PRAVASI

ലബനന്‍ സ്ഫോടനം;ഇടപാടില്‍ ബന്ധമുണ്ടെന്ന് കരുതുന്ന റിന്‍സണ്‍ ജോസ് മുങ്ങി

Blog Image
ലബനനില്‍ ദുരന്തം വിതച്ച പേജര്‍ സ്ഫോടനങ്ങളില്‍ മലയാളി ബന്ധമുള്ള കമ്പനിയിലേക്കും അന്വേഷണം. പേജര്‍ നിര്‍മ്മിച്ചതില്‍ ബന്ധമുള്ള യൂറോപ്യന്‍ കമ്പനിയെ തേടിയുള്ള അന്വേഷണത്തിലാണ് മലയാളിബന്ധം തെളിയുന്നത്.

ലബനനില്‍ ദുരന്തം വിതച്ച പേജര്‍ സ്ഫോടനങ്ങളില്‍ മലയാളി ബന്ധമുള്ള കമ്പനിയിലേക്കും അന്വേഷണം. പേജര്‍ നിര്‍മ്മിച്ചതില്‍ ബന്ധമുള്ള യൂറോപ്യന്‍ കമ്പനിയെ തേടിയുള്ള അന്വേഷണത്തിലാണ് മലയാളിബന്ധം തെളിയുന്നത്. നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സണ്‍ ജോസിന്റെ (39) ഷെല്‍ കമ്പനിയെക്കുറിച്ച് അന്വേഷിക്കുന്നുവെന്നാണ് ബ്രിട്ടനിലെ ഡെയ്‌ലിമെയിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഫോടനം നടന്നശേഷം റിന്‍സണ്‍ ജോസ് അപ്രത്യക്ഷനാണ്. ഒരു ബിസിനസ് യാത്രക്ക് പോയെന്ന വിവരമാണ് ലഭ്യമാകുന്നത്. തിരോധാനവുമായി ബന്ധപ്പെട്ട് ഓസ്‌ലോ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ്‌ അപ്പോളോയുടെ പേജറുകള്‍ ആണ് ലബനനില്‍ പൊട്ടിത്തെറിക്കും കൂട്ടമരണങ്ങള്‍ക്കും ഇടയാക്കിയത്. എന്നാല്‍ ഈ ബ്രാന്‍ഡ് ഉപയോഗിക്കാനുള്ള അവകാശം യൂറോപ്യന്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ട് എന്നാണ് ഗോള്‍ഡ്‌ അപ്പോളോ വെളിപ്പെടുത്തിയത്. യൂറോപ്പിലെ ഈ കമ്പനിയെ തേടിയുള്ള അന്വേഷണമാണ് മലയാളിയിലേക്കും നീങ്ങുന്നത്. ഇയാള്‍ക്ക് സ്ഫോടനവുമായുള്ള ബന്ധത്തെ കുറിച്ച് നോര്‍വേ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ബള്‍ഗേറിയയിലെ ഷെല്‍ കമ്പനി ഉടമയായായാണ്‌ റിന്‍സണെ വിശേഷിപ്പിക്കുന്നത് . കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡ് ബുഡാപെസ്റ്റിലെ ഒരു അപ്പാർട്ട്മെൻ്റ് വിലാസത്തിലാണ് രജിസ്റ്റർ ചെയ്തത്. ഇവിടെ തന്നെ മറ്റ് 200-ഓളം സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനി വെബ്സൈറ്റും ഇപ്പോള്‍ ലഭ്യമല്ല. സാങ്കേതിക പ്രതിഭകളെ കണ്ടെത്താൻ സഹായിക്കുന്നതിനായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിലെ മുൻ കമാൻഡർമാർ സ്ഥാപിച്ച മാമ്രം അസോസിയേഷനാണ് (MAMRAM ASSOCIATION) സൈറ്റിന്‍റെ പങ്കാളികളിൽ ഒരാൾ.

റിന്‍സന്റെ ഉടമസ്ഥതയിലുള്ള ഷെല്‍ കമ്പനി ഇടനിലക്കാരനായ ക്രിസ്റ്റ്യാന ആർസിഡിയാകോണോ എന്നയാള്‍ക്ക് ( Cristiana Arcidiacono Barsony) 1.3 മില്യണ്‍ പൗണ്ട് നല്‍കിയാണ് പേജര്‍ വാങ്ങാനുള്ള ഇടപാട് ഉറപ്പിച്ചത്. മൊസാദിന് വേണ്ടിയാണ് ഈ ഇടപാട് നടത്തിയതെന്നാണ് സംശയം. ലണ്ടൻ ഇമിഗ്രേഷൻ സ്ഥാപനത്തിൽ രണ്ട് വർഷം ജോലി ചെയ്ത റിന്‍സണ്‍ 2015ലാണ് ഓസ്ലോയിലേക്ക് മാറിയത്. ഓസ്ലോയുടെ പ്രാന്തപ്രദേശത്തുള്ള മോർട്ടൻസ്രൂഡിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ആള്‍താമസത്തിന്റെ ലക്ഷണമില്ല. ഇവിടം പുല്ല് പടർന്ന് കിടക്കുകയാണ്. മാസങ്ങളായി റിന്‍സണെ കണ്ടിട്ടില്ലെന്നാണ് അയല്‍ക്കാരുടെ പ്രതികരണം. കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായത്തിനായി മുടി മുറിച്ച് സംഭാവന ചെയ്യുന്നതുപോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തി എന്ന നിലയിലാണ് ഇയാള്‍ അറിയപ്പെടുന്നത്.

ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയുമായാണ് പേജര്‍-വാക്കിടോക്കി സ്ഫോടനങ്ങള്‍ നടന്നത്. ലബനന്‍ ആസ്ഥാനമായ ഹിസ്‌ബുല്ലയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ആയിരക്കണക്കിന് പേജറുകള്‍ ആണ് ഒരേസമയം പൊട്ടിത്തെറിച്ചത്. 30ല്‍ അധികം പേരാണ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 3000ത്തോളം പേർക്ക് പരുക്കേറ്റു. പേജര്‍ നിര്‍മ്മിച്ച തായ്‌വാന്‍ കമ്പനി കൈകഴുകിയതോടെയാണ് ഇവരുടെ ബ്രാന്‍ഡില്‍ പേജര്‍ നിര്‍മ്മിച്ച യൂറോപ്യന്‍ കമ്പനിയെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ഈ കമ്പനിയുമായി ബന്ധപ്പെട്ടാണ് മലയാളി റിന്‍സണെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.