2020 തെരഞ്ഞെടുപ്പ് ഫലം തിരസ്കരിച്ച് ഒരു രക്തരൂക്ഷിത കലാപത്തിലൂടെ അധികാരത്തില്‍ തുടരുവാന്‍ മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും കൂട്ടാളികളും നടത്തിയ അധാര്‍മ്മിക, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വീക്ഷിച്ചതും അതിനെ പ്രതിരോധിക്കുവാന്‍ തന്‍റെ രാഷ്ട്രീയഭാവി കൂടി ത്യജിക്കുവാന്‍ തയ്യാറായതുമായ വിരളം റിപ്പബ്ലിക്കന്‍ നേതാക്കളില്‍ ഒരാളാണ് മുന്‍ വൈസ് പ്രസിഡണ്ട് ഡിക്ക് ചെയ്നിയുടെ പുത്രി കൂടിയായ ലിസ്സ് ചെയ്നി
2020 തെരഞ്ഞെടുപ്പ് ഫലം തിരസ്കരിച്ച് ഒരു രക്തരൂക്ഷിത കലാപത്തിലൂടെ അധികാരത്തില്‍ തുടരുവാന്‍ മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും കൂട്ടാളികളും നടത്തിയ അധാര്‍മ്മിക, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വീക്ഷിച്ചതും അതിനെ പ്രതിരോധിക്കുവാന്‍ തന്‍റെ രാഷ്ട്രീയഭാവി കൂടി ത്യജിക്കുവാന്‍ തയ്യാറായതുമായ വിരളം റിപ്പബ്ലിക്കന്‍ നേതാക്കളില്‍ ഒരാളാണ് മുന്‍ വൈസ് പ്രസിഡണ്ട് ഡിക്ക് ചെയ്നിയുടെ പുത്രി കൂടിയായ ലിസ്സ് ചെയ്നി. വയോമിംഗ് സംസ്ഥാനത്തു നിന്നുള്ള യു.എസ് ഹൗസ് പ്രതിനിധിയും ഹൗസ് റിപ്പബ്ലിക്കന്‍ നേതൃത്വത്തില്‍ മൂന്നാം സ്ഥാനം വഹിച്ചിരുന്ന വ്യക്തിയുമാണ് അവര്‍. ഭാവി റിപ്പബ്ലിക്കന്‍ ഭരണത്തില്‍ ക്യാബിനറ്റ് പദവി അലങ്കരിക്കുവാനും ഹൗസ് സ്പീക്കര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാനും അര്‍ഹതയുണ്ടായിരുന്ന അവര്‍ക്ക്, ജനഹിതം അട്ടിമറിച്ച് ഒരു സ്വേച്ഛാധിപതിയാകുവാനുള്ള ഡോണള്‍ഡ് ട്രംപിന്‍റെ ദുഷ്ടപദ്ധതി നിശബ്ദയായി നോക്കിനില്‍ക്കാനായില്ല. ഭര്‍ത്താവ് ഫില്‍, ചീഫ് ഓഫ് ദി സ്റ്റാഫ്, ഡിഫന്‍സ് സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ പദവികളില്‍ റിപ്പബ്ലിക്കന്‍ പ്രസിഡണ്ടുമാര്‍ക്കൊപ്പം സേവനം ചെയ്തിട്ടുള്ളതുമായ പിതാവ് ഡിക്ക് ചെയ്നി, ഏതാനും റിപ്പബ്ലിക്കന്‍ ഹൗസ് റെപ്രസെന്‍റേറ്റീവ്സ് എന്നിവരുടെ പിന്തുണ ഈ പോരാട്ടത്തില്‍ അവര്‍ക്കുണ്ടായിരുന്നു.
പ്രഥമ പ്രസിഡണ്ട് ജോര്‍ജ് വാഷിങ്ടണ്‍ 1797-ല്‍ ജോണ്‍ ആഡംസ്സിന് അധികാരം കൈമാറിയതു മുതല്‍ ഓരോ നാല് വര്‍ഷവും സമാധാനപരമായി സംഭവിക്കുന്നൊരു രാഷ്ട്രീയ പ്രക്രിയയാണ് അമേരിക്കയിലെ ഭരണ കൈമാറ്റം. ലോകരാഷ്ട്രങ്ങള്‍ക്കൊന്നാകെ മാതൃകയായി നിലനിന്നിരുന്ന മഹത്തായ ഈ പാരമ്പര്യം തച്ചുടയ്ക്കുവാന്‍ ഡോണള്‍ഡ് ട്രംപും കൂട്ടരും നടത്തിയ ഗൂഢാലോചനയുടെയും നിന്ദ്യനടപടികളുടെയും ചുരുള്‍ അഴിക്കുന്നൊരു വിവരണമാണ് ലിസ്സ് ചെയ്നി എഴുതിയ 'ഓത്ത് ആന്‍ഡ് ഹോണര്‍' എന്ന പുസ്തകം. അമേരിക്കന്‍ രാഷ്ട്രീയം ആഴത്തില്‍ ഗ്രഹിക്കുവാനും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകുവാന്‍ താല്പര്യപ്പെടുന്നവര്‍ക്കും 372 പേജുള്ള ഈ ബുക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. ഒരു ആത്മസുഹൃത്ത് സമ്മാനിച്ച പുസ്തകം അടുത്തിടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ വായിച്ച് തീര്‍ക്കുന്നതിനിടയില്‍ ലേഖകന്‍ നിരവധി തവണ വികാരാധീനനായി. വിദേശ അധിനിവേശത്തെയും ആഭ്യന്തര കലാപത്തെയും അതിജീവിച്ച് അനേകായിരം പൂര്‍വ്വികര്‍ ജീവന്‍ ബലികഴിച്ച്, വ്യക്തമായൊരു നിയമ വ്യവസ്ഥയോടു കൂടി എല്ലാ ജനതയ്ക്കും അവകാശപ്പെട്ടതും തുല്യത വാഗ്ദാനം ചെയ്യുന്നതും ജനങ്ങളാല്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനവുമുള്ള അമേരിക്കന്‍ റിപ്പബ്ലിക് തച്ചുടയ്ക്കുവാനും തട്ടിയെടുക്കുവാനും ആത്മാഭിമാനവും ദേശസ്നേഹവുമുള്ള ഒരു വ്യക്തിക്കും അനുവദിക്കാന്‍ കഴിയില്ലെന്ന് ലിസ്സ് ചെയ്നിയുടെ 'ഓത്ത് ആന്‍ഡ് ഹോണര്‍' സമര്‍ത്ഥിക്കുന്നു. അതിന് നല്കേണ്ടിവരുന്ന വില എത്ര ഭീമമാകിലും.
യുക്രെയ്ന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ സെലന്‍സ്കിയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തി തന്‍റെ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ അന്വേഷണം നടത്തുവാന്‍ ഡോണള്‍ഡ് ട്രംപ് ഒരു വിഫലശ്രമം നടത്തി. അതിനായി കോണ്‍ഗ്രസ് യുക്രെയ്ന് അനുവദിച്ച സൈനികസഹായം അദ്ദേഹം തടഞ്ഞുവെച്ചു. നിയമവിരുദ്ധമായ ഈ നടപടികള്‍ ട്രംപിന്‍റെ ആദ്യ ഇംപീച്ച്മെന്‍റില്‍ കൊണ്ടെത്തിച്ചു. ഇംപീച്ച് ചെയ്യപ്പെട്ടിട്ടും വീണ്ടും ജനവിധി തേടിയതും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പ്രകടിപ്പിച്ച അലംഭാവവും സ്വീകരിച്ച നിഷേധാത്മക സമീപനവും 2020 നവംബര്‍ തെരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ ഡോണള്‍ഡ് ട്രംപിനെ ഏറെ പിന്നിലാക്കി. തോല്‍വി മണത്തറിഞ്ഞ ട്രംപും അനുയായികളും വെറും രണ്ട് മാസം മുമ്പ് സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുവാന്‍ ഒരു വിഫലശ്രമം നടത്തി. യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഒന്നും അമേരിക്കന്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെക്കുവാന്‍ കാരണമാകുന്നില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും പിന്തുണ ലഭിക്കാതെ നീട്ടിവെക്കല്‍ ആശയം തള്ളപ്പെട്ടപ്പോള്‍, അധികാരത്തില്‍ തുടരാന്‍ മറ്റ് കുതന്ത്രങ്ങള്‍ തേടുകയായിരുന്നു ട്രംപും അദ്ദേഹത്തിന്‍റെ ദുഷ്ടനിയമോപദേശകരും പാദസേവകരും.
ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളില്‍ ഒരുവിഭാഗം തപാല്‍വഴി വോട്ട് രേഖപ്പെടുത്തുവാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരാകയാല്‍ തപാല്‍ വോട്ടിംഗ് ദുഷ്കരമാക്കുവാനുള്ള ശ്രമത്തിലായി ട്രംപ് പക്ഷം. പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ലൂയിസ്സ് ഡിജോയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി അതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ നടപ്പാക്കി. റിപ്പബ്ലിക്കന്‍ അനുഭാവികളോട് തപാല്‍വോട്ട് രേഖപ്പെടുത്താതെ തെരഞ്ഞെടുപ്പുദിനം 'ഇന്‍പേഴ്സണ്‍' വോട്ട് രേഖപ്പെടുത്തുവാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍ സ്വകാര്യമായി ട്രംപിന്‍റെ ചെവിയിലോതി, ഇന്‍പേഴ്സണ്‍ വോട്ട് എണ്ണുമ്പോള്‍ അദ്ദേഹം മുന്നിലെത്തുമ്പോഴും ബാറ്റില്‍ഗ്രൗണ്ട് സംസ്ഥാനങ്ങളിലെ തപാല്‍വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ ലീഡ് കുറയുകയോ പിന്നിലാകുകയോ ചെയ്യുമെന്ന്. ഇക്കാരണത്താലാണ് ഇന്‍പേഴ്സണ്‍ വോട്ട് ലീഡിന്‍റെ അടിസ്ഥാനത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു കാത്തിരിക്കാതെ പ്രസിഡണ്ട് ട്രംപ് സ്വയം വിജയം പ്രഖ്യാപിച്ചത്. ഒരു മാര്‍ക്കോസ് അനുകരണം.
അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ എക്കാലവും പരാജിതരായ സ്ഥാനാര്‍ത്ഥികള്‍ വിജയിയെ വിളിച്ച് തങ്ങളുടെ തോല്‍വി അംഗീകരിക്കുകയും വിജയിയെ അഭിനന്ദിക്കുകയും ചെയ്യുകയെന്നത് കീഴ്വഴക്കമാണ്. തോല്‍വി ഇപ്പോഴും അംഗീകരിക്കുവാന്‍ തയ്യാറാകാത്ത ഡോണള്‍ഡ് ട്രംപ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിച്ച് താന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങളിലൊട്ടാകെ നിരവധി ഇലക്ഷന്‍ തര്‍ക്ക കേസുകള്‍ ഫയല്‍ ചെയ്തു. വ്യാപകമായ കള്ളവോട്ട്, വോട്ടിംഗ് മെഷീനില്‍ കൃത്രിമം, ബാഹ്യഇടപെടല്‍ എന്നിവയെല്ലാം അദ്ദേഹം ആരോപിച്ചു. പക്ഷേ, അദ്ദേഹം തന്നെ നിയമിച്ച സൈബര്‍ സെക്യൂരിറ്റി മേധാവി ക്രിസ്സ് ക്രിബ്സ് ഈ ആരോപണങ്ങള്‍ പാടെ നിഷേധിച്ചു. അമേരിക്ക സാക്ഷ്യംവഹിച്ച പൂര്‍ണ്ണമായും സുരക്ഷിതമായ ഒരു തെരഞ്ഞെടുപ്പായിരുന്നു 2020 പൊതുതെരഞ്ഞെടുപ്പെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തല്‍ക്ഷണം ക്രിസ്സ് ക്രിബ്സ് സ്ഥാനഭ്രഷ്ടനായി. അതാണ് ട്രംപ് സ്റ്റൈല്‍. പക്ഷേ, അറ്റോര്‍ണി ജനറല്‍ ബില്‍ ബാറും തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായിരുന്നുവെന്ന് പ്രഖ്യാപിക്കുകയും ഏതാനും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യുവാന്‍ നടപടി സ്വീകരിക്കുവാനുള്ള ട്രംപിന്‍റെ നിര്‍ദ്ദേശം അനുസരിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തു.
ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നടിയുന്നതുപോലെ ഒന്നിനു പിറകെ ഒന്നായി സ്റ്റേറ്റ്, ഫെഡറല്‍, സുപ്രീംകോര്‍ട്ട് എന്നിവ ഡോണള്‍ഡ് ട്രംപിന്‍റെ വ്യാജ ഇലക്ഷന്‍ പെറ്റീഷനുകള്‍ തള്ളി. അവയില്‍ ഏറ്റവും പരിഗണിച്ചത് ഡോണള്‍ഡ് ട്രംപ് തന്നെ നിയമനം നല്കിയ റിപ്പബ്ലിക്കന്‍ അനുഭാവികളായ ന്യായാധിപര്‍ തന്നെ. 2020 ഇലക്ഷന്‍ തര്‍ക്കത്തില്‍ ഏറെ വിവാദമായത് അമേരിക്കയുടെ ഫെഡറല്‍ ഭരണസംവിധാനത്തെ തന്നെ അസ്ഥിരപ്പെടുത്താവുന്ന ടെക്സസ് സംസ്ഥാന നടപടിയാണ്. ഡോണള്‍ഡ് ട്രംപിന്‍റെ നിയമോപദേശകര്‍ ടെക്സസിലെ റിപ്പബ്ലിക്കന്‍ ഭരണകൂടത്തെ സ്വാധീനിച്ച് ജോ ബൈഡന്‍ നേരിയ വോട്ടുകള്‍ക്ക് വിജയിച്ച വിസ്ക്കോണ്‍സിന്‍, പെന്‍സില്‍വേനിയ, മിച്ചിഗണ്‍, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം തള്ളിക്കളയുവാന്‍ യു.എസ് സുപ്രീംകോടതിയില്‍ പരാതി സമര്‍പ്പിച്ചു. വിവാദത്തിലെ ദുരുദ്ദേശ്യവും അപകടവും തിരിച്ചറിഞ്ഞ യു.എസ് സുപ്രീംകോര്‍ട്ടിലെ ആറ് യാഥാസ്ഥിതിക ന്യായാധിപര്‍ ഉള്‍പ്പെടെ ഒന്‍പതംഗ ഫുള്‍ബെഞ്ച് ഏകകണ്ഠമായി കേസ് തള്ളിക്കൊണ്ട് ടെക്സസ് കെണി വിഫലമാക്കി. 61-ല്‍ 60-ഉം തെരഞ്ഞെടുപ്പ് പെറ്റീഷനുകള്‍ തള്ളപ്പെട്ടപ്പോള്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലവിധി ലഭിച്ചത് പെന്‍സില്‍വേനിയായില്‍ അപ്രസക്തമായൊരു എണ്ണം വോട്ട് തര്‍ക്കത്തിന്‍റെ പേരില്‍ ഫയല്‍ ചെയ്തൊരു പെറ്റീഷനില്‍ മാത്രം.
മാന്യമായി തോല്‍വി അംഗീകരിക്കുക സ്വേച്ഛാധിപതി കുലത്തിനു തന്നെ അഭിമാനക്ഷതമേല്‍ക്കുന്നതാണല്ലോ. അധികാരത്തില്‍ തുടരുവാന്‍ ഭരണഘടനാവിരുദ്ധമായ നടപടികള്‍ അവലംബിക്കുകയായിരുന്നു ഡോണള്‍ഡ് ട്രംപും കുബുദ്ധികളായ അദ്ദേഹത്തിന്‍റെ നിയമോപദേശകരും പിന്നീട്. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കുന്നത് 538 ഇലക്ടറല്‍ വോട്ടിലെ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലാണ്. രണ്ട് സെനറ്റേഴ്സിന്‍റെയും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തിനും അനുവദിച്ചിട്ടുള്ള യു.എസ് പ്രതിനിധി സഭാംഗങ്ങളുടെയും എണ്ണമാണ് ഓരോ സംസ്ഥാനത്തിന്‍റെയും ഇലക്ടറല്‍ വോട്ട് സംഖ്യ. നെബ്റാസ്കാ, മെയ്ന്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴിച്ച്, മറ്റ് സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ വോട്ടില്‍ ഭൂരിപക്ഷം നേടുന്ന സ്ഥാനാര്‍ത്ഥിക്ക് അതത് സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ട് പൂര്‍ണ്ണമായും ലഭിക്കും. ഇലക്ടേഴ്സിനെ തെരഞ്ഞെടുക്കുന്നത് അതത് സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വമോ സ്ഥാനാര്‍ത്ഥിയോ. ഇലക്ടേഴ്സിനെ സര്‍ട്ടിഫൈ ചെയ്യേണ്ടത് അതത് സംസ്ഥാനത്തെ നിയമസഭാ സാമാജികരും. രണ്ടര നൂറ്റാണ്ടായി സൗമ്യമായി നടക്കുന്ന പ്രസ്തുത നടപടി തകിടംമറിച്ച് ജോര്‍ജിയ, വിസ്കോണ്‍സിന്‍, മിച്ചിഗണ്‍ എന്നീ സംസ്ഥാന നിയമസഭകളില്‍ ഡോണള്‍ഡ് ട്രംപിന്‍റെ ഇലക്ടേഴ്സിനെ വ്യാജമായി സര്‍ട്ടിഫൈ ചെയ്യിപ്പിക്കുവാന്‍ അദ്ദേഹവും ഉപദേശകരും വിഫലശ്രമം നടത്തി. അമേരിക്കന്‍ തെരഞ്ഞെടുപ്പുകളിലെ ജനവിധി നിരര്‍ത്ഥകവും കലാപങ്ങളിലേക്ക് നയിക്കുന്നതുമായ നിയമവിരുദ്ധ നടപടിയാണ് ട്രംപ് പക്ഷത്തു നിന്നുണ്ടായത്.
ഭരണഘടന നിഷ്കര്‍ഷിച്ചിട്ടുള്ളതുപോലെ, 2020 ഡിസംബര്‍ 14 തിങ്കള്‍ 50 സംസ്ഥാനങ്ങളിലേയും ഇലക്ടറല്‍ കോളജ് സമ്മേളിച്ച് ഇലക്ടറല്‍ വോട്ട് രേഖപ്പെടുത്തി. പ്രതീക്ഷിച്ചതുപോലെ ബൈഡന്‍-ഹാരീസ് ടീം വിജയിച്ചു. ജയിക്കുവാന്‍ വേണ്ടിയ 270 ഇലക്ടറല്‍ വോട്ടുകളേക്കാള്‍ 36 എണ്ണം അധികഭൂരിപക്ഷത്തില്‍. പോപ്പുലര്‍ വോട്ട് എണ്ണത്തില്‍ 7 മില്യണിലധികവും അവര്‍ക്ക് ലഭിച്ചു.
"വിട്ടുകൊടുക്കില്ല, വിട്ടുകൊടുക്കില്ല, ഓവല്‍ ഓഫീസ് ഞങ്ങള്‍ വിട്ടുകൊടുക്കില്ല". തോറ്റിട്ടും അവര്‍ ക്രോധത്തോടെ ഉരുവിട്ടു. നിയമാനുസൃതവും ജനാധിപത്യപരവുമായ മാര്‍ഗ്ഗങ്ങള്‍ അടഞ്ഞുപോയതിനാല്‍ ഒരു സൈനിക ഇടപെടലിലൂടെ ലക്ഷ്യം നേടുവാന്‍ പദ്ധതിയിട്ടു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഉടന്‍ ആലോചിച്ച പ്രസ്തുത പദ്ധതി ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പര്‍ 'അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കുന്നതില്‍ സൈന്യത്തിന് യാതൊരു ഭാഗവുമില്ലെന്ന നിലപാട്' സ്വീകരിച്ചതിനാല്‍ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെ അദ്ദേഹത്തെ പുറത്താക്കിയാണ് ഡോണള്‍ഡ് ട്രംപ് പ്രതികാരം തീര്‍ത്തത്. ജോര്‍ജിയാ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ മെഷീനുകള്‍ കണ്ടുകെട്ടി തെരഞ്ഞെടുപ്പു ഫലം അസ്ഥിരപ്പെടുത്തുവാനുള്ള പ്രസിഡണ്ടിന്‍റെ പദ്ധതിക്ക് കൂട്ടുനില്‍ക്കുവാന്‍ ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍ സന്നദ്ധനാണെന്ന ധാരണ റിപ്പബ്ലിക്കന്‍ നേതാക്കളില്‍ പോലും ഭീതി പരത്തി. പ്രസ്തുത പദ്ധതി പൊളിച്ചത് ലിസ്സ് ചെയ്നി, ഭര്‍ത്താവ് ഫില്‍, പിതാവ് ഡിക്ക് ചെയ്നി എന്നിവരുടെ സമയോചിത ധീരനടപടി മൂലമാണ്. പുറത്താക്കപ്പെട്ട ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പര്‍ ഉള്‍പ്പെടെ നിലവില്‍ ജീവിച്ചിരിക്കുന്ന പത്ത് ഡിഫന്‍സ് സെക്രട്ടറിമാര്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലൂടെ അമേരിക്കന്‍ സൈനിക നേതൃത്വത്തോട് ഭരണഘടനാവിരുദ്ധവും അധാര്‍മ്മികവുമായ പ്രസിഡണ്ട് ഉത്തരവുകള്‍ തള്ളിക്കളയണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ സൈനിക മേധാവികളുടെയും പിന്തുണ അവരുടെ നീക്കത്തിന് ലഭിച്ചിരുന്നു. സെനറ്റ് കണ്‍ഫര്‍മേഷന്‍ ലഭിക്കാതിരുന്നതിനാല്‍ ക്രിസ്റ്റഫര്‍ മില്ലര്‍ക്ക് ട്രംപിന്‍റെ ആഗ്രഹം നടപ്പാക്കുവാന്‍ സാധിച്ചില്ല.
ഡിഫന്‍സ് ഡിപ്പാര്‍ട്ടുമെന്‍റ് വഴിയെന്നതുപോലെ ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്‍റ് വഴിയും തെരഞ്ഞെടുപ്പ് ഫലം അസ്ഥിരപ്പെടുത്തുവാന്‍ പ്രസിഡണ്ട് ട്രംപ് മറ്റൊരു ശ്രമം നടത്തി. നിരവധി ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്‍റ് അധികൃതര്‍ കൂട്ടത്തോടെ രാജിഭീഷണി മുഴക്കിയാണ് ഈ നീക്കം വിഫലമാക്കിയത്. സംസ്ഥാന നിയമസഭകള്‍ സര്‍ട്ടിഫൈ ചെയ്ത ഇലക്ടറല്‍ വോട്ട് യു.എസ് കോണ്‍ഗ്രസിന് തള്ളിക്കളയുവാന്‍ അവകാശമുണ്ടെന്ന പുതിയ വാദവും തള്ളപ്പെട്ടപ്പോള്‍ ജനുവരി 6-ന് നടക്കേണ്ട ഭരണഘടനാപരമായ സര്‍ട്ടിഫിക്കേഷനില്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ്സിന് വിവേചനാധികാരം ഉപയോഗിച്ച് ഔദ്യോഗിക ലിസ്റ്റ് തിരസ്കരിക്കുവാനും വ്യാജലിസ്റ്റ് അംഗീകരിക്കുവാനുമാകുമെന്ന നിലപാടുമായി ട്രംപ് പക്ഷം സമ്മര്‍ദ്ദം തുടര്‍ന്നു. പ്രസിഡണ്ട് ഇലക്ഷന്‍ സര്‍ട്ടിഫിക്കേഷന്‍ നടപടിയിലെ തന്‍റെ അദ്ധ്യക്ഷപദവി ഔപചാരികം മാത്രമാണെന്ന ഉറച്ച ബോദ്ധ്യമാണ് ട്രംപിന്‍റെ ആക്ഷേപങ്ങളും ഭീഷണികള്‍ക്കുമൊപ്പം അദ്ദേഹത്തിന്‍റെ അനുയായികള്‍ നടത്തിയ കലാപവും അതിലെ കൊലവിളികളും അതിജീവിക്കുവാനും അവഗണിക്കുവാനും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിന് കരുത്തേകിയത്. പൗരബോധമുള്ള ജനതയും സ്വാഭിമാനവും ദേശസ്നേഹവും ത്യാഗമനോഭാവവും ഭരണഘടനയോട് വിധേയത്വവും സത്യപ്രതിജ്ഞയോട് വിശ്വസ്തതയും പുലര്‍ത്തുന്ന ഭരണാധികാരികളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ അമേരിക്കന്‍ റിപ്പബ്ലിക്കും ദേശത്തെ ജനാധിപത്യ ഭരണവ്യവസ്ഥയും സുരക്ഷയോടെ നിലനില്‍ക്കുകയുള്ളൂ.
ജോസ് കല്ലിടിക്കില്‍