'അമ്മ' സംഘടനയായ നമ്മൾ അടുത്ത നമ്മുടെ കൺവെൻഷന്  കേരളത്തിന്റെ തനതായ സൈക്കിൾ യജ്ഞം, റെക്കോർഡ് ഡാൻസ്, കിലുക്കി കുത്ത്, ആന മയില്‍ ഒട്ടകം, മുച്ചീട്ടു കളി, നാട കുത്ത്, മരണക്കിണർ മുതലായവ അമേരിക്കയിലും കൊണ്ടുവരാന്‍ പോകുന്ന കാര്യം ഈ അവസരത്തിൽ അഭിമാനപൂർവ്വം ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്.   ഇനിയും എണ്ണിയാലൊടുങ്ങാത്തത്ര പദ്ധതികളാണ് അണിയറയില്‍ ആസൂത്രണം ചെയ്യുന്നത്.  അവയെക്കുറിച്ചൊക്കെ സമയോചിതമായി ഞങ്ങള്‍ നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കും. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അസൂയാലുക്കള്‍ പല കിം‌വദന്തികളും പ്രചരിപ്പിക്കുന്നുണ്ട്. നമ്മുടെ സംഘടനയിലെ യുവതീയുവാക്കള്‍ 50 വയസ്സു കഴിഞ്ഞവരും രണ്ടും മൂന്നും  മക്കളുള്ളവരുമാണത്രേ..! അത്തരം പ്രകോപനങ്ങള്‍ കേട്ട് കുലുങ്ങുന്നവരല്ല നമ്മള്‍..


 സംഘടനകളുടെ സംഘടനയെ സ്നേഹിക്കുന്ന ഒരു ദേശസ്നേഹി എന്ന നിലയിൽ അദ്ധ്യക്ഷൻ എനിക്ക് തന്ന മൂന്നു മിനിറ്റിൽ അല്പം കൂടുതൽ എടുത്തതുകൊണ്ട് പ്രത്യേകം ക്ഷമ ചോദിക്കുന്നു. ഇന്ന് ഈ യോഗത്തില്‍ പങ്കെടുക്കുവാൻ എനിക്ക് റൈഡ് തന്ന എന്റെ സുഹൃത്ത് ശ്രീ. സോമനുള്ള  പ്രത്യേക നന്ദി ഞാൻ അറിയിക്കുന്നു. ശ്രീ സോമൻ 2026 ൽ നമ്മുടെ സംഘടനയുടെ പ്രസിഡന്റായി മത്സരിക്കുന്ന കാര്യം നിങ്ങൾക്കറിയാമല്ലോ.  ഇനിയും ധാരാളം കാര്യങ്ങൾ പറയാനുണ്ട് എങ്കിലും സമയം അതിക്രമിച്ചതിനാൽ നിർത്തുന്നു.  നന്ദി നമസ്കാരം.

 സണ്ണി മാളിയേക്കല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.