സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി. ഇടതുപക്ഷത്തെ നയിച്ച വെളിച്ചമായിരുന്നു അദ്ദേഹം.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി. ഇടതുപക്ഷത്തെ നയിച്ച വെളിച്ചമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ നിർണായക ഇടപെടലുകൾ നടത്താൻ കഴിവുള്ള വ്യക്തിത്വമായിരുന്നു. മികച്ച പാർലമെൻ്റേറിയൻ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. യെച്ചൂരിയുടെ കുടുംബത്തിൻ്റെയും പാർട്ടി പ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നായും പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അതിയായ ദുഖമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. ആദ്യം വിദ്യാർത്ഥി നേതാവെന്ന നിലയിലും പിന്നീട് ദേശീയ രാഷ്ട്രീയത്തിലും പാർലമെൻ്റേറിയനെന്ന നിലയിലും നിർണായക സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതായി രാഷ്ട്രപതി പറഞ്ഞു.
‘സീതാറാം യെച്ചൂരി എറ്റവും അടുത്ത സുഹൃത്തായിരുന്നു. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള ഇന്ത്യയെന്ന ആശയത്തിൻ്റെ സംരക്ഷകനായിരുന്നു’ – ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് സീതാറാം യെച്ചൂരി അന്തരിച്ചത്. 72 വയസായിരുന്നു. നാളെ വസന്ത്കുഞ്ജിലെ വീട്ടിൽ കൊണ്ടുവരും. മറ്റെന്നാള്‍ രാവിലെ എകെജി സെന്ററിൽ പൊതുദർശനം. വൈകുന്നേരം മൂന്നുമണിയോടെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനൽകും. മൂന്ന് പതിറ്റാണ്ടിലേറെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം 2015 ലാണ് ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. 2005 മുതൽ 2017 വരെ പശ്ചിമ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു.